”വിജയികള്‍ മാത്രം ഓര്‍മിക്കപ്പെടുകയും ഇരുളടഞ്ഞ ഇടവഴികളും പരാജയപ്പെട്ട പോരാട്ടങ്ങളും പോരാളികളും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന ഒരു അനുസ്മരണമാണ് ഇത്”
-ഇ.പി തോംസണ്‍, ഇംഗ്ലീഷ് ചരിത്രകാരന്
ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കുകളിലൊന്നായി രേഖപ്പെടുത്തിയ ചരിത്രസംഭവമാണിത്. ശമ്പള പരിഷ്ക്കരണം, ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തല്‍, സാമൂഹിക സുരക്ഷാ പദ്ധതി എന്നിവ ആവശ്യപ്പെട്ടാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ 1974 മേയ് എട്ട് മുതല്‍ ഇന്ത്യയൊട്ടുക്ക് റെയില്‍വേ പണിമുടക്ക് ആരംഭിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഈ പണിമുടക്കിന്റെ സമഗ്രമായ ചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. ചില അക്കാദമിക്ക് പഠനങ്ങളൊഴിച്ചാല്‍ പണിമുടക്കില്‍ പങ്കെടുത്ത നേതാക്കളോ ഉയര്‍ന്ന സംഘടനാ പ്രവര്‍ത്തകരോ ഒരിക്കലും എഴുതാത്ത സമരചരിത്രമാണ് ഇത്. ചരിത്രം സൃഷ്ടിച്ച റെയില്‍വേ പണിമുടക്കിലെ അറിയപ്പെടാതെ പോയ സമരപോരാളികളുടെ കഥകള്‍.

റെയിൽവേ പണിമുടക്ക് ആരംഭിച്ചപ്പോൾ
ഇന്ത്യയിലെ എല്ലാ റെയില്‍വേ ട്രാക്കിലും ചുവപ്പ് സിഗ്നല്‍ പ്രകാശിച്ചുനിന്നു. ട്രെയിന്‍ മുന്നോട്ടുപോകാനുള്ള പച്ച വെളിച്ചം ഇന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷനിലും അന്ന് തെളിഞ്ഞില്ല. 1974 മേയ് എട്ട് – 51 വര്‍ഷം മുന്‍പ്, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയിലെ തൊഴിലാളികള്‍ രാജ്യമൊട്ടാകെ പണിമുടക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി പണിമുടക്കുകളിലൊന്നായി രേഖപ്പെടുത്തിയ ചരിത്രസംഭവമാണിത്. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ തൊഴിലാളി സമരം. ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തിയ, ഐതിഹാസിക സമരമായിരുന്നു അത്. ഇന്ത്യയിലെ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിന്റെ അമ്പത്തൊന്നാം വാര്‍ഷികമാണിന്ന്.
1970-കളോടെ ഇന്ത്യന്‍ രാഷ്ടീയ-സാമൂഹിക രംഗങ്ങള്‍ വന്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. പാകിസ്താനെതിരെ ഇന്ത്യ നേടിയ യുദ്ധവിജയം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ശക്തയായ ഭരണാധികാരിയാക്കി. 1971-ലെ പൊതുതെരഞ്ഞെടുപ്പിലെ വന്‍ വിജയം അവരുടെ അപ്രമാദിത്വം ഉറപ്പിച്ചു. തുടര്‍ന്ന് ഏകാധിപത്യ പ്രവണതയും സ്വജനപക്ഷപാതവും അഴിമതിയും ഭരണത്തില്‍ തലപൊക്കാനാരംഭിച്ചതോടെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങി. ഇന്ദിരാ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജെപിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ സമരങ്ങള്‍ ആരംഭിച്ചു.
മേയ് എട്ടിലെ റെയില്‍വേ പണിമുടക്ക് പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നില്ല. 1966, 1968, 1970, 1973 വര്‍ഷങ്ങളില്‍ സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തുടനീളമുള്ള റെയില്‍വേ തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. പക്ഷേ, അതൊക്കെ ദുര്‍ബലമായി, ഫലപ്രാപ്തിയിലെത്താതെ അവസാനിക്കുകയായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന ജനകീയനായ നേതാവ് സമരത്തിന്റെ നേതൃനിരയിലേക്കെത്തിയതോടെയാണ് റെയില്‍വേ സമരം പാളങ്ങളില്‍ യാത്രയാരംഭിച്ചത്. ഓള് ഇന്ത്യാ റെയില്‍വേ ഫെഡറേഷന്റെ പ്രസിഡന്റായി സ്ഥാനമേറ്റ മികച്ച വാഗ്മിയായിരുന്ന അദ്ദേഹം തീപ്പൊരി നേതാവായിരുന്നു. 1967-ല്‍ ബോംബെയില്‍, കോണ്‍ഗ്രസിന്റെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തിയായിരുന്ന എസ്.കെ പാട്ടീലിനെ മുംബൈ സൗത്ത് ലോക്സഭ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന ജയന്റ് കില്ലര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാവുന്നത്.

ജോർജ് ഫെർണാണ്ടസ് സമരത്തിൻ്റെ മുന്നണി നേതാവ്
നൂറ്റൊന്ന് വര്‍ഷം മുന്‍പ്, 1924-ലാണ് റെയില്‍വേയില്‍ ആദ്യമായി അഖിലേന്ത്യാ ഫെഡറേഷന് രൂപംകൊണ്ടത്. അതുവരെ നടന്ന എല്ലാ പ്രാദേശിക സമരങ്ങളും സംഘടനാ പിന്‍ബലമില്ലാത്തതിനാല്‍ പരാജയപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ജോലി സമയം എട്ട് മണിക്കൂറാക്കണമെന്ന ആവശ്യം തൊഴിലാളികള്‍ ശക്തമായി ഉയര്‍ത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ മര്‍ദനമുറകളിലൂടെ അവയൊക്കെ അടിച്ചമര്‍ത്തി. റെയില്‍വേ ബോര്‍ഡ് അവരെ വെറും കൂലികളായി കണക്കാക്കി അവരുടെ ജീവല്‍പ്രശ്നങ്ങളെ പാടെ അവഗണിച്ചു.
1911-ല്‍ ഇംഗ്ലണ്ടില്‍ ലോകത്തെ ആദ്യത്തെ റെയില്‍വേ പണിമുടക്ക് നടന്നു. രണ്ടുനാള്‍ കൊണ്ട് അത് പരാജയത്തില്‍ അവസാനിച്ചെങ്കിലും അതിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തിയിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ലഘുലേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇത് ഇന്ത്യയില്‍ പ്രചരിച്ചതോടെ അന്നത്തെ വൈസ്രോയി ഭരണം, റെയില്‍വേ തൊഴിലാളി നീക്കങ്ങള്‍ അതീവ ജാഗ്രതയോടെ വീക്ഷിക്കാന്‍ തുടങ്ങി. തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങാതിരിക്കാനും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാതിരിക്കാനും റെയില്‍വേ ബോര്‍ഡ് യൂണിയന് നേതൃത്വത്തെ തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ടുവന്നു. അഖിലേന്ത്യാ നേതൃത്വം രാഷ്ട്രീയാതീതമായിരിക്കാനും മറ്റു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെടാതിരിക്കാനും ബോര്‍ഡ് ശ്രദ്ധവെച്ചു. അംഗീകൃത യൂണിയനുകള്‍ക്ക് ബോര്‍ഡ് തന്നെ നേരിട്ട് പല സഹായങ്ങളും നല്കി. നേതാക്കള്‍ക്ക് റെയില്‍വേ കെട്ടിടങ്ങളില്‍ ഓഫീസുകള്‍ നല്‍കുക, തീവണ്ടിയില്‍ സൗജന്യ യാത്രാ സൗകര്യം അനുവദിക്കുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്കി. ഇതിലൂടെ നേതൃത്വത്തെ റെയില്‍വേ ബോര്‍ഡ് കയ്യിലെടുത്തു.

പഴയ റേയിൽവേ ടൈം ടേബിൾ
ആനൂകൂല്യങ്ങള്‍ കൃത്യമായി ലഭിച്ച് തുടങ്ങിയതോടെ റെയില്‍വേ ബോര്‍ഡിനോട് വിധേയത്വം കാണിക്കാന്‍ തുടങ്ങിയ സംഘടനാ നേതൃത്വം പ്രാദേശിക സമരങ്ങളെ വകവെക്കാതെയായി. തൊഴിലാളികളും സംഘടനാ നേതൃത്വവും തമ്മില്‍ വിടവ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം നേടുന്നതില്‍ അങ്ങനെ റെയില്‍വേ ബോര്‍ഡ് വിജയിച്ചു. പ്രാദേശികമായ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അഖിലേന്ത്യാ നേതൃത്വം വഴി യാതൊരു പരിഹാരവും നേടാന്‍ സാധ്യമല്ലയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ കാറ്റഗറി യൂണിയന് രൂപീകരിക്കാന്‍ തുടങ്ങി. 1960-ല്‍ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് രൂപീകരിക്കപ്പെട്ടു. തൊട്ടുപിന്നാലെ സ്റ്റേഷന് മാസ്റ്റര്‍മാര്‍, ഗാര്‍ഡുകള്‍, ഫയര്മാന്മാര് തുടങ്ങിയവരുടെ സംഘടനകളും നിലവില്‍ വന്നു.
ദേശീയ ഐക്യത്തിന്റെ ഈ വേദിയില്‍ ശമ്പളപരിഷ്കരണം, ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തല്‍, സാമൂഹിക സുരക്ഷ പദ്ധതി എന്നിവ ആവശ്യപ്പെട്ട് 1974 മേയ് എട്ടു മുതല്‍ ദേശീയ പണിമുടക്കിന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആഹ്വാനം ചെയ്തു. അദ്ദേഹം രാജ്യത്തുടനീളമുള്ള റെയില്‍വേ മേഖലകളില്‍ സഞ്ചരിച്ച് സമരപ്രചാരണം നടത്തി.

ന്യൂയോർക്ക് ടൈംസിൽ സമര വാർത്ത
1972-ല്‍ പല സമരങ്ങള്‍ക്കുശേഷം ജോലിസമയം 14 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്ന കരാര്‍ നിലവില്‍ വന്നത് തൊഴിലാളികളുടെ വിജയമായിരുന്നു. അഖിലേന്ത്യാ തലത്തില്‍ എല്ലാ യൂണിയനുകളും യോജിക്കണമെന്ന ബോധം ഇതിനകം തൊഴിലാളികള്‍ക്കുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു 1974 ഫെബ്രുവരിയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ഡല്‍ഹിയില്‍ അഖിലേന്ത്യാ കണ്വെന്ഷന് വിളിച്ചത്. ജെ പി മൂവ്മെന്റ് ശക്തി പ്രാപിച്ചതോടെ സമാന്തരമായി റെയില്‍വേ മേഖലയില്‍ നിലനിന്നിരുന്ന അസംതൃപ്തി കൂടുതല്‍ ശക്തമായി പുറത്തുവന്നു. ഐ എന്‍ ടി യു സി ഒഴികെയുള്ള യൂണിയനുകള്‍ സംയുക്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ദേശീയ ഐക്യത്തിന്റെ ഈ വേദിയില്‍ ശമ്പളപരിഷ്ക്കരണം, ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തല്‍, സാമൂഹികസുരക്ഷ പദ്ധതി എന്നിവ ആവശ്യപ്പെട്ട് 1974 മേയ് എട്ടു മുതല്‍ ദേശീയ പണിമുടക്കിന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആഹ്വാനം ചെയ്തു. അദ്ദേഹം രാജ്യത്തുടനീളമുള്ള റെയില്‍വേ മേഖലകളില്‍ സഞ്ചരിച്ച് സമരപ്രചാരണം നടത്തി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു, ”നിങ്ങള്‍ ശക്തരാണ്, സംഘടിതരാണ്. അത് തിരിച്ചറിയുക”.
സ്റ്റേഷനുകളില്‍ ട്രെയിന്‍ നിറുത്തുമ്പോള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കോച്ചിനു ചുറ്റും നിരവധി പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമില്‍ ക്രമീകരിച്ച, മൈക്കിനു ചുറ്റും തടിച്ചുകൂടാന്‍ തുടങ്ങി. ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇറങ്ങി പ്രസംഗം ആരംഭിക്കും. ഇംഗ്ലീഷും ഹിന്ദിയുമടക്കം അഞ്ചിലേറെ ഭാഷകളില്‍ ഒഴുക്കോടെ സംസാരിക്കാന്‍ കഴിവുണ്ടായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് തന്റെ തീപ്പൊരി പ്രസംഗത്തിലൂടെ പണിമുടക്കിന്റെ ആവശ്യകത ഇന്ത്യയൊട്ടുക്കുള്ള പ്രവര്‍ത്തകരിലേക്ക് പകര്‍ന്നു.

സമരക്കാലത്തെ പോലീസ് സുരക്ഷയിൽ ചരക്കു തീവണ്ടി ഓടുന്നു
റെയില്‍വേയുടെ ചരക്കുവണ്ടികളാണ് എല്ലാ വ്യവസായങ്ങള്‍ക്കും വേണ്ട അസംസ്കൃത പദാര്‍ത്ഥങ്ങള്‍ അവയുടെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്ന് രാജ്യത്തുടനീളം എത്തിക്കുന്നത്. റെയില്‍വേ തൊഴിലാളികള്‍ പണിമുടക്കിയാല്‍ വ്യവസായമേഖല നിശ്ചലമാകും. പണിമുടക്ക് തുടര്‍ന്നാല്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമാകും. ഫാക്ടറി ബോയിലറുകള്‍ കല്‍ക്കരിയില്ലാതെ സ്തംഭിക്കും. സമരത്തിന്റെ സന്ദേശം അദ്ദേഹത്തിന്റെ ലളിതമായ വാക്കുകളില്‍നിന്ന് തൊഴിലാളികള്‍ ഉള്‍ക്കൊണ്ടു.
പണിമുടക്കിനു തൊട്ടുമുന്‍പ് സമരം ആളിക്കത്തിക്കാനിടയാക്കിയ ചില സംഭവങ്ങള്‍ നടന്നു. മൈസൂരിലെ റെയില്‍വേ വര്‍ക്ഷോപ്പില്‍ 1971 മുതല്‍ അസിസ്റ്റന്റ സൂപ്രണ്ട് തസ്തികയില്‍ ഒരു ഒഴിവുണ്ടായിരുന്നു. ആ പ്രദേശത്തെ എസ്സി-എസ്ടി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ആ തസ്തികയില്‍ വേണ്ടപ്പെട്ടവരെ അഡ്ഹോക്ക് നിയമനം നടത്തി അര്‍ഹതപ്പെട്ട, അപേക്ഷകരായ എസ്സി-എസ്ടിക്കാരെ പുറംതള്ളി. 1973 സെപ്റ്റംബറില്‍ അപ്പോഴത്തെ ജീവനക്കാരന് പോയപ്പോള്‍ വന്ന ഒഴിവ് പ്രാദേശിക എസ്സി-എസ്ടിക്കാര്‍ക്ക് നല്‍കാതെ കിടന്നു. 1974 മാര്‍ച്ചില്‍ മറ്റൊരു തദ്ദേശീയനായ എസ്സി-എസ്ടി വിഭാഗത്തില്‍ നിന്നല്ലാത്ത ഒരാളെ നിയമിച്ചു. ഇത് കനത്ത പ്രതിഷേധത്തിനിടയാക്കി. ഓള് ഇന്ത്യ റെയില്‍വേ എസ്സി-എസ്ടി സംഘടനയിലെ എല്ലാവരും മേയിലെ സമരത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
1974 മാര്‍ച്ച് 16 ന് യുപിയിലെ ഝാന്‍സിയില്‍ ക്ലാസ് 4 വിഭാഗത്തില്‍പ്പെട്ട 16 താല്‍ക്കാലിക ജീവനക്കാരെ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പാളം മുറിച്ചുകടന്നുവെന്ന കുറ്റം ചുമത്തി ആര്‍പിഎഫ് (റെയിവേ പ്രൊട്ടക്ഷന്‍ ഫോഴ്സ്) അറസ്റ്റ് ചെയ്ത് വാനില്‍ കൊണ്ടുപോയി. ഉടനടി വാഗണ്‍, സിഗ്നല്‍, ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലുള്ളവര്‍ ജോലി നിര്‍ത്തി, തങ്ങളുടെ സഹപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഝാന്‍സിയിലെ റെയില്‍വേയിലെ മറ്റ് വിഭാഗങ്ങളിലേക്ക് സമരം വ്യാപിച്ചതോടെ ട്രെയിനുകള്‍ വഴിയില്‍ കിടന്നു. റെയില്‍വേ കാന്റീനില്‍ ഭക്ഷണ സമയത്ത് ആര്‍പിഎഫിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കിയതോടെ കാര്യം ഗുരുതരമായി. ഒടുവില്‍ ഒരു എം.പി ഇടപെട്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിച്ചു. തൊഴിലാളികളുടെ ഈ കൂട്ടായ്മ അവിടെ വിജയിച്ചത് അവരുടെ സമരവീര്യത്തെ ഉണര്‍ത്തി.

സമരക്കാരെ അഭിസംബോധന ചെയ്യുന്ന ജോർജ് ഫെർണാണ്ടസ്
അപകടം തിരിച്ചറിഞ്ഞ ഇന്ദിരാ ഗാന്ധി വരാനിരിക്കുന്ന പണിമുടക്ക് പൊളിക്കാനായി വേഗത്തില്‍ നടപടികളെടുത്തു. യാത്രാ തീവണ്ടികള്‍ പലതും റദ്ദാക്കി. കൂടുതല്‍ ചരക്കുവണ്ടികള്‍ ഓടിച്ചു. രാജ്യത്തിന്റെ നാനാഭാഗത്തേക്കും കല്‍ക്കരിയെത്തിച്ച് ഇന്ധനക്ഷാമം മുന്‍കൂട്ടി ഒഴിവാക്കി. ഏപ്രില്‍ 27 ന് ഒത്തുതീര്‍പ്പ് ചര്ച്ചവച്ചിരുന്നു. ശരിക്കുള്ള പണിമുടക്ക് തൊഴിലാളികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ തന്നെ പണിമുടക്ക് ആരംഭിച്ചതുപോലെയായിരുന്നു ട്രെയിനുകള്‍ റദ്ദാക്കിയ നടപടി.
സാധാരണ ജനങ്ങളുടെ പിന്തുണ തേടി സര്‍ക്കാര്‍ വന്‍ പരസ്യപ്രചാരണം നടത്തി. ഇന്ത്യയിലെ സാധാരണക്കാരുടെ ഏറ്റവും ചെലവു കുറഞ്ഞ യാത്രാ സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിനുകള്‍. നാടിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനമാണ് അത്. അത് റദ്ദാക്കിയത് റെയില്‍വേ പണിമുടക്ക് കാരണമാണെന്ന വസ്തുത സര്‍ക്കാര്‍ സംവിധാനത്തിലൂടെ പ്രചരിപ്പിച്ചതോടെ സമരത്തിന് പൊതുജന പിന്തുണ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. സമരം നിയമവിരുദ്ധമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പണിമുടക്കിനെ നേരിടാന്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ചു.
1974 മേയ് എട്ടിന് ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. 17 ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ ഇതില്‍ പങ്കെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബാങ്ക്-ഇന്‍ഷ്വറന്‍സ് മേഖല ഒരു ദിവസം പണിമുടക്കിയത് തൊഴിലാളികളുടെ ഐക്യം ശക്തമാണെന്ന് തെളിഞ്ഞു. എഐആര്‍എഫ്, എഐഎസ്ആര്എസ്എ, എഐആര്സി, എഐടിയുസി, ബിഐടിയു, ബിആര്‍എംഎസ് തുടങ്ങി 125 റെയില്‍വേ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തു.
രാജസ്ഥാനിലെ ഫുലേരയില്‍ 1974 ഏപ്രില്‍ 20ന് റെയില്‍വേ തൊഴിലാളികള്‍ ‘മേ ഹര്‍ത്താല്‍ കരോഗ’ (ഞാന്‍ പണിമുടക്കും) എന്ന ബാഡ്ജ് ധരിച്ച് ജോലിക്കു ഹാജരായി. എന്‍ എ ഭട്ട്നഗര്‍ എന്ന റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് അവരെ ഇതിന്റെ പേരില്‍ ചീത്തവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. അവര്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി. അതോടെ പണിമുടക്ക് പാതയിലേക്ക് നീങ്ങാന്‍ തൊഴിലാളികള്‍ തയാറെടുത്തു.
തമിഴ്നാട്ടില്‍ പെരുമ്പൂരില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പണിമുടക്ക് ആരംഭിച്ചതായി വാര്‍ത്ത പുറത്തുവന്നു. മദ്രാസില്‍ ആവഡിക്കും അമ്പത്തൂരിനും ഇടയില്‍ റെയിവേപാളത്തിലെ 17 സ്ലീപ്പറുകള്‍ കത്തിനശിച്ചതായി കാണപ്പെട്ടു. ജോലാര്‍ പേട്ട് – കേഥാന് പേട്ട് റെയില്‍വേ ലൈനില്‍ ട്രാക്കിലെ ഫിഷ് പ്ലേറ്റുകളും നട്ടുകളും നീക്കം ചെയ്തതായി കാണപ്പെട്ടു. മൈസൂരിലെ റെയില്‍വേ വര്‍ക്ഷോപ്പില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. തൃശൂര്‍, ബാംഗ്ലൂര്‍, കൊച്ചി, അലഹബാദ് റെയില്‍വേ സ്റ്റേഷനുകള്‍ തീവണ്ടികളോ യാത്രക്കാരോ ഇല്ലാതെ ശൂന്യമായി കാണപ്പെട്ടു. സമരം റെയില്‍വേ മേഖലയെ ബാധിച്ചുതുടങ്ങി.
ബോംബെയില്‍ വൈദ്യുതി ജീവനക്കാരും ഗതാഗതവകുപ്പിലെ തൊഴിലാളികളും ടാക്സി ഡ്രൈവര്‍മാര്‍ വരെയും സമരത്തിന് പിന്തുണ നല്കി. തമിഴ്നാട്ടിലെ പെരമ്പൂരില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ പതിനായിരത്തിലേറെ വരുന്ന ജോലിക്കാര്‍ മദ്രാസിലെ സതേണ്‍ റെയില്‍വേയുടെ കേന്ദ്ര ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കേരളത്തില്‍ ഒലവക്കോട് ഡിവിഷന്റെയും വിവിധ റെയില്‍വേ സ്റ്റേഷനുകളുടേയും പ്രവര്‍ത്തനം സ്തഭിച്ചു. കേരളത്തിലെ ഏറ്റവും തിരക്കുള്ള സ്റ്റേഷനായ എറണാകുളം ജംഗഷനില്‍നിന്ന് ഒരു വണ്ടിയും ഓടിയില്ല. സ്റ്റേഷന് മാസ്റ്ററും ഡെപ്യൂട്ടിയും ഉള്‍പ്പെടെ രണ്ടു പേരാണ് ആകെ ഡ്യൂട്ടിക്കു ഹാജരായത്. രാവിലെ അഞ്ചിന് വരേണ്ട മലബാര്‍ എക്സ്പ്രസ് എറണാകുളത്തെത്തിയത് ഉച്ചയ്ക്കു രണ്ടിന്. ടൗണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജോലിക്കാര്‍ ഇറങ്ങിപ്പോയി. പിന്നീട് പോലീസിന്റെ സഹായത്തോടെയാണ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് മാറ്റിയത്.
പോത്തന്നൂരില്‍ ചരക്ക് തീവണ്ടി സമരക്കാര്‍ ഉപരോധിച്ചതിനെത്തുടര്‍ന്ന് നടന്ന അക്രമം നിയന്ത്രിക്കാനായി പോലീസ് വെടിവെപ്പുണ്ടായി. എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട് മെന്റിലെ വാല്‍വ് ഓപ്പറേറ്ററായ കുട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിറ്റേന്ന് മരിക്കുകയും ചെയ്തു. 1974 ലെ റെയില്‍വേ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണു കുട്ടന്. അയാള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെന്ന് സമരക്കാര്‍ ആരോപിച്ചു. എന്നാല്‍ ഹൃദയസ്തഭനമാണ് മരണകാരണമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പിച്ചുപറഞ്ഞു.
ഇതിനകം ഇന്ത്യയിലെ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിസരത്തും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരളത്തില്‍ റെയില്‍വേയുടെ ക്രമസമാധാന ചുമതല താല്‍ക്കാലികമായി പോലീസ് ഏറ്റെടുത്തതായി ഡി ഐ ജി അനന്ത ശങ്കര്‍ അയ്യര്‍ കൊച്ചിയില്‍ പത്രക്കാരോട് പറഞ്ഞു. മദ്രാസില്‍നിന്ന് പുറപ്പെടുന്ന ഡല്‍ഹി ജി ടി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള എട്ടെണ്ണമൊഴികെ മറ്റ് ട്രെയിനുകളെല്ലാം ദക്ഷിണ റെയില്‍വേ റദ്ദാക്കി. തീവണ്ടി ഗതാഗതം നിലച്ചതോടെ വാണിജ്യ-വ്യവസായ രംഗത്ത് വന്‍ തിരിച്ചടി നേരിട്ടു. ലക്ഷക്കണക്കിന് രൂപയുടെ ചരക്കുകള്‍ ഗുഡ്സ് ഷെഡുകളില്‍ കെട്ടിക്കിടന്നു. തപാല്‍ രംഗം താറുമാറായി. ലോറി മാര്‍ഗം ബദല്‍ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് ഒട്ടും പര്യാപ്തമായിരുന്നില്ല.
സമരസമിതി കണ്‍വീനറായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ സമരമാരംഭിക്കുന്നതിനു മുന്‍പ് മേയ് രണ്ടിന്, ലഖ്നൗവില്‍ വെച്ച് വെളുപ്പിന് മൂന്നു മണിക്ക് പോലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് മാറ്റി. ഡല്‍ഹിയില്‍ അന്ന് രാവിലെ പത്തിന് റെയില്‍വേ മന്ത്രി എല്‍ എന്‍ മിശ്രയുമായി ഫെര്‍ണാണ്ടസ് ഒത്തുതീര്‍പ്പ് ചര്ച്ചവെച്ചിരുന്നു. വളരെ ആസൂത്രിതമായിട്ടായിരുന്നു ഫെര്‍ണാണ്ടസിന്റെ അറസ്റ്റ്. ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ ഫെര്‍ണാണ്ടസിന് യാതൊരു ആത്മാര്‍ഥതയുമില്ലെന്ന് ആരോപിക്കുന്ന റെയില്‍വേ മന്ത്രിയുടെ കത്ത് ഫെര്‍ണാണ്ടസിന്റെ ഡല്‍ഹിയിലെ വസതിയില്‍ നേരത്തെ എത്തിച്ചശേഷമാണ് അറസ്റ്റുണ്ടായത്. ഫെര്‍ണാണ്ടസിനെ കൂടാതെ എല്ലാ പ്രധാന നേതാക്കളെയും പ്രാദേശിക തലത്തിലുള്ള നിരവധി നേതാക്കളെയും മേയ് രണ്ടിന് രാത്രി അറസ്റ്റ് ചെയ്തു. കര, നാവിക സേനകളുടെ സഹായത്തോടെ പണിമുടക്കിനെ നേരിടാന്‍ തുടങ്ങി. മിസ എന്ന കരിനിയമവും ആഭ്യന്തര സുരക്ഷാ നിയമവും നടപ്പിലാക്കി. ഡിഫന്‍സ് ഓഫ് ഇന്ത്യ റൂളിന്റെ ബലത്തില്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
ജോര്‍ജ് ഫെര്‍ണാണ്ടസ് ലഖ്നൗവില്‍ അറസ്റ്റിലായപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ കോളനികളിലൊന്നായ മുഗള്‍സരായില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സുകളില്‍ പോലീസെത്തി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. പണിമുടക്കുന്ന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള വൈദ്യുതിവിതരണവും ജലവിതരണവും വിച്ഛേദിച്ചു. റെയില്‍വേ കോളനികളില്‍ ബിഎസ്എഫ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഭീതിയുടെ അന്തരീക്ഷത്തില്‍ നിര്‍ബന്ധപൂര്‍വം ജോലി ചെയ്യാന്‍ റെയില്‍വേ ജീവനക്കാര്‍ നിര്‍ബന്ധിതരായി.

അറസ്റ്റിലായ ജോർജ് ഫെർണാണ്ടസ്
കേരളത്തില്‍ എറണാകുളത്ത് ഒരു ജീവനക്കാരന്റെ മകളുടെ വിവാഹം ക്വാര്‍ട്ടേഴ്സില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. റെയില്‍വേ ബോര്‍ഡ് അത് വിലക്കി ഉത്തരവിട്ടു. മാത്രമല്ല, അയാളെയും കുടുംബത്തെയും ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇറക്കി വിടുമെന്ന ഭീഷണിയുമുണ്ടായി. ഇതറിഞ്ഞ എ കെ ജി ഉടനെ അവിടെയെത്തി. വിവാഹം തന്റെ മേല്‍നോട്ടത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് നടത്തിയിട്ടേ താന്‍ പോകൂയെന്ന് ഉറപ്പിച്ചു പറഞ്ഞു. അധികാരികള്‍ അതോടെ ആ വിലക്ക് പിന്‍വലിച്ചു. പിന്നീട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ റെയില്‍വേ സംയുക്ത സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് എ കെ ജി പ്രസംഗിച്ചു. ”റെയില്‍വേ ജീവനക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനു പകരം നേതാക്കളെ അറസ്റ്റ് ചെയ്തും കള്ളപ്രചാരണങ്ങള്‍ നടത്തിയും സമരം പൊളിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യ സമ്പ്രദായത്തിന്റെ അടിത്തറ തോണ്ടും,” എ കെ ജി പറഞ്ഞു.
യൂണിയന് നേതാക്കളെ ജയിലില്‍ അടയ്ക്കല്‍, കുറ്റപത്രമോ വകുപ്പുതല അന്വേഷണമോ ഇല്ലാതെ, 14/2 വകുപ്പ് പ്രകാരം ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കല്‍, സസ്പെന്‍ഡ് ചെയ്യല്‍ തുടങ്ങിയവ ജീവനക്കാര്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുതുടങ്ങി. അഖിലേന്ത്യാ തലത്തില്‍ നേതാക്കളെല്ലാം ജയിലിലായതിനാല്‍ വ്യക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനാവാതെയാണ് പണിമുടക്ക് നീങ്ങിയത് പൊതുജനപിന്തുണ തീരെ കുറച്ചു. മധ്യ ഉപരിവര്‍ഗം ഇന്ദിരാ ഗാന്ധിയുടെ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് തീര്‍ത്തും വിശ്വസിച്ചു. പല സ്ഥലങ്ങളിലും സമരം അക്രമാസക്തമായത് പൊതുജനങ്ങളെ ഭീതിയിലാക്കി. പണിമുടക്കില്‍ പങ്കെടുത്ത സിപിഐ, സിപിഎം, സോഷ്യലിസ്റ്റുകള്‍, ബി എം എസ് തുടങ്ങിയ കോണ്‍ഗ്രസിതര പാര്‍ട്ടികളും സംഘടനകളും പരസ്പരമുള്ള ആഭ്യന്തര രാഷ്ട്രീയ വിയോജിപ്പുകളില്‍നിന്ന് വിമുക്തമല്ലായെന്നത് പണിമുടക്കിന്റെ ഒരു ദുര്‍ബല വശമായിരുന്നു.
യൂണിയന് നേതാക്കളെ ജയിലില്‍ അടയ്ക്കല്‍, കുറ്റപത്രമോ വകുപ്പുതല അന്വേഷണമോ ഇല്ലാതെ, 14/2 വകുപ്പ് പ്രകാരം ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കല്‍, സസ്പെന്‍ഡ് ചെയ്യല്‍ തുടങ്ങിയവ ജീവനക്കാര്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുതുടങ്ങി. പണിമുടക്കുന്നവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന റെയില്‍വേ മന്ത്രിയുടെ പ്രസ്താവന ഡെമോക്ലീസിന്റെ വാളായി സമരക്കാരുടെ മുന്നില്‍ തൂങ്ങിനിന്നു. ലാത്തി കൊണ്ടാണ് പോലീസ് സമരക്കാരെ നേരിട്ടത്. മര്‍ദനമുറകള്‍ എല്ലാ സമര കേന്ദ്രങ്ങളിലും മുറയ്ക്കു നടന്നു. സമരം നീര്വീര്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി.
സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ രംഗത്തിറക്കിയ ബിഎസ്എഫ്, സിആര്‍പിഎഫ്, ആര്‍പിഎഫ്, അസം റൈഫിള്‍സ് തുടങ്ങിയ സൈനിക വിഭാഗങ്ങളോട് റെയില്‍വേ സമരത്തിന്റെ സംഘടന ദേശീയ ഏകോപന സമിതി (എന്‍സിസിആര്‍എസ്) ഒരു അഭ്യര്‍ത്ഥന നടത്തി. സമരത്തിന്റെ പശ്ചാത്തലവും തൊഴിലാളികളുടെ അവസ്ഥയും വിവരിച്ചശേഷം സമിതി പറഞ്ഞു, ”തൊഴിലാളികള്‍ക്ക് മിനിമം വേതനം നിഷേധിക്കുന്നതിനുള്ള ട്രേഡ് യൂണിയന് അവകാശങ്ങള്‍ക്കെതിരെ ഏതൊരു ഫാസിസ്റ്റ് സര്‍ക്കാരും കൈക്കൊള്ളുന്ന അവസാന രീതിയുടെ ഭാഗമായാണ് നിങ്ങളെ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകാനും നിങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിന്റെ ഭാഗമാകാതിരിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ ധാര്‍മിക പിന്തുണ ഞങ്ങള്‍ക്ക് നല്‍കുക”. സമരം ദുര്ബലമായിത്തുടങ്ങിയതിന്റെ സൂചനയായിരുന്നു ഇതൊക്കെ.
ഇതിനിടെ ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റായ കെ കെ ബിര്‍ള സമരത്തെയും അതിനെ ദുരുപയോഗം ചെയ്ത നേതാക്കളെയും അപലപിച്ചു. ”നേതൃത്വത്തിന്റെ തെറ്റായ, ഉത്തവാദിത്വമില്ലാത്ത പ്രവര്‍ത്തികള്‍ക്കു രാജ്യം വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഇത്തരം സമരങ്ങള്‍ക്ക് സര്‍ക്കാര്‍ 5 വര്‍ഷം മോറട്ടോറിയം പ്രഖ്യാപിക്കണം അല്ലെങ്കില്‍ ഇത്തരം സമരങ്ങള്‍ നിരോധിക്കണം,” ബിര്‍ള ആവശ്യപ്പെട്ടു.
പണിമുടക്ക് തുടരവേ, സി പി ഐ നേതാവ് എസ്. എ. ഡാങ്കെ മേയ് 12 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ സന്ദര്‍ശിച്ചശേഷം ഒരു പ്രസ്താവനയിറക്കി. റെയില്‍വേ പണിമുടക്ക് പ്രാദേശികമായി പരിശോധിച്ച് ഓരോന്നായി പിന്‍വലിക്കണമെന്നായിരുന്നു അത്. അറസ്റ്റിലല്ലാത്ത എന്‍സിസിആര്‍എസിന്റെ നേതാക്കള്‍ റെയില്‍വേയുമായി ഒത്തുതീര്‍പ്പു ചര്‍ച്ചയാരംഭിക്കണമെന്ന് ഡാങ്കെ നിര്‍ദ്ദേശം വെച്ചു. എന്നാല്‍ സോഷ്യലിസ്റ്റ് നേതാവ് മധുലിമായ് ഇതിനെ ശക്തിയായി എതിര്‍ത്തു. അറസ്റ്റ് ചെയ്ത നേതാക്കളെ ആദ്യം മോചിപ്പിക്കുക, എന്നിട്ടു മതി ചര്‍ച്ച എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തര്‍ക്കം മുറുകിയപ്പോള്‍ ഡാങ്കെ ക്രുദ്ധനായി പറഞ്ഞു: ”ഏത് ചെകുത്താന് ഇടപ്പെട്ടാലും എനിക്ക് എതിര്‍പ്പില്ല, ഒത്തു തീര്‍പ്പുണ്ടാകണം.”

ഐ. ഐ. ടി യിലെ ഒരു വിദ്യാർത്ഥി, ബോംബയിൽ സമരക്കാലത്ത് താൽക്കാലിക റെയിൽ പൈലറ്റായി ട്രെയിൻ ഓടിക്കുന്നു
സമരസമിതിയില്‍ ഉയര്‍ന്ന ഭിന്നസ്വരങ്ങള്‍ സമരത്തിന്റെ അവസാനമായെന്ന് വ്യക്തമായി. 20 ദിവസത്തിനുശേഷം പണിമുടക്ക് നിരുപാധികം പിന്‍വലിക്കപ്പെട്ടു. ഉന്നയിച്ച ആറ് ആവശ്യങ്ങളിലൊന്നു പോലും നേടാതെ സമരം അടിച്ചമര്‍ത്തപ്പെട്ടു. ഇന്ദിരാ ഗാന്ധിയും ഭരണകൂടവും ഒരു വീട്ടുവീഴ്ചയ്ക്കും തയാറാകാതെ ഉറച്ചുനിന്നു.
ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പണിമുടക്കിനെ ലോകം ഉറ്റുനോക്കിയിരുന്നു. അതിനുതെളിവാണ് പണിമുടക്കിനെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് നല്കിയ വാര്‍ത്ത. തലവാചകം ഇങ്ങനെ ‘Railway Strike Ends Collapse’ ‘
500 കോടി രൂപയുടെ നഷ്ടം രാജ്യത്തിനു വരുത്തിയ ഈ റെയില്‍വേ പണിമുടക്കിന്റെ ബാക്കിപത്രം ആരും ഓര്‍മിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. സമരാന്തരം റെയില്‍വേ ബോര്‍ഡിന്റെ ശിക്ഷാ നടപടികള്‍ കടുത്തതായിരുന്നു. ഒരു ലക്ഷം റെയില്‍വേ ജീവനക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ടു. മുപ്പതിനായിരം പേര് സസ്പെന്‍ഷനിലായി. അരലക്ഷം താല്‍ക്കാലിക ജീവനക്കാര്‍ പുറത്താക്കപ്പെട്ടു. സമരക്കാലത്ത് കിട്ടിയ മര്‍ദ്ദനവും അപമാനവും വേറെ. ജനതാ സര്‍ക്കാര്‍ 1977 ല്‍ അധികാരത്തില്‍ വന്നപ്പോഴാണ് റെയില്‍വേ മന്ത്രിയായ മധു ദന്താവതെ ഇവരെ തിരിച്ചെടുത്തത്. കുറെപേര് കോടതിയില്‍ കേസ് നടത്തി തിരികെ ജോലിക്കു കേറിയെങ്കിലും സര്‍വിസ് ബ്രേക്ക് പോലുള്ള സാങ്കേതികത തുടര്‍ന്നുള്ള ജോലിയെ ബാധിച്ചു.
റെയില്‍വേ പണിമുടക്കിന് ഒരു വര്‍ഷത്തിനുശേഷം ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഒരു മുന്നോടിയായ നടപടിയായിരുന്നു ഈ സമരം അടിച്ചമര്‍ത്തിയ രീതി. ഈ രണ്ട് സംഭവങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത് മനസിലാക്കാം. അടിയന്തരാവസ്ഥയിലേക്കുള്ള, സ്വേച്ഛാധിപത്യത്തിലേക്കുള്ള ഇന്ദിരാ ഗാന്ധിയുടെ ഒരു ഡ്രസ് റിഹേഴ്സല്‍ ആയിരുന്നു റെയില്‍വേ സമരം. ഈ സമരത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ സ്റ്റെഫന് ഷെര്‍ലോക്കിന്റെ ‘The Indian Railways Strike of 1974: A Study of Power and Organised Labour’ എന്ന പുസ്തകം പറയുന്നത് നിരുപാധികം പിന്‍വലിച്ചെങ്കിലും ഈ പണിമുടക്ക് ഒരു പരാജയമെന്ന് പറയാനാവില്ലെന്നാണ്. ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്ത് പരന്നുകിടക്കുന്ന ഒരു വ്യവസായ മേഖലയില്‍ തൊഴില്‍പരവും സാംസ്കാരികവുമായ വിഭജനങ്ങളുണ്ടായിട്ടും ഇത്തരമൊരു രാജ്യവ്യാപകമായ പണിമുടക്കിന് ഐക്യദാര്ഢ്യമുണ്ടായെന്ന് തൊഴിലാളികള്‍ തെളിയിച്ചു. അതിന്റെ ഫലമായി ബോണസ് പോലെ ദീര്‍ഘകാല നേട്ടങ്ങള്‍ ജീവനക്കാര്‍ക്ക് പിന്നീട് ലഭിച്ചു. റെയില്‍വേ തൊഴിലാളി പ്രസ്ഥാനം ഒരു സാമൂഹികശക്തിയായി പുനഃസ്ഥാപിക്കപ്പെട്ടുവെന്നും സ്റ്റെഫന് ഷെര്‍ലോക്ക് തന്റെ പുസ്തകത്തില്‍ നിരീക്ഷിക്കുന്നു.
തെലുങ്കാന, നക്സല്‍ബാരി, അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരും അല്ലാത്തവരും ആ സമരങ്ങളൊക്കെ വിശദമായി എഴുതിയിട്ടുണ്ട്. അവയൊക്കെ ചരിത്രരേഖകളാണ്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഈ പണിമുടക്കിന്റെ സമഗ്രമായ ചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. ചില അക്കാദമിക്ക് പഠനങ്ങളൊഴിച്ചാല്‍ പണിമുടക്കില്‍ പങ്കെടുത്ത നേതാക്കളോ ഉയര്‍ന്ന സംഘടനാ പ്രവര്‍ത്തകരോ ഒരിക്കലും എഴുതാത്ത സമരചരിത്രമാണ് ഇത്. ചരിത്രം സൃഷ്ടിച്ച റെയില്‍വേ പണിമുടക്കിലെ അറിയപ്പെടാതെ പോയ സമരപോരാളികളുടെ കഥകള്‍. 51 Years Since the Railway Strike That Brought the Country to a Standstill
Content Summary: 51 years since the railway strike that brought the country to a standstill