ബലക്ഷയം സംഭവിച്ച എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം ആറുമാസത്തിനുളളിൽ പൊളിച്ചുനീക്കണമെന്ന് ഈ മാർച്ചിലാണ് കോടതി ഉത്തരവിടുന്നത്. മരട് ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽത്തന്നെയാവും ചന്ദർ കുഞ്ജ് ഫ്ളാറ്റുകളും പൊളിച്ചുനീക്കുക. പത്തു സെക്കന്‍റിനുളളിൽ 26 നിലകൾ തവിടുപൊടിയാകും. ഇതേസ്ഥലത്തുതന്നെ പുതിയ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കാനാണ് പദ്ധതി. ഫ്ലാറ്റ് സമുച്ചയം അപകടാവസ്ഥായിലാണെന്നും താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും കാണിച്ച് റിട്ടയർ ആർമി ഓഫീസറും ഫ്ലാറ്റിലെ താമസക്കാരിൽ ഒരാളുമായ സിബി ജോർജ് 2018ൽ ആരംഭിച്ച നിയമപോരാട്ടത്തിന്റെ ഫലമാണ് ഈ കോടതി വിധി. ഫ്ലാറ്റ് പൊളിച്ച് നീക്കാനുള്ള വിധി താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ചന്ദർ കുഞ്ജിലെ താമസക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല.
വൈറ്റിലയിലെ ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റ് സമുച്ചയം
മുപ്പത് വർഷത്തെ ആർമി ജീവിതം അവസാനിപ്പിച്ചാണ് ഞാനും കുടുംബവും 2020ൽ എറണാകുളത്തേക്ക് താമസം മാറുന്നത്. സർവ്വീസിലിരിക്കുന്ന സമയത്ത് ഇവിടെ വന്ന് ഫ്ലാറ്റിന്റെ നിർമ്മാണത്തെക്കുറിച്ച് വിലയിരുത്താനോ ഒന്നും സാധിച്ചിരുന്നില്ലെന്ന് സിബി ജോർജ് അഴിമുഖത്തോട് പ്രതികരിച്ചു. 2018ലാണ് ഫ്ലാറ്റിന്റെ ഉടമസ്ഥതാവകാശം കൈമാറുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിലൊന്നും തന്നെ ഞങ്ങളെ ഇടപെടുത്തിയിരുന്നില്ല. കേസ് നൽകിയതിന് ശേഷം അന്വേഷണം ആരംഭിച്ചപ്പോഴാണ് 2012ൽ ഫ്ലാറ്റിന്റെ നിർമ്മാണം ആരംഭിച്ചിരുന്നതായി ഞങ്ങൾ അറിയുന്നത്. ഞങ്ങളുടെ തന്നെ ഓർഗനൈസേഷനായ എഡ്ബ്ലുഎച്ച്ഒ വഴിയാണ് ഞങ്ങൾ കാര്യങ്ങളെല്ലാം നീക്കിയിരുന്നത്. ഫ്ലാറ്റിന്റെ ബുക്കിംഗ്, പേയ്മെന്റ് എല്ലാം തന്നെ കത്തിടപാടിലൂടെയാണ് നടത്തിയിരുന്നത്. 2018 ഉടമസ്ഥത കൈമാറ്റം ചെയ്തതിന് ശേഷം ഞങ്ങൾ ഫിസിക്കലി ഇൻവോൾമെന്റ് ഉണ്ടാവുന്നതെന്ന് സിബി ജോർജ്ജ് കൂട്ടിച്ചേർത്തു.
ഞങ്ങളെ സംബന്ധിച്ച് ഇതിലെ ബിൽഡർ ഞങ്ങളുടെ തന്നെ ഓർഗനൈസേഷനാണ്. അവരുമായാണ് ഞങ്ങൾ എല്ലാവിധ ഡിലീംഗ്സും നടത്തിയിരുന്നത്. ഫ്ലാറ്റ് നിർമ്മാണത്തിന്റെ കോൺട്രാക്ട് ഇവർക്ക് നൽകിയതും പൂർത്തിയാക്കിയതുമെല്ലാം എഡബ്ലുഎച്ച്ഒ ആയത് കൊണ്ട് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തവും അവർക്കാണ്. 2018ൽ ഉടമസ്ഥത ലഭിക്കുമ്പോൾ തന്നെ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഞാൻ ഒരു സിവിൽ എഞ്ചിനീയർ കൂടിയാണ്, സർവ്വീസിലിരിക്കുന്ന കാലത്ത് ഇത്തരം സിവിൽ പ്രോജക്ടുകൾ ചെയ്യിപ്പിച്ചിട്ടുണ്ട് ആ പരിചയം വച്ചാണ് ഫ്ലാറ്റ് നിർമ്മാണത്തിലെ അപാകതകൾ തിരിച്ചറിയുന്നത്. ഫ്ലാറ്റിന്റെ പല ഭാഗങ്ങളിലായുണ്ടായ വിള്ളൽ അന്നേ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. 2018ലെ മഴക്കാലത്ത് തന്നെ ബേസ്മെന്റിൽ ഈ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങി നിറഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴായി ഇവരെ അറിയിച്ചിരുന്നെങ്കിലും നടപടികളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് തങ്ങളുടേതെന്ന ധൈര്യമാണ് ഇവരെ നയിച്ചിരുന്നത്. അതിന്റെ ധാർഷ്ട്യം അവർ കാണിക്കുകയും ചെയ്തിരുന്നുവെന്ന് സിബി ജോർജ് പറഞ്ഞു.
വിള്ളൽ വീണ ഫ്ലാറ്റിന്റെ മേൽക്കൂര
മാസങ്ങൾ കടന്നു പോകുന്നതിന് അനുസരിച്ച് ഫ്ലാറ്റിനുണ്ടായിരുന്ന വിള്ളലും തകരാറും കൂടിക്കൊണ്ടിരുന്നു. ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ എന്റെ മുഴുവൻ പണവും നഷ്ടമാകുമെന്ന് ഞാൻ മനസിലാക്കി. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഈ ഫ്ലാറ്റിലേക്ക് മാത്രമായി ഏകദേശം 95 ലക്ഷത്തോളം രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. അത്രയും വലിയ ഒരു ഇൻവെസ്റ്റ്മെന്റ് നടത്തിയിട്ട് അത് കൈയിൽ നിന്ന് പോകുമെന്നുള്ള സ്ഥിതിയാണ്. സാധാരണ ഒരു റസിഡൻഷ്യൽ അസോസിയേഷന്റെ സ്വഭാവത്തിലല്ല ഇവിടുത്തെ അസോസിയേഷൻ പ്രവർത്തിക്കുന്നത്. റിട്ടയറായ ആർമി ഉദ്യോഗസ്ഥന്മാർ മുതൽ ഇപ്പോൾ സർവ്വീസിലിരിക്കുന്നവർ വരെ ഇവിടെ നിലവിൽ താമസിക്കുന്നുണ്ട്. അസോസിയേഷനെ പിന്താങ്ങുന്ന സമീപനമാണ് ഇവിടെ പലരും സ്വീകരിച്ചിരിക്കുന്നത്. 2020ലാണ് ഇത് സംബന്ധിച്ച് ഉപഭോക്തൃ കോടതിയിൽ ഞാൻ പരാതി സമർപ്പിക്കുന്നത്. ചഞ്ചേർകുഞ്ഞ് ഫ്ലാറ്റിന്റെ മൂന്ന് ബ്ലോക്കുകളിലുമായി 264 അപ്പാർട്ട്മെന്റുകളാണുള്ളത്. ഇതിൽ ആരും തന്നെ എന്നോടോ ഈ പരാതിയോടോ സഹകരിച്ചിട്ടില്ല. സർവ്വീസിലിരിക്കുന്ന ആളുകളും ഇവിടെ താമസിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചല്ലോ അത് തന്നെയാവാം അവരൊക്കെ ഈ പരാതിയെ പിന്തുണയ്ക്കാതിരിക്കുന്നതിന്റെ കാരണവും. ഈ കേസിൽ ഒരുപാട് അഴിമതി നടന്നിട്ടുണ്ട് അതിന്റെ ലാഭം പറ്റുന്നവരുമുണ്ടെന്ന് സിബി ജോർജ് പറഞ്ഞു
ഉപഭോക്തൃ കോടതിയിൽ നൽകിയിരിക്കുന്ന കേസ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. പല തവണയായി ഞാൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവരൊരു ഘടനാപരമായ പഠനം നടത്തി. ഈ പഠനത്തിലും തിരിമറി നടത്തി. ചെറിയ കേടുപാടുകളാണ് ഫ്ലാറ്റിനുള്ളതെന്നും വേഗത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുമെന്നുമാണ് പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഈ റിപ്പോർട്ടിനെതിരെയും ഞാൻ പരാതി നൽകുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ പുനർപഠനം നടത്താൻ തീരുമാനമായി. ഫ്ലാറ്റിന്റെ ബേസ്മെന്റിന് അതിഭീകരമായ തകരാറുകളാണുള്ളത്. തൂണുകളൊക്കെ പൊളിഞ്ഞ് പോരുകയും ലിഫ്റ്റിന്റെ ഭിത്തിയ്ക്ക് വിള്ളൽ സംഭവിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് പൊലീസിൽ പരാതി നൽകുന്നത്. ഇതിന് ശേഷമാണ് മരട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകുന്നത്. പൊലീസിന്റെ പൂർണ്ണ പിന്തുണ ഇവർക്കുണ്ട്. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയെ കേസുമായി ബന്ധപ്പെട്ട് ഞാൻ സമീപിച്ചിരുന്നു. കേസ് കൊടുത്തിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത വിവരം ഞാൻ കോടതിയെ അറിയിച്ചു. കേസിന്റെ സത്യാവസ്ഥ മനസിലാക്കിയ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിടുന്നത്. 2022ൽ രജിസ്റ്റർ ചെയ്ത് ചെയ്ത എഫ്ഐആറിനും ഇതുവരെ പുരോഗതിയുണ്ടായിട്ടില്ലെന്ന് സിബി ജോർജ് വ്യക്തമാക്കി.
നടത്തുന്ന ടെസ്റ്റുകളിലും ഇവർ തിരിമറി നടത്താൻ തുടങ്ങിയതോടെ ഞങ്ങൾ പണം സ്വരൂപിച്ച് ഐഐടിയിൽ നിന്ന് വിദഗ്ധ സംഘത്തെ എത്തിച്ചു, അവരോട് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. 2023ലണ് ഇത് സംഭവിക്കുന്നത്. ഈ വിദഗ്ധ സംഘമാണ് ഫ്ലാറ്റിനുള്ളത് ഗുരുതര പ്രശ്നങ്ങളാണെന്നും താമസക്കാരോട് ഉടനെ മാറിത്താമസിക്കണമെന്നും ആവശ്യപ്പെടുന്നത്. ഈ റിപ്പോർട്ടിനൊപ്പം ഒരു പെറ്റീഷൻ കൂടി തയ്യാറാക്കി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. ആ പെറ്റീഷന്റെ അടിസ്ഥാനത്തിൽ വന്ന വിധിയാണ് ഫ്ളാറ്റ് പൊളിച്ച് പണിയണമെന്നുള്ളത്.
ഫെബ്രുവരിയിൽ ഈ വിധി വന്നെങ്കിലും ഇതുവരെ ഞങ്ങളെ ഒഴിപ്പിക്കാനുള്ള തീരുമാനമുണ്ടായിട്ടില്ല. ഈ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണെമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിൽ അസോസിയേഷൻ ഒരു നിലപാട് സ്വീകരിക്കുമെന്ന് കരുതി ഞാൻ ക്ഷമയോടെ കാത്തിരുന്നു എന്നാൽ എനിക്ക് അനുകൂലമായി അവർ ഒരു നടപടിയും സ്വീകരിച്ചില്ല.
2020ലെ റിട്ടയർമെന്റിന് ശേഷം എറണാകുളം ലോ കോളേജിൽ അഡ്മിഷൻ നേടിയിരുന്നു ഈ കേസാണ് എനിക്ക് വക്കീലാവാനുള്ള പ്രചോദനം നൽകിയത്. പത്തനംത്തിട്ടയിലെ മല്ലപ്പിള്ളിയാണ് എന്റെ സ്വദേശം. കമ്മ്യൂണിറ്റി ലീവിങ് എന്നൊരു ആഗ്രഹം മുൻനിർത്തിയാണ് ഇങ്ങനെയൊരു പ്രോജക്ട് വരുന്നുവെന്ന് അറിഞ്ഞപ്പോൾ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്.
ഈ വിഷയത്തിൽ ഇപ്പോൾ രണ്ട് ആശങ്കകളാണ് നിലനിൽക്കുന്നത് ഒന്ന് വാടക തന്ന് ഒഴിപ്പിക്കണമെന്നത്, അതായത് ഫ്ലാറ്റ് പൊളിച്ച് പണിത് തീരുന്നത് വരെയുള്ള വാടക അസോസിയേഷൻ തന്നെ നൽകണം. ഒരു മാസം 40,000 രൂപയോളം വാടക വരുമ്പോൾ 1 വർഷത്തിനുള്ളിൽ ഏകദേശം 5 ലക്ഷം രൂപയോളം ഈ ഇനത്തിൽ ചിലവാകും. ഈ തുക ഞങ്ങൾക്ക് ഇതുവരെ ലഭിക്കുകയോ എന്ന് ലഭിക്കുമെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല. ആ തുക കിട്ടിയാലേ ഞങ്ങൾക്ക് മാറാൻ സാധിക്കൂ. കേസിൽ പുറത്തുവിട്ടിരിക്കുന്ന വിധിയുടെ കാര്യത്തിലും കുറച്ചു സംശയങ്ങളുണ്ട്. രണ്ട് ബ്ലോക്കുകൾ തകർക്കാനാണ് കോടതി ഉത്തരവ്. രണ്ട് ഫ്ലാറ്റിലും കൂടി ഏകദേശം 208 ആളുകളുണ്ട്. വീട്ടുകാരെല്ലാം നിരന്തരം ഞങ്ങളെ ബന്ധപ്പെട്ട് തിരികെ നാട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുന്നുണ്ട്. മഴക്കാലത്ത് ഈ ഫ്ലാറ്റിൽ ജീവിക്കുന്നതിൽ നല്ല ആശങ്കയുണ്ട്. ഓഗസ്റ്റിൽ മാറ്റി താമസിപ്പിക്കുമെന്നാണ് അറിഞ്ഞത് എന്നാൽ അക്കാര്യത്തിൽ എനിക്ക് വലിയ പ്രതീക്ഷകളില്ല.
റിട്ടയർമെന്റിന് ശേഷം സമാധാന ജീവിതം സ്വപ്നം കണ്ട ഞങ്ങൾ കടന്ന് പോകുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത മാനസിക സംഘർഷത്തിലൂടെയാണ്. ഉറക്കം പോലുമില്ലാത്ത രാത്രികളാണ്. ഞങ്ങളുടെ സ്ഥാനത്ത് നിന്ന് അനുഭവിച്ചാൽ മാത്രമേ ഈ വിഷയത്തിന്റെ തീവ്രത മനസിലാവൂ എല്ലാവർക്കും ഇതൊരു വാർത്തയായിരിക്കാം എന്നാൽ ഞങ്ങളുടെ ജീവിതമാണ് ഇവിടെ ചോദ്യചിന്ഹമാവുന്നത്.
content summary: A deteriorating Vyttila apartment has left a retired colonel fearing for his life as he wages a legal battle over the unsafe conditions
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.