March 18, 2025 |
Share on

ആശുപത്രി വാര്‍ഡില്‍ കയറി കൊലപാതം

ഡല്‍ഹിയില്‍ 18 കാരന്‍ കൊന്നത് ആളുമാറി

വയറിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 32 കാനെ ആശുപത്രി വാര്‍ഡില്‍ വച്ച് 18 കാരന്‍ വെടിവച്ചു കൊന്നു. രാജ്യതലസ്ഥാനത്ത് നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത. ദില്‍ഷാദ് ഗാര്‍ഡനില്‍ സ്ഥിതി ചെയ്യുന്ന ജിടിബി ഹോസ്പിറ്റലിലാണ് സംഭവം. ഡോക്ടറര്‍മാരും രോഗികളും അവരുടെ ബന്ധുക്കളുമൊക്കെ സാക്ഷികളായി നില്‍ക്കവെയാണ് ദാരുണമായ കൊലപാതകം നടക്കുന്നത്. ഡോക്ടറെയും, കൊലപ്പെട്ടയാളുടെ സഹോദരിയെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു കളഞ്ഞതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച്ച ഉച്ച കഴിഞ്ഞാണ് കൊലപാതകം നടന്നത്.

എന്നാല്‍, ഈ കൊലപാതകം ആളുമാറിയാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. അക്രമിയെത്തിയത് മറ്റൊരാളെ തേടിയായിരുന്നു. യഥാര്‍ത്ഥ ടാര്‍ഗറ്റ് മറ്റൊരു വാര്‍ഡിലായിരുന്നു. അതിനു പകരമാണ് റിയാസുദ്ദീന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെടുന്നത്. കൊലയാളി യഥാര്‍ത്ഥത്തില്‍ കൊല്ലാന്‍ വന്ന വ്യക്തിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അയാളുടെ ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഖജൂരി ഖാസ് സ്വദേശിയായ റിയാസുദ്ദീനെ വയറിലെ അണുബാധയെ തുടര്‍ന്ന് ജൂണ്‍ 23 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു വെടിയുണ്ടകളാണ് റിയാസുദ്ദീന്റെ വയറില്‍ തുളച്ചു കയറിയത്. 15 ദിവസങ്ങള്‍ക്കു മുമ്പ് വയറില്‍ ശസ്ത്രക്രിയ കഴിഞ്ഞതേയുള്ളൂവെന്നാണ് റിയാസുദ്ദീന്റെ ബന്ധുക്കള്‍ പറയുന്നത്.

ഞായറാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് വെടിവയ്പ്പ് നടന്ന വിവരം ആശുപത്രിയില്‍ നിന്നും അറിയിക്കുന്നതെന്നാണ് ഷഹ്ദാര ഡിസിപി സുരേന്ദര്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റവാളിയാരായാലും ശിക്ഷിക്കപ്പെടുമെന്നും, ആശുപത്രിയിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തുമെന്നുമാണ് ഡല്‍ഹി ആരോഗ്യവകുപ്പ് മന്ത്രി സൗരഭ് ഭരദ്വജ് പ്രതികരിച്ചത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറയുന്നത് പ്രകാരം, വൈകിട്ട് നാല് മണിയോടെയാണ് കൊലയാളിയും മറ്റു രണ്ടു പേരും ആശുപത്രിയില്‍ എത്തുന്നത്. കൂടെ വന്നവര്‍ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ നിന്നു. അക്രമി ഒറ്റയ്ക്കാണ് പ്രവേശന കവാടം വഴി അകത്തേക്കു കയറിയത്. ഇവിടെ സാധാരണ സുരക്ഷ ഉദ്യോഗസ്ഥരാരും കാവല്‍ നില്‍ക്കാറില്ല. ഗാലറി ഏരിയയില്‍ മാത്രമാണ് സുരക്ഷ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ കാമറ ദൃശ്യങ്ങളില്‍ അക്രമി അകത്തേയ്ക്ക് കയറുന്നത് പതിഞ്ഞിട്ടുണ്ട്. വെടിവയ്പ്പ് നടന്ന വാര്‍ഡിന് മുമ്പില്‍ നിയോഗിച്ചിരുന്ന വനിത സെക്യൂരിറ്റി ജീവനക്കാരി കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുമ്പ് ഉച്ചഭക്ഷണം കഴിക്കാനായി പോയിരുന്നു. നിലവിളികള്‍ കേട്ടാണ് മറ്റു സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തുന്നത്. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.

ഡോക്ടര്‍ റിയാസുദ്ദീന്റെ മുറിവ് ഡ്രസ് ചെയ്യുകയായിരുന്നു. അയാളുടെ അമ്മ ഭക്ഷണം വാങ്ങാനായി കാന്റീനിലേക്ക് പോയിരുന്നു. സഹോദരി തരുണ്ണും ആയിരുന്നു ഈ സമയം റിയസുദ്ദീനൊപ്പം ഉണ്ടായിരുന്നത്.

സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ഒരാള്‍ പറയുന്നത്, കൊലപാതകത്തിനു ശേഷം അക്രമി ഡ്യൂട്ടി ഡോക്ടര്‍ ഇഷയ്ക്കും റിയാസുദ്ദീന്റെ സഹോദരിക്കും നേരെ തോക്ക് ചൂണ്ടി, അതിനുശേഷം സഹോദരിയുടെ നേര്‍ക്ക് തോക്ക് പിടിച്ച് അവരെ ഒപ്പം നിര്‍ത്തിയാണ് പുറത്തേക്ക് ഇറങ്ങിയത്, അതിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ വാര്‍ഡില്‍ വേറെ മൂന്നു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നുവെന്നാണ് സാക്ഷികള്‍ പറയുന്നത്.

കൊല്ലപ്പെട്ട റിയാസുദ്ദീന്‍ മൂന്നു വര്‍ഷം മുമ്പ് വരെ ഖജൂരി ഖാസില്‍ ഒരു ഡെന്റല്‍ ക്ലിനിക് നടത്തി വരികയായിരുന്നു. പിന്നീട് ഇയാള്‍ മദ്യത്തിന് അടിമയായി. ഇതേ തുടര്‍ന്നാണ് വയറില്‍ അസുഖം വരുന്നതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് പറയുന്നത്, കൊലയാളിക്ക് നല്‍കിയിരുന്ന അടയാളം കൊല ചെയ്യേണ്ട വ്യക്തിയുടെ കൂടെ പരിചരണത്തിന് ഒരു സ്ത്രീ ഉണ്ടാകുമെന്നായിരുന്നു. യഥാര്‍ത്ഥ ടാര്‍ഗറ്റിന്റെയും റിയാസുദ്ദിന്റെയും ഒപ്പം സ്ത്രീകളായിരുന്നു പരിചരണത്തിന് നിന്നിരുന്നത്. ഒന്ന് ഭാര്യയും മറ്റേത് സഹോദരിയും. രണ്ടു പേരും കാഴ്ച്ചയില്‍ ഏറെക്കുറെ ഒരുപോലെയായിരുന്നു. ഇതാണ് അക്രമിയെ തെറ്റിദ്ധരിപ്പിച്ചത്.

അക്രമത്തിന് പിന്നാലെ ആശുപത്രിയിലെ സുരക്ഷ വീഴ്ച്ച ആരോപിച്ച് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ സേവനമൊഴിച്ച് ബാക്കിയെല്ലാ ഡ്യൂട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ആശുപത്രി കൊലപാതകം രാഷ്ട്രീയ ഏറ്റുമുട്ടലിനും വഴിയൊരുക്കിയിട്ടുണ്ട്. ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ക്കെതിരേ മന്ത്രി ഭരദ്വജ് രൂക്ഷമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഗവര്‍ണര്‍ വന്നശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഡല്‍ഹിയുടെ ക്രമസമാധാന നില തകര്‍ന്നുവെന്നും സിസിടിവി കാമറകള്‍ക്കു മുന്നില്‍ പോലും കൊലപാതകങ്ങള്‍ നടക്കുകയാണെന്നും ആരോപിച്ച ആം ആദ്മി മന്ത്രി, ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ച് ഡല്‍ഹി പൊലീസിനെ നശിപ്പിച്ചുവെന്നും കുറ്റപ്പെടുത്തി. 32 year old patient who had been admitted gtb hospital delhi shot dead allegedly by an 18 year old inside ward

Content Summary; 32 year old patient who had been admitted gtb hospital delhi shot dead allegedly by an 18 year old inside ward

 

×