ഹിമാചല്‍പ്രദേശില്‍ ദളിത് ബാലന്റെ ആത്മഹത്യ സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. പശുത്തൊഴുത്തില്‍ വച്ച് മണിക്കൂറുകളോളം മര്‍ദ്ദനമേറ്റ 12കാരനാണ് വെള്ളിയാഴ്ച്ച ആത്മഹത്യ ചെയ്തത്. ജാതിപീഢനത്തിന് കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണ്.
സെപ്റ്റംബര്‍ 16 ന് റോഹ്രു സബ്ഡിവിഷനിലെ ലിംബ്ദ ഗ്രാമത്തിലെ ഒരു രജപുത്ര കുടുംബത്തില്‍ കയറിയെന്നാരോപിച്ചാണ് കോലി സമുദായത്തില്‍പ്പെട്ട ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. താഴ്ന്ന ജാതിക്കാരന്‍ കയറി വീട് അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടി ‘മലിനമാക്കിയ’ വീട് ‘ശുദ്ധീകരിക്കാന്‍ ഒരു ആടിനെ അറക്കണമെന്ന് രജപുത്ര കുടുംബം ദളിത് ബാലന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു മൂന്ന് ദിവസത്തിന് (സെപ്റ്റംബര്‍ 20)ശേഷമാണ് പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ 57 കാരി പുഷ്പ ദേവിക്കെതിരെ സെപ്തംബര്‍ 26 നാണ് എസ്സി/എസ്ടി നിയമങ്ങള്‍ ചുമത്തുന്നത്. അപ്പോഴേക്കും സെപ്റ്റംബര്‍ 25 ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ നിന്ന് അവര്‍ മുന്‍കൂര്‍ ജാമ്യം നേടിയെടുത്തിരുന്നു.
ദളിത് ബാലന്റെ മരണം സംസ്ഥാനത്ത് പ്രതിഷേധത്തിന് കാരണമായതോടെ ബുധനാഴ്ച, ഹിമാചല്‍ പ്രദേശ് പട്ടികജാതി കമ്മീഷന്‍ പ്രതിനിധി സംഘം മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനെയും ഹിമാചല്‍ ഡിജിപി അശോക് തിവാരിയെയും കണ്ട് സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ദളിതനായതിന്റെ പേരിലാണ് തന്റെ മകന്‍ മര്‍ദ്ദിക്കപ്പെട്ടതെന്നും, പരിഹാരമായി ആടിനെ നല്‍കണമെന്ന് പ്രതികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ അമ്മ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് എസ് സി/ എസ് ടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചേര്‍ക്കുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.
സെപ്തംബര്‍ 16 ന് വീട്ടില്‍ നിന്നും പറഞ്ഞയച്ച പ്രകാരം പലചരക്ക് സാധാനങ്ങള്‍ വാങ്ങാന്‍ പോയതാണ് 12കാരന്‍. പുഷ്പ ദേവി നടത്തുന്ന കടയില്‍ നിന്നായിരുന്നു സാധനങ്ങള്‍ വാങ്ങുന്നത്. ഈ കട പുഷ്പ ദേവിയുടെ വീടിനോട് ചേര്‍ന്നുള്ളതായിരുന്നു. കടയില്‍ ആരെയും കാണാത്തതുകൊണ്ട് കുട്ടി, പുഷ്പ ദേവിയുടെ വീടിനെയും കടയെയും ബന്ധിച്ചിരുന്ന ബാല്‍ക്കണിയിലൂടെ വീട്ടിലേക്ക് പ്രവേശിച്ചു. ദളിതന്‍ തന്റെ വീട്ടിലേക്ക് കയറിയതില്‍ ക്ഷുഭിതയായ പുഷ്പദേവിയും സഹായികളായി മറ്റ് രണ്ടു സ്ത്രീകളും ചേര്‍ന്ന് കുട്ടിയെ ജാതിപീഢനത്തിന് വിധേയനാക്കുകയായിരുന്നു, കുട്ടിയുടെ അച്ഛന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞ വിവരങ്ങളാണിത്.
പുഷ്പ ദേവിയുടെയും സഹായികളുടെയും കൈയില്‍ നിന്നും രക്ഷപ്പെട്ടോടാന്‍ 12 വയസ്സുകാരന്‍ ശ്രമിച്ചെങ്കിലും പ്രതി അവനെ പിടികൂടി. ‘പുഷ്പദേവി പിന്നീട് എന്റെ ഇളയ സഹോദരനെ വിളിച്ചു. എന്റെ മകന്‍ അവരുടെ വീട് മലിനമാക്കിയെന്നും പരിഹാരമായി വീട് ശുദ്ധമാക്കാന്‍ വേണ്ടി അവര്‍ക്ക് ബലി നല്‍കാന്‍ ഒരു ആടിനെ കൊടുക്കാന്‍ ഞങ്ങളോട് പറയണമെന്നും പറഞ്ഞു’, മേസ്തരി പണിക്കാരനായ പിതാവ് പറയുന്നു.
പുഷ്പ ദേവിയും സഹായികളും ചേര്‍ന്ന് അവരുടെ പശു തൊഴുത്തില്‍ ബാലനെ പൂട്ടിയിട്ടു. അവര്‍ അവനെ അവിടെയിട്ടു മര്‍ദ്ദിച്ചു. ആടുമായി മാതാപിതാക്കള്‍ വരുന്നതുവരെ തുറന്നു വിടില്ലെന്നായിരുന്നു ഭീഷണി. ഒരു വിധത്തില്‍ കുട്ടി പശു തൊഴുത്തില്‍ നിന്നും രക്ഷപ്പെട്ടോടി. ഒരു ആപ്പിള്‍ തോട്ടത്തില്‍ ഒളിച്ചു. അവന്റെ അമ്മയാണ് തോട്ടത്തില്‍ നിന്നും മകനെ കണ്ടെത്തുന്നത്. അമ്മ അവനെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നാല്‍ ഉണ്ടായ സംഭവത്തില്‍ ഭയന്നുപോയ കുട്ടി അതിനകം ആപ്പിളിന് തളിക്കുന്ന കീടനാശിനി കുടിച്ചിരുന്നു.
അവന്‍ ശരിക്കും പേടിച്ചു പോയിരുന്നു. അവന്റെ ആധി മുഴുവന്‍ പാവപ്പെട്ടവരായ അവന്റെ അച്ഛനും അമ്മയും അവന്‍ ചെയ്ത ‘തെറ്റി’ന്റെ പരിഹാരമായി ചോദിക്കുന്ന ആടിനെ എങ്ങനെ വാങ്ങി കൊടുക്കുമെന്നോര്‍ത്തായിരുന്നു. അതുകൊണ്ടാണ് അവന്‍ ജീവനൊടുക്കിയത്, കുട്ടിയുടെ അമ്മ കരച്ചിലോടെ പറയുന്നു.
കീടനാശിനി കഴിച്ച കുട്ടി വൈകിട്ടോടെ അവശനിലയിലായി. മാതാപിതാക്കള്‍ ആദ്യം റോഹ്രുവിലെ സിവില്‍ ആശുപത്രിയിലേക്കാണ് അവനെ കൊണ്ടു പോയത്. നില വഷളായതിനെ തുടര്‍ന്ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സെപ്തംബര്‍ 17 ന് ആ 12കാരന്‍ മരണപ്പെട്ടു.
ദളിത് ഭൂരിപക്ഷ ഗ്രാമാമണ് ലിംബ്ദ. ഏകദേശം പത്ത് കുടുംബങ്ങളാണ് ഉയര്‍ന്ന ജാതിക്കാരായി അവിടെയുള്ളത്. ഉന്നത ജാതിക്കാരെല്ലാം രജപുത്രരാണ്. അതിലൊന്നായിരുന്നു പുഷ്പ ദേവിയുടെ കുടുംബം.
പുഷ്പ ദേവിയുടെ ഭര്‍ത്താവ് ഒരു അധ്യാപകനായിരുന്നു. അയാള്‍ മരിച്ചശേഷം മകന് വിദ്യാഭ്യാസ വകുപ്പില്‍ ജോലി കിട്ടി. ഈ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പുഷ്പ ദേവി വീട്ടില്‍ മതപരമായ എന്തോ ചടങ്ങ് നടത്തിയിരുന്നു. അതിനു പിന്നാലെ ഒരു ദളിത് ബാലന്‍ കയറിയതോടെ വീട് മലിനമാക്കപ്പെട്ടെന്നാണ് പുഷ്പദേവി അവകാശപ്പെട്ടത്. ദളിതന്‍ ഒരു വീട്ടില്‍ കയറിയാല്‍ എങ്ങനെയാണ് ഒരു വീട് മലിനമാക്കപ്പെടുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നാണ് ജാതിയതയ്‌ക്കെതിരേ വിരല്‍ ചൂണ്ടിക്കൊണ്ട് സിപിഎം നേതാവ് മനു ദോഗ്ര ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. റോഹ്രു സബിഡിവിഷന്‍ ജാതിയതയ്ക്ക് കുപ്രസിദ്ധമാണ്. ഇവിടെ ദളിത് ഭൂരിപക്ഷമാണെങ്കിലും ആഴത്തില്‍ പതിഞ്ഞ വിശ്വാസങ്ങളുമായി ജീവിക്കുന്ന മനുഷ്യരുമുണ്ട് ഇവിടെ.
ദളിതന്‍ കയറി അശുദ്ധമാക്കിയ വീടിനെ ശുദ്ധീകരിക്കാന്‍ തങ്ങളുടെ കുടുംബ ദേവതയ്ക്ക് ആടിനെ ബലി നല്‍കലാണ് പരിഹാരമെന്ന് പുഷ്പദേവി വിശ്വസിച്ചിരുന്നു. അതിനാണവര്‍ ആടിനെ ചോദിച്ചതെന്നാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഹിമാചലിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഷിംലയില്‍, ആളുകള്‍ ഇപ്പോഴും ദണ്ഡ് (ശിക്ഷ) നല്‍കുന്ന രീതി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
പുഷ്പദേവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഹിമാചലില്‍ ഉയര്‍ന്നിരിക്കുന്നത്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
This post was last modified on October 2, 2025 8:00 am
Leave a Comment