July 24, 2026 |

അമേരിക്കാനോ ഇനി കനേഡിയാനോ, ട്രംപിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കാനഡ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കാനഡ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കാനഡ. കാനഡയ്‌ക്ക് മേലുള്ള ട്രംപിന്റെ നടപടികൾക്കെതിരെ പ്രതിഷേധ സൂചകമായി കാനഡയിലെ ജനപ്രിയ പാനീയമായ അമേരിക്കാനോയുടെ പേര് മാറ്റി കനേഡിയാനോ എന്നാക്കി ഒട്ടാവയിലെ മോർണിംഗ് ഔൾ എന്ന കോഫി ഷോപ്പ്. ഗുരുതരമായ ഒരു സാഹചര്യത്തെ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചെറിയ മാറ്റം കൊണ്ടു വന്നതെന്ന് മോർണിംഗ് ഔൾ എന്ന കോഫി ഷോപ്പിന്റെ ഉടമ ടോഡ് സിംപ്‌സൺ പറയുന്നു. ഞങ്ങൾക്ക് ഇപ്പോൾ അമേരിക്കൻ ഉത്പന്നങ്ങൾ ഒന്നും ആവശ്യമില്ലെന്നും. ഞങ്ങളുടെ കനേഡിയൻ പൗരത്വം വ്യക്തമാക്കാൻ ഇതിലും നല്ല മറ്റൊരു മാർ​ഗമില്ലെന്നും ടോഡ് സിംപ്‌സൺ വ്യക്തമാക്കി. കോഫി ഷോപ്പുകളിലെ മെനു ബോർഡിൽ കനേഡിയാനോ എന്ന് എഴുതി ചേർത്തിട്ടുണ്ട്. കാനഡയുടെ പ്രതീകമായി അതിനടുത്തായി ചുവപ്പും വെള്ളയും നിറമുള്ള മേപ്പിൾ ഇലയുടെ ഒരു പതാകയും കൂട്ടിച്ചേർത്തിട്ടുണ്ട്. എസ്പ്രസ്സോയും ചൂടുവെള്ളവും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ പാനീയം വലിയ കോഫി ഷോപ്പുകളിൽ ലഭ്യമാകുന്ന ഒരു വിഭവമാണ്.

കോഫി ഷോപ്പിന്റെ ഈ നടപടിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് മറ്റ് നിരവധി കമ്പനികളും ഇതേ രീതി സ്വീകരിച്ചിട്ടുണ്ട്. ഇനി മുതൽ കാനഡയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ മാത്രം ഉപയോ​ഗിക്കൂവെന്നും അമേരിക്കൻ ഉത്പന്നങ്ങളെ പൂർണ്ണമായി ബഹിഷ്കരിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് മേൽ ഉയർന്ന് തീരുവ ചുമത്താനുള്ള യുഎസിന്റെ തീരുമാനത്തിനെതിരെയും, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാനുള്ള ട്രംപിന്റെ നീക്കത്തിലും അതൃപ്തി അറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയയിലെ കിക്കിംഗ് ഹോഴ്‌സ് കഫേ പുനർനാമകരണ പ്രചാരണം ആരംഭിച്ചു, മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെട്ടു.

ചരക്കുകൾക്ക് ഇറക്കുമതി നികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചടിയുമായി കാനഡയും രം​ഗത്ത് വന്നിരുന്നു. 155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായാൽ നികുതി ഒഴിവാക്കുമെന്നായിരുന്നു ട്രംപിൻ്റെ പരിഹാസം. കാനഡയ്ക്ക് നൂറുകണക്കിന് ബില്യൺ ഡോളറാണ് യുഎസ് സബ്സിഡിയായി നൽകുന്നത്. ഈ സബ്സിഡി ഇല്ലെങ്കിൽ കാനഡ ഒരു രാജ്യമായി തന്നെ നിലനിൽക്കില്ല. അതുകൊണ്ട് തന്നെ അമേരിക്കയുടെ സംസ്ഥാനമാവുകയാണെങ്കിൽ കാനഡയിലെ ജനങ്ങൾക്ക് മികച്ച സൈനിക സംരക്ഷണം നൽകുമെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതേസമയം ട്രംപിൻ്റെ നിലപാടിനെ കാനഡ തള്ളിയിരുന്നു.

content summary: a coffee shop in Canada made a different protest aganist trump

 

Leave a Reply

Your email address will not be published. Required fields are marked *

×