June 04, 2026 |
Share on

ട്രംപിന്റെ ‘പേടി സ്വപ്നം’, മോദിയുടെയും ഇസ്രയേലിന്റെയും വിമര്‍ശകന്‍

മംദാനിയുടെ വിജയം ആഗ്രഹിക്കാതിരുന്ന മറ്റൊരു കൂട്ടര്‍ ന്യൂയോര്‍ക്കിലെ കോടീശ്വരന്മാരായിരുന്നു

പോസ്റ്റ് കൊളോണിയല്‍ സൈദ്ധാന്തികനായ മഹ്‌മൂദ് മംദാനിയുടെയും ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും മകന്‍ എന്ന സ്വത്വത്തിനപ്പുറം, ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍, മുസ്ലീം മേയര്‍ ആകുന്ന സൊഹ്റാന്‍ മംദാനി അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഗതി മാറ്റാന്‍ കഴിവുള്ള നേതാവായി മാറുകയാണ്. മുന്‍നിര ഡെമോക്രാറ്റിക് എതിരാളിയായിരുന്ന ആന്‍ഡ്രൂ ക്യൂമോയെ പ്രൈമറിയില്‍ മറികടന്നപ്പോള്‍ തന്നെ 33 കാരനായ മംദാനി അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിന്റെ തലവനാകാനുള്ള പോരാട്ടത്തിനിറങ്ങിയ മംദാനി, മത്സര രംഗത്ത് വന്നതു മുതല്‍ കൈക്കൊണ്ട നിലപാടുകളും മുന്‍കാല പരാമര്‍ശങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. മംദാനിയുടെ വിജയത്തിന് പിന്നാലെ വീണ്ടും അവയിലേക്ക് ലോക മാധ്യമങ്ങള്‍ ശ്രദ്ധതിരിച്ചിരിക്കുകയാണ്.

മോദി വിരുദ്ധ പരാമര്‍ശങ്ങള്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഉപമിച്ചതിന് കടുത്ത വിമര്‍ശനമാണ് മംദാനിക്ക് നേരിടേണ്ടി വന്നിരുന്നത്. മോദി മാഡിസണ്‍ സ്‌ക്വയറില്‍ ഒരു റാലി നടത്തിയ ശേഷം താങ്കളുമായി പത്രസമ്മേളനം നടത്തുന്നത് അംഗീകരിക്കാനാകുമോ എന്ന ചോദ്യത്തിനായിരുന്നു മംദാനിയുടെ മറുപടിയുണ്ടായത്. അംഗീകരിക്കാനാകില്ല എന്നുപറഞ്ഞ മാംദാനി 2002 ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ചും പറഞ്ഞു. എന്റെ പൂര്‍വികര്‍ ഗുജറാത്തില്‍ നിന്നാണ്. അച്ഛന്‍ ഒരു മുസ്ലിമാണ്. നരേന്ദ്ര മോദി ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ആളാണ്. ഇതേ കാഴ്ചപ്പാട് തന്നെയാണ് തനിക്ക് നെതന്യാഹുവിനോടും എന്നാണ് മംദാനി പറഞ്ഞത്. മോദിക്കെതിരായ അദ്ദേഹത്തിന്റെ പ്രസംഗം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

പലസ്തീന്‍ അനുകൂല വാദങ്ങള്‍

ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം 7 വയസ്സുള്ളപ്പോഴാണ് ന്യൂയോര്‍ക്കിലേക്ക് താമസം മാറുന്നത്. 2018 ല്‍ യുഎസ് പൗരനായി. വളരെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം 2020-ലാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആഫ്രിക്കാന സ്റ്റഡീസില്‍ ബിരുദം നേടിയ ബൗഡോയിന്‍ കോളേജ്, സ്‌കൂളിന്റെ സ്റ്റുഡന്റ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന്‍ ചാപ്റ്ററിന്റെ സഹസ്ഥാപകന്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ജീവിതത്തിനു അടിത്തറ പാകി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ ശക്തമായ വിമര്‍ശകനാണ് മംദാനി. ടിം മില്ലറുമായുള്ള ഒരു പോഡ്കാസ്റ്റിനിടെ ‘ഇന്‍തിഫാദയെ ആഗോളവല്‍ക്കരിക്കുക’ എന്ന മുദ്രാവാക്യത്തെ അപലപിക്കാന്‍ വിസമ്മതിച്ച ചര്‍ച്ചയും മറ്റൊരു വിവാദം. ഇത് ജൂത സമൂഹത്തിന്റെ അപ്രീതിക്ക് കാരണമായിരുന്നു.

റാപ്പ് കരിയര്‍, ട്രംപ് വിരുദ്ധന്‍

2017-ല്‍ ‘Mr. Cardamom’ എന്ന പേരില്‍ അദ്ദേഹം റാപ്പ് ട്രാക്ക് പുറത്തിറക്കിയിരുന്നു. ന്യൂയോര്‍ക്കില്‍ ഒരു മുസ്ലീം ആയി വളര്‍ന്നുവരുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ‘സലാം’ എന്ന ഗാനത്തില്‍, മംദാനി ഹമാസിന് ധനസഹായം നല്‍കുന്നവര്‍ക്ക് പിന്തുണ നല്‍കിയെന്ന വിവാദവും ഇതിന്റെ ചുവട് പിടിച്ച് തലപൊക്കി.

‘ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഒരു പുരോഗമന മുസ്ലീം കുടിയേറ്റക്കാരന്‍ എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും മോശം പേടിസ്വപ്നം’ എന്നാണ് മംദാനി ഒരിക്കല്‍ സ്വയം വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യയശാസ്ത്രത്തിന് എതിരായി അദ്ദേഹം സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രം സ്ഥാപിച്ചു. ലൈംഗിക ആഭിമുഖ്യത്തെയും ലിംഗ സ്വത്വത്തെയും ചുറ്റിപ്പറ്റിയുള്ള സംഭാഷണത്തെയും അവര്‍ സമീപിക്കുന്ന രീതിയാണ് അവരുടെ വ്യത്യസ്തമായ നിലപാടുകളുടെ ഏറ്റവും വ്യക്തമായ ഉദാഹരണം. പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിനെ വംശഹത്യയെന്ന പേരില്‍ വിമര്‍ശിച്ചതും ഉള്‍പ്പെടെ മംദാനി സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ അലോസരപ്പെടുത്തുന്നത്

കോടീശ്വരന്മാര്‍ ന്യൂയോര്‍ക്ക് വിടുമോ?

മംദാനി തിരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാനം വിട്ട് ഓടിപ്പോകുന്നതിനെക്കുറിച്ച് ചില സമ്പന്നരായ ന്യൂയോര്‍ക്കുകാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് എഴുതിയിരുന്നു. വാടക ചെലവുകള്‍ മരവിപ്പിക്കുക, സിറ്റി ബസ് നിരക്ക് സൗജന്യമാക്കുക, ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പൊതു ശിശു സംരക്ഷണം നല്‍കുക, മൊത്തവിലയ്ക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകള്‍ സ്ഥാപിക്കുക എന്നിവയ്ക്കായി ശക്തമായി വാദിച്ചിരുന്ന മംദാനിയുടെ പ്രധാന അജണ്ട ‘തൊഴിലാളികളെ തകര്‍ക്കുന്ന’ ചെലവുകള്‍ കുറയ്ക്കുക എന്നതായിരുന്നു. 2030 ആകുമ്പോഴേക്കും കോര്‍പ്പറേറ്റ് നികുതി 11.5% ആക്കി മിനിമം വേതനം മണിക്കൂറിന് 30 ഡോളറായി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് മംദാനി വാദിച്ചു. അദ്ദേഹം ചുമതലയേല്‍ക്കുന്നതോടെ, പ്രതിവര്‍ഷം 1 മില്യണ്‍ ഡോളറില്‍ കൂടുതല്‍ വരുമാനം നേടുന്ന ബിഗ് ആപ്പിള്‍ നിവാസികള്‍ക്ക് 2% നിരക്കില്‍ നികുതി ചുമത്തുമെന്നും പറഞ്ഞിരുന്നു. അത് മനസ്സില്‍ വെച്ചുകൊണ്ട്, സമ്പന്നരായ ന്യൂയോര്‍ക്കുകാര്‍ സൊഹ്റാന്‍ മംദാനിയെ വലിയ ഭീഷണിയായി മുദ്രകുത്തിയിരുന്നുവെന്നാണ് പത്രം എഴുതിയത്.

Content Summary; Zohran Mamdani: An opponent of President Donald Trump, a critic of the Indian Prime Minister and Israel

Leave a Reply

Your email address will not be published. Required fields are marked *

×