December 10, 2024 |

‘വ്യാജ വാടകച്ചീട്ട് വേണം, പൈസയും; പിന്നെ 8ഉം വേണ്ട, Hഉം വേണ്ട’

വേണ്ടത് യൂ ടേണല്ല, ചിട്ടയുള്ള രീതി

കേരളത്തില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകളില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണല്ലോ. ഇതോടെ പഴയതു പോലെ ലൈസന്‍സ് നേടുക എളുപ്പമല്ലെന്നു മനസിലാക്കിയ മലയാളി ഏങ്ങനെയും ടെസ്റ്റ് പാസാവുക എന്ന ലക്ഷ്യംവച്ച് അതിര്‍ത്തി വരെ കടക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇത്തരക്കാരെ സഹായിക്കാനാവട്ടെ ഏജന്റുമാരുടെ ഒരു നീണ്ടനിര തന്നെയാണുള്ളതും. രാജ്യത്തെ ഏതു സംസ്ഥാനത്തും ടെസ്റ്റില്‍ പങ്കെടുക്കാനും ലൈസന്‍സ് നേടാനും ഇന്ത്യന്‍ പൗരന് സാധിക്കും. ഈ സാധ്യതയാണ് ഇപ്പോള്‍ മലയാളി ദുരുപയോഗം ചെയ്യുന്നതും. അതേസമയം ഇതിന് രണ്ട് വശങ്ങളുണ്ടെന്ന് വാദിക്കുന്നവരും കുറവല്ല. ഇവിടെ ഡ്രൈവിങ് ടെസ്റ്റ് കഠിനമായതിനേക്കാള്‍ പ്രശ്‌നം ടെസ്റ്റ് നടത്തുന്നതിന് എടുക്കുന്ന കാലതാമസാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി ടെസ്റ്റ് കഴിഞ്ഞാലോ, ലൈസന്‍സ് കൈയ്യില്‍ കിട്ടാനും വൈകും. ലൈസന്‍സ് സമ്പാദിച്ച് വിദേശത്തു പോകാന്‍ തയാറെടുക്കുന്നവര്‍, അവധിക്കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടവര്‍… ഇങ്ങനെ ഏറെപേരുണ്ട് ഇപ്പോള്‍ വിഷമവൃത്തത്തില്‍. ഇതും കേരളത്തിന് പുറത്ത് ലൈസന്‍സ് എടുക്കാന്‍ കാരണമാകുന്നു എന്നാണ് മറുവാദം.

കന്നഡക്കാര്‍ക്ക് 5000, മലയാളിക്ക് 1,5000 മുതല്‍
കേരള-കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് വെറും 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൈസൂര്‍ ജില്ലയിലെ ഹുന്‍സൂറിലെത്താം. ഇവിടെയാണ് മലയാളികളില്‍ അധികവും ഇപ്പോള്‍ ടെസ്റ്റിനായി എത്തുന്നത്. ഡ്രൈവിങ്ങൊന്നും അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ഡ്രൈവിങ് അറിയുന്നവര്‍ക്ക് 15,000 കൊടുക്കണം. അറിയാത്തവര്‍ അതിലും കൂടുതല്‍ കരുതണം. അങ്ങനെയെങ്കില്‍ ലൈസന്‍സ് കൈയ്യിലിരിക്കുമെന്നാണ് ഏജന്റുമാരുടെ വാഗ്ദാനം. ഈ ടെസ്റ്റിന് ഇരിക്കുന്ന കന്നഡക്കാരില്‍നിന്ന് ഇവര്‍ വാങ്ങുന്നത് 5,000 രൂപയാണ്. അവസരം മുതലാക്കി കാശ് കൊയ്യാന്‍ ഇറങ്ങിയിരിക്കുകയാണ് ഏജന്റുമാരെന്നു ചുരുക്കം. അതേസമയം, കേരളത്തില്‍ ടെസ്റ്റിന് ചെലവാകുക 8000 രൂപയാണ്. പൈസ പോയാലും പ്രശ്‌നമില്ല. ഡ്രൈവിങ് പഠിക്കാതെ തന്നെ ലൈസന്‍സ് വേണം എന്ന വാശിയിലാണ് മലയാളികളെന്ന് തോന്നുന്നു. കാരണം കേരളത്തിലെ ഫീയുടെ ഇരട്ടി വരെ കൊടുക്കാന്‍ തയ്യാറായാണ് മലയാളികള്‍ അതിര്‍ത്തി കടന്ന് ലൈസന്‍സ് എടുക്കാന്‍ പോവുന്നത്. കേരളത്തില്‍ ലൈസന്‍സ് നിയന്ത്രണം വന്ന സമയത്ത് മലയാളികളില്‍നിന്ന് 9000 രൂപയൊക്കെയാണ് ഈടാക്കിയിരുന്നത്. അന്ന് 10 പേരൊക്കെ വന്നാല്‍ ഭാഗ്യമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും എത്തുന്നത്. നേരത്തെ ഒന്നോ രണ്ടോ ഏജന്റുമാരുണ്ടായിരുന്നതും മാറി. ഉദ്യോഗസ്ഥര്‍ക്കും പണം കൂടുതല്‍ നല്‍കേണ്ടിവരുന്നുവെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളിലൊരാള്‍ പറയുന്നത്. ടെസ്റ്റ് അങ്ങ് കര്‍ണാടകത്തില്‍ ആണെങ്കിലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഇത്തരം ഏജന്റുമാരുമുണ്ട്. നേരത്തെയും പലകാരണങ്ങളാല്‍ ആളുകള്‍ക്ക് കര്‍ണാടകയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ അവസരം ഒരുക്കിയിരുന്നു. ജോലി അടക്കമുള്ള വിഷയങ്ങള്‍ക്കു വേണ്ടിയാണത്. ഇവിടെ ടെസ്റ്റുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കാത്തുനിന്നവരാണ് അത്തരത്തില്‍ പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്നത് അത്തരക്കാരല്ലെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. ഇപ്പോള്‍ കന്നഡക്കാരേക്കാള്‍ ലൈസന്‍സ് ടെസ്റ്റിന് അപേക്ഷിക്കുന്നത് മലയാളികളാണ്.

കാര്യങ്ങള്‍ എളുപ്പമാക്കുന്നത് ഉദ്യോഗസ്ഥര്‍ തന്നെ
ഇതര സംസ്ഥാനത്ത് ചെന്ന് ലൈസന്‍സ് എടുക്കുന്നതിന് പ്രശ്‌നമില്ലെങ്കിലും വ്യവസ്ഥകള്‍ക്കനുസരിച്ചാണ് അവ മുന്നോട്ട് പോവേണ്ടത്. അതിലൊന്നാണ് ആ നാട്ടില്‍ താമസിക്കുന്നു എന്നതിനുള്ള തെളിവ്. വാടകച്ചീട്ട് പോലുള്ളവയാണ് അതിനുവേണ്ടത്. എന്നാല്‍ ഇതുപോലും ഏജന്റുമാര്‍ വ്യാജമായി നല്‍കും. ഇതിനാണ് കൂടുതല്‍ പണം വേണമെന്നു പറയുന്നതത്രേ. ഒപ്പം സാധരണ പോലെ ആധാര്‍കാര്‍ഡും ഫോട്ടോയും പറഞ്ഞ പൈസയും കൊടുത്താല്‍ സംഗതി റെഡിയാണ്. എട്ടും വേണ്ട, എച്ചും എടുക്കണ്ട. റോഡ് ടെസ്‌റ്റോ കാത്തിരിപ്പോ ഒന്നും തന്നെ ആവശ്യമില്ല. ഈ പരിപാടി എളുപ്പമാക്കുന്ന മറ്റൊരു വസ്തുത ടെസ്റ്റ് നടത്തുന്ന ഇടത്തെ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ എത്താറില്ലെന്നതാണ്. എല്ലാം ചെയ്യുന്നത് ജൂനിയര്‍ ഓഫിസര്‍മാരാണ്. ഇവര്‍ക്കൊപ്പം ഡ്രൈവിങ് സ്‌കൂള്‍ പരിശീലകവേഷത്തില്‍ ഏജന്റുമാരും കാണും. അതുകൊണ്ട് തന്നെ അവിടെ പോയി ടെസ്റ്റ് നടത്തി ലൈസന്‍സുമായി വരാത്തവര്‍ കുറവായിരിക്കും. അതായത് പണം മാത്രം ചിലവാക്കിയാല്‍ മതി രാജ്യത്തെ ഏത് റോഡിലും വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഒരു മാസത്തിനകം കയ്യില്‍ കിട്ടുമെന്നതാണ് സാഹചര്യം.

അഴിമതിക്കെതിരേ നടപടി വേണം: മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
ഡ്രൈവിങ് ലൈസന്‍സ് കിട്ടാനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ അടുത്തകാലത്താണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. പുതിയ പരീക്ഷ രീതി തയ്യാറാക്കാന്‍ 9 അംഗ ഉദ്യോഗസ്ഥ കമ്മിറ്റി രൂപീകരിച്ചു. ഇപ്പോഴുള്ള നിബന്ധനകള്‍ക്ക് പുറമെ ചെങ്കുത്തായ കയറ്റം, വലിയ വളവുകള്‍ എന്നിവിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയതോടെയാണ് ആളുകളില്‍ ടെസ്റ്റ് ഭയം വളര്‍ന്നത്. നിലവിലെ നിയമം അനുസരിച്ച് മലയാളിയെ ഇതരസംസ്ഥാനത്ത് പോയി ലൈസന്‍സ് എടുക്കുന്നതില്‍നിന്ന് തടയാന്‍ സാധിക്കില്ല. പകരം അഴിമതി നടത്തി ലൈസന്‍സ് അനുവദിക്കുന്ന ഇതര സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കെതിരേ അതത് സംസ്ഥാനങ്ങളില്‍ പരാതിപ്പെടണം. തുടര്‍ന്ന് ആ സര്‍ക്കാരുകള്‍ അവര്‍ക്കെതിരേ നടപടി എടുത്താല്‍ മാത്രമേ ഇതു തടയാന്‍ സാധിക്കുവെന്നും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറയുന്നു. ഒപ്പം അദ്ദേഹം ചൂണ്ടിക്കാട്ടിയ വസ്തുത കേരളത്തിലെ ആളുകള്‍ നേരിടുന്ന നീണ്ട കാത്തിരിപ്പാണ്. രണ്ടര ലക്ഷം പേരാണ് ടെസ്റ്റ് അപേക്ഷ നല്‍കി കാത്തുനില്‍ക്കുന്നത്. ഇതിന് മുന്‍പ് എറണാകുളം ആര്‍.ടി.ഒ.യ്ക്കു കീഴില്‍ ദിവസേന 80 മുതല്‍ 120 ടെസ്റ്റുകളാണ് നടന്നിരുന്നത്. ഇത്രയും ടെസ്റ്റുകള്‍ നടന്നിട്ടുപോലും ലേണേഴ്‌സ് വിജയിച്ചവര്‍ക്ക് രണ്ടോ, മൂന്നോ മാസം കഴിഞ്ഞാണ് ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിച്ചിരുന്നത്. അതായത് എറണാകുളം ആര്‍.ടി. ഓഫീസില്‍ മാത്രം കാത്തിരിക്കുന്നത് പതിനായിരത്തോളം പേരാണ്. പരിഷ്‌കരണം നടപ്പാക്കുന്നതോടെ ഇവര്‍ ടെസ്റ്റിന് ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണെന്നതും പ്രശ്‌നമാണ്.

വേണ്ടത് യൂ ടേണല്ല, ചിട്ടയുള്ള രീതി
ഇവിടെ മനസിലാക്കേണ്ട കാരണം വര്‍ധിച്ച വാഹനാപകടങ്ങളുടെ കാരണം നോക്കിയാല്‍ സ്വാഭാവികമായും ചെന്നെത്തുന്നതില്‍ ഡ്രൈവിങ്ങ് പ്രശ്‌നങ്ങളില്‍ തന്നെയാണ്. ഡ്രൈവറുടെ അല്‍പജ്ഞാനം അതിലൊന്നാണ്.
പേരിന് ഒരു ടെസ്റ്റ് പാസായി കൈയില്‍ കിട്ടിയ ലൈസന്‍സ് നിരത്തിലെ ജീവനെടുക്കാന്‍ മാത്രമേ ഉപകരിക്കൂ. റോഡില്‍ പുലര്‍ത്തേണ്ട മാന്യതയുടെ പാഠങ്ങളൊക്കെ പഠിച്ചാണോ ഒരാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കൈയില്‍ കിട്ടുകയെന്നു ചോദിച്ചാല്‍ അല്ല എന്നു തന്നെയാണ് ഉത്തരം. അതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെ കണ്ണടച്ച് എതിര്‍ക്കുന്നത് ഭൂഷണമല്ല. അതേസമയം അടിച്ചേല്‍പ്പിക്കുന്ന ഒരു നടപടിയും ശരിയായ ഫലം നല്‍കണമെന്നുമില്ല. അതിനാല്‍ ഏത് പരിഷ്‌കരണവും നടപ്പിലാക്കുമ്പോള്‍ അത് എങ്ങനെ പ്രയോഗത്തില്‍ വരുത്താനാകുമെന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ചയും സംവാദവും നടത്തേണ്ടത് ആവശ്യമാണ്. ഇതില്ലാതെ പോയതാണ് ഇപ്പോഴത്തെ ടെസ്റ്റ് മുടക്കത്തിനു കാരണമായത്. അതാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം വ്യാജ ലൈസന്‍സ് രീതികള്‍ക്ക് വളമായതും. വലിയ മാറ്റങ്ങള്‍ ഡ്രൈവിങ് ടെസ്റ്റുകളില്‍ കൊണ്ടുവരുമ്പോള്‍ അത് തിടുക്കത്തിലായോ എന്ന ആക്ഷേപം നിലവിലുണ്ട്.

 

English Summary; Amid row in Kerala, surge in demand for driving licenses from other states

×