രാജസ്ഥാനില്‍ പോലീസ് അതിക്രമം; റെയ്ഡിനിടെ ചവിട്ടേറ്റ് മരിച്ചത് നവജാത ശിശു

രഘുനാഥ്ഗഡ് ഗ്രാമത്തിലെ നൗഗാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്

രാജസ്ഥാനിൽ റെയ്ഡ് നടക്കുന്നതിനിടെ പോലിസുകാരന്റെ കാലിനടിയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പുലർച്ചെ നടന്ന പോലിസ് റെയ്ഡിനിടെയാണ് അമ്മയ്ക്കരികിൽ ഉറങ്ങിക്കിടന്ന കുഞ്ഞ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരെ കുടുംബം പരാതി നൽകി.

രഘുനാഥ്ഗഡ് ഗ്രാമത്തിലെ നൗഗാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇമ്രാൻ ഖാൻ എന്ന കൂലിത്തൊഴിലാളിയുടെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്. ഇമ്രാന്റെ വീട്ടിലേക്ക് പുലർച്ചെ മുന്നറിയിപ്പൊന്നുമില്ലാതെ എത്തിയ പോലീസ് സംഘം ഉറങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങൾക്കിടയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അമ്മയുടെ കൂടെ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കിടക്കുകയായിരുന്ന കുഞ്ഞ് പോലീസുകാരന്റെ കാലിനടിയിൽ പെട്ട് തൽക്ഷണം മരണപ്പെടുകയായിരുന്നു.

”ഞാൻ മകളുടെ കൂടെ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പെട്ടെന്നാണ് പോലീസുകാർ മുറിയിലേക്ക് കയറി വന്നത്. എന്നെയും ഭർത്താവിനെയും മുറിയിൽ നിന്ന് പുറത്താക്കി, അവർ എന്റെ കുഞ്ഞിന്റെ തലയിൽ ചവിട്ടി കൊന്നു.” കുഞ്ഞിന്റെ അമ്മ റസിദ പറഞ്ഞു. ഇത് കൊലപാതകമാണെന്നും തനിക്ക് നീതി കിട്ടണമെന്നും അവർ കൂട്ടിച്ചേർത്തു.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തി വരുന്ന പ്രചരണത്തിന്റെ ഭാഗമാണ് റെയ്ഡ് നടത്തുന്നത്. എന്നാൽ ഇത്തരം കേസുകളിലൊന്നും ഇതുവരെ പെടാത്ത ആളാണ് ഇമ്രാൻ.

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചെങ്കിലും ഉദ്യാഗസ്ഥർ പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചു. കുഞ്ഞിന്റെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും കുടുബം ആരോപിച്ചു. ആൽവാർ എസ്‌പി (റൂറൽ) യുടെ വസതിയിൽ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം വനിതാ പോലീസ് ഉദ്യോഗസ്ഥർ ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ടികാറാം ജൂലി കൊലപാതകത്തെ അപലപിക്കുകയും പോലീസ് ഭീകരരെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിക്കുകയും ചെയ്തു.

content summary; A Muslim infant was crushed to death under a policeman’s feet during a raid in Alwar, Rajasthan

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment