ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് 90 ദിവസത്തെ ആശ്വാസം; പകരച്ചുങ്കത്തില്‍ ഇനി യുഎസ്-ചൈന ഏറ്റുമുട്ടല്‍

ചൈനയെ ഒഴിവാക്കിയാണ് ബാക്കി രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുള്ളത്

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ചൈനീസ് ഇറക്കുമതിക്ക് 125 ശതമാനം നികുതി ഉയര്‍ത്തിയ തീരുമാനത്തില്‍ മാറ്റമില്ല. ഇതോടെ പുതിയൊരു സംഭവവികാസമാണ് രൂപപ്പെട്ടിരിക്കുന്നത്. പകരച്ചുങ്കത്തിന്റെ പേരില്‍ കൂടുതല്‍ രാജ്യങ്ങളുമായി യു എസ് നേരിടേണ്ടി വരുന്ന വ്യാപരയുദ്ധം ഒഴിവാകുകയും പകരം ചൈന-യുഎസ് എന്നിവരുടെ ദ്വന്ദയുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തിരിക്കുകയാണ്.

ലോക വിപണികളോട് ചൈന കാണിച്ച ധിക്കാരം കൊണ്ടാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്കു മേലുള്ള തീരുവ 125 ശതമാനമായി ഉയര്‍ത്തുന്നതെന്നായിരുന്നു ട്രംപിന്റെ ന്യായം. ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അതേസമയം, മറ്റ് രാജ്യങ്ങള്‍ അമേരിക്കയുമായി നലബന്ധം തുടരാനാണ് ആഗ്രഹിച്ചതെന്നും, അവരുടെ പ്രതിനിധികള്‍ യുഎസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, താരിഫ് പ്രഖ്യാപനം വന്നതിനുശേഷവും അമേരിക്കയ്‌ക്കെതിരേ യാതൊരുവിധത്തിലുമുള്ള പ്രതികാര നടത്തിയിട്ടുമില്ല. അതുകൊണ്ടാണ് താരിഫ് വര്‍ദ്ധനവ് 90 ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. ഈ കാലയളവില്‍ 10 ശതമാനം എന്ന നിരലക്കില്‍ പരസ്പര ചുങ്കം നല്‍കിയാല്‍ മതിയെന്നും ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് വിശദീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച ട്രംപ് എടുത്ത തീരുമാനം ആഗോള ഓഹരി വിപണികളില്‍ അനുകൂലമായ പ്രതിഫലനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയായിരുന്നു പ്രസിഡന്റിന്റില്‍ നിന്നുണ്ടായത്. വാള്‍ സ്ട്രീറ്റിലും അഹ്ലാദം നിറഞ്ഞ ദിവസമായിരുന്നു. ആഗോളമാന്ദ്യത്തിലേക്ക് തള്ളിവിടുന്ന തീരുമാനമാണ് പ്രസിഡന്റിന്റെതെന്ന ആശങ്ക നിലനില്‍ക്കെയാണ് ഇത്തരമൊരു മനംമാറ്റത്തിന് ട്രംപ് തയ്യാറായത്. എങ്കിലും ഒരുകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചുങ്കം ചുമത്തുന്നത് താത്കാലികമായി തടയുകയല്ലാതെ, ബാക്കി രാജ്യങ്ങള്‍ക്ക് തീരുവയുടെ കാര്യത്തില്‍ ഇളവ് എന്തെങ്കിലും അനുവദിക്കുമോ എന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ കാണിച്ച ഓഹരി കുതിപ്പിനു പുറമെ, ട്രംപിന്റെ പകരച്ചുങ്കം മരവിപ്പിക്കല്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളെയും ഉണര്‍ത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ ശക്തമായ തിരിച്ചുവരവാണ് ഏഷ്യയിലെ ഓഹരിവിപണികള്‍ പ്രകടിപ്പിച്ചത്. ജപ്പാനില്‍, വ്യാഴാഴ്ച (ഏപ്രില്‍ 10) രാവിലെ നടന്ന വ്യാപാരത്തില്‍ നിക്കി 225 8.3% ഉയര്‍ച്ചയാണ് കാണിച്ചത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ കോസ്പി അഞ്ച് ശതമാനത്തിലധികം വളര്‍ച്ച കാണിച്ചു. ഓസ്ട്രേലിയയില്‍ എഎസ്എക്‌സ് 200 6% ത്തിലധികം ഉയര്‍ന്നു.

അതേസമയം, അമേരിക്കയ്‌ക്കെതിരേയുള്ള വ്യാപരയുദ്ധത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണ് ചൈന. ഓസ്‌ട്രേലിയ ഈ ആവശ്യം നിരാകരിച്ചിട്ടുണ്ട്. ഒരു ഓസ്‌ട്രേലിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഓസ്ട്രേലിയയും മറ്റ് വ്യാപാര പങ്കാളികളും ‘ലോകത്തിലെ മാറ്റങ്ങളോട് സംയുക്തമായി പ്രതികരിക്കാന്‍’ തയ്യാറാകണമെന്നൊരു അഭ്യര്‍ത്ഥന ചൈനീസ് അംബാസഡര്‍ സിയാവോ ക്വിയാന്‍ നടത്തിയിരുന്നു. എന്നാല്‍ ചൈനയുമായി ഒരു പൊതുലക്ഷ്യത്തിന് സഹകരിക്കാന്‍ ഒസ്‌ട്രേലിയ ഇപ്പോള്‍ തയ്യാറല്ലെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പ്രതികരിച്ചത്. ‘വ്യക്തമായി പറഞ്ഞാല്‍, അമേരിക്കയും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ വ്യാപാരം വൈവിധ്യവല്‍ക്കരിക്കുന്നതിലാണ്.’ എന്നുകൂടി മാര്‍ലെസ് തന്റെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിനെതിരേ അമേരിക്ക നടത്തുന്ന ഗുരുതരമായ നിയമലംഘനമാണ് താരിഫ് വര്‍ദ്ധനവെന്നാണ് ചൈനയുടെ കുറ്റപ്പെടുത്തല്‍. ‘ഒരു വ്യാപാര യുദ്ധത്തില്‍ ആരും വിജയികളാകുന്നില്ലെന്നും, ചൈന ഒരു വ്യാപാര യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങളുടെ ജനങ്ങളുടെ ന്യായമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും വ്രണപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ഒരു തരത്തിലും നോക്കിനില്‍ക്കില്ല’ എന്നായിരുന്നു ചൈനീസ് വാണിജ്യമന്ത്രി ദേശീയ മാധ്യമത്തോട് നടത്തിയ പ്രതികരണത്തില്‍ അമേരിക്കയ്ക്കുള്ള വെല്ലുവിളിയായി പറഞ്ഞത്. യുഎസിലേക്കുള്ള ഇറക്കുമതിയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യമാണ് ചൈന. ചൈനയുടെ മേലുള്ള തീരുവ 125% ആയാണ് ട്രംപ് ഉയര്‍ത്തിയിരിക്കുന്നത്. പകരമായി ചൈന എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും 84% പുതിയ തീരുവകളും ചുമത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മില്‍ കാണിക്കുന്ന ഈ വാശി അവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ലോകം മൊത്തം ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടതായും വരും.  A 90-day reprieve for countries including India; now a US-China showdown in trade

Content Summary; A 90-day reprieve for countries including India; now a US-China showdown in trade

This post was last modified on April 10, 2025 9:12 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment