കൊല്‍ക്കത്ത ലോ കോളേജ് ബലാത്സംഗം; കാമ്പസ് ഭരിക്കുന്ന ‘എംഎം’ ആദ്യം വിദ്യാര്‍ത്ഥി, ഇപ്പോള്‍ ക്ലാര്‍ക്ക്

ആരാണ് മുഖ്യ പ്രതിയായ തൃണമൂല്‍ വിദ്യാര്‍ത്ഥി നേതാവ്?

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വീണ്ടും ഒരു ബലാത്സംഗ കേസ്. കൊല്‍ക്കത്ത ലോ കോളേജ് വിദ്യാര്‍ത്ഥിയായ 24 കാരിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. കൊല്‍ക്കത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ചിരുന്നു.

19 കാരനായ സയ്ബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖര്‍ജി, 31 വയസുള്ള മോനോജിത്ത് മിശ്ര എന്നിവരാണ് പ്രതികള്‍. മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അതേ കോളേജില്‍ കരാര്‍ ജീവനക്കാരനുമായ മോനോജിത് മിശ്രയാണ് ഒന്നാം പ്രതി. മറ്റു രണ്ടു പേരും അതേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

മുഖ്യ പ്രതിയായ മോനോജിത്ത് കോളേജില്‍ പഠിക്കുന്ന കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷദ്(ടിഎംസിപി) നേതാവായിരുന്നു. കേസ് വന്നതിനു പിന്നാലെ തൃണമൂല്‍ വാദിക്കുന്നത്, ഇപ്പോള്‍ അയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ്. മറ്റ് രണ്ട് പ്രതികളും ടിഎംസിപി അംഗങ്ങളാണ്.

ബുധാനാഴ്ച്ച വൈകിട്ട് നാല് മണിയോടെ 24കാരിയായ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫിസിന്റെ മുറിയിലേക്ക് പോയ സമയത്താണ് മോനോജിത്ത് മിശ്ര അവരെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അവര്‍ അകത്തു കയറി സമയം മറ്റ് രണ്ടു പ്രതികളും മുറി പുറത്തു നിന്നും പൂട്ടി. തുടര്‍ന്ന് മിശ്ര പെണ്‍കുട്ടിയെ ഉപദ്രവിച്ചു. സംഭവം വിദ്യാര്‍ത്ഥി വീട്ടില്‍ അറിയിച്ചു. വീട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്.

മൂന്നു പേരും തന്നെ നിര്‍ബന്ധിച്ചാണ് കോളേജിന്റെ താഴത്തെ നിലയിലുള്ള ഗാര്‍ഡ് റൂമിലേക്ക് കൊണ്ടു പോയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ബുധനാഴ്ച രാത്രി 7.30 നും 10.50 നും ഇടയിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

അപകടത്തില്‍പ്പെട്ടെന്ന് മനസിലായതോടെ തനിക്ക് പാനിക് അറ്റാക്ക് വന്നുവെന്നും ശ്വാസതടസം വന്നതോടെ പ്രതിയോട് ഒരു ഇന്‍ഹെയ്‌ലര്‍ ചോദിച്ചു വാങ്ങി ഉപയോഗിച്ചുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഉപദ്രവിച്ചകാര്യം പുറത്തു പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് അടിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പെണ്‍കുട്ടി ആരോപിക്കുന്നുണ്ട്.

ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കോളേജ് യൂണിറ്റിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ശക്തനായിരുന്ന മോനോജിത്ത് മിശ്രയ്ക്ക്, പഠനം കഴിഞ്ഞെങ്കിലും ഇപ്പോഴും കാമ്പസില്‍ വലിയ സ്വാധീനമുണ്ട്.

മോനോജിത് മിശ്ര കാമ്പസില്‍ നടന്ന നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും അയാള്‍ക്ക് ഇപ്പോഴും അവിടെ വലിയ സ്വാധീനമുണ്ടെന്നാണ് അന്വേഷിച്ചതില്‍ നിന്നും വ്യക്തമായതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി നല്ല അടുപ്പം അയാള്‍ക്ക് ഉണ്ടെന്നാണ്, നിലവില്‍ പഠിക്കുന്നവരും, പൂര്‍വവിദ്യാര്‍ത്ഥികളും ഒരുപോലെ പറയുന്നത്. പ്രാദേശിക ടിഎംസി അംഗങ്ങളുമായും ഇന്ത്യന്‍ എക്‌സ്പ്രസ് സംസാരിച്ചിരുന്നു. അവരും ഇതേകാര്യം സമ്മതിക്കുന്നുണ്ട്.

കോളേജിന്റെ ഭരണസമിതിയുടെ പ്രസിഡന്റ് തൃണമൂല്‍ എംഎല്‍എ ആയ അശോക് ദേബാണ്. ഇയാളാണ് മിശ്രയെ കോളേജില്‍ താത്കാലിക ക്ലാര്‍ക്ക് പോസ്റ്റില്‍ നിയമിച്ചത്.

ടിഎംസിപിയുടെ എതിര്‍ വിഭാഗത്തിലെ ഒരു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയത്, കാമ്പസിലെ സിസിടിവി കാമറകള്‍ മോഷ്ടിച്ചത് തുടങ്ങി പല കുറ്റങ്ങളും മിശ്ര ചെയ്തിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. രണ്ട് തവണ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളയാളാണ് മിശ്ര. എന്നിട്ടും പഠനം കഴിഞ്ഞ ഇറങ്ങിയപ്പോള്‍ കോളേജ് ഭരണസമിതി അയാളെ അതേ കോളേജില്‍ ക്ലാര്‍ക്കായി നിയമിച്ചു, ടിഎംസി അംഗമായ ഒരാള്‍ തന്നെയാണ് ഇക്കാര്യം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

കാമ്പസില്‍ മോനോജിത്ത് മിശ്ര ‘എംഎം’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ ഒരു ഗ്യാങ് ഉണ്ടാക്കിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളും ഈ ഗ്യാങിലെ അംഗങ്ങളാണ്.

കോളേജിലെ ചുമരത്തെഴുകള്‍ പോലും മിശ്രയെ പുകഴത്തിയുള്ളതാണ്. അതിലൊരെണ്ണം ഇങ്ങനെയാണ്; ‘മോനോജിത് ദാ ഞങ്ങളുടെ ഹൃദയങ്ങളിലാണ് (ടീം എംഎം)’. അതിനു മുകളില്‍ ‘അര്‍മ സോബായ് ടിഎംസിപി സമര്‍ത്ഥക് (നാമെല്ലാവരും ടിഎംസിപി പിന്തുണക്കാരാണ്)’ എന്നും എഴുതിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മോനോജിത്ത് മിശ്രയായിരുന്നു കോളേജ് ഭരിച്ചിരുന്നത്. അയാളുടെ ആജ്ഞകള്‍ വിദ്യാര്‍ത്ഥികള്‍ അനുസരിക്കണമായിരുന്നു. സരസ്വതി പൂജ, സിമ്പോസിയങ്ങള്‍ മുതല്‍ പാര്‍ട്ടി പരിപാടികള്‍ വരെ, കോളേജിലെ എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് മിശ്രയായിരുന്നു എന്നാണ് മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥി പറയുന്നത്.

കാളിഘട്ട് മേഖലയിലാണ് മിശ്രയുടെ വീട്. പ്രാദേശിക ടിഎംസി കൗണ്‍സിലര്‍മാരും എംഎല്‍എമാരുമെല്ലാമായി വളരെ അടുപ്പം അയാള്‍ക്കുണ്ടായിരുന്നുവെന്നാണ് കാളിഘട്ടിലെ ടിഎംസി നേതാക്കള്‍ പറയുന്നത്. നേതാക്കന്മാരുമായുള്ള തന്റെ ബന്ധം കാണിക്കാനായി അയാള്‍ ഫെയ്‌സ്ബുക്കില്‍ നിരവധി ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ബയോയില്‍ പറയുന്നത്, അലിപുര്‍ സെഷന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും, ദക്ഷിണ കൊല്‍ക്കത്ത ടിഎംസിപി യൂണിറ്റിന്റെ ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയുമാണെന്നാണ്.

കാളിഘട്ടിലെ അറിയപ്പെടുന്ന ക്രിമനല്‍ എന്നാണ് മോനോജിത്തിനെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ദേബാഞ്ജന്‍ ദേ കുറ്റപ്പെടുത്തുന്നത്. നിരവധി കേസുകള്‍ അയാള്‍ക്കെതിരേയുണ്ട്. എന്നിട്ടും അയാളെ ജോലിക്ക് കയറ്റി, ഒരു നടപടിയും ഉണ്ടായിട്ടില്ല’ ദേ പറയുന്നു.

ബിജെപിയും ലോ കോളേജ് സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കിയിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയാധമാക്കി സംഭവത്തെ ഏറ്റെടുത്തതോടെ, പ്രതിരോധവുമായി ടിഎംസിയും രംഗത്തിറങ്ങിയിട്ടുണ്ട്. മോനോജിത്ത് മിശ്രയ്ക്ക് പാര്‍ട്ടിയുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും അയാള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നാണ് പാര്‍ട്ടി പറയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ അറസ്റ്റ് നടന്നുവെന്നും കൊല്‍ക്കത്ത പൊലീസ് പറയുന്നു.  24-year-old student raped in Kolkata Law College, Main accused Monojit Misra TMCP Leader

Content Summary; 24-year-old student raped in Kolkata Law College, Main accused Monojit Misra TMCP Leader

This post was last modified on June 28, 2025 11:20 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment