June 18, 2025 |
Avatar
അമർനാഥ്‌
Share on

സാമ്പത്തിക സൂത്രണത്തിന്റെ രാജ്

ലോകം ഏറെ ആദരവോടെ കാണുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജിന്റെ നൂറ്റിയൊന്നാം ജന്മവാര്‍ഷികമാണ് ഇന്ന്

സ്വതന്ത്ര ഇന്ത്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്ര പദ്ധതികളുടെയും സ്ഥാപനങ്ങളുടേയും പിന്നില്‍ കെ എന്‍ രാജ് ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ ഒന്നാം പ്ലാനിങ് കമ്മിഷന്‍ രൂപീകരണം തൊട്ട് തിരുവനന്തപുരത്ത് ഉള്ളൂരിലെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ആരംഭിക്കുന്നതു വരെയുള്ള പദ്ധതികളില്‍ രാജിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും പാശ്ചാത്യ സാമ്പത്തിക സിദ്ധാന്തങ്ങളും ലിബറിലിസത്തിന്റെയും സോഷ്യലിസത്തിന്റെയും രാഷ്ട്രീയ ചിന്തകളുമായാണ് ഡോക്ടര്‍ കെ.എന്‍. രാജ് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുമായി 1947 ജൂണില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. എല്ലാ ഇന്ത്യക്കാരനും അതൊരു പ്രധാനപ്പെട്ട ദിനമായിരുന്നു. അന്നാണ് ബ്രീട്ടിഷുകാര്‍ ഇന്ത്യ വിടുകയാണെന്ന് ലൂയിസ് മൗണ്ട് ബാറ്റന്‍ പ്രഖ്യാപിച്ച ദിവസം.

കോഴിക്കോട്, എരിണപ്പാലത്തുകാരന്‍ കക്കാടന്‍ നന്ദനത്ത് രാജ് എന്ന കെ.എന്‍ രാജ് ഉപരിപഠനം കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തുന്നത് ഇതേ ദിവസമാണ്.

സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാനപ്പെട്ട എല്ലാ പദ്ധതികളുടെയും സ്ഥാപനങ്ങളുടേയും പിന്നിലും കെ.എന്‍. രാജ് ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ ഒന്നാം പ്ലാനിംങ് കമ്മീഷന്‍ രൂപീകരണം തൊട്ട് തിരുവനന്തപുരത്ത്, ഉള്ളൂരിലെ സി.ഡി.എസ് ആരംഭിക്കുന്നതു വരെ. പ്ലാനിങ് കമ്മീഷനിലെ ആദ്യ ഇക്കണോമിസ്റ്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകന്‍, പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേശക സമിതി അംഗം. അനേകം സാമ്പത്തിക കൃതികളുടെ രചയിതാവ്. കേരളത്തിന് പരിചിതമല്ലാത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചിന്താശേഷി മലയാളിയില്‍ വളര്‍ത്തിയ മാര്‍ഗദര്‍ശിയായിരുന്നു ഡോ. കെ. എന്‍. രാജ്.

അദ്ദേഹത്തിന്റെ പിതാവ് കെ.എന്‍. ഗോപാലന്‍ മദ്രാസ് ജുഡീഷ്യല്‍ സര്‍വീസില്‍ ജില്ലാ ജഡ്ജിയായിരുന്നു. അമ്മ കാര്‍ത്ത്യായനി. മുത്തച്ഛന്‍ കൊച്ചിയിലെ അയ്യാക്കുട്ടി കൊച്ചി രാജ്യത്തെ പ്രശസ്തനായ ജഡ്ജിയായിരുന്നു. രാജിന്റെ അമ്മയുടെ മൂത്ത സഹോദരി, പാര്‍വതിയുടെ ഭര്‍ത്താവായിരുന്നു സഹോദരന്‍ അയ്യപ്പന്‍.

മദ്രാസ് ക്രിസ്ത്യന്‍ സ്‌കൂളിലും, ക്രിസ്ത്യന്‍ കോളേജില്‍ തന്നെ ഓണേഴ്‌സും പഠനം കഴിഞ്ഞാണ് ലണ്ടനിലെ ഉപരിപഠനത്തിന് പോകുന്നത്. മൂന്നാം ലോകം എന്ന സങ്കല്‍പ്പം പിറവി യെടുക്കുന്നതിന് മുന്‍പ് സാമ്പത്തിക ശാസ്ത്രജ്ഞനായ വ്യക്തിയാണ് കെ.എന്‍ രാജ്. ലണ്ടനിലെ പഠനകാലത്ത് രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിയായ ബ്രിട്ടന്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് പകച്ച് നില്‍ക്കുന്ന ചരിത്രത്തിന് സാക്ഷിയായ ഇന്ത്യന്‍ വിദ്യാര്‍ഥിയായ രാജിന്റെ അദ്ധ്യാപകനായിരുന്നു ഹെരോള്‍ഡ് ലാസ്‌കി. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ വിദഗ്ധര്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചകളുമായിരുന്നു സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ രാജിന്റെ ഏറ്റവും വലിയ അനുഭവ സമ്പത്ത്.

dr.k n raj

ഡോ. കെ എന്‍ രാജ്‌

അക്കാലത്ത് കേംബ്രിഡ്ജില്‍ വിശ്വ പ്രസിദ്ധനായ ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ് നടത്തുന്ന പ്രഭാഷണങ്ങള്‍, വിദ്യാര്‍ത്ഥിയായ രാജ് സ്ഥിരമായി കേട്ടിരുന്നു. ‘രണ്ടാം ലോകമഹായുദ്ധം ജയിച്ച ബ്രിട്ടന്റെ അപ്പോഴത്തെ അവസ്ഥ മെയിനാര്‍ഡ് കെയിന്‍സ് തീക്ഷണമായ ഒറ്റ വാചകത്തിലൂടെ എടുത്ത് കാട്ടിയത് അക്കാലത്താണ്. കെയിന്‍സ് തന്റെ നാട്ടുകാരോട് പറഞ്ഞു. ‘നമ്മള്‍ ഒരു ദരിദ്ര രാഷ്ട്രമാണ്. അതനുസരിച്ച് ജീവിക്കാന്‍ പഠിച്ചേ പറ്റൂ’ കെ.എന്‍ രാജ് എന്നും തന്റെ പ്രവര്‍ത്തന മേഖലയില്‍ ഓര്‍ത്തിരുന്ന പാഠമായിരുന്നു അത്.
പില്‍ക്കാലത്ത് മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനാകാന്‍ കേംബ്രിഡ്ജിലെ അന്നത്തെ പ്രഭാഷണങ്ങളും ചര്‍ച്ചകളും കെ.എന്‍ രാജിനെ വളരെ സഹായിച്ചു.

അന്ന് വി.കെ. കൃഷ്ണമേനോന്‍ ഇന്ത്യാ ലീഗുമായി ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന കാലം. ഇംഗ്ലണ്ടുകാര്‍ക്ക് മാത്രമല്ല, അവിടെയുള്ള ഇന്ത്യാക്കാര്‍ക്ക് പോലും അനഭിമതനായിരുന്ന കൃഷ്ണ മേനോനുമായി സൗഹാര്‍ദത്തിലായ അപൂര്‍വം ഇന്ത്യക്കാരനായി രാജ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും പിന്തുണ നേടാനും കൃഷ്ണമേനോന്‍ ‘ഇന്ത്യാ ലീഗ്’ എന്ന സംഘടനയിലൂടെ പ്രഭാഷണങ്ങളും, സെമിനാറുകളും നടത്തുന്ന സമയം. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന് വേണ്ടി ഉജ്ജല പ്രഭാഷണങ്ങള്‍ നടത്തുന്ന മേനോന്‍, അക്കാലത്ത് ലണ്ടനില്‍, ഇന്ത്യയുടെ ദേശീയ പ്രതീകമായിരുന്നു.

ഇന്ത്യാ ലീഗിന് വേണ്ടി കുറച്ച് കാലം രാജ് പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് മന്ത്രിയായപ്പോഴും, അല്ലാത്തപ്പോഴും ആ അടുപ്പം തുടര്‍ന്നു. കെ. എന്‍ രാജിന് വളരെ മതിപ്പുള്ള ഒരാളായിരുന്നു കൃഷ്ണമേനോന്‍. ‘ An Extra ordinary brilliant human being’ കെ.എന്‍. രാജ് കൃഷ്ണമേനോനെ വിലയിരുത്തുന്നു.

ലണ്ടനില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ രാജ് നേരെ ശ്രീലങ്കന്‍ പത്ര ഗ്രൂപ്പായ’ അസോസിയേറ്റ് ന്യൂസ് പേപ്പര്‍സ് ഓഫ് സിലോണില്‍’ അസിസ്റ്റ്ന്റ് എഡിറ്ററായി 8 മാസം കൊളംബോയില്‍ ജോലി ചെയ്തു. സി.ഡി. ദേശ്മുഖ് റിസര്‍വ് ബാങ്ക് ഗവര്‍ണറായപ്പോള്‍ ന്യൂഡല്‍ഹിയില്‍, ആര്‍.ബി.ഐ റിസര്‍ച്ച് ‘സറ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ആരംഭിച്ചപ്പോള്‍ കെ.എന്‍. രാജ് കൊളംബോയിലെ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് റിസര്‍വ് ബാങ്കില്‍ ചേര്‍ന്നു.

റിസര്‍വ് ബാങ്കില്‍ , ബാലന്‍സ് ഓഫ് പെയ്‌മെന്റ് (ഒരു നിശ്ചിത കാലയളവിനുള്ളില്‍ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര പണമിടപാടുകള്‍ അളക്കുന്ന രീതി) കണക്കാക്കിയതിന്റെ മുഖ്യശില്‍പ്പി രാജായിരുന്നു. ഇന്ത്യാ പാക്കിസ്ഥാന്‍ എക്‌സ്‌ചേഞ്ച് റേറ്റ് ആദ്യമായി തിട്ടപ്പെടുത്തിയതും രാജ് തന്നെ.

ദേശ്മുഖ് ഗവര്‍ണറായിരിക്കുന്ന കാലത്ത് ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറക്കണമെന്ന് ഐഎംഎഫ് ആവശ്യപെട്ടു. ദേശ്മുഖ് ഇതിനെതിരായിരുന്നു. ഐഎംഎഫിന് വേണ്ടി ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍, രാജിനോട് ബാലന്‍സ് ഓഫ് പെയ്‌മെന്റിന്റെ പുരോഗതിയെകുറിച്ച് ചോദിച്ചെങ്കിലും രാജ് അത് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

പിന്നീട് രൂപയുടെ മൂല്യം കുറയ്ക്കണമെന്ന് ഐഎംഎഫ് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കി റിസര്‍വ് ബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്തി. അതിന് വേണ്ട കാരണങ്ങള്‍ കാണിച്ച് വേണ്ട രേഖകളെല്ലാം അവര്‍ ഹാജരാക്കി. എന്നാല്‍ കെ.എന്‍. രാജ് ബാലന്‍സ് ഓഫ് പെയ്‌മെന്റിന്റെ എല്ലാ അടിസ്ഥാന തത്വങ്ങളും കാണിച്ച് മറുപടി എഴുതി. ‘ഇന്ത്യയുടെ സാമ്പത്തികനില മോശമല്ല.” ഇപ്പോള്‍ മൂല്യശോഷണം ആവശ്യമില്ല.” ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക മറുപടിയായിരുന്നു അത്.

അതോടെ കെ.എന്‍. രാജ് റിസര്‍വ് ബാങ്കിലെ ശ്രദ്ധേയനായ വ്യക്തിയായി. സി.ഡി. ദേശമുഖിന് രാജിന്റെ കഴിവുകളില്‍ അതോടെ മതിപ്പായി. പിന്നിട് ദേശ്മുഖ് ധനകാര്യ മന്ത്രിയായപ്പോള്‍ പ്ലാനിംഗ് കമ്മീഷനിലേക്ക് വിളിക്കാനും വിദേശ പര്യടനങ്ങളില്‍ തന്നെ അനുഗമിക്കാനും ഈ സംഭവം ഒരു കാരണമായി.

c d deshmukh

സി ഡി ദേശ്മുഖ്‌

1950 മാര്‍ച്ചില്‍ രാജ്യത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കേണ്ട, വിഷയങ്ങളായ ഭക്ഷണം, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം എന്നിവക്ക് പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പ്ലാനിംഗ് കമ്മീഷന്‍ രൂപീകരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു പ്ലാനിംഗ് കമ്മീഷന്‍. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു അദ്ധ്യക്ഷന്‍, ഗുല്‍സാരിലാല്‍ നന്ദ, സി.ഡി ദേശ്മുഖ്, ജി.എല്‍. മേത്ത, ആര്‍. കെ പാട്ടീല്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

പ്ലാനിംങ്ങ് കമ്മീഷന്റെ തുടക്കം തന്നെ അപസ്വരത്തിലായിരുന്നു. അന്നത്തെ പ്രഗല്‍ഭനായ ധനമന്ത്രി ഡോക്ടര്‍ ജോണ്‍ മത്തായി തന്റെ പ്ലാനിംഗ് കമ്മീഷന്‍ തന്റെ മന്ത്രാലയത്തിന് കീഴില്‍ വരണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇക്കാര്യത്തില്‍ നെഹുറുമായി അദ്ദേഹം വിയോജിച്ചു. അക്കാലത്ത് നെഹ്‌റുവായി മന്ത്രിസഭയിലെ ഒരാള്‍ വിയോജിക്കുക അപൂര്‍വുമായിരുന്നു.

ഡോക്ടര്‍ ജോണ്‍ മത്തായി കമ്മിഷനെയല്ല, അതിന്റെ ഘടനയെയാണ് എതിര്‍ത്തത്. ‘ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കാണ് തീരുമാനം എടുക്കുന്നതിനുള്ള അധികാരം. അല്ലാതെ പാര്‍ലിമെന്റിനോ ജനങ്ങളോടോ ഉത്തരവാദിത്വമില്ലാത്ത പ്ലാനിംഗ് കമ്മീഷനല്ല’. കമ്മീഷന്റെ പ്രവര്‍ത്തത്തിലുള്ള ഉത്തരവാദിത്വമില്ലായ്മയാണ് ഏറ്റവും വലിയ ന്യൂനത. കമ്മീഷന്‍ തുക നിശ്ചയിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേണം ഇതിനുള്ള പണം കണ്ടെത്താന്‍. കമ്മീഷന് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ല.’ ജോണ്‍ മത്തായി പറഞ്ഞു. വിയോജിപ്പ് ശക്തമായപ്പോള്‍ ഡോ. ജോണ്‍ മത്തായി മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചു. അക്കാലത്ത് കോളിക്കമുണ്ടാക്കിയ രാഷ്ട്രീയ സംഭവമായിരുന്നു അത്.

അത് ഒഴിവാക്കമായിരുന്ന ഒന്നായിരുന്നു എന്നാണ് കെ.എന്‍. രാജിന്റെ അഭിപ്രായം. പ്ലാനിംഗ് കമ്മിഷന്റെ ചെയര്‍മാന്‍ ധനമന്ത്രിയായിരിക്കണമെന്ന ജോണ്‍ മത്തായിക്ക് നിര്‍ദ്ദേശിക്കാമായിരുന്നു. ആ ഒരു തീരുമാനത്തില്‍ അവസാനിക്കേണ്ട പ്രതിസന്ധി മാത്രമായിരുന്നു അത്. പക്ഷേ, എന്ത് കൊണ്ടോ അദ്ദേഹം അത് ചെയ്തില്ല.

ഇന്ത്യയുടെ വരാനിരിക്കുന്ന പുരോഗതിയുടെ സ്വപ്നങ്ങളുമായി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു ആസൂത്രണം ആരംഭിക്കുന്നു. വിധിയുമായുള്ള സമാഗമം കഴിഞ്ഞ് രാഷ്ട്ര പുനനിര്‍മ്മാണത്തിന്റെ ആദ്യ കാല്‍വെപ്പ് ആരംഭിക്കുകയാണ് നെഹറു. ഒന്നാം പദ്ധതിയുടെ അച്ചടിച്ച പ്രതിയുമായി, കാബിനറ്റ് അംഗങ്ങളുമായി നെഹ്‌റു മീറ്റിംഗ് ആരംഭിക്കുന്നു. പ്ലാനിംഗ് കമ്മീഷന്റെ ആദ്യത്തെ വിധിയെഴുത്ത് കൂടിയാണ്. നെഹ്‌റു പദ്ധതിയുടെ ആദ്യ അദ്ധ്യായം വായിക്കാന്‍ തുടങ്ങുന്നു. ഒരോ പരാഗ്രാഫ് കഴിയുമ്പോള്‍ തലയുയര്‍ത്തി ‘ ചോദിക്കും ‘Is it all right ?’

26 വയസുകാരനായ കെ. എന്‍. രാജ് സാക്ഷ്യം വഹിച്ച ചരിത്രമുഹൂര്‍ത്തമായിരുന്നു അത്. ഇക്കണോമിസ്റ്റ് ഡോ. കെ.എന്‍ രാജിന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൊന്ന്, രാജ്യത്തിന്റെ ആദ്യ വികസനപ്രക്രിയയില്‍ പങ്കു വഹിക്കുക. നെഹ്‌റുവിനൊത്ത് അതിന്റെ ഭാഗമാവുക.

പിന്നിട് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ ‘നെഹറു രാജിനെ വിളിച്ച് വരുത്തി നേരിട്ട്, അഭിനന്ദിക്കുകയുണ്ടായി. കെ.എന്‍. രാജ് എന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന കൂടിക്കാഴ്ചയായി അത്.

പദ്ധതി വിജയകരമായിരുന്നു. നടപ്പില്‍ വന്ന 1953- 54 കാലത്ത് സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. ഭക്ഷ്യ ഉല്‍പാദനം വര്‍ദ്ധിച്ചു. കാര്‍ഷിക പദ്ധതികള്‍ എല്ലാം ലക്ഷ്യം കണ്ടു. ഒന്നാം പദ്ധതി വിജയത്തില്‍ കെ.എന്‍. രാജ് ഉള്‍പ്പടെ പല സാമ്പത്തിക വിദഗ്ധന്മാരും ‘സന്തോഷിച്ചെങ്കിലും ചില കീഴ്വഴക്കങ്ങള്‍ക്ക് അത് വഴി തെളിച്ചു. അതിലൊന്നായിരുന്നു കമ്മി ധനകാര്യം. സി.ഡി. ദേശ്മുഖ് ധനകാര്യ മന്ത്രിയായപ്പോള്‍ കമ്മി ധനകാര്യം നടപ്പിലാക്കിയത് കെ.എന്‍ രാജിന്റെ ഉപദേശപ്രകാരമായിരുന്നു. കമ്മി ബജറ്റ് മൂലം വിലക്കയറ്റം വരുമോ എന്നത് ഭക്ഷ്യോല്‍പാദനത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ ആ വര്‍ഷം ഉല്‍പ്പാദനം വര്‍ദ്ധിച്ചതിനാല്‍ വിലക്കയറ്റം ഉണ്ടായില്ല. അതിനാല്‍ നയം വിജയിച്ചു.

ഇ. എം. എസ് ഇതിനെ എതിര്‍ത്ത നേതാവായിരുന്നു. ‘ഇത് ബൂര്‍ഷാ സിദ്ധാന്തമാണ്. ‘ ഇ.എം.എസ് ലേഖനമെഴുതി. ഇന്ത്യന്‍ ആസൂത്രണം അടിസ്ഥാനപരമായി തെറ്റി – കാരണം ‘കമ്മി ധനകാര്യം’. കെ.എന്‍. രാജ് മറുപടി പറഞ്ഞു ‘ ഇത് ബൂര്‍ഷാ സിദ്ധാന്തമല്ല. ഇന്ത്യയില്‍ വിലകയറ്റത്തിന് കാരണം ഭക്ഷ്യോല്‍പാദനത്തിലെ കുറവാണ്. ഉല്‍പ്പാദനം വര്‍ദ്ധിച്ചാല്‍ വില ഇടിയും’. ഇ.എം. എസ് അത് അംഗീകരിച്ചില്ല.

EMS

കമ്മീഷനിലെ കാലം ഇന്ത്യയിലെ മികച്ച സാമ്പത്തിക വിദഗ്ധന്മാരുമായി സൗഹാര്‍ദമുണ്ടാക്കാന്‍ രാജിന് കഴിഞ്ഞു. സി. ഡി. ദേശ്മുഖ്, ക്യാബിനറ്റ് സെക്രട്ടറി എന്‍.ആര്‍. പിള്ള, പീതാബര്‍ പന്ത്, കൂടാതെ ഡല്‍ഹിയിലെ അന്നത്തെ വിശിഷ്ട വ്യക്തികളായ സര്‍ദാര്‍ കെ.എം. പണിക്കര്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയവരൊക്കെ കെ. എന്‍. രാജിന്റെ സൗഹൃദ വലയത്തിലുണ്ടായിരുന്നു.

ഒന്നാം പദ്ധതി അവസാനിക്കും മുന്‍പ് കെ. എന്‍ രാജ് പ്ലാനിംഗ് കമ്മീഷന്‍ വിട്ടു. ഒന്നാം പദ്ധതി വിജയകരമായി അവസാനിച്ചപ്പോള്‍ ‘ഇന്ത്യ കുതിക്കുന്നു ‘ എന്ന സന്ദേശം മൂന്നാം ലോക രാജ്യങ്ങളില്‍ ഉയര്‍ന്നു.

ഒരിക്കല്‍ കൂടി ജവഹര്‍ ലാല്‍ നെഹറു കെ. എന്‍. രാജിനെ വിളിച്ചു വരുത്തി. 1961 ലാണത്. രണ്ടാം പ്ലാനിംഗ് കമ്മീഷന്‍ കാര്‍ഷിക മേഖലയെ വിട്ട് വ്യവസായ മേഖലക്ക് മുന്‍തൂക്കം നല്‍കി നടപ്പിലാക്കിയ പരിഷ്‌ക്കാരം പാളി. ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പിതാവായ പി.സി. മഹലനോബിസിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ മഹലനോബിസ് മാതൃക’ പദ്ധതി രണ്ടാം വര്‍ഷം തന്നെ പ്രതിസന്ധിയിലായി. വിദേശസഹായം ഇല്ലാതെ രാജ്യം മുന്നോട് പോകില്ലെന്ന അവസ്ഥ. നെഹറു വിദേശസഹായം വാങ്ങുന്നതിന് അനുകൂലമല്ലായിരുന്നു. അമേരിക്കന്‍ സഹായം കെന്നഡി നല്‍കുമെന്ന ധാരണയുണ്ടായിരുന്നെങ്കിലും നെഹറുവിന്റെ അമേരിക്കന്‍ പര്യടനത്തില്‍ ഒന്നും നടന്നില്ല. ഈ പശ്ചാത്തലത്തിലാണ് നെഹ്‌റു കെ.എന്‍ രാജിനെ വിളിച്ച് ഉപദേശം തേടുന്നത്. ഏറെ നേരത്തെ സംസാരത്തിന് ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയില്‍ ഒരു പദ്ധതികള്‍ക്കായുള്ള ഒരു പുതിയ ഗവേഷണ കേന്ദ്രം തുടങ്ങണം. രാജ് അന്ന് ഡല്‍ഹിയില്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ തലവനാണ്. രാജ് പറഞ്ഞത്, ഗവേഷണത്തിന് വേണ്ടി പുതിയ സ്ഥാപനം ആരംഭിക്കേണ്ട കാര്യമില്ല എന്നാണ്. ഡല്‍ഹിയിലെ തങ്ങളുടെ ഇന്‍സ്റ്റിട്യൂട്ടിന് ആവശ്യമായ ധനസഹായവും ലൈബ്രറിയും മതി. ഈ പറഞ്ഞ കാര്യങ്ങള്‍ ഫലവത്തായി ചെയ്യാം പുതിയ സ്ഥാപനം തുടങ്ങാനുള്ള അനാവശ്യമായ ചിലവ് ഒഴിവാക്കാം. നെഹറു പുതിയ സ്ഥാപനത്തിന്റെ വാദം തുടര്‍ന്നപ്പോള്‍ രാജ് ഉദാഹരണം പറഞ്ഞു. ഇന്ത്യയിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടക്കുന്നത് തസ്തിക ഉണ്ടാക്കലും ഊരു ചുറ്റലുമാണ് അത്തരം ബ്യൂറോക്രാറ്റിക്ക് സംവിധാനത്തോട് എനിക്ക് വിയോജിപ്പാണ്.

അതോടെ നെഹ്‌റു സമ്മതിച്ചു. പിന്നിട് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് യുജിസിയില്‍ നിന്ന് വിവിവിധ സഹായങ്ങള്‍ ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ഗവേഷണ കേന്ദ്രമായി ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് മാറിയതിന് പിന്നില്‍ നെഹ്‌റുവാണെങ്കില്‍, അത് യാഥാര്‍ത്ഥ്യമാക്കിയത് കെ.എന്‍. രാജിന്റെ ശ്രമങ്ങളാണ്. ഇന്ത്യന്‍ സാമ്പത്തിക വിദ്യാഭ്യാസ മേഖല അക്കാര്യത്തില്‍ കെ.എന്‍. രാജിനോട് എന്നും കടപ്പെടിരിക്കുന്നു.

ഇന്ദിരാ ഗാന്ധി അധികാരത്തില്‍ വന്നപ്പോഴേക്കും അമേരിക്കന്‍ സഹായം തേടേണ്ട സാഹചര്യമുണ്ടായി. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് കെ.എന്‍ രാജിനെ തേടി ഇന്ദിരാ ഗാന്ധിയുടെ വിളിയെത്തി.’ അവര്‍ പറഞ്ഞു ‘എനിക്ക് സാമ്പത്തിക കാര്യങ്ങളില്‍ വലിയ പിടിയില്ല താങ്കളുടെ സഹായവും ഉപദേശവും വേണം.’ കെ.എന്‍. രാജ് വിശദമായ ഒരു നോട്ട് ഇന്ദിരാ ഗാന്ധിക്ക് നല്‍കി.

‘വികസനത്തിന് ആവശ്യമുള്ള വിദേശസഹായം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അത് നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമാകണം. രണ്ട് കാര്യങ്ങളില്‍ വ്യക്ത വേണം. ഒന്ന് ‘എത് തരത്തിലുള്ള സഹായമാണ് നമുക്കാവശ്യം? രണ്ട്, സഹായത്തിന് ആധാരമായി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദേശങ്ങളും വ്യവസ്ഥകളും നമ്മുടെ സാമ്പത്തിക നയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വഴങ്ങുന്നതാണോ? ഇതായിരുന്നു കെ.എന്‍. രാജിന്റെ നോട്ടിന്റെ പ്രധാന പോയന്റുകള്‍.

പക്ഷേ, ഇന്ദിരാ ഗാന്ധി അത് കാര്യമായി ഗൗനിച്ചില്ലെന്ന് മാത്രമല്ല. അമേരിക്കന്‍ സഹായം ഇഷ്ടം പോലെ ലഭിക്കും എന്ന വിചാരത്തില്‍ അവരുടെ നിര്‍ദ്ദേശമനുസരിച്ച് ഡീ വാല്യു ചെയ്തു. പക്ഷേ, അമേരിക്കന്‍ സഹായം വിചാരിച്ചപോലെ ലഭിച്ചില്ലെന്ന് മാത്രമല്ല അവരുടെ പ്രതിച്ഛായ തകര്‍ന്നു. ഇന്ത്യന്‍ പാര്‍ലിമെന്റിലും പുറത്തും കനത്ത വിമര്‍ശനം ഉയര്‍ന്നു. രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നപ്പോള്‍ അവര്‍ പറഞ്ഞു. തനിക്ക് ഡീ വാല്യുവേഷന് പിന്‍തുണ നല്‍കിയ ഒരു സാമ്പത്തിക വിദ്ഗധന്‍ ഇപ്പോള്‍ അഭിപ്രായം മാറ്റിപ്പറയുന്നു എന്ന്.

indira gandhi

ക്ഷുഭിതനായ കെ.എന്‍. രാജ് തന്റെ ഭാഗം വിശദീകരിക്കാനായി, താനെഴുതിയ നോട്ട് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണമെന്ന് ഇന്ദിരാ ഗാന്ധിക്കെഴുതി. പക്ഷേ, അവരുടെ മറുപടി അമ്പരിപ്പിക്കുന്നതായിരുന്നു.’I Should like to have the benefits of you advice in future ‘

കൂടാതെ ഇന്ദിര ഗാന്ധിയുടെ സെക്രട്ടറി എല്‍.കെ. ഝായുഉള്‍പ്പെടുന്ന ഒരു മൂന്നംഗ കമ്മറ്റി സാമ്പത്തിക കാര്യങ്ങള്‍ക്കായി രൂപീകരിക്കുന്നു അതില്‍ താങ്കള്‍ അംഗമാകണം. തന്റെ നിശബ്ദതക്കുള്ള വിലയാകുന്ന പദവിയാകുമതെന്ന് തിരിച്ചറിഞ്ഞ രാജ് സന്തോഷത്തോടെ നന്ദി പറഞ്ഞ് അത് നിരസിച്ചു.

1969 ല്‍ കെ. എന്‍. രാജ് ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി. തുടക്കം നന്നായി. സാമ്പത്തിക വകുപ്പ് അന്താരാഷ്ട്ര പ്രസിദ്ധിയിലേക്കുയര്‍ന്നു. പക്ഷേ, യൂണിവേഴ്‌സിറ്റി രാഷ്ട്രീയം അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും വന്‍ സ്വാധീനം ചെലുത്തിയതോടെ അക്കാദമിക്ക് നിലവാരം കുത്തനെ താഴ്ന്നു. യൂണിവേഴ്‌സിറ്റി ക്രമസമാധാനം നിലനിറുത്തുകയാണ് ചാന്‍സലറുടെ ജോലി എന്ന അവസ്ഥ എത്തിയപ്പോള്‍ കെ.എന്‍. രാജ് പറഞ്ഞു. ‘വി.സി പണി വല്ല പോലിസുകാരനെയും എല്‍പ്പിക്കുക’. അദ്ദേഹം രാജി വെച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ ലിബറല്‍ ഇടതുപക്ഷ പ്രസിദ്ധീകരണമായ ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി(ഇ പി ഡബ്ല്യു) വിന്റെ ചരിതത്തിലും കെ.എന്‍. രാജിന്റെ അധികം അറിയപ്പെടാത്ത റോളുണ്ടായിരുന്നു. 1949 ല്‍ സച്ചിന്‍ ചൗധരിയെന്ന അവിവിവാഹിതനായ നാല്‍പ്പത്തഞ്ചുകാരന്‍ എഴുപത്തിനാല് കൊല്ലം മുന്‍പ് ബോംബയില്‍ ആരംഭിച്ച വാരികയാണ് ‘ദി ഇക്കണോമിക്ക് വീക്കിലി’. അക്കാലത്ത് ബോംബയില്‍ റിസര്‍വ് ബാങ്ക് ഒരു സെമിനാര്‍ നടത്തുന്നു. അതില്‍ പ്രധാന പ്രബന്ധം അവതരിപ്പിച്ചത് ഡോ. കെ എന്‍ രാജായിരുന്നു. സെമിനാര്‍ കേള്‍ക്കാനെത്തിയ സച്ചിന്‍, കെ എന്‍ രാജിനെ പരിചയപ്പെട്ടു. ഒരു ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന സൗഹൃദം അവിടെയാരംഭിക്കുകയായിരുന്നു.

വാരികയുടെ സാമ്പത്തിക അടിത്തറ മോശമായിരുന്നു. ഒട്ടും ആകര്‍ഷകമല്ലാത്ത വാരികയെ കച്ചവട സാധ്യതകളുള്ള ഒരു പരസ്യക്കാരനും പരിഗണിച്ചില്ല. ഏറെ മുന്നോട്ടുപോകാന്‍ കഴിയാതെ 1965 ഡിസംബര്‍ 25 ലക്കം ഇറക്കി ഇക്കണോമിക്ക് വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചു. എന്നാല്‍, കഥ അവസാനിച്ചില്ല. നിറുത്തിയടുത്തു നിന്ന് തുടങ്ങാന്‍ സച്ചിന്‍ ചൗധരിയെ സഹായിക്കാന്‍ ഡോ. കെ എന്‍ രാജെത്തി. അദ്ദേഹത്തിന്റെ ശ്രമത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ സമാഹരിച്ചു. എഴ് മാസത്തെ ഇടവേളയ്ക്കുശേഷം 1966 ഓഗസ്റ്റ് 20ന് വാരിക പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ‘ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി’ യെന്ന പുതിയ പേരില്‍ പ്രസിദ്ധീകരണം വീണ്ടും വായനക്കാരിലെത്തി. ഇന്ത്യയിലെ അക്കാദമിക് ജീവിതത്തെ സാധാരണ ജീവിതവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി ഇ.പി.ഡബ്ല്യു.

EPW

എഡിറ്ററായി സച്ചിന്‍ മാത്രം. കെ എന്‍ രാജ് വൈകുന്നേരങ്ങളില്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യാന്‍ സച്ചിന്‍ ചൗധരിക്ക് കഴിയാതെയായി. ഒരു സഹായിയെ കണ്ടെത്താന്‍ കെ എന്‍ രാജിനോട് സച്ചിന്‍ ആവശ്യപ്പെട്ടു. അങ്ങനെ കെ. എന്‍. രാജ് കണ്ടെത്തിയ കൃഷ്ണരാജ് എന്ന ധീഷണശാലിയായ യുവ പത്രപ്രവര്‍ത്തകന്‍. 35 വര്‍ഷം ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പത്രാധിപരായിരുന്നു കൃഷ്ണരാജ്. മൂന്ന് പതിറ്റാണ്ട് ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥകളെ വിശകലനം ചെയ്ത് വായനക്കാര്‍ക്ക് നല്‍കി ചിന്തിക്കാന്‍ പ്രേരിപ്പിച്ച എഡിറ്ററായിരുന്നു കൃഷ്ണരാജ്. ഇടതും വലതും സന്ധിച്ച ഇ പി ഡബ്ല്യുവിന്റെ പേജുകളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ചിന്തകളെ, പ്രശ്‌നങ്ങളെ, പോംവഴികളെ കുറിച്ച് കെ.എന്‍. രാജ് സ്ഥിരമായി എഴുതി.

1971 ല്‍ കേരളത്തില്‍ മടങ്ങിയെത്തിയ കെ.എന്‍. രാജിനെ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ക്ഷണിക്കുന്നു. അദ്ദേഹം രാജിനോട് പറഞ്ഞു. കേരളത്തിലെ യൂണിവേഴ്‌സിറ്റി വിദ്യഭ്യാസത്തിന്റെ നിലവാരം വളരെ താഴ്ന്നതാണ്. വികസന പ്രവര്‍ത്തനം പഠിക്കാനും പോം വഴി നിര്‍ദ്ദേശിക്കാനും ഒരു ഇന്‍സ്സ്റ്റിട്യൂട്ട് ആരംഭിക്കണം’. പഠിക്കണമെന്നും പഠിപ്പിക്കണമെന്നും കെ.എന്‍ രാജിന്റെ എന്നും ജീവിത ലക്ഷ്യമായിരുന്നു. ശരിയെന്ന് രാജ്. മഹത്തായ ഒരു കര്‍മ്മം പോലെ, കെ.എന്‍. രാജ് 1971 ല്‍ തിരുവനന്തപുരത്ത് ഉളളൂരില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) ആരംഭിച്ചു. അച്യുതമേനോന്‍ വ്യക്തിപരമായി താല്‍പ്പര്യം എടുത്ത് താങ്ങും തണലുമായി കൂടെ നിന്നു. 4 വര്‍ഷത്തിന് ശേഷം സിഡിഎസ് കേരളത്തിന്റെ വികസനത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. സിഡിഎസ് നിര്‍ദേശിച്ച പല പരിഷ്‌ക്കാരങ്ങളും അച്യുത മേനോന്‍ നടപ്പിലാക്കി. കോഴിക്കോട്ടെ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ട്, വന ഗവേഷണ സ്ഥാപനം. ആക്കുളത്ത് എര്‍ത്ത് സയന്‍സ് സ്റ്റഡീസ് തുടങ്ങിയ അങ്ങനെ ആരംഭിച്ചവയാണ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കിയ സ്ഥാപനങ്ങളായി ഇവ.

c-dit

ലോകത്തിന്റെ എല്ലാ ഭാഗത്തും നിന്നും മികച്ച ശാസ്ത്രജ്ഞരെ രാജ് സിഡിഎസ്സില്‍ പ്രഭാഷണങ്ങള്‍ക്കായി കൊണ്ടുവന്നു. ഇന്ത്യയിലെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക തലത്തിലെ പ്രതിഭകളെല്ലാം തന്നെ സി. ഡി. എസില്‍ വന്നു. പ്രശ്‌നവും പ്രശ്‌നപരിഹാരവും ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടുകള്‍ ഉണ്ടായി, അച്യുതമേനോനെപ്പോലുള്ള ധിഷണാശാലികളും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ ആത്മാര്‍ത്ഥതയോടെ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി. ഇന്ത്യക്കകത്തും പുറത്തും സി.ഡി. എസ് പ്രശസ്തമായി.

C- Achutha menon

കേരളത്തിന് പരിചയമില്ലാത്ത ഒരു അക്കാദമിക്ക് സംസ്‌കാരം സി.ഡി.എസിലൂടെ വളര്‍ത്തിയെടുത്തത് ഡോ. കെ.എന്‍.രാജാണ്. ജെ. എന്‍. യുവിലെ സാമ്പത്തിക വകുപ്പ് ആരംഭിച്ചതും കെ.എന്‍. രാജിന്റെ ശ്രമഫലമാണ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, പൊതുജീവിതത്തില്‍ പ്രതികരണശേഷി പ്രയോഗിക്കുന്നതും കേരളം കണ്ടതാണ്. തിരുവനന്തപുരത്ത് ഇടതുപക്ഷക്കാരായ വിദ്യാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷന്‍ അലങ്കോലപ്പെടുത്തിയപ്പോള്‍ ഒരു യാത്രക്കാരനായ അദ്ദേഹം അവരെ ചോദ്യം ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് കെ.എന്‍. രാജിനെതിരെ ഒരു നടപടിയും എടുക്കാന്‍ സാധ്യമല്ല എന്ന് ഇന്ദിരാ ഗാന്ധിയോട് പറഞ്ഞ സി. അച്യുത മേനോന്‍ ഒരു ടേം കൂടി മുഖ്യമന്ത്രിയായിരുന്നാല്‍, കേരളം വികസന കാര്യത്തില്‍ കുറെക്കൂടി മുന്നോട്ട് പോയേനെ എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടും ഇ. എം. എസിനോടും ചില നയങ്ങളില്‍ വിയോജിച്ച കെ. എന്‍. രാജ് ഇടതിനും വലതിനുമിടക്ക് ഒരു നേര്‍രേഖയിലൂടെയാണ് സഞ്ചരിച്ചത്. മലയാളിയുടെ അലസതയേയും ധൂര്‍ത്തിനേയും കുറിച്ച് അദ്ദേഹം എന്നും ആകുലനായിരുന്നു. സംവരണം മലയാളിക്ക് ഒരു മനോരോഗമായി എന്ന് തുറന്ന് പറഞ്ഞ കെ.എന്‍ രാജ് കേരളത്തില്‍ ഇടതിനും വലതിനും അനഭിമതനായി. സ്വന്തം കാര്യം നോക്കാതെ കേന്ദ്ര വിരുദ്ധ സമീപനം മാത്രം പറയുന്ന രാഷ്ട്രിയത്തിനോട് അദ്ദേഹത്തിന് ഒരിക്കലും യോജിപ്പില്ലായിരുന്നു. ഡല്‍ഹിയില്‍ രാജ് വൈസ് ചാന്‍സറായിരുന്നപ്പോള്‍ അന്നത്തെ ജനസംഘക്കാരാണ് സ്ഥിരമായി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത്. അത് അസഹനീയമായപ്പോഴാണ് രാജ് രാജി വെച്ച് ഡല്‍ഹി വിട്ടത്.

വര്‍ഷങ്ങള്‍ക്ക് ശേഷം കൊറിയയില്‍ സിയോളില്‍ എത്തിയ കെ.എന്‍. രാജ് ഇന്ത്യന്‍ എംമ്പസി നടത്തിയ ഒരു പാര്‍ട്ടിയില്‍ വെച്ച് അന്നത്തെ പഴയ ജനസംഘം നേതാവിനെ കണ്ടു. അദ്ദേഹം രാജിനോട് മാപ്പ് ചോദിച്ചു. പണ്ട് ഡല്‍ഹിയില്‍ ഒരുപാട് ബുദ്ധി മുട്ടിച്ചതിന്’. അന്ന് മാപ്പ് പറഞ്ഞു ക്ഷമാപൂര്‍വ്വം സംസാരിച്ചത് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എ.ബി. വാജ്‌പേയ്. കെ. എന്‍. രാജ് അദേഹത്തിനോട് പറഞ്ഞു, നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും ഈ രാജ്യത്തെ നശിപ്പിക്കും. വാജ്‌പേയ് വീണ്ടും ക്ഷമ ചോദിച്ചു.

വാജ്‌പേയും ദേവഗൗഡയുമൊഴികെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക സമിതിയില്‍ കെ. എന്‍. രാജ് അംഗമായിരുന്നു. 1999 ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം കെ.എന്‍. രാജിനെ ആദരിച്ചു. അതിനും പതിനൊന്ന് വര്‍ഷം മുന്‍പ് 1988 ല്‍ ശതാബ്ദിയാഘോഷിക്കുന്ന മലയാള മനോരമ ദിനപത്രം പുറത്തിറക്കിയ ശതാബ്ദി പതിപ്പില്‍ നൂറ് വര്‍ഷത്തില്‍ ജനിച്ച, ആദരിച്ച മൂന്ന് മലയാളികളെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊരാള്‍, ഡോക്ടര്‍ കെ.എന്‍. രാജായിരുന്നു. 1947 മുതല്‍ ഇത് വരെ ഇന്ത്യ നേടിയ വികസന ചരിത്രം എഴുതണം. അതായിരുന്നു കെ.എന്‍. രാജിന്റെ അവസാന ആഗ്രഹം. എല്ലാ ഡാറ്റയും എന്റെ കയ്യില്‍ ഉണ്ട്. തന്റെ ജീവചരിത്രകാരനായ മുരളിയോട് അദ്ദേഹം പറഞ്ഞു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായില്ല. 2010 ഫെബ്രുവരി 10 ന് ഡോ. കെ.എന്‍. രാജ് അന്തരിച്ചു.

കെ. എന്‍ രാജിന്റെ ഓര്‍മ്മക്കായ് സി.ഡി.എസ്, കെ.എന്‍. രാജ് മെമ്മോറിയല്‍ ലക്ച്ചര്‍ എല്ലാ വര്‍ഷവും നടത്തി വരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകനായ ടി.ജെ.എസ് ജോര്‍ജ് എഴുതി. ‘കെ. എന്‍. രാജിന് ഓക്‌സ്‌ഫോഡിലോ, യു.എന്നിലോ താവളമുറപ്പിച്ച് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാമായിരുന്നു. ജവഹര്‍ലാല്‍ നെഹറു അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടു വന്നു. അച്യുതമേനോന്‍ കേരളത്തിലേക്കും. കേന്ദ്രീകൃത ആസൂത്രണമെന്ന നെഹ്‌റു സങ്കല്‍പ്പവും വിശിഷ്ട സ്ഥാപനമെന്ന അച്യുത മേനോന്‍ പദ്ധതികളും അവസാനിച്ചു. കെ.എന്‍. രാജിനെ ഉപയോഗപ്പെടുത്താനുള്ള ദീര്‍ഘ വീക്ഷണമോ ബൗദ്ധികശേഷിയോ നെഹ്‌റുവിന്റെയോ അച്യുതമേനോന്റെ പിന്‍ഗാമികള്‍ക്ക് ഇല്ലാതെ പോയി. കെ. എന്‍. രാജ് എകാന്ത പഥികനായി.  May 13th, the 101st birth anniversary of the esteemed economist Dr. K.N. Raj, who is widely revered around the world

Content Summary; May 13th, the 101st birth anniversary of the esteemed economist Dr. K.N. Raj, who is widely revered around the world

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×