അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ലോകം. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ടേക്ക് ചെയ്ത വിമാനം സെക്കന്റുകൾക്കുള്ളിൽ ആണ് നിലത്തിലേക്ക് പതിച്ചത്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും അപകട കാരണം ഇപ്പോഴും വ്യക്തമല്ല.
അപകടകാരണം തേടിയുള്ള അന്വേഷണം പുരോഗമിക്കുമ്പോൾ വരും ദിവസങ്ങളിൽ യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള വിദഗ്ധർ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ചേരുമെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. 2011 മുതലുള്ള സർവ്വീസ് കാലഘട്ടം പരിശോധിക്കുമ്പോൾ ഇതാദ്യമായാണ് ഡ്രീംലൈനർ 787-8 അപകടത്തിൽപ്പെടുന്നത്. വ്യാഴാഴ്ച നടന്ന അപകടത്തിൽ 242 യാത്രക്കാർ മരിച്ചതായാണ് റിപ്പോർട്ട്. വിമാനം പതിച്ചത് ബിജെ മെഡിക്കൽ കോളേജിലെ, മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുകളിലായിരുന്നു. 625 അടി ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച വിമാനം അപകടത്തിന്റെ വ്യാപ്തി കൂട്ടി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ ജനവാസ മേഖലയുടെ ഹൃദയഭാഗത്ത് വിമാനം പതിക്കാനുണ്ടായ കാരണമെന്താവാം.
അപകട സമയത്ത് 787-8 ഡ്രീംലൈനറിന്റെ പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും ആയിരുന്നു. ഇരുവരും പരിചയസമ്പന്നരായിരുന്നു, ഒരുമിച്ച് 9,000ത്തിലധികം മണിക്കൂർ പറക്കൽ നടത്തിയിട്ടുണ്ട്. വാണിജ്യ വിമാനത്തിലെ പൈലറ്റ് എന്ന നിലയിൽ 22 വർഷത്തിലധികം വൈദഗ്ദ്ധ്യവും ക്യാപ്റ്റൻ സുമീത് സബർവാളിനുണ്ട്. അഹമ്മദാബാദിൽ നിന്ന് പറന്നുയരുമ്പോൾ വിമാനത്തിൽ ഏകദേശം 100 ടൺ ഇന്ധനം നിറച്ചിരുന്നതായി അപകടത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ കോൾ (Mayday call) ലഭിച്ചതായാണ് എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതിന് ശേഷം പിന്നീട് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മെയ് ഡേ കോൾ വിളിക്കാനുണ്ടായ കാരണവും വ്യക്തമല്ല. വിമാനം പറന്നു പൊങ്ങാൻ പാടുപെടുന്നതിനിടയിൽ വലിയ ശബ്ദം കേട്ടിരുന്നതായി വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തി മാധ്യമങ്ങളോട് പറയുകയുണ്ടായി. വിമാനം പറന്നു പൊങ്ങിയ ദൃശ്യങ്ങൾ ഉപയോഗിച്ച് മാത്രം അപകട കാരണം വിലയിരുത്താൻ സാധിക്കില്ല. എന്നാൽ വിമാനം പറന്നു പൊങ്ങാൻ പാടുപെടുന്നത് ദൃശ്യത്തിൽ കാണാം. ഇത് ഊർജ്ജത്തിന്റെയോ ശക്തിയുടെയോ അഭാവം കൊണ്ടാവാമെന്നാണ് വിലയിരുത്തൽ. അപൂർവ്വമായി സംഭവിക്കുന്ന വിമാനത്തിന്റെ ഡബിൾ എഞ്ചിൻ തകരാറാവാം കാരണമെന്നും വിലയിരുത്തലുകളുണ്ട്. പ്രധാന എഞ്ചിൻ തകരാറിലാകുമ്പോൾ പ്രവർത്തിപ്പിക്കുന്ന അടിയന്തര ബാക്കപ്പ് ടർബൈനായ റാം എയർ ടർബൈൻ (RAT) വിമാനത്തിൽ വിന്യസിപ്പിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ഡബിൾ എഞ്ചിൻ തകരാർ അപൂർവ്വമായേ സംഭവിക്കാറുള്ളൂ വിമാനത്തിന്റെ ലഭ്യമാകുന്ന ദൃശ്യങ്ങളിൽ നിന്ന് അതാവാൻ സാധ്യതയില്ലെന്നുമുള്ള നിഗമനങ്ങളുമുണ്ട്.
വിമാനത്തിൽ പക്ഷിയിടിച്ചതാവാം കാരണമെന്ന നിഗമനങ്ങളുമുണ്ട്. കഴിഞ്ഞ വർഷം 179 പേരുടെ മരണത്തിനിടയാക്കിയ ദക്ഷിണ കൊറിയയിലെ ജെജു എയർ ദുരന്തത്തിന്റെ കാരണം വിമാനത്തിൽ പക്ഷിയിടിച്ചതായിരുന്നു. 2023ലെ സിവിൽ ഏവിയേഷൻ മന്ത്രാലയ ഡാറ്റ പ്രകാരം ഗുജറാത്തിൽ മാത്രമായി ഏകദേശം 462 വിമാന ദുരന്തങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇതിൽ കൂടുതൽ അഹമ്മദാബാദാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇതും ഒരു വിദൂര സാധ്യതയാണെന്നാണ് വിലയിരുത്തൽ. വിമാനത്തിന്റെ ഫ്ലാപ്പുകൾക്കുണ്ടായ തകരാറിനെക്കുറിച്ചും സംശയങ്ങളുണ്ട്. വിമാന്തിന്റെ ടേക്ക് ഓഫിൽ ഫ്ലാപ്പ വലിയ പങ്ക് വഹിക്കുന്നത് കൊണ്ട് ഫ്ലാപ്പിന്റെ തകരാറാവാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
content summary: What could have caused the Air India plane to crash within just 30 seconds?