June 16, 2026 |
Share on

പകരച്ചുങ്കം; ട്രംപിന്റെ മനം മാറ്റത്തിനു കാരണമെന്ത്?

90 ദിവസത്തേക്ക് ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താരിഫ് വര്‍ദ്ധന മരവിപ്പിച്ചിരിക്കുകയാണ്

എന്തുകൊണ്ടാണ് മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ പ്രഖ്യാപിച്ച പകരച്ചുങ്കം മൂന്നു മാസത്തേക്ക് താത്കാലികമായി മരവിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത്? അന്താരാഷ്ട്ര മാധ്യമങ്ങള്‍ കണ്ടെത്തിയ കാരണം, ട്രംപിനു മേലുണ്ടായ സമ്മര്‍ദ്ദങ്ങളാണ്. ഈ സമര്‍ദ്ദങ്ങള്‍ വിപണിയില്‍ നിന്നാണ് പ്രധാനമായും ഉണ്ടായത്, കൂടാതെ, രാഷ്ട്രീയ-ബിസിനസ് രംഗങ്ങളില്‍ നിന്നും ട്രംപിനെ പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചത്തെ മാത്രം തിരിച്ചടിയിലാണ് ട്രംപ് തന്റെ നീക്കങ്ങളില്‍ നിന്നും പിന്നാക്കം പോയതെന്നാണ് അമേരിക്കന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അമേരിക്കയിലേക്കുള്ള ഇറക്കുമതി വസ്തുക്കളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് ആഗോള താരിഫ് ഉയര്‍ത്തിയത്. ചൈനയ്ക്കു മേല്‍ മാത്രം താരിഫ് 60 ശതമാനമാക്കി ഉയര്‍ത്തി. ഈ തീരുമാനമാണ് ട്രംപ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ മാത്രം കൂടുതല്‍ വാശിയിലാണ്. 60 ല്‍ നിന്നും 125 ശതമാനമായി ചുങ്കം കൂട്ടിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് തന്നെ അറിയിച്ചിട്ടുണ്ട്. ചൈന തിരിച്ച് 84 ശതമാനം താരിഫ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ചുമത്തിയതിനു പിന്നാലെയാണ് യുഎസിന്റെ പ്രതികാരം. ബാക്കി രാജ്യങ്ങളുടെ കാര്യത്തിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് 90 ദിവസത്തെ ആശ്വാസം; പകരച്ചുങ്കത്തില്‍ ഇനി യുഎസ്-ചൈന ഏറ്റുമുട്ടല്‍

സര്‍ക്കാര്‍ ബോണ്ട് വിപണിയില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ യുഎസ് ട്രഷറി വകുപ്പ് കടുത്ത ആശങ്കയിലാണ്. മൂന്നു മാസത്തേക്ക് താരിഫ് വര്‍ദ്ധനവ് തടയാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ ഈയൊരു കാരണവും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ വ്യക്തിപരമായി അറിയിച്ചിരുന്നു. ഈ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് താരിഫിന്റെ കാര്യത്തില്‍ ട്രംപ് പിന്നാക്കം പോയതെന്നാണ്, ഈ വിഷയത്തെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ് ട്രഷറി ബോണ്ടുകള്‍ ദ്രുതഗതിയില്‍ വിറ്റഴിക്കപ്പെടുന്നതിനെ കുറിച്ച് വൈറ്റ് ഹൗസ് സാമ്പത്തിക ഉദ്യോഗസ്ഥരും പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബോണ്ടുകള്‍ വിറ്റൊഴിക്കുന്നത് സര്‍ക്കാരിലും വിപണി വിദഗ്ധരിലും വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. ഈ മുന്നറിയിപ്പുകളും ട്രംപിനെ സ്വാധീനിച്ചിട്ടുണ്ട്.

പകരച്ചുങ്കത്തിന്റെ കാര്യത്തില്‍ വീണ്ടുവിചാരം വേണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും, ബിസിനസ് എക്‌സിക്യൂട്ടീവുകളില്‍ നിന്നും, അടുത്ത സുഹൃത്തുക്കളില്‍ നിന്നുമെല്ലാമുള്ള സമ്മര്‍ദ്ദം ട്രംപിനുമേലുണ്ടായിരുന്നു. ഇവരെല്ലാം ദിവസങ്ങളോളം ഇക്കാര്യത്തില്‍ ട്രംപിന്റെ മനസ് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് പറഞ്ഞത്, ‘എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല.’ എന്നായിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദവും വിപണിയുടെ തകര്‍ച്ചയും ട്രംപിനെ പിടിവാശി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. നിക്ഷേപകരുടെ സുരക്ഷിത താവളമായി കണക്കാക്കപ്പെട്ടിരുന്ന യുഎസ് ഗവണ്‍മെന്റ് ബോണ്ട് വിപണിയില്‍ വലിയ തിരിച്ചടിയുണ്ടായി. സര്‍ക്കാര്‍ ബോണ്ടിന്റെ മൂല്യം ഇടിയുമെന്ന ഭയത്തില്‍ നിക്ഷേപകര്‍ വ്യാപകമായി ബോണ്ടുകള്‍ വിറ്റൊഴിക്കാന്‍ തുടങ്ങി. ഇത് വിനാശകരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് തള്ളിക്കളയാന്‍ ട്രംപിന് ആയില്ല. ബോണ്ട് വിപണിയില്‍ ഉണ്ടായ പ്രത്യാഘാതങ്ങളാണ് ട്രംപിനെ തിരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സര്‍ക്കാരുമായി അടുത്തു നില്‍ക്കുന്നവര്‍ വെളിപ്പെടുത്തുന്നത്.

ട്രഷറി വകുപ്പിന്റെ ആശങ്കയ്ക്ക് പുറമെ ബിസിനസുകാരും തങ്ങളുടെ ഭയം വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നു. ട്രംപിന്റെ താരിഫ് പദ്ധതികള്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന് ബിസിനസുകാര്‍ക്ക് ഉറപ്പായിരുന്നു. അക്കാര്യങ്ങള്‍ അവര്‍ വൈറ്റ് ഹൗസില്‍ അറിയിച്ചു. ബോണ്ട് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ അവരുടെ ഭയം ഇരിട്ടിപ്പിച്ചു. ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അവര്‍ പ്രസിഡന്റിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ ഓഹരി വിപണിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന സമയത്തും, പുതിയ താരിഫ് നിരക്കുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്ന കാര്യത്തേക്കുറിച്ച് ട്രംപ് തീരുമാനം എടുത്തിട്ടില്ലായിരുന്നു. അതിനു ശേഷമാണ് താരിഫ് വര്‍ദ്ധനവ് താല്‍ക്കാലികമായി നടപ്പാക്കുന്നില്ലെന്ന് ട്രംപിന് പറയേണ്ടി വരുന്നത്. അതിനര്‍ത്ഥം വിപണിയില്‍ നിന്നുണ്ടായ പ്രതികരണങ്ങളും ബിസിനസുകാരുടെയും ഉപദേശകരുടെയും സമ്മര്‍ദ്ദവും ട്രംപിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്. ബോണ്ട് വിപണയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ട്രംപ് പറഞ്ഞത്. അതായത് തന്റെ തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ട്രംപ് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. Why did Trump pause tariffs? What You Need to Know

Content Summary; Why did Trump pause tariffs? What You Need to Know

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×