2006-ലെ മുംബൈ തീവണ്ടി സ്‌ഫോടന പരമ്പരയുടെ പ്രതികളെന്നാരോപിതരായി ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി കോടതി നടപടികള്‍ നേരിടുകയും എത്രയോ വര്‍ഷങ്ങളായി തുടര്‍ച്ചയായി ജയിലിനുള്ളില്‍ കഴിയുകയും ചെയ്യുന്ന 12 പേരെ കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതി പൂര്‍ണമായും വെറുതെ വിടുകയും അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ പന്ത്രണ്ട് പേരില്‍ അഞ്ച് പേരെ വിചാരണ കോടതി വധശിക്ഷയ്ക്കും മറ്റ് ഏഴ് പേരെ ജീവപര്യന്തത്തിനും ശിക്ഷിച്ചതായിരുന്നു. മുംബൈ കോടതി വിധി സാങ്കേതികതയുടെ പേരില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും മോചിപ്പിച്ച പ്രതികളെ വീണ്ടും ജയിലിലടക്കണം എന്ന് കോടതി പറഞ്ഞിട്ടില്ല. അവരെ വീണ്ടും ജയിലില്‍ അടയ്ക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജറായ സോളിസെറ്റര്‍ ജനറല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല.
ഈ കേസ് വീണ്ടും രാജ്യശ്രദ്ധയില്‍ പെടുമ്പോള്‍ ചര്‍ച്ചയാകുന്നത് മലയാളിയായ പ്രശസ്ത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘നിശബ്ദ അട്ടിമറി, ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ എന്ന പുസ്തകമാണ്. 2006 മുംബൈ ബോംബാക്രമണത്തിന്റെ പ്രതികള്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ എങ്ങനെയാണ് ഈ നാട്ടിലെ ക്രമസമാധാന സംവിധാനങ്ങളുടെ ഇരകളായി മാറിയത് എന്നും ശരിയായ പ്രതികളെ കണ്ടുപിടിക്കുന്നതില്‍ നമ്മുടെ പോലീസിനും നിയമവ്യവസ്ഥയ്ക്കും എത്രമാത്രം തെറ്റുകള്‍ പറ്റിയെന്നും ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം നമ്മുടെ ഭരണ-സുരക്ഷ സംവിധാനങ്ങളെ കുറിച്ചുയര്‍ത്തുന്ന ചര്‍ച്ചകള്‍ നേരത്തേ തന്നെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2006 ജൂലായ് പതിനൊന്നിന് മുംബൈയിലെ ഏഴ് സബര്‍ബെന്‍ തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകളില്‍ വൈകിട്ട് 6.23 നും 6.29നും ഇടയിലുണ്ടായ ഏഴ് ബോംബ് സ്ഥോടനങ്ങളില്‍ 187 പേര്‍ മരിക്കുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് മുംബൈ ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ഇതാണ്; ”കേസ് സംശയരഹിതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടു. പ്രതികളാണ് കുറ്റം ചെയ്തത് എന്ന് വിശ്വസിക്കാന്‍ ഒരു ന്യായവുമില്ല. അതുകൊണ്ട് തന്നെ ശിക്ഷ റദ്ദുചെയ്യുന്നു. കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുന്നതിനും നിയമവാഴ്ച ഉറപ്പ് വരുത്തുന്നതിനും ജനസാമാന്യത്തിന്റെ സുരക്ഷയും രക്ഷയും ഉറപ്പ് വരുത്താനും പറ്റൂ. ഏതെങ്കിലും ആളുകളെ പിടിച്ച് പ്രതികളാണെന്ന മട്ടില്‍ കൊണ്ടുവന്ന് കേസില്‍ പരിഹാരമുണ്ടാക്കി എന്ന വ്യാജം സൃഷ്ടിക്കുന്നത് പ്രശ്നപരിഹാരത്തിനുള്ള തെറ്റായ വഴിയാണ്’
1947 മുതല്‍ ഇന്ത്യയിലെ സുരക്ഷാ സംവിധാനത്തിന് അകത്ത് നിലനില്‍ക്കുന്ന പാളിച്ചകളും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് നിയന്ത്രിക്കാനാവാത്ത രഹസ്യഭരണകൂടത്തിന്റെ ഇടപെടലും ചൂണ്ടിക്കാണിക്കുന്ന ‘നിശബ്ദ അട്ടിമറി’യില്‍ 2006-ലെ ഈ മുംബൈ സ്‌ഫോടന പരമ്പരയെ വിശദമായി പരിശോധിക്കുന്നുണ്ട്. ഈ കേസില്‍ നേരത്തേ കോടതി വെറുതെ വിട്ട വാഹിദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന വിവരണത്തില്‍ എങ്ങനെയാണ് പല പോലീസ് ഉദ്യോഗസ്ഥരും സംവിധാനങ്ങളും ഈ കേസ് അട്ടിമറിച്ചതെന്ന് വിശദമായി പ്രതിപാദിക്കുന്നു.
ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് നിരപരാധികളായ മനുഷ്യരെ പിടികൂടിയിരിക്കുന്നത് എന്ന് ഇടക്കാലത്ത് കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ് ഭട്ട് ചൂണ്ടിക്കാണിച്ചിരുന്ന കാര്യം പുസ്തകത്തില്‍ എടുത്ത് പറയുന്നുണ്ട്. പോലീസ് മേധാവികളുടെ ആജ്ഞകള്‍ക്ക് വഴങ്ങാതിരുന്ന വിനോദ് ഭട്ടിന്റെ കുടുംബത്തെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ചോദ്യം ചെയ്ത വിനോദ് ഭട്ട് സംസാരിച്ചത് വാഹിദ് വെളിപ്പെടുത്തിയത് ജോസി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
”2006 ഓഗസ്റ്റില്‍ ഒരു ദിവസം ഭോയ്വാഡയിലെ എ.റ്റി.എസ് ഓഫീസിന്റെ രണ്ടാം നിലയിലെ തന്റെ ഓഫീസിലേയ്ക്ക് വാഹിദിനെ ഭട്ട് വിളിപ്പിച്ചു. കേസിലെ മറ്റൊരു കുറ്റാരോപിതനായ എഹ്‌തേഷാം സിദ്ദീഖിയും മുറിയില്‍ ഹാജരായിരുന്നു. രേഖകളും പ്രസ്താവനകളും വിശദമായി പരിശോധിച്ചതില്‍ നിന്ന് അവര്‍ രണ്ടുപേരും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടുവെന്ന് ഭട്ട് അവരോട് പറഞ്ഞതായി വാഹിദ് പറയുന്നു. അന്ന് നടന്ന സംഭാഷണങ്ങളെ വാഹിദ് ഓര്‍മ്മിച്ചെടുക്കുന്നത് ഇപ്രകാരമാണ്:
എഹ്‌തേഷാം: ഞങ്ങള്‍ നിരപരാധികളാണ് എന്ന് എപ്പോഴും ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതല്ലേ? പിന്നെയെന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്?
ഭട്ട്: കാരണം, ഞങ്ങള്‍ക്ക് ശരിയായ കുറ്റവാളികളെ കിട്ടിയിരുന്നില്ല.
എഹ്‌തേഷം: ഞങ്ങളെ ആരാണ് കുടുക്കുന്നത്?
വാഹിദ് പറയുന്നത് അവര്‍ക്കെതിരെ കുറ്റപത്രം സര്‍പ്പിക്കാന്‍ മുംബൈ പോലീസ് കമ്മീഷണര്‍ എ.എന്‍.റോയി, എ.റ്റി.എസ് മേധാവി കെ.പി.രഘുവംശി എന്നിവരുടെ ഭാഗത്ത് നിന്ന് കനത്ത സമ്മര്‍ദ്ദം തനിക്കുണ്ട് എന്ന് ഭട്ട് പറഞ്ഞുവെന്നാണ്.
എഹ്‌തേഷം: എന്നിട്ട് നിങ്ങളത് ചെയ്യാന്‍ പോവുകയാണോ?
ഭട്ട്: ഇല്ല. പക്ഷേ അവരെന്റെ ഭാര്യയെ ഒരു കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്.
എഹ്‌തേഷം: നിങ്ങളപ്പോ ഞങ്ങളെ ഈ കേസില്‍ നിന്ന് വെറുതെ വിടുമോ?
ഭട്ട്: പടച്ചവനില്‍ വിശ്വസിക്കൂ. ഞാന്‍ മരിച്ചാലും നിരപരാധികളെ കുടുക്കാന്‍ സമ്മതിക്കില്ല.
ഈ ചര്‍ച്ച കഴിഞ്ഞ് അധികം വൈകാതെ സാന്താക്രൂസ് പോലീസ് സ്റ്റേഷനില്‍ ഭട്ടിന്റെ ഭാര്യ സീമയടക്കമുള്ള 14 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. പോലീസ് കുടുംബങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതിയിലുള്ള എന്തോ തര്‍ക്കത്തിന്റെ പേരിലായിരുന്നു അത്. സീമ ഈ സൊസൈറ്റിയില്‍ അംഗമായിരുന്നു.”
വിനോദ് ഭട്ടിന്റെ മരണം ‘നിശബ്ദ അട്ടിമറി’യില്‍ ജോസി ഇപ്രകാരം വിവരിക്കുന്നു:
”ഓഗസ്റ്റ് 28ന് അദ്ദേഹം വൈകിയാണ് ഓഫീസിലെത്തിയത്. ജൂനിയര്‍ ഓഫീസര്‍മാരോട് ഒന്നും സംസാരിക്കാതെ മുറിയില്‍ തന്നെ ഉച്ചവരെ അടച്ചിരുന്ന് തന്റെ ട്രിപ്പിള്‍ ഫൈവ് സിഗരറ്റുകള്‍ ഒന്നിന് പുറകെ ഒന്നായി വലിച്ചുകൊണ്ടിരുന്നു. ഉച്ചയ്ക്ക് അദ്ദേഹം ഒന്നും കഴിച്ചില്ല. 4.30-യോടെ അദ്ദേഹം അന്വേഷണത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇതുവരെയുള്ള പുരോഗതി വിലയിരുത്തുന്ന യോഗത്തില്‍ പങ്കെടുത്തു. ഏതാണ്ട് ഒന്‍പത് മണിയോടെ ഭട്ട് ദാദറിലെ തിലക് ബ്രിഡ്ജില്‍ തന്നെ എത്തിക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം തന്റെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഒഴികെയുള്ള മുഴുവന്‍ വ്യക്തിപരമയ സാധനങ്ങളും ഡ്രൈവര്‍ക്ക് നല്‍കി ഭാര്യയെ ഏല്‍പ്പിക്കാനായി ആവശ്യപ്പെട്ടു. ഏതാണ്ട് 9.45ന് ഒരു സബര്‍ബന്‍ സ്ലോ ട്രെയിലിലെ മോട്ടോര്‍മാന്‍ തിലക്, ബ്രിഡ്ജില്‍ വച്ച് തന്റെ തീവണ്ടി ആരേയൊ തട്ടിയ വിവരം ദാദര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. മുപ്പത് രൂപയും ഒരു തീപ്പെട്ടിയും പൊട്ടിയ ഒരു കണ്ണടയും ഭട്ടിന്റെ തിരിച്ചറിയില്‍ കാര്‍ഡും മൃതദേഹത്തില്‍ നിന്ന് ലഭിച്ചു. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനായ രഘുവംശി, ‘അദ്ദേഹം കുറച്ചു കാലമായി ചില വൈഷമ്യങ്ങളിലൂടെ കടന്ന് പോവുകയായിരുന്നുവെന്ന് വേണം ഊഹിക്കാന്‍’ എന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.”
കോടതി വിധിയില്‍ സന്തോഷമുണ്ട് എന്ന് ജോസി ജോസഫ് പ്രതികരിച്ചു. ഇത്തമൊരു വിധി പറയാന്‍ ധൈര്യം കാണിച്ച ജഡ്ജിമാരേയും അദ്ദേഹം അഭിനന്ദിച്ചു. അതേസമയം നമ്മുടെ രാജ്യത്ത് വ്യാപകമായി നിലനില്‍ക്കുന്ന ഒരു വലിയ അര്‍ബുദത്തിന്റെ ഒരു നിഴല്‍ മാത്രമാണ്. നിരപരാധികളായ എത്രയോ പേര്‍ ഈ രാജ്യത്തിലെ ജയിലുകളിലുണ്ട്. അതില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളും ദളിതരും പാവപ്പെട്ടവരുമാണ്. നമ്മുടെ സംവിധാനം ആന്തരികമായി ദ്രവിച്ചിരിക്കുന്നതിന്റെ ലക്ഷണമാണിത്.”- ജോസി പറഞ്ഞു. ഈ പുസ്തകമാകട്ടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എങ്ങനെയാണ് ഇതേ സംവിധാനത്തെ അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആയുധമാക്കുന്നത് എന്ന് കൂടി വിശദീകരിക്കുന്നുണ്ട്.
ഈ കേസിലെ പ്രതികളായ വാഹിദടക്കമുള്ളവര്‍ അനുഭവിച്ച അതിക്രൂരമായ പോലീസ് പീഡനങ്ങളും ഇല്ലാത്ത കുറ്റം ഇവര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനുള്ള അതിക്രൂരമായ ശ്രമങ്ങളും പുസ്തകത്തില്‍ ഉടനീളമുണ്ട്. ഇതിനകത്ത് പലതലമുറ പോലീസുകാരും ഭരണകൂടങ്ങളും കടന്ന് വരുന്നുണ്ട്. യു.പി.എ ഒന്നാം ഭരണകാലത്ത് ആരംഭിച്ച് രണ്ടാം ഭരണകാലം പിന്നിട്ട് നരേന്ദ്ര മോദിയുരെട നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമ്പോഴും കൂടുതല്‍ കൂടുതല്‍ മോശം സംവിധാനങ്ങള്‍, യഥാര്‍ത്ഥ പ്രതികളെ പിടിക്കാതെ പിടികിട്ടിയ നിരപരാധികളുടെ മേല്‍ കേസുകള്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തുന്നു. ഗുജറാത്തിലും ഡല്‍ഹിയിലും കശ്മീരിലും പഞ്ചാബിലും അസമിലും മണിപ്പൂരിലുമെല്ലാം സമാനമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ജോസി പുസ്‌കതത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഗുജറാത്ത് വംശഹത്യ, ഹരേണ്‍ പാണ്ഡ്യ വധം, പഞ്ചാബിലെ സിഖ് തീവ്രവാദവും തുടര്‍സംഭവങ്ങളും, മുംബൈ ഭീകരാക്രമണം, അഫ്സല്‍ ഗുരു, ഡല്‍ഹിയിലെ തീവ്രവാദി ആക്രമണങ്ങള്‍, മക്കമസ്ജിദ്, മലേഗാവ്, സംഝോധ എക്സ്പ്രസ് ആക്രമണങ്ങള്‍, അഹമ്മദാബാദ് സ്‌ഫോടനം, ഹേമന്ത് കര്‍ക്കറെയുടെ മരണം എന്നിങ്ങനെ എത്രയോ സംഭവങ്ങള്‍ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളായ വാഹിദിന്റേയും കൂട്ടരുടെയും ജയില്‍ പീഡനത്തിന് സമാനമായി ജോസി വിവരിക്കുന്നു. ഒരോന്നിലും നമ്മുടെ സംവിധാനങ്ങളുടെ ഘടനാപരമായ തകരാറ് നമുക്ക് ദര്‍ശിക്കാം. നാര്‍ക്കോ അനാലിസിസ് മുതല്‍ നുണക്കഥകള്‍ പ്രതികളുടെ മൊഴിയായി രേഖപ്പെടുത്തുന്നതും ഇന്ത്യന്‍ സേനവിഭാഗങ്ങളില്‍ ആഴത്തില്‍ ഉറച്ച് പോയിട്ടുള്ള മുസ്ലീം വിരുദ്ധതയും ജോസി തെളിവുകളും രേഖകളും സഹിതമാണ് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
‘നിശബ്ദ അട്ടിമറി’ എന്ന ജോസി ജോസഫിന്റെ പുസ്തകത്തിനുള്ള അംഗീകാരം കൂടിയാണ് മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി. 2006 Mumbai train bombings, Court verdicts and Josy Joseph’s book ‘The Silent Coup
Content Summary; 2006 Mumbai train bombings, Court verdicts and Josy Joseph’s book ‘The Silent Coup
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.