യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ് 100 ദിവസങ്ങൾ പിന്നിടുമ്പോൾ മനുഷ്യാവകാശങ്ങൾ കുത്തനെ താഴോട്ട് പോയതായി ആംനസ്റ്റി ഇൻർനാഷണൽ. അധികാരത്തിലേറിയത് മുതലുള്ള ട്രംപിന്റെ നയങ്ങൾ സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് സർക്കാരിനെ നയിച്ചതെന്നും ആംനസ്റ്റി ഇൻർനാഷണൽ അറിയിച്ചു. ശതകോടീശ്വരനായ ഇലോൺ മസ്കിനെ പോലുള്ളവരുടെ പിന്തുണ തുടക്കം മുതൽ തന്നെ ട്രംപിന് ലഭിച്ചിരുന്നതിനാൽ, വൻകിട കോർപ്പറേറ്റുകൾക്ക് അധികാരം കയ്യാളാനുള്ള അവസരവും നിലവിലെ യുഎസ് ഭരണകൂടം നൽകി. 150 രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതിഷേധക്കാരെ അടിച്ചമർത്തുക, കാലാവസ്ഥാ പ്രതിസന്ധിയോടുള്ള അവഗണ, കുടിയേറ്റക്കാരുടെ നാടുകടത്തൽ, എൽജിബിടിക്യു സമൂഹത്തോടുള്ള വിദ്വേഷം തുടങ്ങിയ നീക്കങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുഎസ് സൃഷ്ടിച്ച അന്താരാഷ്ട്ര സംവിധാനത്തെ ട്രംപ് തകർത്തുകൊണ്ടിരിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകുന്നതായി ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ലോകസമാധാനത്തിന് പ്രാധാന്യം നൽകുന്ന ആഗോള സ്ഥാപനങ്ങൾക്കെതിരായ ട്രംപിന്റെ ആക്രമണങ്ങളെ ഭയാനകമെന്നാണ് ആംനസ്റ്റി ഇന്റർനാഷണലിൻ്റെ യുകെ ചീഫായ സച്ചാ ദേശ്മുഖ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണത്തിന്റെ അവസാനത്തോടെ മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിത്തറ തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരത്തിലുള്ള സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും സച്ചാ ദേശ്മുഖ് സൂചിപ്പിച്ചു.
ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കണ്ടാൽ വെടിവയ്ക്കുക എന്ന ഉത്തരവ് പുറപ്പെടുവിക്കുക, മൊസാംബിക്കിൽ തിരഞ്ഞെടുപ്പ് ഫലങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുക, തുർക്കിയിൽ പ്രകടനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തുക തുടങ്ങിയവ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നതിനുള്ള ഉദാഹരണങ്ങളാണ്.
സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെ ആരോപിക്കപ്പെട്ട കൂട്ട ലൈംഗികാതിക്രമത്തിൽ നടപടിയെടുക്കുന്നതിലുള്ള ലോകരാജ്യങ്ങളുടെ പരാജയത്തെയും റിപ്പോർട്ട് വിമർശിച്ചു.
യുഎസ് വിദേശ സഹായങ്ങൾ വെട്ടിക്കുറച്ചത് യെമൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിസന്ധിക്ക് കാരണമാക്കി. നിരവധി കുട്ടികളുടെയും സംഘർഷത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെയും ഭക്ഷണത്തിനും പാർപ്പിടത്തിനുമുള്ള സഹായമാണ് അതിലൂടെ ട്രംപ് ഇല്ലാതാക്കിയത്.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെയും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര നിയമം പാലിക്കുന്നതിലെ യുഎസിൻ്റെ പരാജയങ്ങളെ ആംനസ്റ്റി ഇന്റർനാഷണൽ വിമർശിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോട് യുഎസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്പിൽ 2024 ൽ മുൻ വർഷത്തേക്കാൾ കൂടുതൽ യുക്രേനിയൻ സിവിലിയന്മാരെ റഷ്യ കൊന്നൊടുക്കിയതായും സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിച്ചുകൊണ്ടിരുന്നതായും ആംനസ്റ്റി പറഞ്ഞു. ബൈഡൻ ഭരണകാലത്ത് യുക്രെയ്ന് ഏറ്റവും കൂടുതൽ സഹായം നൽകിയിരുന്നത് അമേരിക്കയാണ്. എന്നാൽ ഇപ്പോൾ ട്രംപ് വന്നതോടെ ആ ഫണ്ടിങ് പൂർണമായും അമേരിക്ക നിർത്തലാക്കി.
ട്രംപ് മനുഷ്യാവകാശങ്ങളോട് തികഞ്ഞ അവജ്ഞ കാണിക്കുകയും അവകാശ വിരുദ്ധ പ്രസ്ഥാനങ്ങളെപ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ആംനസ്റ്റി നേതാവ് ആഗ്നസ് കല്ലാമർഡ് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം, കോർപ്പറേറ്റ് ശക്തി തുടങ്ങിയ പ്രധാന വിഷയങ്ങളിലും വിരുദ്ധമായ നടപടിയാണ് ട്രംപ് ഭരണകൂടം കൈക്കൊണ്ടത്. ഇതിലൂടെ സർക്കാർ ഭാവി തലമുറകളെ പരാജയപ്പെടുത്തുകയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ചില നയങ്ങൾ ആംനസ്റ്റി ഇന്റർനാഷണൽ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. ഫോസിൽ ഇന്ധന കമ്പനികളുടെ സ്വാധീനത്താൽ യുഎന്നിന്റെ കാലാവസ്ഥാ ചർച്ചകൾ പരാജയപ്പെട്ടു. സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളുടെ മേൽ അന്യായമായ കാലാവസ്ഥാ കരാറുകളിൽ സമ്മർധം ചെലുത്തുകയാണ്. പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് ട്രംപ് പിന്മാറിയത് മറ്റ് രാജ്യങ്ങൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതാണ്.
അതേസമയം, യുഎസിലെ പ്രശ്നങ്ങൾക്ക് കുടിയേറ്റക്കാരെയാണ് ട്രംപ് കുറ്റപ്പെടുത്തുന്നതെന്നും എന്നാൽ ട്രംപിന്റെ നയങ്ങൾ ശതകോടീശ്വരന്മാരെ കൂടുതൽ സമ്പന്നരാക്കുകയും ആഗോള ദാരിദ്ര്യത്തിന് കാരണമാക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Summary: ‘100 days of human rights repression’; Trump administration is terrifying says Amnesty International
Leave a Comment