June 05, 2026 |
Share on

ആശങ്കയാണ് ആ’ശ്വാസ’കിരണം പദ്ധതി

സാമ്പത്തിക ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ടാണ്‌ കൃത്യമായി ഫണ്ട്‌ നൽകാൻ കഴിയാത്തതെന്നാണ്‌ സാമൂഹ്യ സുരക്ഷ മിഷൻ പറയുന്ന വാദം

ശാരീരികമായും മാനസികമായും വൈകല്യമുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക്‌ ധനസഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയുടെ ഫണ്ട്‌ വിതരണം മുടങ്ങിയിട്ട്‌ വർഷങ്ങളാകുന്നു. നാലും അഞ്ചും മാസം കൂടുമ്പോൾ കുറച്ച്‌ തുക ഒരുമിച്ചാണ്‌ ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്‌. കൃത്യമായ തുക എല്ലാ മാസവും ആവശ്യക്കാർക്ക്‌ ലഭിക്കുന്നില്ല. എത്ര രൂപയാണ്‌ തങ്ങൾക്ക് മുഴുവനായി ലഭിക്കാനുള്ളതെന്ന്‌ അപേക്ഷകർക്ക് കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥയാണ്‌ നിലവിലുള്ളത്‌. Aswasakiranam project

തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക്‌ ധനസഹായം നൽകുന്നതിനായി സാമൂഹിക സുരക്ഷാ മിഷൻ മുഖേനയാണ്‌ ആശ്വാസ കിരണം പദ്ധതി ആരംഭിച്ചത്‌. പ്രതിമാസം 600 രൂപയാണ്‌ ഇവർക്കായി അനുവദിച്ചിരിക്കുന്നത്‌. എന്നാൽ 2018ന്‌ ശേഷം അപേക്ഷകർക്ക്‌ ഇതുവരെയും തുക കൃത്യമായി ലഭിച്ചിട്ടില്ല. പല പ്രാവശ്യം അപേക്ഷ സമർപ്പിച്ചിട്ടും ഫണ്ട്‌ ലഭ്യമായിട്ടില്ലെന്ന്‌ കോട്ടയം സ്വദേശി ശ്യാമള പറയുന്നു.

“ആദ്യം ഞങ്ങൾക്കിതിനെക്കുറിച്ച്‌ കാര്യമായ അറിവുണ്ടായിരുന്നില്ല. പിന്നീടാണ്‌ ഈ പദ്ധതിയെക്കുറിച്ച്‌ അറിയുന്നത്‌. ആദ്യം നൽകിയ അപേക്ഷയിൽ പ്രതികരണങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ 2019 ഫെബ്രുവരി 2ന്‌ പുതിയ അപേക്ഷ സമർപ്പിച്ചു. ആദ്യത്തെ അപേക്ഷ നൽകി വർഷങ്ങൾക്ക്‌ ശേഷമാണ്‌ വീണ്ടും അപേക്ഷ നൽകിയത്‌. എന്നാൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും പ്രതികരണം ലഭിക്കാതെ വന്നപ്പോൾ തിരുവനന്തപുരത്തെ സാമൂഹ്യ മിഷൻ ഓഫീസിലെത്തി അന്വേഷിച്ചു. ഞങ്ങളുടെ ഫയൽ അവരുടെ കൈവശമുണ്ടായിരുന്നു. അപ്പോൾ ആശ്വാസമായി. എല്ലാം ഉടനെ ശരിയാകുമെന്ന്‌ ഞാൻ വിചാരിച്ചു. എന്നാൽ അവസ്ഥക്ക്‌ മാറ്റമുണ്ടായില്ല. 2021ലും 2023ലും അപേക്ഷകൾ സമർപ്പിച്ചു. ഇതുവരെയും ഞങ്ങൾക്ക്‌ ആ തുക ലഭിച്ചിട്ടില്ല”.

“ഞാനൊരു വിധവയാണ്‌. എന്റെ ഭർത്താവ്‌ മരിച്ചിട്ട്‌ 20 വർഷമായി. ബുദ്ധിമാന്ദ്യമുള്ള എന്റെ കുട്ടിയെ പലപ്പോഴും പൂട്ടിയിട്ടാണ്‌ ഞാൻ ജോലിക്ക്‌ പോകുന്നത്‌. കാരണം അവന് അസുഖം വന്നാൽ സ്‌പെഷ്യൽ സ്‌കൂളിൽ പോകാൻ കഴിയില്ല. ഞാൻ ജോലിക്ക്‌ പോകാതിരുന്നാൽ ഒന്നും നടക്കില്ല. കുടുംബം കഴിഞ്ഞ്‌ പോകണമല്ലോ”, ശ്യാമള അഴിമുഖത്തോട്‌ പറഞ്ഞു.

ഇത്‌ ശ്യാമളയുടെ മാത്രം പ്രശ്‌നമല്ല. ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാരുടെയെല്ലാം നിലവിലെ അവസ്ഥ ഇതാണ്‌. കൂടുതൽ ശ്രദ്ധ വേണ്ട കുട്ടികളെ ഒറ്റയ്ക്കാക്കി വേണം ഇവർക്ക്‌ ജോലിക്ക്‌ പോകാൻ. എന്നാൽ കുട്ടിക്ക്‌ അസുഖം വരുമ്പോൾ തുടർച്ചയായി ജോലിക്ക്‌ പോകാൻ കഴിയാതെ വരുന്നു.

വിഷയവുമായി ബന്ധപ്പെട്ട്‌ സർക്കാർ പ്രതിനിധികൾക്ക്‌ പല തവണ പരാതി നൽകിയിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന്‌ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കോട്ടയത്തെ തന്മയ ലീഗൽ എയ്‌ഡ്‌ സെന്ററിന്റെ സെക്രട്ടറി ജോജി മാത്യു പറയുന്നു.

“തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്കായിട്ടാണ്‌ ആശ്വാസ കിരണം പദ്ധതി ആരംഭിച്ചത്‌. രോഗികളെ പരിചരിക്കുന്നവർക്ക്‌ നൽകിവരുന്ന ഒരു പെൻഷൻ പോലെയാണ്‌ ഇത്‌ കണക്കാക്കുന്നത്‌. തുടക്കകാലത്ത്‌ തുക കൃത്യമായി നൽകിവന്നിരുന്നു. എന്നാൽ 2018 മാർച്ചിന്‌ ശേഷം പരിചാരകർക്ക്‌ തുക കൃത്യമായി ലഭിക്കാതെയായി. ഓട്ടിസം, സെറിബൽ പൾസി തുടങ്ങിയ അസുഖങ്ങൾ ഉള്ള കുട്ടികളെ പരിചരിക്കുന്നത്‌ അവരുടെ അമ്മമാർ തന്നെയാണ്‌. എല്ലാത്തിനും തികയില്ലെങ്കിൽ പോലും ഈ തുക തീർച്ചയായും അവർക്ക്‌ ഒരു ആശ്വാസമാണ്‌. അത്‌ പോലും ഇപ്പോൾ കൃത്യമായി ലഭിക്കുന്നില്ല. തുടർച്ചയായി തുക കിട്ടാതെ വന്നപ്പോൾ ഞാൻ ഹൈക്കോടതിയിൽ ഒരു റിട്ട്‌ നൽകിയിരുന്നു. അതോടൊപ്പം ഡിസ്‌ട്രിക്ട്‌ ലീഗൽ അതോറിറ്റിയിലും പരാതി നൽകിയിരുന്നു. തുടർന്ന്‌ കുറച്ച്‌ പേർക്ക്‌ 3,000 രൂപ ലഭിച്ചു. എന്നാൽ വീണ്ടും ഈ അനാസ്ഥ തുടർന്നുകൊണ്ടിരിക്കുകയാണ്‌. ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്നവർക്ക്‌ പുറത്ത്‌ പോയി മറ്റൊരു ജോലി ചെയ്യാനാകില്ല. മാത്രമല്ല ഇത്തരം കുട്ടികൾക്ക്‌ മരുന്ന്‌ വാങ്ങണമെങ്കിൽ തന്നെ വലിയൊരു തുക ആവശ്യമാണ്‌. ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ നൽകി വരുന്ന പെൻഷനും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്‌, അത്‌ മറ്റൊരു പ്രശ്‌നം. ഇതുമായി ബന്ധപ്പെട്ട്‌ മനുഷ്യാവകാശ കമ്മീഷനും ഡിസബിലിറ്റി കമ്മീഷനുമെല്ലാം നിരവധി പരാതികൾ ഞാൻ നൽകിയിരുന്നു. കേരള സർക്കാരിന്റെ നവകേരള സദസിലും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും യാതൊരു വിധത്തിലുള്ള ഇടപെടലുകളും ഇതിൽ നടത്തിയിട്ടില്ല”.

“തുകയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ട്‌ മാസങ്ങളോളം ഇത്‌ ശരിയാകാനായി കാത്തിരിക്കുന്നവരുമുണ്ട്‌. അപേക്ഷ നൽകിയിട്ട്‌ കാലതാമസം വരുന്നതിനാൽ പല അമ്മമാരും അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഈ സ്ഥാപനത്തിൽ വരാറുണ്ട്‌. ഞങ്ങൾ കോട്ടയത്ത്‌ നിന്നും തിരുവനന്തപുരത്ത്‌ പോയി സാമൂഹ്യ സുരക്ഷാ മിഷന്റെ ഓഫീസിൽ കയറിയിറങ്ങിയ ശേഷമാണ്‌ അവർ അപേക്ഷ സ്വീകരിക്കുന്നത്‌. അതാണ്‌ നമ്മുടെ ഓഫീസുകളുടെ അവസ്ഥ. ഇത്തരം പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ സാധാരണക്കാരെയാണ്‌. കാരണം, ഈ തുകയെ ആശ്രയിച്ച്‌ ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്‌. ആശ്വാസ കിരണം പദ്ധതി മാത്രമല്ല, സാധാരണക്കാർക്കായി ആവിഷ്‌കരിച്ച എല്ലാ പദ്ധതികളുടേയും അവസ്ഥ ഇത്‌ തന്നെയാണ്‌”, ജോജി മാത്യു അഴിമുഖത്തോട്‌ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ടാണ്‌ കൃത്യമായി ഫണ്ട്‌ നൽകാൻ കഴിയാത്തതെന്നാണ്‌ സാമൂഹ്യ സുരക്ഷ മിഷൻ പറയുന്ന വാദം. “2018 മുതലുള്ള അപേക്ഷകൾ ഒന്നും ഇപ്പോൾ പരിഗണിച്ചിട്ടില്ല. പെൻഡിങ്ങിൽ വെച്ചിരിക്കുകയാണ്‌. ഫണ്ട്‌ ലഭിക്കുന്നത്‌ അനുസരിച്ച്‌ തുക നൽകുന്നുണ്ട്‌. അല്ലാതെ മനപൂർവ്വം നൽകാതിരിക്കുന്നതല്ല. ഈ കഴിഞ്ഞ ഓണത്തിന്‌ ഞങ്ങൾ കുറച്ച്‌ തുക നൽകിയിരുന്നു. കിടപ്പ്‌ രോഗികളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചു. സാമ്പത്തിക ബുദ്ധിമുട്ട്‌ ഉള്ളതുകൊണ്ടാണ്‌ നിലവിൽ മുടങ്ങിയിരിക്കുന്നത്‌”, സാമൂഹ്യ സുരക്ഷ മിഷൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ പറഞ്ഞു.

അവകാശപ്പെട്ടവർക്ക്‌ സർക്കാരിൽ നിന്നും കൃത്യമായ ധനസഹായം ലഭിക്കാതെ വരുമ്പോൾ നിഷേധിക്കപ്പെടുന്നത്‌ ജനങ്ങളുടെ അവകാശമാണ്‌. ഭിന്നശേഷിക്കാരായ കുട്ടികളെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവരുടെ ശാരീരിക-മാനസികാരോഗ്യം ആരും ചർച്ച ചെയ്യുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ അവർക്ക്‌ ആശ്വാസമായേക്കാവുന്ന ധനസഹായം കൂടി ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്‌. Aswasakiranam project

Content summary:  The Aswasakiranam project has been overdue for years

Aswasakiranam Project kerala government samuhyasurakshamission 

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×