കേരളത്തിലെ ഒരു കാലത്തെ കൾട്ട് ഹീറോയായിരുന്നു സ്ഫടികം സിനിമയിലെ ആടുതോമ. കണക്ക് മാഷായ അപ്പൻ ചാക്കോ മാഷെ വെല്ലുവിളിച്ച് വീട് വിട്ടിറങ്ങി തല്ലുണ്ടാക്കിയും അപ്പന്റെ ജൂബ്ബായുടെ കയ്യ് വെട്ടിയും ആടിന്റെ ചോരകുടിച്ചും ആടുതോമ കയ്യടി നേടി. പക്ഷേ, ചിത്രമിറങ്ങി മൂന്ന് പതിറ്റാണ്ടിനിപ്പുറം ആടുതോമ ഹീറോ അല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ പറയുന്നത്. ചാക്കോ മാഷ് തന്നെയാണ് ശരിയെന്ന് കേരളത്തിൽ കൗമാരപ്രായക്കാർക്കിടയിൽ വർദ്ധിച്ച് വരുന്ന അക്രമവാസനകളുടെ പശ്ചാത്തലത്തിൽ ഭദ്രൻ ‘അഴിമുഖ’ത്തോട് പറഞ്ഞു.
താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ തലയ്ക്ക് ക്ഷതമേറ്റ് 15 വയസുകാരൻ മുഹമ്മദ് ഷഹബാസ് മരണപ്പെട്ട സംഭവത്തിന്റെ ചർച്ചയിലാണ് കേരളം. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങിയ സാഹചര്യമായതിനാൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ തീരുമാനത്തിനെതിരെയും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ബാലാവകാശ കമ്മീഷനെതിരെയും വിമർശനങ്ങൾ ഏറെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കമ്മീഷൻ ആവിഷ്കരിച്ച നിയമങ്ങളുടെ വീഴ്ചയാണ് ഈ സാഹചര്യങ്ങൾക്ക് കാരണമെന്ന വാദവും ഉയരുന്നുണ്ട്. 2016ൽ ആയിരുന്നു വിദ്യാർത്ഥികൾക്കെതിരെയുള്ള അധ്യാപകരുടെ ശാരീരിക ശിക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കുലർ പുറത്ത് വരുന്നത്. താമരശേരിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസും തൃപ്പൂണിത്തുറയിൽ സഹപാഠികളുടെ റാഗിംങ്ങിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മിഹിറും ഓർമ്മപ്പെടുത്തുന്നത് അധ്യാപക-വിദ്യാർത്ഥി ബന്ധത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെക്കുറിച്ചാണ്.
മനുഷ്യൻ വിദ്യാഭ്യാസവും രക്ഷകർതൃത്വവും ആരംഭിച്ചപ്പോൾ മുതൽ എന്നും ചാക്കോ മാഷ് മാത്രമായിരുന്നു ശരി, ഇപ്പോഴും ചാക്കോ മാഷ് തന്നെയാണ് ശരിയെന്ന് ഭദ്രൻ പറഞ്ഞു. തന്റെ മകൻ ആരാണെന്ന് തിരിച്ചറിവ് വേണ്ടവിധം ലഭിച്ചില്ല എന്നുള്ളതാണ് ചാക്കോ മാഷിന് ജീവിതത്തിൽ ആകെ പറ്റിയ ഒരേ ഒരു അബദ്ധം. തന്റെ മകന്റെ ഉള്ളിലുള്ള സാധ്യത മാഷിന് മനസ്സിലാക്കാൻ സാധിച്ചില്ല. മകന്റെ കണ്ടുപിടുത്തങ്ങളെല്ലാം ചാക്കോ മാഷിന് നിസ്സാര കണ്ടുപിടിത്തങ്ങൾ ആയിരുന്നു. കണക്ക് പഠിക്കണം കണക്കാണ് എല്ലാം എന്നുള്ള ഒരു മനോഭാവം ആയിരുന്നു ചാക്കോ മാഷിന്. തന്റെ മകൻ സ്ഫടികം ആയിരുന്നു താനാണ് അവനെ ചെകുത്താൻ ആക്കിയത് എന്ന തിരിച്ചറിവിൽ നിന്ന് ആകെ സംഭവിക്കുന്ന തെറ്റ് അദ്ദേഹം അവസാനം തിരുത്തുന്നുമുണ്ട്. അതുകൊണ്ടുതന്നെ സ്ഫടികം എന്ന സിനിമ ഒരിക്കലും ആടുതോമയുടെ കഥയല്ല ചാക്കോ മാഷിന്റേതാണ് ഭദ്രൻ പറഞ്ഞു.
നമ്മൾ കുഞ്ഞുങ്ങൾക്ക് ഒരുക്കി കൊടുക്കുന്ന സൗകര്യങ്ങൾ വൈകാരികത ഉള്ളതാവണം. അവർക്കു വേണ്ടുന്ന സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. ആദ്യത്തെ പക്ഷികൾക്ക് വേണ്ടി അവർ സ്വന്തം തൂവലുകൾ പറിച്ച് കൂടുണ്ടാക്കുന്നത് പോലെ നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെയും രൂപപ്പെടുത്തണം. കംഫർട്ട് സോൺ ആയിരിക്കണം അവർക്ക് നമ്മൾ നൽകേണ്ടത്. എവിടെയോ വായിച്ചു കേട്ടിരുന്നു ഒരുത്തന്റെ ഭാര്യയോടുള്ള പെരുമാറ്റം അനുസരിച്ച് ആയിരിക്കും അവരുടെ കുഞ്ഞുങ്ങൾ രൂപപ്പെടുന്നത്. അവളെന്റെ ഭാര്യയായതിനാൽ ഞാൻ ചെയ്യുന്ന അക്രമങ്ങളെല്ലാം അനുസരിക്കണം എന്ന എന്റെ നിലപാടിന് പുറത്തല്ല മക്കൾ ജീവിക്കേണ്ടത്. ഭാര്യയോട് കാണിക്കുന്ന പെരുമാറ്റം അനുസരിച്ച് ആയിരിക്കും നമുക്ക് കിട്ടുന്ന സ്ഥാനവും. മക്കൾക്ക് വളരാനുള്ള ഏറ്റവും നല്ല അന്തരീക്ഷം ഒരുക്കി കൊടുക്കണം. കുട്ടികളുടെ സ്വഭാവ നിർമ്മിതിയിലെ കുടുംബത്തിന്റെ പങ്കിനെ ഭദ്രൻ വ്യക്തമാക്കി.
തന്റെ അനുഭവങ്ങളാണ് ചാക്കോ മാഷെന്ന് ഭദ്രൻ പറയുന്നു. ചാക്കോ മാഷ് എന്ന കഥാപാത്രത്തിന്റെ നിർമ്മിതിയിൽ തന്റെ സ്കൂൾ കാലഘട്ടത്തിൽ താൻ വിധേയനായിട്ടുള്ള കുറേ സാഹചര്യങ്ങളെ ചേർത്തു ഇണക്കിയിട്ടുണ്ടെന്നും പഠനത്തോട് അത്ര താല്പര്യം ഇല്ലാത്ത ഒരാളും പഠനത്തിൽ ഒട്ടും മികവ് പുലർത്താത്ത ഒരു വിദ്യാർത്ഥിയുമായിരുന്നു താനെന്നും ഭഭ്രൻ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ പഠനത്തിനായി ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ സ്കൂളിലേക്ക് മാറ്റി. അവിടെ നിരവധി ചാക്കോ മാഷുമാരെ കണ്ടതായും എന്തു പറഞ്ഞാലും തല്ലുന്ന ഒരു അപ്പൻ തനിക്ക് ഉണ്ടായിരുന്നുവെന്നും ഇതെല്ലാം ആണ് ചാക്കോ മാഷ് എന്ന കഥാപാത്രത്തിന്റെ നിർമ്മിതിയിൽ തന്നെ സഹായിച്ചതെന്നും ഭദ്രൻ വ്യക്തമാക്കി. സ്കൂൾ കാലഘട്ടം സിനിമ കണ്ടു നടന്നതിനാൽ ഭദ്രന്റെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ്, പഠിക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. നൂതനമായ ടെക്നോളജികൾ ഉപയോഗിച്ച് സിനിമ നിർമ്മിക്കുമ്പോഴും പഠിക്കാൻ കഴിയാത്തതിന്റെ കുറ്റബോധം ഇപ്പോഴും ഉണ്ട്. നഷ്ടപ്പെടുത്തിയ കാലഘട്ടത്തെക്കുറിച്ചുള്ള ഭദ്രന്റെ വേദനയാണ് ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന സ്ഫടികത്തിലെ ഡയലോഗ് പറയാൻ ശ്രമിക്കുന്നത്.
സിനിമ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നു എന്ന സംവിധായകൻ കമലിന്റെ പരാമർശത്തോട് തനിക്ക് യോജിപ്പുണ്ടെന്ന് ഭദ്രൻ പറയുന്നു. ലോകത്തിന്റെ ആരംഭം മുതൽ ലോകത്തിന്റെ അവസാനം വരെ വയലൻസ് ഉണ്ടായിക്കൊണ്ടേയിരിക്കും. രണ്ടോ അതിൽ കൂടുതലോ മനുഷ്യർ ജീവിക്കുന്ന സാഹചര്യങ്ങളിൽ എല്ലാം വയലൻസ് സൃഷ്ടിക്കപ്പെടും. ഇത് വളരെ സ്വാഭാവികമാണ്. എന്നാൽ വയലൻസിനെ എങ്ങനെ കാണിക്കണം എപ്പോൾ കാണിക്കണം എന്നുള്ളതിലാണ് കാര്യം. സന്ദർഭോചിതമായിരിക്കണം ഇത്തരത്തിലുള്ള വയലൻസുകളെന്നും ഭദ്രൻ വ്യക്തമാക്കി. സിനിമയിലായാലും ജീവിതത്തിൽ ആയാലും സന്ദർഭോചിതം ആയിട്ടായിരിക്കണം ഇവന്റുകൾ സൃഷ്ടിക്കപ്പെടേണ്ടത്. സിനിമയിൽ വയലൻസ് കാണിച്ചു എന്നത് കൊണ്ട് മാത്രം ചിത്രം മോശമാണെന്നുള്ള നിലപാട് എനിക്കില്ല. സിനിമയ്ക്ക് ആയാലും കലയ്ക്ക് ആയാലും അടിസ്ഥാനമായ ഒരു സൗന്ദര്യം വേണം. ആ സൗന്ദര്യം ഇല്ലാതെ സിനിമകൾ ഉണ്ടാക്കിയിട്ട് കാര്യമില്ല. സിനിമയുടെ നിർമ്മിതിയിലെ വയലൻസിന്റെ അതിപ്രസരത്തെപ്പറ്റി ഭദ്രൻ പറഞ്ഞു. രണ്ടോ മൂന്നോ പേർ അധികമായി കൂടുന്ന സ്ഥലത്തേ ഒരു കഥ രൂപപ്പെടൂ. മനുഷ്യർ എപ്പോഴും കൂട്ടായി ജീവിക്കുന്നവരാണ്, നമ്മൾ സമൂഹജീവികൾ ആണ്. സമൂഹത്തിലാണ് കഥകൾ ഉണ്ടാവുന്നത്. അന്യോന്യം കണ്ടും കേട്ടും നമുക്ക് നഷ്ടപ്പെട്ടതെല്ലാം കൂട്ടി വായിച്ചും ആണ് കഥകൾ ഉണ്ടാവുന്നത്. എം ടി പറയുന്നതുപോലെ എന്റെ എല്ലാ കഥകളുടെയും സന്ദർഭം ഭാരതപ്പുഴയാണ്. പുഴയൊഴുകി പോയ വഴിയാണോ എംടിക്ക് കഥകൾ നൽകിയത് അല്ല പുഴയ്ക്ക് ചുറ്റും താമസിക്കുന്ന അല്ലെങ്കിൽ ഇരുകരകളിലും ജീവിക്കുന്ന മനുഷ്യരിൽ നിന്നാണ് കഥകൾ രൂപപ്പെട്ടത് ഭദ്രൻ കൂട്ടിചേർത്തു.
സിനിമയിൽ വയലൻസ് ഏതറ്റം വരെ, എങ്ങനെ കാണിക്കാം എന്നെല്ലാം ആലോചിക്കണം. ലഹരിയുടെ ഉപയോഗം നമ്മുടെ വിവേകത്തെ നമ്മുടെ ബ്രെയിനെ മന്ദീഭവിച്ച് കളയും, മനുഷ്യനെ മൃഗങ്ങളെ പോലെയാകും. മൃഗങ്ങൾ രക്തത്തിന്റെ മണമടിക്കുമ്പോൾ അവയെ മാന്തി പറിച്ചു കഴിക്കുന്നത് പോലെ മനുഷ്യൻ പെരുമാറും. അതിശക്തമായ ഒരു ഭരണമോ സംവിധാനമോ ഇവിടെ ഉണ്ടെങ്കിൽ നിമിഷ നേരം മതിയാവും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനെന്ന് ഭദ്രൻ പറഞ്ഞു. എവിടെയോ ഭാഗികമായി സംവിധാനത്തിന്റെ ഭാഗമായ ആളുകൾ ഇത്തരത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നുണ്ട്. സിസ്റ്റം കാര്യങ്ങൾ കുറച്ചു ഗൗരവത്തോടെ കണ്ടു പരിഹരിക്കണം. സിനിമകൾ ബഹിഷ്കരിച്ചാൽ ഇതിനൊരു പരിഹാരം കിട്ടുമെന്ന് തോന്നുന്നില്ല. സിനിമ ചെയ്യുന്ന ആളുകൾക്കും അത്തരത്തിലുള്ള സിനിമകൾ ഉണ്ടാവരുതെന്ന് ഒരു ബോധ്യം വേണം. റിസൾട്ട് ഓറിയന്റഡ് ആയിട്ടുള്ള കഥകൾ സിനിമകൾ വരുമ്പോഴാണ് അത് സമൂഹത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം ഉണ്ടാക്കുന്നത്. അവ ചലനാത്മകം ആയിട്ടുള്ള കഥകൾ ആയിരിക്കണം, ചലിച്ചു കൊണ്ടേയിരിക്കണം. നമ്മുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കുന്ന, ഉത്കണ്ഠ ഉണ്ടാക്കുന്ന എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കണം കഥകളിൽ ഭദ്രൻ വ്യക്തമാക്കി.
ഇന്നത്തെ കുട്ടികളുടെ സ്വാഭാവത്തിൽ വന്ന മാറ്റങ്ങൾക്ക് രണ്ടു കൂട്ടരെയാണ് പഴി പറയുന്നത്, ഒന്ന് സ്കൂളിലെ അധ്യാപകർ, എന്തിനുമേതിനും അവർ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നു. കുട്ടികളെ ഭയന്നിട്ട് ആണോ ഇവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് സംശയമുണ്ട്. കുട്ടികളെ ന്യായീകരിക്കുന്നതിൽ എനിക്ക് എതിർപ്പുണ്ട്. എനിക്കെന്റെ നാടിനോട് വെറുപ്പും വിദ്വേഷവും അറപ്പും തോന്നുകയാണ് ഇപ്പോൾ. ഇവരെ പരീക്ഷയെഴുതാൻ സമ്മതിച്ച നീതിപീഠത്തോടും
എതിർപ്പ് തോന്നുന്നു ഭദ്രൻ പറഞ്ഞു. പെട്ടെന്നുണ്ടായ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഇത്തരം സംഘർഷങ്ങളെ നമുക്ക് അംഗീകരിക്കാൻ സാധിക്കും. എന്നാൽ താമരശ്ശേരിയിലെ സാഹചര്യം അങ്ങനെ അല്ലായിരുന്നു. ഇത്തരം സംഭവങ്ങളിൽ രണ്ട് ആൾക്കാരാണ് കുറ്റക്കാർ ഒന്ന് ഭരിച്ചുകൊണ്ടിരിക്കുന്നവരും രണ്ട് വളർത്തിക്കൊണ്ടുവരുന്ന മാതാപിതാക്കളും. അധ്യാപകർക്ക് ഇതിൽ പങ്കില്ല എന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഏതൊക്കെയോ സമ്മർദ്ദത്തിന്റെ പുറത്ത് അവർക്ക് ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നു. അധ്യാപകരുടെയും ഭരണസംവിധാനത്തിന്റെയും ശ്രദ്ധ ഒരുപോലെ വന്നാൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും ഭദ്രൻ അഴിമുഖത്തോട് കൂട്ടിച്ചേർത്തു.
content summary: Director Bhadran says that Chacko Mash in the film Spadikam, is right in the context of the increasing violence among teenagers in Kerala