തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ കുടുങ്ങിയത് 24 മണിക്കൂർ. ഇന്ത്യയിലേക്ക് വരികയായിരുന്ന നാനൂറോളം യാത്രക്കാരാണ് മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിച്ചത്. ഇത്രയും സമയം കുടുങ്ങിക്കിടന്നിട്ട് വിമാനക്കമ്പനിയുടെ ഒരു പ്രതിനിധി പോലും തങ്ങൾക്കരികിൽ എത്തുകയോ ഭക്ഷണം തരികയോ ചെയ്തില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
ഡൽഹിയിൽ നിന്നും രാവിലെ 6.40 ന് പുറപ്പെടേണ്ട ഇസ്താംബുൾ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ തുടങ്ങിയത്. അതീവശൈത്യമുള്ള കാലാവസ്ഥയായിരുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ ബുദ്ധിമുട്ടുകയായിരുന്നു. അവർക്ക് താമസ സൗകര്യമോ വാഹനമോ ഏർപ്പെടുത്താൻ ഇൻഡിഗോ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു.
ഡൽഹിയിൽ നിന്നുള്ള വിമാനം വൈകിയതോടെ രാവിലെ 8.15 ന് ഇസ്താംബുളിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം 3 മണിക്കൂറോളം വൈകി 11 മണിക്ക് പുറപ്പെടും എന്ന അറിയിപ്പാണ് വന്നത്. എന്നാൽ കാത്തിരിപ്പിന് ശേഷം വീണ്ടും വന്ന അറിയിപ്പ് നിരാശാജനകമായിരുന്നു, അടുത്ത ദിവസം രാവിലെ 10 മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ലഭിച്ച അറിയിപ്പ്. ഈ വിവരം നേരിട്ട് യാത്രക്കാരെ അറിയിക്കാൻ ഇൻഡിഗോ തയ്യാറായില്ല, ടർക്കിഷ് എയർലൈൻസ് വഴിയാണ് വിവരം യാത്രക്കാരെ അറിയിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകിയതിന് കാരണമെന്നാണ് ഒരു യാത്രക്കാരൻ തന്റെ സാമൂഹ്യ മാധ്യമത്തിൽ ഷെയർ ചെയ്ത പോസ്റ്റിനുള്ള മറുപടിയായി ഇൻഡിഗോ നൽകിയ വിശദീകരണം.
യാത്രക്കാർ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി ദുരനുഭവം പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ആളുകളിലേക്കെത്തിയത്. 3 മണിക്കൂർ വൈകുമെന്ന് അറിയിപ്പ് വന്ന വിമാനം റദ്ദാക്കി, 12 മണിക്കൂർ താമസമുണ്ടാകും തുടങ്ങിയ അറിയിപ്പുകൾ മാറി മാറി വന്നിരുന്നു. ഈ സമയത്ത് എന്തുചെയ്യണമെന്നറിയാതെ വിമാനത്താവളത്തിൽ കുടുങ്ങി ഇരിക്കുകയായിരുന്നു യാത്രക്കാർ.
വിമാനം വൈകിയതിനാൽ ഇസ്താംബുൾ വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് പ്രവേശനം നൽകാമെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ ലോഞ്ചിന് കഴിയില്ലെന്ന് യാത്രക്കാർ വ്യക്തനമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയൻ ക്ലെയിംസ് പ്രൊസസ് ഏജൻസിയുടെ എയർ ഹെൽപ്, പുറത്തുവിട്ട 2024 ലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മോശം എയർലൈൻസായി ഇൻഡിഗോയെ തിരഞ്ഞെടുത്തിരുന്നു. 109 എയർലൈനുകളിൽ നടത്തിയ സർവ്വേയിൽ 103-ാം റാങ്കായിരുന്നു കമ്പനിക്ക് ലഭിച്ചത്. സമയനിഷ്ഠയുടെയും, യാത്രക്കാരുടെ അഭിപ്രായത്തിന്റെയുമെല്ലാം അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്.
എന്നാൽ ഈ കണക്കിനെ അംഗീകരിക്കാൻ ഇൻഡിഗോ തയ്യാറായില്ല. സർവ്വേയുടെ വിശ്വാസ്യതയും അടിസ്ഥാനവും ചോദ്യം ചെയ്യുകയായികരുന്നു കമ്പനി.
content summary; 400 IndiGo flyers stranded in Turkey for over 24 hours without food, lodging