January 18, 2025 |
Share on

മുഖ്യമന്ത്രിയുടെ വസതിയിൽ എഎപി നേതാക്കളെ പ്രവേശിപ്പിച്ചില്ല; ഡൽഹിയിൽ സംഘർഷം

എഎപി എംപി സഞ്ജയ് സിങ്ങിനെയും മന്ത്രി സൗരഭ് ഭരദ്വാജിനെയുമാണ് ഡൽഹി പൊലീസ് തടഞ്ഞത്

ഡൽഹിയിൽ എഎപി നേതാക്കളും പൊലീസും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുന്നതിൽ നിന്ന് എഎപി എംപി സഞ്ജയ് സിങ്ങിനെയും മന്ത്രി സൗരഭ് ഭരദ്വാജിനെയും ഡൽഹി പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പൊലീസും എഎപി നേതാക്കളുമായുള്ള ഈ സംഘർഷം എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ്. Conflict in Delhi

അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി ഉയർന്ന തുക ചിലവാക്കിയിരുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപിയുടെ അവകാശവാദത്തിനെതിരെ പ്രതിഷേധിക്കാൻ ഒരു മാധ്യമ പര്യടനം എഎപി നേതാക്കൾ ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഭാ​ഗമായാണ് മാധ്യമങ്ങളുമായി എഎപി നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്.

പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് എഎപി നേതാക്കൾ പൊലീസുമായി വാക്കുതർക്കത്തിൽ എത്തുകയും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ധർണ നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ വസതി സന്ദർശിക്കാൻ ഒരു മന്ത്രിക്കും എംപിക്കും എന്തിനാണ് അനുമതിയുടെ ആവശ്യമെന്ന് മന്ത്രി സൗരഭ്
ഭരദ്വാജ് ചോദിച്ചു.

എഎപി നേതാക്കളെ തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ജലപീരങ്കിയടക്കം സജ്ജമാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നാണ് ഉന്നത തലത്തിൽ നിന്നുള്ള ഉത്തരവ് എന്നാണ് പൊലീസും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും പറയുന്നത്. ഞാനൊരു മന്ത്രിയാണ് എന്ന് പറഞ്ഞിട്ടും അവർ കടത്തിവിടാൻ തയ്യാറായില്ല. പൊലീസിൻ്റെ നടപടികളിൽ ബിജെപി ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും, സൗരഭ് ഭരദ്വാജ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രിയുടെ വസതി നവീകരിക്കാൻ അരവിന്ദ് കെജ്‌രിവാൾ 40 കോടി രൂപ ചെലവഴിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ബിജെപിയുടെ അവകാശവാദത്തെ എഎപി നിഷേധിച്ചു. ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുഖ്യമന്ത്രിയുടെ വസതി സന്ദർശിച്ച് അമിതമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എഎപി നേതാക്കൾ ബിജെപിയെ വെല്ലുവിളിച്ചു.

ബിജെപി പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. നവീകരണത്തിനായി അമിത തുക ചിലവാക്കി എന്ന് പറഞ്ഞുകൊണ്ട് ബിജെപി ദിവസവും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുന്നു. എന്നാൽ അത് തെളിയിക്കുന്നതിനായി ഞങ്ങൾ മാധ്യമങ്ങളുമായി എത്തിയപ്പോൾ ബാരിക്കേഡുകൾ സ്ഥാപിച്ച് അവർ ഞങ്ങളെ തടയുന്നു. ബിജെപി ആരോപിക്കുന്ന നീന്തൽക്കുളവും ബാറും ഞങ്ങളെ കാണിക്കുവെന്നും എന്തിനാണ് ഞങ്ങളെ തടയാൻ ബാരിക്കേഡ് സ്ഥാപിച്ചതെന്നും എംപി സഞ്ജയ് സിംഗ് ചോദിച്ചു. ഡൽഹിയിൽ 70 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പാണ് ഫെബ്രുവരി 5 ന് നടക്കുക. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ. Conflict in Delhi


Content summary: AAP leaders not allowed at CM’s residence; Conflict in Delhi

 AAP delhi arvind kejriwal delhipolice 
×