ഒരു മനുഷ്യന്റെ ജീവിതവും വിധിയും നിശ്ചയിക്കുന്നത് ആരാണ്? നമ്മുടെ ജീവിതം മറ്റൊരാളുടെ സ്വാര്‍ത്ഥതയില്‍ മാറി മറഞ്ഞുപോയതാണോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സുനീര്‍ ആണോ, അതോ ദേവനോ? നമുക്കെല്ലാം ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഒരു ജന്മരഹസ്യമുണ്ടെങ്കിലോ?
നജീം കോയ സംവിധാനം ചെയ്ത മിസ്ട്രി ത്രില്ലര്‍ 1000 ബേബീസ് മേല്‍പ്പറഞ്ഞ ചോദ്യങ്ങളുടെ ഭയപ്പെടുത്തുന്ന ഉത്തരമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു മലയാളം വെബ്‌സീരിസ്. പോരായ്മകളും വിയോജിപ്പുകളും ഇല്ലെന്നല്ല, എങ്കിലും ഇതിന്റെ കഥാതന്തു ഏതൊരു ഹോറര്‍, സ്ലാഷന്‍ ത്രില്ലറുകളെക്കാളും നിങ്ങളെ ഞെട്ടിക്കും. മലയാളത്തില്‍ ത്രില്ലറുകളുടെ വിവിധ ഗണത്തില്‍ ഒന്നിനൊന്നു വച്ച് സിനിമകള്‍ ഇറങ്ങുന്നുണ്ട്. 1000 ബേബീസും ഒരു ഇന്‍വെസ്റ്റിഗേഷന്‍ പ്രമേയമാണ്. അന്വേഷണം എങ്ങനെ പോകുന്നു, അന്വേഷണ ഉദ്യോഗസ്ഥന്‍, കൊലയാളി, അയാളുടെ മോട്ടീവ് എന്നിവയുണ്ടാക്കുന്ന ആകാംക്ഷയോ ആശ്ചര്യമോ അല്ല, മറിച്ച് ഈ സീരീസ് സംസാരിക്കുന്ന വിഷയം, അതു തന്നെയാണ് 1000 ബേബീസ് മികച്ചൊരു അനുഭവമാകുന്നത്.
ഈ ത്രില്ലര്‍ വെബ് സീരീസ് മുന്നോട്ടു വയ്ക്കുന്നൊരു ഫിലോസഫിയുണ്ട്. അത് മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. സി എ അജി കുര്യന്‍ തന്റെ കുഞ്ഞിനെ ആദ്യമായി കാണുന്ന രംഗത്തില്‍, പ്രസവ വാര്‍ഡിന് മുന്നില്‍ നിന്ന് അയാള്‍ അനുഭവിക്കുന്ന ഭയം, സംശയം. ആഴത്തില്‍ ആലോചിച്ചാല്‍ നമുക്കെല്ലാം സ്വജീവിതത്തെ കുറിച്ചോര്‍ത്തുണ്ടാക്കുന്ന അതേ വികാരങ്ങള്‍. മാറ്റി മറിക്കപ്പെടുന്ന ഭാഗ്യനിര്‍ഭാഗ്യങ്ങളിലേക്ക് നമ്മളെ ചേര്‍ത്ത് വയ്ക്കുന്നതാരാണ്? ദൈവത്തിന് മേല്‍ ചാരുന്ന പഴികള്‍ക്കും, നന്ദി ചൊല്ലലുകള്‍ക്കും എന്ത് യുക്തിയാണുള്ളത് ദൈവമാണോ നമ്മുടെ ജീവനും ജീവിതവും, എല്ലാം തീരുമാനിക്കുന്നത്, അതോ മനുഷ്യനോ?
സാറാമ്മച്ചിയില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. ദുര്‍ഗ്രഹമായ ഭൂതകാലത്തിന്റെ ഉടമയാണ് സാറ ഔസേഫ്. അവരെ എന്തോ വേട്ടയാടുന്നുണ്ട്, പക്ഷേ അവരതിന് കീഴടങ്ങാനൊരുക്കമല്ല. ‘ അന്ത്യത്താഴത്തിന്’ ഇരിക്കുമ്പോള്‍ ബിബിനോട് നടത്തുന്നത് കുമ്പസാരമല്ല. പാപവിമോചനത്തിനുവേണ്ടിയുള്ള മാപ്പിരക്കലായിരുന്നില്ല, താനെന്ന പാപിയെ തുറന്നു കാണിക്കല്‍ മാത്രമായിരുന്നു. ഹൊറര്‍ മൂഡ് കിട്ടാന്‍ സാധരണ ഉപയോഗിക്കുന്ന പശ്ചാത്തലം തന്നെയാണെങ്കിലും, ആദ്യം 20 മിനിട്ടിനെ നീന ഗുപ്ത തന്റെതായൊരു മികവില്‍ അസാമാന്യ അനുഭവമാക്കിയിട്ടുണ്ട്. ശങ്കര്‍ ശര്‍മയുടെ മ്യൂസിക്കും ഫയാസ് സിദ്ദിഖിന്റെ കാമറയും യോജിച്ച സഹായികളായി.
മരണക്കിടക്കയില്‍ വച്ച്, ജില്ല മജിസ്‌ട്രേറ്റിനും സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും സാറ കൈമാറുന്ന രഹസ്യസ്വഭാവമുള്ളതും ഒരേ വിവരങ്ങളടങ്ങിയതുമായ രണ്ട് കത്തുകള്‍, വര്‍ഷങ്ങളോളം നിശബ്ദമാക്കപ്പെട്ട ആ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഒരു ചലച്ചിത്ര നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അവിചാരിതമായി വെളിപ്പെടുത്തപ്പെടേണ്ടി വരുന്നതോടെയാണ് 1000 ബേബീസ് അതിന്റെ ഭീകരതയിലേക്ക് പ്രേക്ഷകനെ തള്ളിവിടുന്നത്.
നജീം കോയയും അറൗസ് ഇര്‍ഫാനും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് 1000 ബേബീസിനെ വിജയിപ്പിക്കുന്നത്. ലോകത്തിലെ വിവിധ ഭാഷകളില്‍ നിന്ന് ദിവസവും ഒരു ത്രില്ലര്‍ സീരീസ് എങ്കിലും കാണുന്ന മലയാളിക്ക് മുന്നില്‍ തങ്ങളും അതേ ഗണത്തിലുള്ള ഒരു പ്രൊജക്ട് അവതരിപ്പിക്കുമ്പോള്‍, നേരിടേണ്ടി വരുന്ന വെല്ലുവിളികളെ നജീം കോയയും അറൗസും ഭംഗിയായി മറികടന്നിരിക്കുന്നു. ഇത്തരമൊരു കണ്ടന്റ് കണ്ടെത്തിയതും അതിനെ യോജിച്ച രീതിയില്‍ അവതരിപ്പിച്ചതിനുമാണ് ഇരുവര്‍ക്കും കൈയടി. പക്ഷേ, ചില സബ് പ്ലോട്ടുകളുടെ വിശദീകരണം, നന്നായി അവതരിപ്പിച്ചെങ്കില്‍ കൂടി പ്രധാന വഴിയില്‍ നിന്നുള്ള മാറി സഞ്ചാരമായി തോന്നി. അതുപോലെ, പ്രധാന പ്ലോട്ടിന്റെ തീവ്രത, ഇന്‍വെസ്റ്റിഗേഷന്‍ വഴിയിലേക്ക് കഥ മാറുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നതായി തോന്നിക്കുന്നുണ്ട്. ചില എപ്പിസോഡുകള്‍ ഒരു സാധാരണ ക്രൈം ഇന്‍വെസ്റ്റിഗേഷന്റെ മൂഡ് മാത്രമാണ് തരുന്നത്. ഇടയ്ക്കിടെ ഈ അന്വേഷണത്തിന്റെ പിന്നിലെ കാര്യമിതാണെന്ന് പ്രേക്ഷകന്‍ സ്വയം ഓര്‍ക്കേണ്ടി വരുന്നു. അവസാനമാകുമ്പോഴേക്കും വേഗത്തില്‍ ഓടിയെത്തിയപോലെ തോന്നുമെങ്കിലും, അടുത്ത സീസണ് വേണ്ടി കാത്തിരിക്കാന്‍ പാകത്തില്‍ ട്വിസ്റ്റുകള്‍ ഒരുക്കിയിട്ടുണ്ടെന്നത്, തൃപ്തികരമായൊരു അവസാനം ഒന്നാം സീസണ് നല്‍കുന്നു.
ധ്രുവങ്ങള്‍ പതിനാറിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സീരീസ് കാണാനിരിക്കുമ്പോള്‍ മനസില്‍. സി ഐ അജി കുര്യന്‍ തീര്‍ത്തും വ്യത്യസ്തനാണ്. റഹ്‌മാന്‍ ഒതുക്കത്തോടെ കാര്യങ്ങള്‍ ചെയ്തു. കൂടുതലായി ഒന്നും ചെയ്യാനുമില്ലായിരുന്നു. പറയാനുള്ളൊരു പരിഭവം, റഹ്‌മാന്റെ സംസാരമാണ്. അദ്ദേഹത്തിന്റെ ഒട്ടും ഒഴുക്കില്ലാത്ത മലയാളം പല സീരിയസ് സിറ്റ്വേഷനിലും കല്ലുകടിയായിരുന്നു. നീന ഗുപ്ത സാറയുടെ വാര്‍ദ്ധക്യത്തെ പേടിപ്പെടുത്തുന്നൊരു അനുഭവമാക്കിയെങ്കില്‍, സാറയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ച രാധ ഗോമതിയാണ് ആ കഥാപത്രത്തിന്റെ രൗദ്രതയുടെ മുഖം കൂടുതല്‍ വെളിവാക്കിയത്.
സഞ്ജു ശിവറാമിന്റെതാണ് 1000 ബേബീസ്. അയാള്‍ക്ക് അതിഗംഭീരമായി ചെയ്തിരിക്കുന്നു. ബിബിന്‍, ഹര്‍ഷന്‍, നൈസാം അലി; ഓരോ വേഷപ്പകര്‍ച്ചകളിലും സഞ്ജു തന്നിലെ നടനെ മികച്ച രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും അതൊരു ഫാന്‍സി ഡ്രസ് കളിയായിട്ടില്ല. ഈ സീരിസിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സഞ്ജുവിനെയും ചേര്‍ത്ത് പറയണം.
എടുത്തു പറയേണ്ടൊരു കാര്യമുണ്ട്. മെര്‍ലിന്‍ എന്ന കഥാപാത്ത്രിലൂടെ, എങ്ങനെ സൂക്ഷ്മമായി, ഫെമിനിസം പറയാമെന്ന് നജീം കോയ ഇതില്‍ കാണിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന് കഥയിലുള്ള പ്രാധാന്യത്തിലുപരി, അവരില്‍ ഉണ്ടായിരിക്കുന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാത്തിനുമൊടുവില്‍, നന്ദി പറയേണ്ടത് നജീം കോയയോടാണ്. കേരള ക്രൈം ഫയല്‍ എന്ന ലക്ഷണമൊത്തൊരു ക്രൈം വെബ് സീരീസിന് ശേഷം മലയാളത്തില്‍ വന്നിരിക്കുന്ന ഒരു ബ്രില്യന്റ് വര്‍ക്ക്. ഇന്‍വെസ്റ്റിഗേഷന്‍ പ്രമേയങ്ങളില്‍, അന്വേഷകനൊപ്പം, അയാളുടെ വഴിയിലൂടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള വ്യഗ്രതയും ആകാംക്ഷയുമാണ് കാണികള്‍ക്ക് പൊതുവില്‍ ഉള്ളതെങ്കില്‍, ഇവിടെ ബാക്കി നിര്‍ത്തുന്നൊരു ചോദ്യമാണ് എല്ലാത്തിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. അജി കുര്യന്റെ സംശയംപോലെ, നമ്മള്‍ ആ ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞാല്‍, what netx ? ഒരു അണു ബോംബിനേക്കാള്‍ മാരകമായ രഹസ്യം, അതെങ്ങനെ മറച്ചു വയ്ക്കും? 1000 babies rahman Neena Gupta Rehman starrer, Najeem Koya directed web series review
Content Summary; 1000 babies Neena Gupta Rehman starrer, Najeem Koya directed web series review