സംഘപരിവാർ വിമർശനങ്ങളുടെ വെട്ടേറ്റിട്ടും വീഴാതെ കുതിച്ചു കൊണ്ടിരിക്കയാണ് പൃഥ്വിരാജ് ചിത്രം ലൂസിഫർ. ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്ന ചിത്രത്തിലെ ഭാഗങ്ങളാണ് അസഹിഷ്ണുതകൾക്ക് കാരണം. ഗുജറാത്ത് കലാപത്തിന് പുറമേ കേരളത്തിലെ ഇടതു വലതുപക്ഷ പാർട്ടികളെയും ചിത്രം വിമർശിക്കുന്നുണ്ട് എന്നാൽ കോൺഗ്രസോ സിപിഎമ്മോ അതിനെതിരെ ഒരു തരത്തിലും രംഗത്തെത്തിയിട്ടില്ല. ഈ വിവാദ കാലത്ത് ചിത്രത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് സിപിഎമ്മാണെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ ഇതാ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കയാണ് എ എ റഹീം എംപി. ചിത്രത്തിനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണം മുൻനിർത്തിയാണ് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
രാജ്യസഭയിലെ മറ്റു സഭാ നടപടികൾ നിർത്തി വച്ചു കൊണ്ട് ഒരു വിഷയം ചർച്ച ചെയ്യുന്നതിനായി സെക്ഷൻ 267 പ്രകാരമുള്ള നോട്ടീസ് ആണ് നൽകുന്നത്. അത്തരത്തിൽ എമ്പുരാൻ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഞാൻ നോട്ടീസ് നൽകിയതെന്ന് എ എ റഹീം എംപി അഴിമുഖത്തോട് പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) എ. സ്പീച്ച് ആന്റ് എക്സ്പ്രഷൻ ഉറപ്പു നൽകുന്നുണ്ട്. ഇതിനെയുള്ള കടന്നാക്രമണമാണ് രാജ്യത്ത് നടന്നിരിക്കുന്നത്. സ്റ്റാന്റ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയും ഇതിനൊരു ഉദാഹരണമാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതുവെന്ന പേരിൽ വേട്ടയാടപ്പെടുന്നുവെന്ന അവസ്ഥ ഏറ്റവും ആപത്കരമായ സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിക്കുന്നതെന്ന് എ എ റഹീം വ്യക്തമാക്കി.
എമ്പുരാൻ വിഷയത്തിലേക്ക് വന്നാൽ മലയാളത്തിലെയും ഇന്ത്യയിലെയും തന്നെ അതികായരാണ് ഈ ചിത്രത്തിന്റെ ശില്പികൾ. അവർക്ക് പോലും ഇത്തരത്തിലുള്ള ഭീഷണികൾക്ക് മുമ്പിൽ വഴങ്ങി ചിത്രം വോളന്ററി സെൻസറിംഗിന് വിധേയമാക്കേണ്ടി വരുമ്പോൾ നാളെ എനിക്ക് എന്താണ് സംഭവിക്കുക. ഭയത്തിന്റെ ഒരു അന്തരീക്ഷമാണ് ഇത് രാജ്യത്ത് സൃഷ്ടിക്കുന്നത്. ഭയമല്ല ഭരണഘടനയാണ് പ്രധാനം, ഭയമല്ല ഭരണഘടനയാണ് രാജ്യത്തെ ഭരിക്കേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഇത്തരം കടന്നുകയറ്റം ചോദ്യം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത് പാർലമെന്റിൽ അവതരിപ്പിക്കുന്നതെന്ന് എ എ റഹീം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ അപ്രസക്തമാക്കുന്ന ഭാഗങ്ങൾ ചിത്രത്തിലുണ്ട്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടായിട്ടും പോയി ചിത്രം കാണുകയും ഇത്തരം ആക്രമണങ്ങൾക്ക് എതിരെ പിന്തുണ അറിയിക്കുകയും ചെയ്തു അതൊരു വലിയ സന്ദേശമാണ്. അതെല്ലാം ഇവർ മാതൃകയാക്കട്ടെ. മാനവികതയെയും ഭരണഘടന മൂല്യങ്ങളെയും ഉയർത്തി പിടിക്കാൻ കഴിയുന്ന ഇടത് പുരോഗമന ശക്തികൾ ഉയർന്നു വരണം.
ഗുജറാത്ത് വംശഹത്യത്തെ പുനർസൃഷ്ടിച്ചുള്ള രംഗങ്ങളാണ് ഇവരെ പൊള്ളിച്ചത്. മുൻ കാലങ്ങളിലും ഗുജറാത്ത് വംശഹത്യത്തെ പരാമർശിച്ച ചിത്രങ്ങളെടുത്തവർക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണിത്. രാജ്യത്ത് എത്രയോ കലാപങ്ങൾ നടന്നിട്ടുണ്ട്, ബോംബെ കലാപത്തെ പരാമർശിക്കുന്ന ചിത്രങ്ങളുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ കലാപങ്ങളെല്ലാം പല ചിത്രങ്ങളിലും പ്രമേയങ്ങളായി വരാറുണ്ട്. എന്നാൽ 2002ൽ സംഭവിച്ച ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്ന എമ്പുരാനിലെ ഭാഗങ്ങൾ മാത്രം ഇവരെ അസ്വസ്ഥരാക്കുന്നു, ഇതിനെതിരെ അക്രമണം അഴിച്ചു വിടുന്നു. എത്ര കേമനാണെങ്കിലും ഞങ്ങളം അസ്വസ്ഥരാക്കുന്ന വിഷയങ്ങളന്നും നിങ്ങൾ പറയാൻ നിൽക്കണ്ട എന്നൊരു നിലപാട് ആണിവിടെ സ്വീകരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള നഗ്നമായ ഇത്തരം കടന്നാക്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. ഒരു വശത്ത് വിദ്വേഷം വളർത്താൻ ആവശ്യമായ പ്രൊപ്പഗണ്ട ചിത്രങ്ങൾ മുന്നോട്ട് കൊണ്ടു വരുന്നു. ഭരണകൂടത്തെ വിമർശിക്കുന്ന കാര്യങ്ങൾക്ക് വിലക്കും ഏർപ്പെടുത്തുന്നുവെന്നും എ എ റഹീം പറഞ്ഞു
ഇപ്പോൾ ഒരു പുതിയ പദം തന്നെ വന്നിരിക്കയാണ് ദി വോളന്ററി സെൻസറിംഗ്. ശരിയാണ് കട്ട് ചെയ്യാൻ ആരും അവരോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഈ വോളന്ററി സെൻസറിംഗ് ഭയം കൊണ്ട് ഉത്പാദിപ്പിക്കുന്ന കാര്യമാണ്. നാളെ ഒരു കാര്യം എഴുതുമ്പോൾ, അഭിനയിക്കുമ്പോൾ എല്ലാം ഈ വോളന്ററിംഗ് സെൻസറിംഗ് മനസിൽ വച്ച് വേണം ചെയ്യാനെന്ന ചിന്ത രൂപപ്പെടുന്നു. പാർലമെന്റിന്റെ ആത്യന്തികമായ ലക്ഷ്യം സേഫ് ഗാർഡ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ആണ് . അത് പാർലമെന്റ് നിർവഹിക്കുമെന്ന് എ എ റഹീം വ്യക്തമാക്കി.
content summary: CPM Rajya Sabha M P A A Rahim send a letter to chair to take empuran movie controversy as a serious topic to discuss and he point out the cm’s stand on this