ചോരയൊലിച്ച കത്തിയുമായി നിൽക്കുന്ന രണ്ട് വിദ്യാർഥികളെ കണ്ടുകൊണ്ടാണ് കേരളത്തിൽ ഇത്തവണ പുതുവത്സരം പിറന്നത്. തൃശൂർ തേക്കിൻകാട് മൈതാനത്ത് മുപ്പതുകാരനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് പ്രായപൂർത്തിപോലും ആയിട്ടില്ലായിരുന്നു. തൃശൂരിൽ തുടങ്ങി വെഞ്ഞാറമൂട് വരെ എത്തി നിൽക്കുമ്പോൾ, രണ്ട് മാസങ്ങൾക്കുള്ളിൽ കേരളത്തെ നടുക്കുന്ന എത്രയെത്ര കൊലപാതകങ്ങൾ.
തൃശൂരിലെ പ്രതികളുടെ പ്രായം 14 വയസായിരുന്നുവെങ്കിൽ തിങ്കളാഴ്ച്ച കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതിക്ക് 23 ആണ് പ്രായം. ജനുവരി ഒന്ന് മുതൽ ഫെബ്രുവരിയുടെ അവസാന ആഴ്ച്ചവരെ എത്തി നിൽക്കുമ്പോൾ കേരളത്തിൽ നിരവധി കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 55 ദിവസങ്ങൾക്കുള്ളിൽ നടന്ന 15 കൊലപാതകങ്ങൾ കേരളത്തിന്റെ കുടുംബ-സാമൂഹ്യവ്യവസ്ഥിതികളെ ഞെട്ടിപ്പിക്കുന്നതാണ്. ഈ കൊലപാതകങ്ങളിലെല്ലാം കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്, കൊലപാതകികളിൽ കൂടുതലും അതേ കുടുംബത്തിൽ തന്നെയുള്ളവരും.
തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഫാൻ അഞ്ചുപേരെയാണ് കൊലപ്പെടുത്തിയത്. ഇതിൽ ഇയാളുടെ പെൺസുഹൃത്ത് മാത്രമാണ് കുടുംബത്തിന് പുറത്തുള്ളത്. സഹോദരൻ, അമ്മൂമ്മ, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ ഇവരെല്ലാം അഫാന്റെ കുടുംബക്കാർ തന്നെ. അഫാന്റെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അട്ടപ്പാടിയിൽ 37കാരനായ മകൻ 55കാരിയായ മാതാവിനെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതും, തിരുവനന്തപുരം വട്ടപ്പാറയിൽ 67കാരനായ ഭർത്താവ് 63കാരിയായ ഭാര്യയെയും വെട്ടിക്കൊന്ന വാർത്തകളുമായാണ് ഫെബ്രുവരി 24 ന് പത്രങ്ങൾ നമ്മുടെ മുമ്പിലെത്തിയത്. അട്ടപ്പാടിയിലെ അരളിക്കോണം ഊരിലെ രേശിയും, വട്ടപ്പാറ സ്വദേശി ബാലചന്ദ്രൻ ഭാര്യ ജയലക്ഷിമിയെയും കൊലപ്പെടുത്തിയത് ഫെബ്രുവരി 24നായിരുന്നു.
പരസ്ത്രീബന്ധം കണ്ടെത്തിയതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് ചേർത്തലയിലായിരുന്നു. ഫെബ്രുവരി 9നാണ് ചേർത്തല സ്വദേശിയായ സജിയെ ഭർത്താവ് സോണി മർദിച്ച് കൊലപ്പെടുത്തിയത്.
ഫെബ്രുവരി 1ന് ആലപ്പുഴ മാന്നാറിൽ വീടിന് തീ വെച്ച് വൃദ്ധമാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറുപതുകാരനായ മകൻ വിജയനാണ്. 90വയസ് കഴിഞ്ഞ രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് കത്തിയമർന്ന വീടിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കവും കുടുംബപ്രശ്നവുമാണ് കൊലപാതകത്തിന് വഴിയൊരുക്കിയതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതായിരുന്നു.
തിരുവനന്തപുരം ബാലരാമപുരത്ത് ജനുവരി 30ന് രണ്ട് വയസുകാരിയായ പെൺകുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് സ്വന്തം അമ്മാവനായിരുന്നു. രക്തബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്ന കേരളത്തിലാണ് ഈ അരുംകൊലയും നടന്നത്.
ജനുവരി 27നാണ് പാലക്കാട് ഒരേ കുടുംബത്തിലെ 2 പേരെ വെട്ടിക്കൊലപ്പെടുത്തി ചെന്താമര നാടിനെ ഭീതിയിലാഴ്ത്തിയത്. ചെന്താമരയെ ഭയന്ന്, സ്വയരക്ഷയ്ക്കായി മകളെയും കൊണ്ട് നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് താനെന്ന് പറഞ്ഞ അയൽവാസിയായ സ്ത്രീയുടെ ദൈന്യതനിറഞ്ഞ മുഖം നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു.
മലപ്പുറത്ത് 24കാരനായ മകൻ അമ്മയെ വെട്ടിക്കൊന്നത് ജനുവരി 18ന് ആയിരുന്നു. ലഹരിക്കടിമയായ ആഷിക് ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിലായിരുന്നു, നാട്ടിലെത്തിയ സമയത്തായിരുന്നു രോഗിയായ മാതാവിനെ കൊടുവാളുപയോഗിച്ച് വെട്ടിക്കൊല്ലപ്പെടുത്തിയത്. സ്വന്തം അമ്മയെ വെട്ടിക്കൊന്ന മകനെയും 2025ന്റെ തുടക്കത്തിൽ നാം കണ്ടു.
ജനുവരി 16നാണ് എറണാകുളം ചേന്നമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെടുന്നത്. ഇവിടെ കൊലയാളി അയൽവാസിയായിരുന്നു. ഒരു കുടുംബത്തിലെ 3 പേരെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ റിതു രാജിനെ കേരളം അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമായ ഋതു രാജിനെതിരെ നേരത്തെ നടപടി എടുത്തിരുന്നെങ്കിൽ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന് നാട്ടുകാർ പറയുന്നു.
വളരുന്ന സാഹചര്യവും സാമൂഹിക അന്തരീക്ഷവുമാണ് വ്യക്തികളെ സംസ്‌കാരഹീനരാക്കുന്നത്. പലരുടെയെും കുടുംബസാഹചര്യങ്ങളാണ് അവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതും. വെഞ്ഞാറമൂട് അർഫാൻ നടത്തിയ ക്രൂരകൃത്യം കേരളത്തിലെ ആദ്യത്തെ സംഭവമല്ല. അതുകൊണ്ടുതന്നെ ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും അക്രമങ്ങൾക്കും നാം തിരുത്തൽ നടത്തേണ്ടത് എവിടെ നിന്നാണെന്നാണ് ഇനി കണ്ടെത്തേണ്ടത്.
content summary; 55 days 15 murders; Kerala’s shocking family murders