‘കാലം’ എഴുതിയ ആ മനുഷ്യന്‍ കാലത്തേയും കടന്നുവെന്ന് തോന്നിയത് വര്‍ഷങ്ങള്‍ക്കുമുമ്പ് ‘കര്‍ക്കിടകം’ എന്ന ചെറുകഥ വായിച്ചപ്പോഴാണ്. കര്‍ക്കിടകത്തിലെ ‘ഉണ്ണി’ ഞാന്‍ തന്നെയാണെന്ന് തോന്നി. ഒരേ ഭാഷാ-സാംസ്‌കാരിക പരിസരത്തില്‍ ജീവിച്ചവരെങ്കിലും ഞങ്ങള്‍ക്കിടയില്‍ പതിറ്റാണ്ടുകളുടെ അകലം ഉണ്ടായിരുന്നു. എന്നിട്ടും എന്റെ കഥ ആ മനുഷ്യന് എവിടെ നിന്ന് കളഞ്ഞു കിട്ടി എന്നോര്‍ത്ത് അന്തിച്ചിരുന്നു. എം. ടി, എനിക്ക് ഒരു അത്ഭുതമായി തോന്നിയതും ആവേശമായി തോന്നിയതും ആ നിമിഷം മുതലാണ്. പുസ്തകത്തിലേ മേല്‍വിലാസത്തിലേക്ക് ഒരു കത്തയക്കണം എന്ന് തോന്നി. എന്നെ പരിചയപ്പെടുത്തിക്കൊണ്ടും ‘കര്‍ക്കിടക’മെന്ന കഥാനുഭവവും ചേര്‍ത്തു വിസ്തരിച്ച് എഴുതി. പക്ഷേ അയച്ചില്ല. അതിനുകൂടി ധൈര്യം വന്നില്ല. മിതഭാഷിയെന്നതിലുപരി മുനിയെപ്പോലെ മൗനത്തേ ഉപാസിക്കുന്ന, മനോരാജ്യമാണ്ടു കഴിയുന്ന ആ മനുഷ്യനെ ശല്യപ്പെടുത്തേണ്ട എന്നൊരു ഉള്‍വിളി ഉണ്ടായി.
18 ആണ്ടുകള്‍ക്കപ്പുറം എഴുതിയ കത്ത്, മേല്‍വിലാസക്കാരന് സമര്‍പ്പിക്കുകയാണ്;
15-11-2006
എളമ്പുലാശ്ശേരി
പ്രിയപ്പെട്ട എം. ടി വാസുദേവന്‍ നായര്‍ സാറിന്,
എന്റെ പേര് വിപിന്‍ദാസ്. പ്ലസ്ടൂനു പഠിക്കുന്നു. പാലക്കാടാണു നാട്. മണ്ണാര്‍ക്കാടിനും കരിമ്പുഴയ്ക്കും പുലാപ്പറ്റയ്ക്കും ശ്രീകൃഷ്ണപുരത്തിനും ഒക്കെ അരികില്‍ കിടക്കുന്ന സ്ഥലാണ്- എളമ്പുലാശ്ശേരിന്നു പറയും. പക്ഷേ അത്ര ഫേമസ് ഒന്ന്വല്ല. ശരിക്കു പറഞ്ഞാല്‍ എങ്ങനെ എഴുതി തുടങ്ങണം എന്നറിയില്ല. ഇതിനു മുമ്പൊരിക്കലും ഒരു എഴുത്തുകാരനും എഴുത്തയച്ചു പരിചയവുമില്ല. ഒരാള്‍ക്കും തന്നെ കത്തയച്ചു മുന്‍പരിചയമില്ല. അതുകൊണ്ടുതന്നെ വെട്ടിയും നിരത്തിയും ശങ്കിച്ചുകൊണ്ടുമാണ് ഈ കത്തെഴുതുന്നത്. ‘ബഹുമാനപ്പെട്ട’ എന്ന വാക്കോടുകൂടി തുടങ്ങിയതെങ്കിലും പിന്നെ തോന്നി ‘പ്രിയപ്പെട്ട’ എന്ന വാക്ക് മതിയെന്ന്. അമ്മയും അമ്മമ്മയുമൊക്കെ കത്തെഴുതുമ്പോള്‍ അങ്ങനെയാണ് തുടങ്ങാറ്. എല്ലാര്‍ക്കും ഫോണ്‍ കണക്ഷന്‍ ആയപ്പോള്‍ കത്തുകുത്തുകളൊക്കെ നിര്‍ത്തി. ഇപ്പോള്‍ അഞ്ചാറുകൊല്ലായി. ഞങ്ങള്‍ടെ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടി കഷ്ടി രണ്ടു കൊല്ലം ആവുന്നതേള്ളൂ. അതുവരെ ഞങ്ങള്‍ക്കുള്ള കോളുകള്‍ വരിക അടുത്തുള്ള ജയമാമയുടെ വീട്ടിലേക്കാണ്.
താങ്കളുടെ ‘നിന്റെ ഓര്‍മ്മയ്ക്ക്’ ഞങ്ങള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ടു. സാറിന്റെ ഒരുവിധം എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ജാനകിക്കുട്ടിയുടെ ഷൂട്ടിംഗ് കവളപ്പാറ കൊട്ടാരവളപ്പില്‍ നടക്കുമ്പോള്‍ ഞാന്‍ കാണാന്‍ വന്നീര്‍ന്നു. പക്ഷേ അപ്പോഴും സാറിനെ കാണാന്‍ പറ്റിയില്ല്യ. ആനക്കരെള്ള ന്റെ വല്യമ്മടെ വീട്ടിലേക്ക് പോവ്വാ കൂടല്ലൂര്‍ – മലമക്കാവ് ആ വഴിക്കാ. പോവുമ്പോള്‍ ഞാനും ഓപ്പേം സാറിനെ പറ്റി സംസാരിക്കാറുണ്ട്. സാര്‍ പഠിച്ച സ്‌കൂള്‍ ഒക്കെ കണ്ടു. മലമക്കാവ് അയ്യപ്പന്‍ കാവില്‍ ഇടയ്ക്ക് കയറി തൊഴാരുണ്ട്. എളമ്പുലാശ്ശേരീം ഞങ്ങടെ അച്ഛന്റെ നാടായ തടുക്കശ്ശേരിയുമൊക്കെ ഏറെക്കുറെ കാണാന്‍ ഈ കൂടല്ലൂര്‍ പോലിരിക്കും. പിന്നെ ഈ അടുത്ത് കഥാസമാഹാരത്തില്‍ നിന്ന് ‘കര്‍ക്കിടകം’ കഥ വായിച്ചു. എനിക്കു ഭയങ്കര ഇഷ്ടായിട്ട്വോ. ശരിക്കും കഥയല്ല, എന്റെ ജീവിതത്തില്‍ നിന്നും എടുത്ത പോലിരുന്നു. സാറിന് എന്റെ അനുഭവം എങ്ങനെ കഥയായി കിട്ടീന്നാ അതിശയം! ഞാന്‍ ആ അകൂര്‍പ്പത്തില് കഥ അമ്മയ്ക്കും വായിക്കാന്‍ കൊടുത്തു. പക്ഷേ അമ്മയ്ക്ക് എവിടെ വായിക്കാന്‍ എട? ഒടുക്കം ഞാന്‍ തന്നെ വായിച്ചു കൊടുത്തു. നമ്മള്‍ടെ കഥയാണെന്ന് അമ്മേം സമ്മതിച്ചു.
ഞങ്ങള്‍ അമ്മേം മക്കളും തറവാട്ടില്‍ വരുമ്പോള്‍ പത്തുപറക്കണ്ടോം ഉണ്ണാന്‍ കുറേപ്പേരും എന്ന പോലെയാണ് കാര്യങ്ങള്. കുടുംബക്കാരൊന്ന്വല്ല. പക്ഷേ നമ്മള്‍ടെ കുടുംബം പോലെത്തന്നെ വളരെ വേണ്ടപ്പെട്ട മനുഷ്യരാണ്. അവരുടെ സന്മനസ്സ് കൊണ്ടാണ് കൊടുക്കണതും വാങ്ങി നമ്മളെ സഹായിക്കാന്‍ നില്‍ക്കുന്നത് എന്നാണ് അമ്മ പറയാറുള്ളത്. എല്ലാര്‍ക്കും ഉണ്ണാന്‍ ആണെങ്കില്‍ കുറച്ചുള്ള കൃഷികൊണ്ടു കാര്യല്ല്യ. അതുകൊണ്ട് റേഷന്‍ അരി പുറമേന്നു വാങ്ങും. ജയന്‍മാമ തന്നെയാണ് റേഷന്‍പീടിക നടത്തിപ്പ്. ഉള്ളതില്‍ നല്ല അരി വരുമ്പോള്‍ ഞങ്ങള്‍ക്ക് കൊടുത്തയക്കാറുണ്ട്. പക്ഷേ എത്രയൊക്കെയായാലും റേഷനരിടെ മണവും നിറവും എനിക്കു ഇഷ്ടാവാറില്ല്യ. കര്‍ക്കിടകം കഥയില്‍ പറയുന്ന പുറമേന്നു മേടിക്കുന്ന ചാക്കരിടെ മാതിരി നാറ്റോം മഞ്ഞ നെറവും. കാര്യായിട്ട് കൂട്ടാന്‍ ഒന്നും ഉണ്ടാവാറില്ല ഇവിടേം. അമ്മമ്മയും അമ്മയും എന്തെങ്കിലും പടുകൂട്ടാന്‍ ഒപ്പിക്കും. സാധാരണ ദിവസം ഉപ്പേരിയൊന്നും ഉണ്ടാവില്ല. കറുവത്തുന്‍ കായയൊ മുരിങ്ങടെ ഇലയോ ഉണ്ണിപ്പിണ്ടിയോ ഒക്കെ ആയിട്ട് ഒന്നരാടമേ അതു പതിവുള്ളു. പപ്പടമൊക്കെ കാച്ചിയത് വേണച്ചാല്‍ ആണ്ടറുതികള്‍ വരണം. അല്ലെങ്കില്‍ വിരുന്നാര് വരണം. പക്ഷേ ചുട്ട പപ്പടത്തിനു വല്ല്യേ ക്ഷാമമൊന്നുല്ല്യ. മംഗലാംകുന്നില്‍ നിന്നു ചെട്ടിയാന്മാരുടെ പപ്പടം കിട്ടും. നല്ലതാ. പക്ഷേ ഗുരുവായൂര്‍ പപ്പടത്തിന്റെ സ്വാദ് ഒന്നൂല്ല്യ.
വീട്ടില് ആരെങ്കിലും വിരുന്നു വര്വാണെങ്കില്‍ സുഖായിരുന്നു. അമ്മ, ഞങ്ങളുടെ ബന്ധത്തില്‍ പെട്ട കിഴക്കേ കളത്തില്‍ ഉള്ളവരുടെ കൈയില്‍ നിന്നും കുത്തരിതന്നെ വാങ്ങിക്കും. അവര്‍ക്ക് കൊറേ പാടോം പറമ്പും ഒക്കെയുണ്ട്. നല്ല സ്ഥിതിയിലാണ്. രണ്ടു കൂട്ടാന്‍, രണ്ടുപ്പേരി, പപ്പടം കാച്ചീത്, പിന്നെ ഓലന്‍, കൂട്ടുകറി, അവിയല് പോലെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കും. അമ്മമ്മടെ പെന്‍ഷന്‍ കാശും അച്ഛന്‍ എപ്പോഴെങ്കിലും വഴിപാട് പോലെ കൊടുക്കുന്ന പൈസയും കൊണ്ടു അഷ്ടിച്ചാണ് അമ്മ വീട് മുന്നോട്ടു കൊണ്ടുപോയിരുന്നത് എന്നറിയില്ലായിരുന്നു. അതുകൊണ്ട് എന്നും ആരെങ്കിലൊക്കെ വിരുന്നു പാര്‍ക്കാന്‍ വരണേന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ട് അന്നൊക്കെ. ഈ പഴയ കാര്യം കഥടെ കൂട്ടത്തില്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്കു ചിരി. ഇപ്പോള്‍ ഞങ്ങള്‍ക്ക് അത്ര ബുദ്ധിമുട്ട് ഒന്നുമില്ല. ആര്‍ഭാടമില്ലെങ്കിലും അത്യാവശ്യം നന്നായി കഴിഞ്ഞുകൂടിപോകുന്നുണ്ട്. ആഹാരത്തിന്റെ കാര്യത്തില്‍ അങ്ങനെ പഴയ ദുരിതമൊന്നുമില്ല. എന്നാലും കഥ വായിച്ചപ്പോള്‍ ഞാന്‍ ആ പഴയ ദിവസങ്ങള്‍ ഓര്‍ത്തു. റേഷനരിച്ചോറില്‍ വെള്ളം ഒഴിച്ചു, കല്ലുപ്പ് ഇടും. കടിച്ചു കൂട്ടാന്‍ പച്ചമളകോ, ബോംബെ ഉള്ളി കഷ്ണമോ മാത്രം. അച്ഛന്റോടെ എന്നും കേമായിട്ടാണ് മൂന്നു നേരോം ഭക്ഷണം. അമ്മമ്മയ്ക്ക് അതു പറഞ്ഞാല്‍ പിടിക്കില്ല്യ. നാറ്റിപുളിച്ച ചോറും കൂടി കളയാന്‍ വിടില്ല്യ. ഒരു വറ്റിനു ഏഴു പഷ്ണി കടക്കണ്ടേരുമെന്ന് ശാസ്ത്രം പറഞ്ഞു പേടിപ്പിക്കും. അതൊക്കെ ഓര്‍ത്തുപോയി ‘കര്‍ക്കിടകം’ കൊണ്ട്. കഥ വായിച്ചപ്പോള്‍ ആദ്യം സാറിനോട് സംസാരിക്കാന്‍ തോന്നി. കൊറേ നമ്പര് തപ്പി നടന്നു. എവിടുന്നും കിട്ടീല്ല്യ. ഞങ്ങള്‍ക്ക് മലയാളം എടുക്കുന്ന മിനി ടീച്ചറിനോട് പറഞ്ഞപ്പോള്‍ മാതൃഭൂമിക്കാര്‍ടെ കൈയില്‍ കാണുമെന്ന് പറഞ്ഞു. അവിടെ കോഴിക്കോട്ടെ നമ്പര്‍ തരപ്പെടുത്തി. ഞാനും എന്റെ ചങ്ങാതി വിനുവും കൂടി വിളിച്ചു. എടുത്ത ആള് നമ്പര്‍ ഒന്നും അങ്ങനെ തരാന്‍ പറ്റില്ലാ എന്നാണ് പറഞ്ഞത്. രണ്ടാമത് വിളിച്ചാല്‍ വേറെ ആരെങ്കിലും എടുത്താലോ, അവര് നമ്പര്‍ തന്നാലോ കരുതി വിനു പറഞ്ഞിട്ട് ഞാന്‍ വീണ്ടും വിളിച്ചു. കാലക്കേടിനു ആദ്യെടുത്ത മൊശകോടന്‍ തന്നെ പിന്നേം എടുത്തു-
‘ നേര്‍ത്തെ വിളിച്ച കുട്ടിയല്ലേ, ഒരു വട്ടം പറഞ്ഞാല്‍ തിരിയില്ല്യേ? ‘
ഞാന്‍ പിന്നെ ഒന്നും പറയാതെ ഫോണ്‍ വച്ചു. എന്നാല്‍ വിനുവിനോടു ഒന്ന് വിളിച്ചു നോക്കാന്‍ പറഞ്ഞപ്പോള്‍ അവനു വല്ല്യേ പേടീം മടീം. അങ്ങനെയാണ് കത്ത് എഴുതാന്നു വിചാരിച്ചത്. അഡ്രസ്സ് പിന്നെ പുസ്തകത്തില് തന്നെ ഉണ്ടല്ലോ. അതിന് ആരുടേം അടീം കാലും പിടിക്കണ്ടല്ലോ. സമാധാനം. സാറും ആ കഥയിലെ കുട്ടിയായിരുന്നു അല്ലേ? ഓപ്പ പറഞ്ഞു, സാറിന്റെ ഇശ്ശിമുക്കാലും കഥകളില്‍ സാറിന്റെ സാനിധ്യം ഉണ്ടാവുമെന്ന്. പക്ഷേ ആ കഥയ്ക്കുള്ളില്‍ ഇപ്പോള്‍ ഞാനും ഉണ്ടെന്നു വിശ്വസിക്കുന്നു. ഒരുപാട് സന്തോഷം. ഒരുപാട് സ്‌നേഹം. ഈ കഥയ്ക്ക്.
സ്‌നേഹപൂര്‍വ്വം
വിപിന്‍ദാസ് ജി. A letter to MT Vasudevan Nair about his Karkidakam short story
Content Summary; A letter to MT Vasudevan Nair about his Karkidakam short story