January 25, 2025 |

പിടികൂടുന്നത് കുഞ്ഞുങ്ങളെ, 24 മണിക്കൂറിനകം മരണം! ഭീഷണിയായി ഗുജറാത്തില്‍ നിന്നുള്ള അപൂര്‍വ വൈറസ്

പേരിന് പിന്നില്‍ മഹാരാഷ്ട്രയിലെ ചന്ദിപുര

ശക്തമായ പനി, മസ്തിഷ്‌കജ്വരം, കടുത്ത ശരീരവേദന, തലവേദന, ശ്വാസതടസം, വിളര്‍ച്ച ഇങ്ങനെ പല ലക്ഷണങ്ങളുമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ എട്ട് കുട്ടികളെ ഗുജറാത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രോഗം എന്താണെന്ന് ഉറപ്പാക്കും മുന്‍പ് തന്നെ അവരെല്ലാം പ്രിയപ്പെട്ടവരോട് വിട പറഞ്ഞു. രാജ്യത്ത് അപൂര്‍വ്വമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും വന്നപ്പോഴെല്ലാം നിരവധി ജീവനുകള്‍ അപഹരിക്കുകയും ചെയ്ത ചന്ദിപുര വൈറസ് ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Chandipura virus infection in Gujarat.

ലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറില്‍ തന്നെയായിരുന്നു പലരും മരണമടഞ്ഞത്. ചികില്‍സയില്‍ വീണ്ടും കുട്ടികള്‍ ആശുപത്രിയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, ഖേദ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നുമാണ് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറയുന്നത്. ഇപ്പോള്‍ ഗുജറാത്തിന് പുറമേ രാജസ്ഥാന്‍ സ്വദേശികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ വിദഗ്ധ സംഘവും ഗുജറാത്തിലേക്ക് എത്തുന്നുണ്ട്. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. പിന്നാലെ തളര്‍ച്ച, തലകറക്കവും എന്‍സെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാം.

പേരിന് പിന്നില്‍ മഹാരാഷ്ട്രയിലെ ചന്ദിപുര

1965ല്‍ മഹാരാഷ്ട്രയിലെ ചന്ദിപുരയില്‍ രണ്ട് പേരിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. പിന്നീട് 2003ല്‍ വീണ്ടും കണ്ടെത്തി. അന്ന് 100കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് വൈറസ് കവര്‍ന്നത്.

All You Need To Know About Chandipura Virus

(Photo: 1965ല്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഇടങ്ങള്‍)

Also Read; വൃക്കയുടെ പ്രവര്‍ത്തനം നിലച്ച് തൃശൂരില്‍ 31കാരന് മരണം: സ്വയം ചികിത്സ പാടില്ല; എലിപ്പനി- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമായി 329 കുട്ടികളില്‍ കണ്ടെത്തിയപ്പോള്‍ അവരില്‍ 189 പേര്‍ മരിച്ചു. 2009ല്‍ 52 പേര്‍ക്ക് പോസിറ്റീവായി, അതില്‍ 15 പേര്‍ മരിച്ചു. 2010-ല്‍ 50 പേര്‍ പോസിറ്റീവായി പരിശോധിച്ചപ്പോള്‍ 16 പേര്‍ മരിച്ചു. രോഗബാധിതരില്‍ ഭൂരിഭാഗവും 14 വയസ്സിന് താഴെയുള്ളവരാണ്. 2009 നും 2011നും ഇടയില്‍ 110 പേരിലും രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിലവില്‍ നല്‍കിവരുന്നത്. റാബ്‌ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതല്‍ പതിനാലു വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുകള്‍, ഈച്ചകള്‍ തുടങ്ങിയവയാണ് രോഗം പരത്തുന്നത്. അണുബാധ വളരെവേഗം പടരുന്നതിനാല്‍ രോഗം ബാധിച്ച് 24-48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

English Summary: 8 children die of suspected Chandipura virus infection in Gujarat

×