സ്കൂളിൽ പോയിട്ടില്ലാത്ത വഴിയോരക്കച്ചവടക്കാരിയായ ഒരു പാകിസ്ഥാനി പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. അതിന്റെ കാരണമെന്താണ് അറിയാമോ? പാകിസ്ഥാൻ സ്വദേശിയായ ഷുമൈല ഇംഗ്ലീഷ് അടക്കം ആറ് ഭാഷകൾ വളരെ അനായാസാമായി സംസാരിക്കും. ഉറുദു, സറൈയ്ക്കി, പഞ്ചാബി, പഷ്തോ, ചിത്രാലി തുടങ്ങിയവയാണ് ഷുമൈലക്ക് സംസാരിക്കാൻ കഴിയുന്ന മറ്റ് ഭാഷകൾ. പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഷബീർ ആണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സൂര്യകാന്തി വിത്തുകളും മറ്റ് സ്നാക്ക്സുകളും വിറ്റ് ഉപജീവനം നടത്തുന്ന ഷുമൈലയെ കണ്ടെത്തിയത്. ഡോക്ടർ സീഷൻ എന്നാണ് സീഷൻ ഷബീറിന്റെ സോഷ്യൽ മീഡിയയിലെ പേര്. Shumaila pak girl
ഹിന്ദുകുഷ് പർവ്വത നിരകളിലൂടെ ദിറിനെയും ചിത്രാലിനെയും ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു പാതയിൽ വെച്ചാണ് ഷുമൈലയെ സീഷൻ ഷബീർ കണ്ടുമുട്ടുന്നത്. ആകർഷകമായ ഭാഷാശൈലിയും വ്യക്തിത്വവുമുള്ള ഷുമൈലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഷുമൈലയോട് സ്വയം പരിചയപ്പെടുത്താൻ ഡോക്ടർ സീഷൻ ആവശ്യപ്പെട്ടപ്പോൾ വളരെ കൃത്യതയോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഷുമൈല എന്ന കൊച്ചു മിടുക്കി മറുപടി നൽകിയത്. അവളുടെ കച്ചവടത്തെക്കുറിച്ചും അവൾ വാചാലയായിരുന്നു. ഞാൻ നിലക്കടലയും സൂര്യകാന്തി വിത്തുകളുമാണ് വിൽക്കുന്നതെന്നും താങ്കൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ തന്നോട് പറയൂവെന്നും അവൾ ഡോക്ടർ സീഷനോട് പറയുന്നുണ്ട്.
എന്റെ പിതാവ് 14 ഭാഷകൾ സംസാരിക്കും. എനിക്ക് 6 ഭാഷകൾ സംസാരിക്കാൻ അറിയാം. ഞാൻ സ്കൂളിൽ പോയിട്ടില്ല,എന്റെ പിതാവാണ് എന്നെ പഠിപ്പിക്കുന്നത്, ഷുമൈല വീഡിയോയിൽ പറയുന്നു. തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും ഷുമൈല വീഡിയോയിൽ പറയുന്നുണ്ട്. തനിക്ക് അഞ്ച് അമ്മമാരും 30 സഹോദരങ്ങളുമുണ്ടെന്ന് ഷുമൈല പറഞ്ഞു. തന്റെ കുടുംബത്തിലെ എല്ലാവരും നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും തന്റെ സഹോദരങ്ങളിലൊരാൾ ഇംഗ്ലണ്ടിലെ ബിർമിംഗാമിലാണെന്നും ഷുമൈല പറഞ്ഞു. വീഡിയോ വൈറലായതോടെ ഷുമൈലയുടെ ആത്മവിശ്വാസത്തേയും സംരംഭകത്വ മനോഭാവത്തെയും പ്രശംസിച്ച് കൊണ്ട് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഉയർന്ന സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളേക്കാളും മികച്ച ഇംഗ്ലീഷ് പരിജ്ഞാനം ഷുമൈലക്കുണ്ടെന്നും അതിന് അവളുടെ പിതാവ് പ്രശംസയർഹിക്കുന്നുവെന്നും ഒരാൾ കമൻ്റ് ചെയ്തു. ഷുമൈല, നീ ഞങ്ങൾക്ക് അഭിമാനമാണെന്നും നിനക്ക് വേണ്ടി പുസ്തകങ്ങൾ അയക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മറ്റൊരാൾ കമന്റ് ചെയ്തു. ഷുമൈലയുടെ ജീവിതത്തെ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന് വ്ലോഗറെയും അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ വന്നിരുന്നു. Shumaila pak girl
Content Summary: A Pakistani girl who can speak six languages fluently without attending school
Shumaila Pakistani vlogger Zeeshan trending doctor zeeshan