June 03, 2026 |
Share on

പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് കനത്ത ആഘാതം; തിരിച്ചടിയായി താഡ് റഡാറുകളുടെ തകര്‍ച്ച

രണ്ടാഴ്ചത്തെ നഷ്ടം 6,600 കോടി രൂപ

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ യുഎസ് പ്രതിരോധ മേഖലയ്ക്ക് കനത്ത സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നു. സംഘര്‍ഷത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം ഏകദേശം 800 മില്യണ്‍ ഡോളറിന്റെ (ഏകദേശം 6,600 കോടി രൂപ) നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രമുഖ തിങ്ക് ടാങ്കായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബിബിസി വെരിഫൈ വിഭാഗം നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനവും ഈ കണക്കുകളെ ശരിവെക്കുന്നു.

തകര്‍ന്നത് പ്രതിരോധത്തിന്റെ ‘കണ്ണും കാതും’

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ തന്ത്രപ്രധാനമായ പല സംവിധാനങ്ങളും തകര്‍ക്കപ്പെട്ടു. ജോര്‍ദാനിലെ താഡ് മിസൈല്‍ പ്രതിരോധ ബാറ്ററിയുടെ ഭാഗമായ AN/TPY-2 റഡാര്‍ സിസ്റ്റത്തിന് നേരെ ഉണ്ടായ ആക്രമണമാണ് ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. ഈ റഡാര്‍ സിസ്റ്റത്തിന് മാത്രം 485 മില്യണ്‍ ഡോളര്‍ വിലവരും. വിവിധ താവളങ്ങളിലെ കെട്ടിടങ്ങള്‍, കമ്മ്യൂണിക്കേഷന്‍ ടവറുകള്‍, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയ്ക്കായി 310 മില്യണ്‍ ഡോളറിന്റെ അധിക നഷ്ടം കണക്കാക്കുന്നു. ബഹ്റൈനിലും കുവൈറ്റിലും സെന്‍സിറ്റീവ് റഡാറുകളെ സംരക്ഷിക്കുന്ന റാഡോമുകള്‍ തകര്‍ക്കപ്പെട്ടു. ഇത് ആധുനിക യുദ്ധതന്ത്രങ്ങളിലെ അമേരിക്കയുടെ നിരീക്ഷണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ലക്ഷ്യമിട്ട താവളങ്ങള്‍

ബിബിസി വെരിഫൈ പരിശോധിച്ച ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇറാന്‍ പ്രധാനമായും മൂന്ന് രാജ്യങ്ങളിലെ താവളങ്ങളെയാണ് ലക്ഷ്യംവച്ചത്. കുവൈറ്റിലെ അലി അല്‍-സലിം വ്യോമതാവളം, ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം, സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസ് എന്നിവയാണ്.

മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നതോടെ, ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന താഡ് ഘടകങ്ങള്‍ അടിയന്തരമായി പശ്ചിമേഷ്യയിലേക്ക് എത്തിക്കാന്‍ പെന്റഗണ്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

കൂടുതല്‍ ഫണ്ട് തേടി പെന്റഗണ്‍

ആദ്യ ആറ് ദിവസങ്ങളില്‍ 11.3 ബില്യണ്‍ ഡോളറായിരുന്ന യുദ്ധച്ചെലവ് പന്ത്രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ 16.5 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. സ്ഥിതിഗതികള്‍ നേരിടാന്‍ 200 ബില്യണ്‍ ഡോളര്‍ കൂടി അനുവദിക്കണമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ‘ദുഷ്ടന്മാരെ ഇല്ലാതാക്കാന്‍ പണം ആവശ്യമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദപരമായ പ്രതികരണം.

സൈനികമായ നഷ്ടങ്ങള്‍ക്കപ്പുറം മനുഷ്യാവകാശ വശങ്ങളും ഭീതിജനകമാണ്. ഫെബ്രുവരി 28-ന് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിട്ട ശേഷം 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 1,400 സാധാരണക്കാര്‍ ഉള്‍പ്പെടെ 3,200 ലധികം പേര്‍ കൊല്ലപ്പെട്ടു.

തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങള്‍ ആഗോള സാമ്പത്തിക രംഗത്തെ കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയാണ്. അമേരിക്ക നേരിട്ട് കരസേനയെ ഇറക്കി യുദ്ധം വിപുലീകരിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

Content Summary: 800 million dollar blow: Iranian strikes cripple key US military bases in Middle East

Leave a Reply

Your email address will not be published. Required fields are marked *

×