June 26, 2026 |

യുഎസിന്റെ പ്രതികാര ചുങ്കത്തിൽ അടിപതറാതെ ചൈന; ഓഹരി വിപണിയിൽ വൻകുതിപ്പ്

ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ യുഎസ് ഉടൻ പിൻവലിച്ചേക്കാമെന്നും സൂചന

യുഎസിന്റെ വ്യാപാര യുദ്ധത്തിൽ തളരാതെ ചൈന. ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ യുഎസിന്റെ അധിക തീരുവ പ്രാബല്യത്തിൽ വരുന്നതോടെ ചൈന പ്രതിസന്ധിയിലാവുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ചൈനയിലെ ഓഹരി വിപണിയിൽ വൻകുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ യുഎസ് ഉടൻ പിൻവലിച്ചേക്കാമെന്നും സൂചനകളുണ്ട്.

ആഗോളതലത്തിൽ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന കുറേ വർഷങ്ങളായി അമേരിക്കയ്ക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കുകയും മറ്റു രാജ്യങ്ങളുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ യുഎസിന്റെ പ്രതികാര ചുങ്കം ചൈനയെ അത്ര കണ്ട് തളർത്തിയില്ല. ട്രംപിന്റെ പ്രതികാര ചുങ്കത്തോട് ശക്തമായാണ് ചൈന തിരിച്ചടിച്ചത്. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക 145 ശതമാനം തീരുവ ചുമത്തിയപ്പോൾ തിരികെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തിയാണ് ചൈന മറുപടി നൽകിയത്. ഏപ്രിൽ 2ന് മറ്റു രാജ്യങ്ങൾക്ക് മേലുള്ള ട്രംപിന്റെ തീരുവ നിലവിൽ വന്നതോടെ ആഗോള സാമ്പത്തിക വിപണിയിൽ ഇതിന്റെ പരിണിതഫലങ്ങൾ പ്രതിഫലിച്ചിരുന്നു. ഇതിനിടയിൽ മറ്റു വ്യാപാര പങ്കാളികൾക്ക് മേലുള്ള തീരുവയിൽ ട്രംപ് അയവു വരുത്തിയെങ്കിലും ചൈനയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിയാക്കിയിരുന്നു. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് തീരുവയിൽ നിന്ന് ഇളവ് നൽകുന്നതായി വൈറ്റ് ഹൗസ് വാരാന്ത്യത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന തീരുവയിലാവും ഇവയെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി പിന്നീട് അറിയിച്ചു.

സ്മാർട്ട്ഫോണുകളെ തീരുവ ഇളവുള്ള ഉത്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഒഫീഷ്യലിൽ കുറിച്ചു. സ്മാർട്ട് ഫോണുകൾക്ക് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന 20 ശതമാനം നികുതിയിൽ നിന്ന് ഇനിയും ഉയരാൻ സാധ്യതയുള്ളതായും ട്രംപ് കൂട്ടിച്ചേർത്തു. തീരുവയിൽ നയത്തിൽ നിന്നുള്ള ട്രംപിന്റെ പിൻമാറ്റ സൂചനയിൽ നിക്ഷേപകർ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലായി ജപ്പാനിലെ നിക്കി 1.2 ശതമാനം നേട്ടമാണുണ്ടാക്കിയത്. ഹോങ്കോങ്ങിലെ ഹാങ് സെങ് 2.2 ശതമാനവും ഷാങ്ഹായ്, ഷെൻഷെൻ എക്സ്ചേഞ്ചുകൾ യഥാക്രമം 0.8 ശതമാനവും 1.2 ശതമാനവും ഓഹരി ഉയർന്നു. യൂറോപ്യൻ ഓഹരി വിപണി സൂചികകളും ഓപ്പണിംഗ് ട്രേഡുകളിൽ കുതിച്ചുയർന്നു. ലണ്ടനിലെ എഫ്‌ടി‌എസ്‌ഇ 100ൽ 1.6 ശതമാനവും ജർമ്മനിയുടെ ഡാക്സ് 2.2 ശതമാനവും ഫ്രാൻസിന്റെ സി‌എസി 40ൽ 2 ശതമാനവും ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ വ്യാപാര യുദ്ധം ചൈനയ്ക്ക് മുതൽ കൂട്ടാവുന്ന ലക്ഷണങ്ങളാണ് കാണുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വിയറ്റ്നാം സന്ദർശനത്തിനിടയിൽ അമേരിക്കയുടെ തീരുവ നയത്തെ പ്രസിഡന്റ് ഷി ജിൻപിംഗ് ശക്തമായി വിമർശിച്ചിരുന്നു
content summary: Despite facing retaliatory tariffs from the United States, China’s stock market experienced significant gains

Leave a Reply

Your email address will not be published. Required fields are marked *

×