ഓഹരി വിപണിയുടെ മാന്ത്രികനെന്നാണ് അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റ് അറിയപ്പെടുന്നത്. സ്വന്തമായി കണ്ടുപിടുത്തങ്ങളോ ഉത്പന്നങ്ങളോ എന്തിന് ഫാക്ടറികൾ പോലുമില്ലാതെയാണ് വാറൻ ബഫറ്റ് ലോകധനികരുടെ പട്ടികയിൽ ഇടം നേടിയത്.
നവംബർ 10ന് ബെർക്ക്‌ഷെയർ ഹാത്ത്‌വേയിലെ ഷെയർഹോൾഡർമാർക്ക് അദ്ദേഹം അയച്ച വിടവാങ്ങൽ കത്തിൽ, വാറൻ ബഫറ്റ് താൻ വാർഷിക റിപ്പോർട്ടുകൾ എഴുതുന്നതും യോഗങ്ങളിൽ സംസാരിക്കുന്നതും നിർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. തൻ്റെ ജീവിതത്തെക്കുറിച്ചും ബാല്യകാല അനുഭവങ്ങളും ഒമാഹയിലെ തൻ്റെ ദിനങ്ങളും 90 വയസ്സ് കഴിഞ്ഞതിന് ശേഷമുള്ള ജീവിതവുമെല്ലാം ഉൾപ്പെട്ട ഒരു നീണ്ട കത്തായിരുന്നു അത്. ഞാനിനി ബെർക്ക്‌ഷെയറിൻ്റെ വാർഷിക റിപ്പോർട്ട് എഴുതുകയോ വാർഷിക യോഗത്തിൽ സംസാരിക്കുകയോ ചെയ്യില്ല. ഞാൻ നിശ്ശബ്ദതയിലേക്ക് പോകുന്നുവെന്ന് അദ്ദേഹം കത്തിൽ കുറിച്ചു.
വാറൻ ബഫറ്റ് ഈ വർഷം അവസാനത്തോടെ ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സിഇഒ സ്ഥാനം ഒഴിയും, ഗ്രെഗ് ആബെൽ ആയിരിക്കും അദ്ദേഹത്തിന്റെ പിൻഗാമിയായെത്തുന്നത്. നവംബർ 10ന് അദ്ദേഹം തന്റെ ഓഹരികൾ ഭാഗിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു.
വാറൻ ബഫറ്റ് ഷെയർഹോൾഡർമാർക്കും താൽപ്പര്യമുള്ളവർക്കുമായി താങ്ക്‌സ്‌ഗിവിംഗ് സന്ദേശങ്ങൾ തുടർന്നും പങ്കുവെക്കുമെന്ന് പറഞ്ഞു. ഈയടുത്ത് അയച്ച കത്തിൽ, ബഫറ്റ് തൻ്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുകയും വ്യക്തിപരവും ബിസിനസ്പരവുമായ ചില നിരീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്തു.
95കാരനായ അദ്ദേഹം തൻ്റെ ഒമാഹയിലെ ജീവിതത്തെക്കുറിച്ച് ഓർമ്മിക്കുകയും 1938ലുണ്ടായ, മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരനുഭവം പങ്കുവെക്കുകയും ചെയ്തു. കുടുംബ ഡോക്ടറെ സന്ദർശിച്ച ശേഷം, അദ്ദേഹം അടിയന്തര അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും മൂന്നാഴ്ചയോളം സെൻ്റ് കാതറിൻസ് ഹോസ്പിറ്റലിൽ കഴിയുകയും ചെയ്തിരുന്നു.
തൻ്റെ വീട്ടിൽ നിന്ന് ഒരു ബ്ലോക്ക് മാത്രം അകലെ താമസിച്ചിരുന്ന സുഹൃത്ത് ചാർളി മംഗറിനെയും വാറൻ ബഫറ്റ് ഓർമ്മിക്കുന്നുണ്ട്. “ചാർളി എന്നിൽ വലിയ സ്വാധീനം ചെലുത്തി, ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഒരിക്കലും ഒരു തർക്കവും ഉണ്ടായിട്ടില്ല. ബഫറ്റ് തൻ്റെ ഭാര്യമാരെ കണ്ടുമുട്ടിയതിനും മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയതിനും ബിസിനസ് കെട്ടിപ്പടുത്തതിനും ഒമാഹയോട് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു. തിരിഞ്ഞുനോക്കുമ്പോൾ, മറ്റെവിടെയെങ്കിലും താമസിച്ചിരുന്നെങ്കിൽ ലഭിക്കാത്തത്ര നേട്ടങ്ങൾ ഒമാഹ എനിക്ക് തന്നുവെന്ന് തോന്നുന്നു. ഒരു കുടുംബ ജീവിതം നയിക്കാനും ബിസിനസ്സ് കെട്ടിപ്പടുക്കാനും വളരെ നല്ല ഒരിടമാണിത്.
വാറൻ ബഫറ്റിൻ്റെ മൂന്ന് മക്കളാണ് ഹോവാർഡ് ഗ്രഹാം ബഫറ്റ്, പീറ്റർ ബഫറ്റ്, സൂസൻ ആലീസ് ബഫറ്റ് എന്നിവർ. തൻ്റെ മക്കൾക്കായും ഒരു വൈകാരിക കുറിപ്പ് ബഫറ്റ് പങ്കുവച്ചിരുന്നു. പരാജയങ്ങളെയോ നിരാശകളെയോ ഭയപ്പെടേണ്ടെന്ന് ഞാൻ എൻ്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. ജീവിതം അൽപ്പം മെച്ചപ്പെടുത്താൻ മാത്രം നിങ്ങൾ ശ്രമിച്ചാൽ മതി. 72, 70, 67 വയസ്സുള്ള മക്കൾക്ക് തൻ്റെയത്ര ദീർഘായുസ്സിൽ ലഭിച്ചേക്കില്ല എന്നാണ് ബഫറ്റ് കരുതുന്നത്. അകാലത്തിലുള്ള മരണം സംഭവിക്കുകയാണെങ്കിൽ ബഫറ്റിൻ്റെ മക്കൾക്ക് പകരമായി മൂന്ന് ട്രസ്റ്റിമാർ നിലവിലുണ്ട്. ഈ പകരക്കാരായ ട്രസ്റ്റിമാരാവും സ്വത്ത് ഏറ്റെടുക്കുക.
അടുത്ത സിഇഒ സ്ഥാനത്തേക്ക് വരുന്ന ഗ്രെഗ് ആബെലിനെയും കത്തിൽ ബഫറ്റ് പ്രശംസിച്ചിട്ടുണ്ട്. ബെർക്ക്‌ഷെയറിൻ്റെ അടുത്ത സിഇഒയായി അദ്ദേഹത്തെ ചിന്തിച്ചപ്പോൾ എനിക്കുണ്ടായിരുന്ന പ്രതീക്ഷകൾക്ക് അതീതമായിരുന്നു ഗ്രെഗ് ആബെലിന്റെ പ്രവർത്തനങ്ങൾ. അദ്ദേഹത്തിന് ഞങ്ങളുടെ ബിസിനസ്സുകളെക്കുറിച്ചും ജീവനക്കാരെക്കുറിച്ചും ഇപ്പോൾ കൃത്യമായ ധാരണയുണ്ട്. കൂടാതെ പല കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വളരെ വേഗം പഠിച്ചെടുക്കുന്നു. എൻ്റെയും സമ്പാദ്യം കൈകാര്യം ചെയ്യാൻ ഗ്രെഗിനേക്കാൾ മികച്ച ഒരു സിഇഒയോ, മാനേജ്‌മെൻ്റ് കൺസൾട്ടൻ്റോ, അക്കാദമീഷ്യനോ വേറെയില്ല.
എൻ്റെ ജീവിതത്തിൻ്റെ ആദ്യ പകുതിയേക്കാൾ നല്ലത് രണ്ടാം പകുതിയാണെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ തെറ്റുകളുടെ പേരിൽ നിങ്ങളെത്തന്നെ ശിക്ഷിക്കരുത് അവയിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോവുക എന്ന് കുറിച്ചുക്കൊണ്ട് വാറൻ ബഫറ്റ് തന്റെ കത്ത് അവസാനിപ്പിക്കുന്നു.
content summary: I’ll be quiet from now, Stock market legend steps down as Warren Buffett bids farewell with a parting letter