ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയുടെ വിചാരണ നവംബർ 3ന് ആരംഭിക്കുമെന്ന് യുഎസ് ഫെഡറൽ കോടതി അറിയിച്ചു. കേസിൽ വാടക കൊലയാളിയ്ക്ക് നിഖിൽ ഗുപ്ത കൈമാറിയ പണം തെളിവായി പരിഗണിക്കുമെന്ന് ഫെഡറൽ ജഡ്ജി വ്യക്തമാക്കി.
ജൂണിലോ ജൂലൈയിലോ കേസിലെ വിചാരണ ആരംഭിക്കണമെന്ന് മുൻപ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ജഡ്ജി വിക്ടർ മറാറോ പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇരു വിഭാഗങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് വിചാരണ നവംബറിലേക്ക് നീട്ടിയത്. നവംബർ 3ന് ആരംഭിക്കുന്ന വിചാരണ ഏകദേശം ഒരാഴ്ചയോളം നീണ്ടു നിൽക്കും. വിചാരണ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം കേസിൽ കണ്ടുകെട്ടിയ പണം സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ, പ്രോസിക്യൂഷന് അപേക്ഷ നൽകിയിരുന്നു. 2023 ജൂണിലാണ് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ വാടക കൊലയാളിയ്ക്ക് നിഖിൽ ഗുപ്ത പണം കൈമാറുന്നത്. കേസിൽ നിഖിൽ ഗുപ്ത കുറ്റം ചെയ്തതായി കണ്ടെത്തിയാൽ കേസിലെ തെളിവായി കണ്ടെത്തിയ പണം കണ്ടുകെട്ടുമെന്ന് കോടതി ഉത്തരവിൽ പറയുന്നു. കേസിൽ തെളിവായി കണ്ടെത്തിയ പണം കൈകാര്യം ചെയ്യുന്നതിൽ കോടതിയ്ക്കുള്ള അധികാരം വ്യക്തമാക്കുന്നതാണ് ഈ ഉത്തരവ്. കൃത്യം നടത്തുന്നതിനുള്ള പ്രതിഫലം താൻ ഒരു വ്യക്തിയുടെ കൈവശം കൊടുത്ത് അയച്ചിട്ടുണ്ടെന്ന് നിഖിൽ ഗുപ്ത വാടക കൊലയാളിയെ അറിയിച്ചതായി 2024ൽ സമർപ്പിച്ച കേസിലെ കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ കാറിലിരുന്ന് പണം കൈപ്പറ്റുന്ന രണ്ടു വ്യക്തികളുടെ ചിത്രവും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ന്യൂയോർക്കിലെ 27ആം സ്ട്രീറ്റിലെ 11ആം അവന്യൂവിൽ താമസിക്കുന്ന വ്യക്തിയിൽ നിന്ന് 2023 ജൂൺ 9നാണ് പണം കണ്ടെത്തിയതെന്ന് സർക്കാർ അപേക്ഷയിൽ പറയുന്നു. ഇന്ത്യയുടെ എക്സ്റ്റേണൽ ഇന്റലിജൻസ് ഏജൻസിയിലെ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിന്റെ നിർദ്ദേശപ്രകാരം കൊല നടത്താൻ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ചാണ് നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്തത്. കോടതി രേഖകളിൽ ആരെയാണ് വധിക്കാൻ ഉദ്ദേശിച്ചതെന്ന് പരാമർശിക്കുന്നില്ലെങ്കിലും ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെയാണ് ലക്ഷ്യം വച്ചിരുന്നതെന്നാണ് വിലയിരുത്തൽ. ചെക് റിപബ്ലിക്കിലെ പ്രാഗിൽ വച്ച് 2023 ജൂണിലാണ് നിഖിൽ ഗുപ്ത അറസ്റ്റിലാവുന്നത്. കേസിൽ അറസ്റ്റിലായ നിഖിൽ ഗുപ്തയെ 2024 ജൂണിൽ യുഎസിന് കൈമാറുകയും ചെയ്തു. അമേരിക്കൻ പൗരൻമാരെ വധിക്കാനുള്ള ശ്രമത്തെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിക്കവെ യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് അന്ന് കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിൽ ഗുപ്ത പ്രവർത്തിച്ചതെന്ന തരത്തിലുള്ള ആരോപണങ്ങളുമുയർന്നിരുന്നു. റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണ് നിഖിൽ ഗുപ്തയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു.
content summary: A U.S. federal judge has set the trial of Indian national Nikhil Gupta to start on November 3