June 13, 2025 |

വൃക്കയുടെ പ്രവര്‍ത്തനം നിലച്ച് തൃശൂരില്‍ 31കാരന് മരണം: സ്വയം ചികിത്സ പാടില്ല; എലിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ എലിപ്പനി ഹോട്ട് സ്‌പോട്ട്

വിട്ടുമാറാത്ത പനിയുമായി ജൂലൈ ആദ്യവാരമാണ് തൃശൂര്‍ സ്വദേശിയായ 31കാരന്‍ വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 14നാണ് സാധാരണ പനി അല്ല എലിപ്പനിയാണെന്ന് ഡോക്ടര്‍ തിരിച്ചറിയുന്നതും. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് വിഷ്ണു അത്യാസന്ന നിലയിലായ വിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞു.തൃശൂരില്‍ ഒരുമനയൂര്‍ നോര്‍ത്ത് പൊയ്യയില്‍ ക്ഷേത്രത്തിനു കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെയും ജീജയുടെയും മകനാണ് വിഷ്ണു. പിന്നാലെ ഇന്നലെ തൃശ്ശൂര്‍ സ്വദേശിയും മുന്‍ മിസ്റ്റര്‍ കേരളയുമായ ജിം ട്രെയിനര്‍ സുരേഷ് ജോര്‍ജ്ജും രോഗബാധയേറ്റ് മരിച്ചു. ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 2381 പേര്‍ക്കാണ് എലിപ്പവനി ബാധിച്ചത്. ജീവന്‍ നഷ്ടമായത് 145 പേര്‍ക്കാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. Rat fever-Leptospirosis in Kerala.

കെട്ടികിടക്കുന്ന വെളളത്തില്‍ രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കള്‍ ആ വെളളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ മുറിവില്‍ കൂടിയോ, നേര്‍ത്ത ചര്‍മ്മത്തില്‍ കൂടിയോ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നുവെന്നാണ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍. അനിതകുമാരി പറയുന്നത്.

മഴയ്ക്ക് പിന്നാലേയാണ് എലിപ്പനി മരണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നു. 2023 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകളില്‍ നിന്ന് 242 ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകളും 128 എലിപ്പനി ഹോട്‌സ്‌പോട്ടുകളും കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെരോഗപ്രതിരോധവും ചികിത്സയും കൊണ്ട് ഏറക്കുറെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ് എലിപ്പനി മരണങ്ങള്‍. ആരോഗ്യ സംവിധാനം ശക്തമായാല്‍ മരണനിരക്കു കുറയ്ക്കാനാകും.

രോഗബാധ വര്‍ഷങ്ങളിലൂടെ

2023ല്‍

രോഗബാധ-5215 പേര്‍
മരണം-283 പേര്‍

2022ല്‍

രോഗബാധ-5448 പേര്‍
മരണം-300 പേര്‍

2021ല്‍

രോഗബാധ-4388 പേര്‍
മരണം-300 പേര്‍

2019ല്‍

രോഗബാധ-1211 പേര്‍
മരണം-57 പേര്‍

2018ല്‍

രോഗബാധ-2079 പേര്‍
മരണം-99 പേര്‍

എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്‌ടോസ്‌പൈറ എന്ന ഗ്രൂപ്പില്‍ പെട്ട ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചുണ്ടാക്കുന്ന രോഗമാണ് എലിപ്പനി. വെള്ളത്തില്‍ കുടിയാണ് അസുഖം പകരുക.

രോഗലക്ഷണങ്ങള്‍

കടുത്തപനി, തലവേദന
ശക്തമായ ശരീര വേദന
കണ്ണിന് ചുവപ്പ്/മഞ്ഞ നിറം
വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം
മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം

 Also Read; പിടികൂടുന്നത് കുഞ്ഞുങ്ങളെ, 24 മണിക്കൂറിനകം മരണം! ഭീഷണിയായി ഗുജറാത്തില്‍ നിന്നുള്ള അപൂര്‍വ വൈറസ് 

പ്രതിരോധം

  1. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കരുത്
  2. അത്തരം വെള്ളത്തില്‍ മുഖം, വായ എന്നിവ കഴുകരുത്
  3. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, മലിനജലവുമായി സമ്പര്‍ക്കം വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍, കൈയുറ, കാലുറ എന്നീ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം
  4. മുന്‍കരുതല്‍ മരുന്നായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുക
  5. കെട്ടികിടക്കുന്ന വെളളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്
  6. വീടിന് പുറത്ത് ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കുക
  7. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്
  8. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക
  9. പനി രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുളള ആരോഗ്യസ്ഥാപനത്തില്‍ എത്തി ചികിത്സ തേടുക

 

English Summary: Rat fever-Leptospirosis in Kerala: Know its symptoms, causes

Leave a Reply

Your email address will not be published. Required fields are marked *

×