February 14, 2025 |

മൂന്നാം ഭാര്യ വഴി കണ്ടുമുട്ടിയ ബന്ധം, അഞ്ചാം വിവാഹത്തിലെത്തിച്ച് മാധ്യമ ഭീമൻ

93-ാം വയസിലാണ് അഞ്ചാം വിവാഹം

ഇക്കഴിഞ്ഞ വർഷമാണ് മാധ്യമ വ്യവസായി റൂപർട്ട് മർഡോക് ഫോക്‌സിൻ്റെയും, ന്യൂസ് കോർപ്പറേഷൻ്റെയും തലപ്പത്ത് നിന്ന് വിരമിച്ചത്. ഔദ്യോദിക ജീവിതത്തിന് വിരാമമിട്ട് വിശ്രമ ജീവിതം നയിക്കുന്ന റൂപർട്ട് മർഡോക് അഞ്ചാമതും വിവാഹിതനായെന്ന് റിപ്പോർട്ട്. മർഡോക്കും റഷ്യയിൽ ജനിച്ച റിട്ടയേർഡ് മോളിക്യുലാർ ബയോളജിസ്‌റ്റായ എലീന സുക്കോവയും (67) ജൂൺ 1ന് കാലിഫോർണിയയിലെ ബെൽ എയറിലെ അദ്ദേഹത്തിൻറെ വൈൻയാർഡ് എസ്‌റ്റേറ്റിൽ നടന്ന ചടങ്ങിൽ വച്ചാണ് വിവാഹിതരായത്. Rupert Murdoch marriage

2023 ലാണ് റൂപർട്ട് മർഡോക് ഫോക്‌സ് ന്യൂസിൻറെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിങ്ങുകളുടെയും നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ശേഷം അദ്ദേഹം തൻറെ ബിസിനസ് മകൻ ലാച്ച്‌ലാന് കൈമാറുകയും ചെയ്‌തു. മാർച്ചിൽ ഇരുവരും വിവാഹനിശ്ചയം നടത്തിയിരുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഡിസൈനർ എമിലിയ വിക്‌സ്റ്റെഡ് ആണ് എലീന സുക്കോവയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ചതുരാകൃതിയിലുള്ള നെക്‌ലൈനോടുകൂടിയ കണങ്കാൽ വരെ നീളമുള്ള ഓഫ് ഷോൾഡർ വെള്ള വസ്ത്രമാണ് വധു ധരിച്ചിരുന്നത്. 93 കാരനായ മർഡോക്ക് സ്‌നീക്കറുകൾക്കൊപ്പം കറുത്ത സ്യൂട്ടാണ് വിവാഹ ദിവസം ധരിച്ചിരുന്നത്.

ദ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയുന്നതനുസരിച്ച് മർഡോക്കിൻ്റെ മൂന്നാമത്തെ ഭാര്യ വെൻഡി ഡെങ് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സോവിയറ്റ് യൂണിയൻ തകരുന്നതിന് മാസങ്ങൾക്ക് മുമ്പ് 1991-ൽ മോസ്കോയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റിട്ടയേർഡ് മോളിക്യുലാർ ബയോളജിസ്റ്റാണ് എലീന സുക്കോവ. ശതകോടീശ്വരനും ഊർജ നിക്ഷേപകനും റഷ്യൻ രാഷ്‌ട്രീയക്കാരനുമായ അലക്‌സാണ്ടർ സുക്കോവിൻറെ മുൻ ഭാര്യയാണ്. സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ ദാഷ സുക്കോവ് ഇവരുടെ മകളാണ്. കൂടികാഴ്ച്ചക്ക് ശേഷം മർഡോക്കിൻ്റെയും എലീനയുടെയും ബന്ധം വിവാഹം വരെ എത്തിയത് എങ്ങനെയാണെന്നുള്ള വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അരിസ്റ്റോട്ടിൽ ഒനാസിസിൻ്റെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റീന ഒ എന്ന യാച്ചിൽ അവർ മെഡിറ്ററേനിയനിൽ ആഴ്ചകളോളം അവധിക്കാലം ചെലവഴിച്ചതായി ദ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

റിട്ടയേർഡ് ഡെൻ്റൽ ഹൈജീനിസ്റ്റും, റേഡിയോ ഹോസ്റ്റുമായ ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നിർത്തിവച്ചാണ് മിസ്റ്റർ മർഡോക്കിൻ്റെ അഞ്ചാമത്തെ വിവാഹം നടത്തിയത്. സ്മിത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും ഒരു മാസത്തിനുള്ളിൽ വിവാഹനിശ്ചയം മുടങ്ങുകയായിരുന്നു.

1956 ലായിരുന്നു മർഡോക്ക് ഫ്ലൈറ്റ് അറ്റൻഡൻ്റും മോഡലും ആയിരുന്ന പട്രീഷ്യ ബുക്കറെ വിവാഹം കഴിക്കുന്നത്. 1967 ൽ ഇരുവരും വിവാഹമോചനം നേടി. ഈ ആദ്യ വിവാഹത്തിൽ മർഡോക്കിന് പ്രുഡൻസ് എന്നൊരു മകളുണ്ടായിരുന്നു. അതേ വർഷം, അദ്ദേഹം തൻ്റെ ഓസ്‌ട്രേലിയൻ പത്രങ്ങളിലൊന്നിലെ മാധ്യമപ്രവർത്തകയായിരുന്ന അന്ന മരിയ ടോർവിനെ രണ്ടാം വിവാഹം ചെയ്തു. 32 വർഷത്തോളം ആ ബന്ധം നീണ്ടുനിന്നിരുന്നു. എലിസബത്ത്, ലാച്ച്‌ലാൻ, ജെയിംസ് എന്നിങ്ങനെ മൂന്നു മക്കളും ഈ ബന്ധത്തിൽ മർഡോക്കിന് ഉണ്ടായിരുന്നു. എല്ലാവരും പിതാവിൻ്റെ ലോകം മുഴുവൻ പരന്നുകിടക്കുന്ന മാധ്യമ വ്യവസായത്തിന് മുതൽകൂട്ടായവരാണ്. കഴിഞ്ഞ വർഷം, ലാച്ച്‌ലാനെ തന്റെ ഏക പിൻഗാമിയിലായി തെരഞ്ഞെടുത്തിരുന്നു. 70 വർഷം മുമ്പ് തൻ്റെ ജന്മനാടായ ഓസ്‌ട്രേലിയയിൽ തന്റെ പിതാവ് നടത്തിയിരുന്ന ഒരു പത്രം മർഡോക്ക് ഏറ്റെടുക്കുന്നത്. 1969 ൽ യുകെ പത്രങ്ങളായ ന്യൂസ് ഓഫ് ദി വേൾഡ്, ദി സൺ എന്നിവ അദ്ദേഹം ഏറ്റെടുത്തു. പിന്നീട് ന്യൂയോർക്ക് പോസ്‌റ്റ്, യുഎസിലെ വാൾ സ്ട്രീറ്റ് ജേണൽ തുടങ്ങിയ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ മാധ്യമ വ്യവസായി എന്ന നിലയിൽ മർഡോക്കിൻറെ സാമ്രാജ്യം ലോകം മൊത്തം പടർന്നു.

1999-ൽ, മർഡോക്കും അന്ന മരിയയും വിവാഹമോചിതരായി. പിന്നീടാണ് ചൈനയിൽ നിന്നുള്ള ടെലിവിഷൻ എക്സിക്യൂട്ടീവ് ഡെംഗിനെ വിവാഹം ചെയുന്നത്. ഇരുവർക്കും ഗ്രേസും, ക്ലോയും, എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. 2013-ൽ ഡെംഗുമായി വിവാഹമോചനം നേടി. അതേ വർഷം തന്നെ മോഡലും നടിയും മിക്ക് ജാഗറിൻ്റെ മുൻ ഭാര്യമാരിൽ ഒരാളുമായ ജെറി ഹാളിനെ അദ്ദേഹം കണ്ടുമുട്ടി. അവർ 2016 ൽ വിവാഹിതരായി, 2022 ൽ വിവാഹമോചനം നേടി.

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് മർഡോക്കിൻ്റെയും കുടുംബത്തിൻ്റെയും ആസ്തി ഏകദേശം 20 ബില്യൺ ഡോളറാണ്. ദ്ദേഹത്തിൻ്റെ കമ്പനിയായ ന്യൂസ് കോർപ്, വാൾ സ്ട്രീറ്റ് ജേണൽ, ഫോക്സ് ന്യൂസ്, സ്കൈ ന്യൂസ് ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി വാർത്താ ഔട്ട്‌ലെറ്റുകളും പുസ്തക പ്രസാധകനായ ഹാർപ്പർ കോളിൻസും സ്വന്തമാക്കിയിട്ടുണ്ട്. ദ കട്ട് പറയുന്നതനുസരിച്ച്, ഡെംഗും, ജെറി ഹാളും മർഡോക്കിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വിവാഹത്തിന് മുമ്പുള്ള കരാറുകളിൽ ഒപ്പുവച്ചിരുന്നു.

Content summary; Rupert Murdoch Marries for the Fifth Time Rupert Murdoch marriage

×