June 26, 2026 |
Share on

‘ഒരു ഹിന്ദുവിന് മാത്രമേ ഈ രാജ്യത്തെ വിശ്വഗുരുവാക്കാന്‍ സാധിക്കൂ’ ; വിദ്വേഷ പ്രസംഗത്തില്‍ ജസ്റ്റിസ് യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രീംകോടതി

രാജ്യസഭ സെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉപേക്ഷിച്ചത്

അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവനിനെതിരായ അന്വേഷണം സുപ്രീം കോടതി ഉപേക്ഷിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം വിശ്വ ഹിന്ദു പരിക്ഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് വിദ്വേഷ പ്രചരണം നടത്തിയെന്നതാണ് ശേഖർ കുമാർ യാദവിനെതിരായ ആരോപണം. രാജ്യസഭ സെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉപേക്ഷിച്ചത്. ആ സമയത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സഞ്ജീവ് ഖന്ന ജസ്റ്റിസ് യാദവിന്റെ പ്രസം​ഗം സംബന്ധിച്ച് അലബഹാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ജസ്റ്റിസ് യാദവിന് എതിരായതിനാൽ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കുകയായിരുന്നു. മുസ്ലീമുകൾക്ക് എതിരെ ജസ്റ്റിസ് യാദവ് നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടപടി ആവശ്യപ്പെട്ടിരുന്നു. ഇത്തരം അന്വേഷണങ്ങൾ നടത്താൻ രാജ്യസഭാ ചെയർമാനോ അല്ലാത്ത പക്ഷം പാർലമെന്റിനും പ്രസിഡന്റിനും മാത്രമായിരിക്കുമെന്ന് രാജ്യസഭ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

2024 ഡിസംബർ 8ന് പ്രയാഗ്‌രാജിൽ നടന്ന വിശ്വ ഹിന്ദു പരിക്ഷത്തിന്റെ പരിപാടിയിൽ മതേതരത്വത്തിന്റെയും ജുഡീഷ്യൽ നിഷ്പക്ഷതയുടെയും തത്വങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ജസ്റ്റിസ് യാദവിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. അലഹബാദ് ഹൈക്കോടതി പരിസരത്ത് വച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്ലീം സമുദായത്തെ അവഹേളിക്കുന്ന തരത്തിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യ ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾക്ക് മാത്രമായി പ്രവർത്തിക്കണെമെന്നും ഒരു ഹിന്ദുവിന് മാത്രമേ ഈ രാജ്യത്തെ വിശ്വ​ഗുരുവാക്കാൻ സാധിക്കൂവെന്നും ജസ്റ്റിസ് യാദവിന്റെ പ്രസം​ഗത്തിൽ പറയുന്നു. കൂടാതെ മുത്തലാഖ് പോലുള്ള ആചാരങ്ങളെ ഏകീകൃത സിവിൽ കോഡ് ഉപയോ​ഗിച്ച് നിർത്തലാക്കണമെന്നും ജസ്റ്റിസ് യാദവ് പറഞ്ഞിരുന്നു ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ജസ്റ്റിസ് യാദവിന്റെ വീഡിയോ ഏറെ വിമർശൻങ്ങൾക്ക് വഴിവച്ചു.

ഉന്നത ജുഡീഷ്യറിയിലെ സിറ്റിംഗ് ജഡ്ജിമാർക്കെതിരായ പരാതികൾ പരിശോധിക്കുന്നതിനായി ആരംഭിച്ച പദ്ധതിയ്ക്കാണ് രാജ്യസഭയുടെ കത്ത് തടയിട്ടത്. മാർച്ച് മാസത്തിലാണ് ഈ കത്ത് സുപ്രീം കോടതി സെക്രട്ടറി ജനറലിന് ലഭിച്ചത്. തുടർന്നാണ് സുപ്രീം കോടതി ജസ്റ്റിസ് യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ചത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇംപീച്ച്മെന്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. നേരത്തെ ശേഖർ കുമാർ യാദവിനെ നേരിട്ട് വിളിച്ച് വരുത്തി സുപ്രീം കോടതി കൊളീജിയം വിശദീകരണം തേടിയിരുന്നു. തുടർന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീ കോടതി ബെഞ്ച് താക്കീത് ചെയ്യുകയും ചെയ്യിരുന്നു.

content summary: SC dropped the probe into Allahabad High Court judge Shekhar Kumar Yadav following a Rajya Sabha alert

Leave a Reply

Your email address will not be published. Required fields are marked *

×