June 04, 2026 |
Share on

എപ്പോഴും കുലുങ്ങുന്ന ദ്വീപ്; രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 900 ലധികം ഭൂകമ്പങ്ങള്‍

ഉറങ്ങാന്‍ പോലും ഭയമാണ്

തെക്കന്‍ ജപ്പാനിലെ ഒരു വിദൂര ദ്വീപില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 900 ല്‍ അധികം ഭൂകമ്പങ്ങള്‍ ഉണ്ടായതായി രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തുടര്‍ച്ചയായ ഈ കുലുക്കം കാരണം ദ്വീപ് നിവാസികള്‍ ഭയത്തിലാണ്, അവര്‍ക്ക് ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ഇതിനേക്കാള്‍ ശക്തമായ ഭൂകമ്പങ്ങള്‍ ഇനിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് അവര്‍ എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ഭൂചലനം എപ്പോള്‍ അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

‘ജൂണ്‍ 21 മുതല്‍ ടോകാറ ദ്വീപ് ശൃംഖലയ്ക്ക് ചുറ്റുമുള്ള കടലുകളില്‍ ഭൂകമ്പം സജീവമാണ്,’ അടിയന്തര വാര്‍ത്താ സമ്മേളനത്തില്‍ ഏജന്‍സി ഉദ്യോഗസ്ഥനായ അയാതക എബിറ്റ പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ ദ്വീപില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. വൈകുന്നേരം നാല് മണിയോടെ ഭൂകമ്പങ്ങളുടെ എണ്ണം 900 കവിഞ്ഞു. ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായാല്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏകദേശം 740 ഭൂകമ്പങ്ങള്‍ ചൊവ്വാഴ്ച വരെയുള്ള 10 ദിവസത്തിനുള്ളില്‍ മാത്രം സംഭവിച്ചതായി മൈനിചി ഷിംബുന്‍ എന്ന ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ ഭൂകമ്പങ്ങളെല്ലാം ജപ്പാനിലെ 7-പോയിന്റ് ഭൂകമ്പ തീവ്രതാ സ്‌കെയിലില്‍ കുറഞ്ഞത് ലെവല്‍ 1 ആയി രേഖപ്പെടുത്തിയിട്ടുണ്ട്, അതില്‍ 7 ആണ് ഏറ്റവും ഉയര്‍ന്ന തീവ്രത. ലെവല്‍ 5 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം പോലും അപകടകരമാണ്. തുടര്‍ച്ചയായ ഭൂമികുലുക്കത്തില്‍ നടുങ്ങിയിരിക്കുകയാണ് ദ്വീപ് നിവാസികള്‍. ‘എപ്പോഴും കുലുങ്ങുന്നതായി തോന്നുന്നു, ഉറങ്ങാന്‍ പോലും ഭയമാണ്,’ ദ്വീപ് നിവാസി മാധ്യമങ്ങളോട് പറഞ്ഞു.

ഔദ്യോഗിക രേഖകള്‍ പ്രകാരം, ജൂണ്‍ 23 ന് പ്രതിദിന ഭൂകമ്പങ്ങളുടെ എണ്ണം 183 ല്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും ടോകാറയില്‍ സമാനമായ ഭൂകമ്പ തരംഗം ഉണ്ടായിരുന്നു. അന്ന് 346 ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 ടോകാറ ദ്വീപുകളില്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ആകെ 700 ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ദ്വീപിന്റെ കടലിനടിയിലുള്ള അസാധാരണമായ ഭൂപ്രകൃതി കാരണം മര്‍ദ്ദം വര്‍ദ്ധിക്കാനും ഭൂകമ്പങ്ങള്‍ ഉണ്ടാകാനും എളുപ്പമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. പസഫിക് ‘റിംഗ് ഓഫ് ഫയര്‍’ എന്നറിയപ്പെടുന്ന നാല് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്ക് മുകളിലാണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. കൂടാതെ പ്രതിവര്‍ഷം ഏകദേശം 1,500 ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടാറുണ്ട്.

ഒരു ഭൂകമ്പം എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ അസാധ്യമാണെങ്കിലും, അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നങ്കായി ട്രോഫില്‍ ഒരു വലിയ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. അത്തരമൊരു ഭൂകമ്പവും സുനാമിയും ഉണ്ടായാല്‍, 2,98,000 ആളുകള്‍ വരെ മരിക്കാമെന്നും രണ്ട് ട്രില്യണ്‍ ഡോളര്‍ വരെ നാശനഷ്ടങ്ങള്‍ ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. 900 earthquakes jolt Tokara Islands within two weeks 

Content Summary: 900 earthquakes jolt Tokara Islands within two weeks

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×