വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റിയും എസ്ഐഒയും ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ച് വിവാദത്തിന് കാരണമായിരിക്കയാണ്. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിൽ ഉയർത്തിപിടിച്ച മുസ്ലിം ബ്രദർഹുഡിന്റെയടക്കം തീവ്ര രാഷ്ട്രീയ ഇസ്ലാമിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളാണ് വിവാദത്തിന് കാരണമായത്. ഈജിപ്ത് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതിൽ തൂക്കിലേറ്റിയ ഇസ്ലാമിസ്റ്റ് നേതാവിനോട് ജമാഅത്ത് ഇസ്ലാമിക് ആരാധന തോന്നുന്നത് എങ്ങനെയാണെന്ന തരത്തിൽ ചർച്ചകൾ മുറുകുകയാണ്. ജനകീയ ആരാധനയിലേക്ക് ഇവരുടെ പേര് ചേർത്ത് വയ്ക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നു. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ സംഘപരിവാറിന്റെ ഹിന്ദുത്വ തീവ്രവാദത്തിനാണ് വഴിയൊരുക്കുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റി എസ്ഐഒ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടയാൻ ശ്രമിച്ചതിനിടയിൽ ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ മുന്നോട്ട് പോകാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ചിരുന്നു . വഖഫ് ഭേദഗതി ബില്ല് ഒരു കാരണവശാലും അനുവദിക്കില്ലെന്ന തരത്തിലുള്ള പ്രഖ്യാപനവുമായിട്ടായിരുന്നു സോളിഡാരിറ്റി-എസ്ഐഒ പ്രവർത്തകർ സംയുക്തമായി വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നത്. ഈ പ്രഖ്യാപനത്തിൽ നിന്ന് തന്നെ ഉദ്ദേശം ഏതാണ്ടൊക്കെ വ്യക്തമാണ്.
വഖഫ് ഇന്ത്യയിൽ സെക്യുലർ പക്ഷത്ത് നിൽക്കുന്ന മുഴുവൻ മനുഷ്യരും ഒരേ മനസ്സിൽ എതിർത്തത് സയ്യിദ് ഖുതുബിന്റെ ഇസ്ലാമിക് ബ്രദർ ഹുഡ് ആഗ്രഹിക്കുന്നതു പോലുള്ള ഇസ്ലാമിക രാജ്യ സംസ്ഥാപനത്തിനു വേണ്ടിയല്ല, മറിച്ച് ഇന്ത്യയുടെ വൈവിധ്യവും ബഹു സ്വരതയും നിലനിർത്താനാണെന്ന് അഡ്വ സി ഷൂക്കൂർ ഈ വിഷയത്തെക്കുറിച്ച് അഴിമുഖത്തോട് പ്രതികരിച്ചു. ഈ ഇസ്ലാമിസ്റ്റുകൾ ഇന്ത്യൻ മതേതര ശക്തിക്ക് വലിയ പരിക്കുകളാണ് ഏൽപിക്കുന്നത് , അവർ ഹിന്ദുത്വ വാദികൾക്ക് രാസത്വരകമായി പ്രവർത്തിക്കുകയാണെന്ന് അഡ്വ ഷുക്കൂർ കൂട്ടിച്ചേർത്തു.
യുഎപിഎ നിയമപ്രകാരമുള്ള നിരവധി നിരോധിത സംഘടനകളുണ്ട്. നിരോധിത സംഘടനകളെ പ്രെമോട്ട് ചെയ്യുന്ന തരത്തിൽ പ്രകടനം നടത്തുന്നതും നിയമപരമായി കുറ്റകൃത്യമാണ്. ഇന്ന് ലോകരാജ്യങ്ങൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി തീവ്രവാദ സംഘടനകളാണ്. ഈ സംഘടനയുടെയെല്ലാം അടിസ്ഥാനമെന്ന് പറയുന്നത് സയ്യിദ് ഖുത്തബിന്റെ സംഘടനയും കാഴ്ച്ചപ്പാടുമാണ്. ഈജിപ്ഷ്യൻ പ്രസിഡന്റിനെ വധിച്ച് അധികാരത്തിലെത്തിയ ഇവരുടെ ഐഡിയോളജി ലോക മുസ്ലിങ്ങൾക്ക് തന്നെ ഭീഷണിയാണെന്നും അഡ്വ ഷുക്കൂർ വ്യക്തമാക്കി.
ഹിന്ദുത്വ തീവ്രവാദികൾക്ക് അവരുടെ ആശയം മറ്റു മതവിശവാസികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു അവസരമാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് ഇന്ത്യയുടെ മതേത്വര ഘടനയെ ദോഷകരമായി ബാധിക്കും. അത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇന്ത്യയുടെ മതേതരത്വം നിലനിർത്തുന്നതിൽ സെക്യൂലർ ഹിന്ദുക്കൾക്ക് വലിയ പങ്കുണ്ട്. അത് തകർക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ നീക്കുന്നതെന്ന് അഡ്വ ഷുക്കൂർ പറഞ്ഞു.
നിയമത്തിന് വിരുദ്ധമായി ആരു പ്രവർത്തിച്ചാലും അതിനെതിരെ നടപടിയെടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ 20 എംപിമാരും രാജ്യസഭയിലെ ആറു എംപിമാരും ശക്തമായി എതിർത്ത ഈ നിയമ ഭേദഗതിയിൽ ഒരു ജാഥ നടത്തി പ്രത്യേക എതിർപ്പുണ്ടാക്കേണ്ടതിന്റെ കാര്യമില്ലെന്ന് അഡ്വ ഷുക്കൂർ വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ല് അവതരിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞു കൊണ്ട് ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം ഇവിടെ ഇങ്ങനൊരു പ്രതിഷേധം അപ്രസക്തമാണെന്ന് അഡ്വ ഷുക്കൂർ പറഞ്ഞു. ഈ വിഷയത്തിൽ സംഘടനകളെല്ലാം ഒരേ നിലപാട് സ്വീകരിക്കുമ്പോൾ മതപരമായി സംഘടിച്ച് തീവ്ര ഇസ്ലാമിസ്റ്റ് സംഘടകളുടെ നേതാക്കളുടെ ചിത്രം വച്ച് പ്രകടനം നടത്തിയതിന്റെ ഉദ്ദേശം സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയെന്നതാണ്. ഇടതുപക്ഷത്തെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കുകയെന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം, അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ടെന്നും അഡ്വ ഷുക്കൂർ കൂട്ടിച്ചേർത്തു
സോളിഡാരിറ്റിയുടേയും എസ്ഐഒയുടേയും നേതൃത്വത്തിൽ വഖഫ് ബില്ലിനെതിരെയുള്ള ഈ പ്രതിക്ഷേധത്തിൽ കണ്ടത് ഈജിപ്തിലെ മുസ്ലീം ബ്രദർ ഹുഡ് സ്ഥാപകൻ ഇമാം ഹസനുൽ ബന്ന, നേതാവ് സയ്യിദ് ഖുതുബ്, ഹമാസ് സ്ഥാപകൻ അഹമ്മദ് യാസിൻ, ഹമാസ് ഭീകരവാദി യഹിയ സിൻവാർ എന്നിവരുടെ ചിത്രങ്ങളായിരുന്നു. ഇതിൽ മുസ്ലിം ബ്രദർഹുഡ് നേതാവ് സയ്യിദ് ഖുതുബിന്റെ ചിത്രങ്ങൾ ഉയർത്തിയതിന് എതിരെ ആയിരുന്നു രൂക്ഷവിമർശനം ഉയർന്നത്. അൽഖ്വയ്ത അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് പ്രചോദനമായ വ്യക്തി ആയിരുന്നു സയ്യിദ് ഖുതുബ്. ഇന്ത്യയിലെ വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൾ നാസറിനെ വധിക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട സയ്യിദ് ഖുതുബിന് എന്താണ് കാര്യമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയരുന്നു. ഗമാൽ അബ്ദുളിന്റെ വധവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ ശിക്ഷിക്കപ്പെട്ട സയ്യിദ് ഖുതുബിനെ 1966 ഓഗസ്റ്റിലാണ് തൂക്കിക്കൊന്നത്. സയ്യിദ് ഖുതുബിന്റെ കൃതികൾ ഇന്ത്യയിലെ അലിഗഡ് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ പാഠ്യവിഷയമായിരുന്നെങ്കിലും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇത് പാഠ്യ പദ്ധതിയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഈജിപ്തിൽ രൂപം കൊണ്ട മുസ്ലിം ബ്രദർഹുഡെന്ന സംഘടനയുടെ സ്ഥാപകനായ ഇമാം ഹസനുൽ ബന്നയുടെ ചിത്രമായിരുന്നു കരിപ്പൂരിലെ പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടിയ മറ്റൊന്ന്. ആഗോളതലത്തിൽ തീവ്ര ഇസ്ലാമിസ്റ്റ് നിലപാടുകാർ നേതാവായി കാണുന്ന വ്യക്തിയാണ് ഇമാം ഹസനുൽ ബന്ന. 1948ൽ ഇസ്ലാം ബ്രദർഹുഡിനെ ഈജിപ്ത് സർക്കാർ നിരോധിച്ചതിന് മാസങ്ങൾക്ക് ശേഷം അജ്ഞാതന്റെ വെടിയേറ്റായിരുന്നു ഇമാം ഹസനുൽ ബന്ന മരണം. പലസ്തീനിലെ ഇസ്രയേൽ സൈനിക നടപടിയ്ക്കിടെ ഏറെ ചർച്ച ചെയ്യപ്പെട്ട പേരുകളായിരുന്നു ഹമാസ് സ്ഥാപകൻ അഹമ്മദ് യാസിൻ, ഹമാസ് ഭീകരവാദി യഹിയ സിൻവാർ എന്നിവരുടേത്. ഇസ്രയേൽ സൈനിക നടപടികളിൽ കൊല്ലപ്പെട്ട ഇരുവരുടേയും ചിത്രങ്ങൾക്കൊപ്പം പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ മുഴങ്ങിക്കേട്ടിരുന്നു. ആഗോളതലത്തിൽ തീവ്ര നിലപാടുകാരായി വിലയിരുത്തിയിരിക്കുന്ന ഇവരെ രാജ്യത്തെ പ്രതിഷേധങ്ങളിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം.
content summary:A controversy has erupted over the Solidarity SIO march at Karipur Airport against the Waqf Amendment Bill, due to the use of photos of Islamist leaders