June 26, 2026 |
Share on

ഹോളി ആഘോഷത്തില്‍ വാട്ടര്‍ ബലൂണ്‍ എറിഞ്ഞതിലെ തര്‍ക്കം; ഡല്‍ഹിയില്‍ യുവാവിന് ദാരുണാന്ത്യം

ഉത്തം നഗര്‍ കനത്ത സുരക്ഷാ വലയത്തില്‍

ഡല്‍ഹിയിലെ ഉത്തം നഗറില്‍ ഹോളി ആഘോഷത്തിനിടെ ഒരു 11 വയസ്സുകാരി പെണ്‍കുട്ടി വാട്ടര്‍ ബലൂണ്‍ എറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചു. ബലൂണ്‍ എറിഞ്ഞതിനെ ഒരു സ്ത്രീ എതിര്‍ത്തതാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇത് പിന്നീട് രൂക്ഷമാവുകയും പെണ്‍കുട്ടിയുടെ ബന്ധുവായ 26 വയസ്സുള്ള തരുണ്‍ കുമാര്‍ എന്ന യുവാവിന്റെ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇതൊടെ ഒരു പ്രദേശം മുഴുവന്‍ സംഘര്‍ഷഭരിതമാകുകയായിരുന്നു.

യുവാവിന്റെ മരണത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷം ആളിപ്പടര്‍ന്നു. പ്രതിഷേധക്കാര്‍ രണ്ട് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സമീപത്തെ വീടുകളുടെ ജനാലകള്‍ തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് 4-ന് രാത്രി ഉത്തം നഗറിലെ ജെജെ കോളനിയിലാണ് തര്‍ക്കം ആരംഭിച്ചത്. ടെറസില്‍ നിന്ന് പെണ്‍കുട്ടി എറിഞ്ഞ വാട്ടര്‍ ബലൂണ്‍ താഴെ നില്‍ക്കുകയായിരുന്ന ഒരു മുസ്ലീം സ്ത്രീയുടെ ബുര്‍ഖയില്‍ പതിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് സ്ത്രീയും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ക്ഷമാപണം നടത്തുകയും കുട്ടിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തതായി തരുണിന്റെ ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍, ഈ നിസ്സാര തര്‍ക്കം അരമണിക്കൂറിനുള്ളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി പരിണമിച്ചു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന തരുണിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച തരുണ്‍ മരണത്തിന് കീഴടങ്ങി. തരുണിനൊപ്പം മര്‍ദനമേറ്റ മുത്തച്ഛന്‍ മാന്‍ സിംഗ്, ബന്ധു രമേശ് എന്നിവര്‍ ചികിത്സയിലാണ്.

കൊലപാതകത്തെത്തുടര്‍ന്ന് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. വാഹനങ്ങള്‍ കത്തിക്കുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തതോടെ ഉത്തം നഗറില്‍ സമാധാനം നിലനിര്‍ത്താന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിന്യസിക്കേണ്ടി വന്നു. ഈ സംഭവം വര്‍ഗീയമായ മാനങ്ങള്‍ കൈവരിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ പോലീസ് അതീവ ജാഗ്രതയിലാണ്.

സംഭവത്തിന് പിന്നില്‍ സാമുദായിക സ്വഭാവമുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, ഇരു കുടുംബങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട തരുണിന്റെ കുടുംബവും ആരോപണവിധേയരായ കുടുംബവും പതിറ്റാണ്ടുകളായി ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. മാലിന്യം തള്ളുന്നതിനെക്കുറിച്ചും പാര്‍ക്കിംഗിനെക്കുറിച്ചും മുന്‍പും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 12 വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നതായി ഇരയുടെ കുടുംബം ആരോപിക്കുന്നു. കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന പകയും വിദ്വേഷവുമാണ് ഒരു വാട്ടര്‍ ബലൂണിന്റെ പേരില്‍ കൊലപാതകമായി പുറത്തുവന്നത്.

നിലവില്‍ ഉത്തം നഗര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിക്കുകയും ക്രമസമാധാനം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Content Summary: 26 year old youth murdered over water balloon dispute in Delhi

Leave a Reply

Your email address will not be published. Required fields are marked *

×