ഇന്ത്യയിലെ ക്യാൻസർ രോഗികളിൽ 26 ശതമാനം പേർക്കും തലയിലും കഴുത്തിലും ട്യൂമറുകൾ ഉണ്ടെന്ന് പഠനം. കൂടാതെ രാജ്യത്ത് കാൻസർ രോഗികൾ വർദ്ധിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. രാജ്യത്തുടനീളമുള്ള 1,869 കാൻസർ രോഗികളിൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകൾ. ജൂലൈ 27 ഹെഡ് ആന്റ് നെക്ക് ക്യാൻസർ ദിനത്തിലാണ് പഠനം പുറത്തുവിട്ടത്. ഡൽഹി ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ മാർച്ച് 1 മുതൽ ജൂൺ 30 വരെ തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറിൽ വന്ന കോളുകളിൽ നിന്ന് ശേഖരിച്ച ഡാറ്റ അടിസ്ഥനപ്പെടുത്തിയാണ് പഠനം നടത്തിയത്. 26% of Indian cancer patients battling head and neck tumour
വർദ്ധിച്ചുവരുന്ന പുകയില ഉപഭോഗവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയും മൂലമാണ് ഹെഡ് ആന്റ് നെക്ക് കാൻസർ കേസുകൾ ഉയരുന്നത്. കൂടാതെ ഇന്ത്യയിൽ യുവാക്കൾക്കിടയിലാണ് വ്യാപകമായ വർദ്ധനവ് കാണുന്നതെന്ന് കാൻസർ മുക്ത് ഭാരത് കാമ്പെയ്‌നിൻ്റെ തലവനായ മുതിർന്ന ഓങ്കോളജിസ്റ്റ് ഡോ. ആശിഷ് ഗുപ്ത പറഞ്ഞു.
‘ ഏകദേശം 80-90 ശതമാനം ഓറൽ ക്യാൻസർ രോഗികളും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി ജീവിതശൈലി മാറ്റങ്ങളിലൂടെ തലയിലെയും കഴുത്തിലെയും ക്യാൻസറുകളിൽ ഭൂരിഭാഗവും തടയാൻ സാധിക്കും. ജനങ്ങൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായുള്ള അവബോധം വളർത്തേണ്ടതും രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തേണ്ടതും അനിവാര്യമെന്നും’ ആശിഷ് ഗുപ്ത പറഞ്ഞു.
ഇന്ത്യയിൽ, കാൻസർ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും രോഗം വൈകി കണ്ടെത്തുന്നത് ശരിയായ പരിശോധനകളുടെ കുറവ് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാൻസറിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ഘട്ടങ്ങളിൽ കണ്ടെത്തിയാൽ, മിക്ക ഹെഡ് ആന്റ് നെക്ക് ക്യാൻസറുകളും 80 ശതമാനത്തിലധികം രോഗികളിൽ ഭേദമാക്കാൻ സാധിക്കുമെന്നും ആശിഷ് ഗുപ്ത പറഞ്ഞു. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നീ ചികിത്സാരീതികൾ ഫലപ്രദമാണ്. രോഗം ഭേദമാക്കുന്നതിന് മാത്രമല്ല, അതിജീവിതർക്ക് നല്ല ജീവിത നിലവാരം ഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നതാണ്, ഏറ്റവും പുതിയ കാൻസർ ചികിത്സാ രീതി.
ഇന്ത്യയിൽ, ഹെഡ് ആന്റ് നെക്ക് ക്യാൻസറിന് തൊട്ടു പിന്നാലെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ദഹനനാളത്തിലെ അർബുദമാണ്. കൂടാതെ സ്തനാർബുദവും രക്താർബുദവും കൂടിവരുന്നുണ്ട്. 2040-ഓടെ ഇന്ത്യയിൽ 2.1 ദശലക്ഷം പുതിയ കാൻസർ കേസുകൾ ഉണ്ടാകുമെന്നാണ് ആഗോള ക്യാൻസർ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന ഒരു ഡാറ്റാബേസായ ഗ്ലോബോകാൻ വ്യക്തമാക്കുന്നത്.
content summary; 26% of Indian cancer patients battling head and neck tumours