ലോകകപ്പ് കാണാന്‍ ആരാധകര്‍ക്ക് 60 ഡോളറിന് ടിക്കറ്റ്; പ്രതിഷേധം തണുപ്പിക്കാന്‍ ഫിഫയുടെ തന്ത്രം

എന്നാല്‍ ഈ നിരക്കില്‍ എല്ലാവര്‍ക്കും ടിക്കറ്റ് കിട്ടുമെന്ന് കരുതരുത്

Fifa world cup ticket

2026 ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ തീപിടിച്ച ടിക്കറ്റ് വിലയ്‌ക്കെതിരായി വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്. ഈ സാഹചര്യത്തെ തണുപ്പിക്കാന്‍ ഇപ്പോള്‍ ഫിഫ രംഗത്തിറങ്ങിയിട്ടുണ്ട്. ഫൈനല്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലെ ഓരോ മത്സരങ്ങള്‍ക്കും പ്രത്യേകമായി 60 ഡോളര്‍ എന്ന പരമാവധി നിരക്കില്‍, ഓരോ ടീമുകളുടെയും ആരാധകര്‍ക്കു മാത്രമായി ഒരു പുതിയ ടിക്കറ്റ് പുറത്തിറക്കുമെന്നാണ് ഫിഫ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍ട്രി ടിയര്‍ എന്ന പേരിലാണ് പുതിയ നിരക്കിലെ ടിക്കറ്റുകള്‍ പുറത്തിറക്കുക. എന്നാല്‍ കുറഞ്ഞ നിരക്കിലെ ടിക്കറ്റ് കിട്ടണമെങ്കില്‍ ഭാഗ്യം കൂടി വേണ്ടി വരും. കാരണം, ചുരുങ്ങിയ അളവില്‍ മാത്രമാണ് ഇത്തരം ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ഓരോ മത്സരത്തിനുമുള്ള മൊത്തം ടിക്കറ്റിന്റെ 1.6% (ഏകദേശം 1,000 ടിക്കറ്റുകള്‍) മാത്രമാണ് 60 ഡോളര്‍ നിരക്കില്‍ ആരാധകര്‍ക്ക് ലഭിക്കുക. മാത്രമല്ല, ഈ ടിക്കറ്റുകള്‍ ഓരോ രാജ്യത്തിന്റെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ വഴി മാത്രമായിരിക്കും വിതരണം ചെയ്യുന്നതും.

ഓരോ ഫുട്‌ബോള്‍ അസോസിയേഷനുകളുമാണ് ഈ വില കുറഞ്ഞ ടിക്കറ്റിന്റെ വിതരണത്തില്‍ തീരുമാനം എടുക്കുന്നത്. അതായത് അസോസിയേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് കിട്ടും. എന്‍ട്രി ടിയര്‍ ടിക്കറ്റുകള്‍ ഓരോ ദേശീയ ടീമുകളുമായി അടുത്ത ബന്ധമുള്ള വിശ്വസ്തരായ ആരാധകര്‍ക്ക് പ്രത്യേകം വിതരണം ചെയ്യണമെന്ന് അസോസിയേഷനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് ഫിഫ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് അവര്‍ കടന്നതുമില്ല.

60 ഡോളര്‍ ടിക്കറ്റ് അവതരിപ്പിച്ചത് കൊണ്ട് മാത്രം പ്രശ്‌നം തീര്‍ന്നില്ലെന്നും ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കണമെന്ന് വാദിക്കുന്നവരുണ്ട്. അതിലൊരാള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറാണ്. ”കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ചതിന് ഫിഫയെ അഭിനന്ദിച്ച സ്റ്റാര്‍മര്‍ പറഞ്ഞത്, ഒരു ഫുട്‌ബോള്‍ ആരാധകന്‍ എന്ന നിലയില്‍ ടിക്കറ്റുകള്‍ താങ്ങാവുന്ന നിരക്കിലേക്ക് മാറ്റണമെന്ന് താന്‍ ഫിഫയോട് അഭ്യാര്‍ത്ഥിക്കുന്നുവെന്നാണ്. യഥാര്‍ത്ഥ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് നഷ്ടമാകാതിരിക്കാന്‍ വേണ്ടിയാണ് ഈ അഭ്യര്‍ത്ഥനയെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

2026 ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത് മുതല്‍ അതിന്റെ വിലയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ആരംഭിച്ചതാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റുകള്‍ക്ക് ഫിഫ 60 ഡോളര്‍ നിശ്ചയിച്ചിരുന്നെങ്കിലും, അതിനൊപ്പം ഡൈനാമിക് പ്രൈസിംഗ് (ആവശ്യകത അനുസരിച്ച് വില മാറുന്ന രീതി) അവതരിച്ചിരുന്നതിനാല്‍ ഗ്രൂപ്പ്, നോക്കൗട്ട് മത്സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് വില നൂറുകണക്കിന് ഡോളറിലേക്കു കുതിച്ചു. ഇത്തവണ 48 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ റെക്കോര്‍ഡ് വരുമാനമാണ് ഫിഫയെ കാത്തിരിക്കുന്നതും.

ടിക്കറ്റ് വിലയുടെ പേരില്‍ ഫിഫയ്‌ക്കെതിരേ ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് യൂറോപ്പ് രംഗത്തു വന്നിരുന്നു.ടിക്കറ്റി വില വര്‍ദ്ധിപ്പിച്ചത് പരിധികള്‍ ലംഘിച്ച വഞ്ചനയെന്നും കൊള്ളയെന്നുമൊക്കെയാണ് ഈ മാസമാദ്യം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അവര്‍ ആരോപിച്ചത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹറാന്‍ മംദാനിയും ഫിഫയ്‌ക്കെതിരേ വന്നിരുന്നു. കളിയോടുള്ള അപമാനം എന്നായിരുന്നു ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മംദാനി ആരോപിച്ചത്. ടിക്കറ്റി വല കുറയ്ക്കണമെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ മേയര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മംദാനി ഫിഫയ്ക്ക് ഒരു ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

Content Summary; 2026 World Cup; Fifa announces limited amount of 60 dollar tickets for supporters of the involved teams for each game.

This post was last modified on December 17, 2025 8:29 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment