June 18, 2025 |
Share on

ഉന്നം പിഴക്കാതെ ആഷിഖ്സ് ക്ലബ്ബ്

2024 ൽ പരാജയങ്ങളെ മറികടന്ന് മികച്ച ഒരു തിരിച്ചു വരവാണ് റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലൂടെ ആഷിഖ് അബു നടത്തിയിരിക്കുന്നത്

2010ന്റെ തുടക്കത്തിലാണ് ന്യൂ വേവ് ഇൻ മലയാളം സിനിമ എന്ന ട്രെൻഡ് ആരംഭിക്കുന്നത്. എന്നാൽ ന്യൂ വേവ് എന്ന പദം കൂടുതൽ ചർച്ചയായത് 2015 മുതലാണ്. കഥ പറയുന്ന രീതിയിലുള്ള മാറ്റവും കഥാപാത്രങ്ങളുടെ അവതരണവും 2010 ന് ശേഷമുള്ള സിനിമകൾ പ്രേക്ഷകർക്കിടയിൽ പുതിയ അനുഭവം നൽകിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അമൽ നീരദ് തുടങ്ങിയ സംവിധായകരാണ് ഇതിന് തുടക്കമിട്ടത്. ഈ സംവിധായകരുടെ നിരയിൽപ്പെട്ട ഒരാളായിരുന്നു ആഷിഖ് അബു. മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ആഷിഖ് അബുവിന്റെ കഴിഞ്ഞ വർഷങ്ങളിലെ സിനിമകൾ വാണിജ്യ വിജയം നേടിയിരുന്നില്ല. എന്നാൽ 2024 ൽ പരാജയങ്ങളെ മറികടന്ന് മികച്ച ഒരു തിരിച്ചു വരവാണ് റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലൂടെ ആഷിഖ് അബു നടത്തിയിരിക്കുന്നത്. Aashiq Abu

സംവിധായകൻ കമലിന്റെ സഹസംവിധായകനായി ദീർഘകാലം പ്രവർത്തിച്ച ആഷിഖ് അബു 2009ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‍ഡാഡി കൂൾ ആണ് ആഷിഖ് അബുവിന്റെ ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഒരു സ്റ്റൈലിഷ് സംവിധായകനെന്ന പേര് ആഷിഖ് അബു സ്വന്തമാക്കിയിരുന്നു. ആദ്യത്തെ ചിത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമായിരുന്നു രണ്ടാമത്തേത്ത്. 2011ൽ പുറത്തിറങ്ങിയ സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിലൂടെ പ്രണയത്തെ വളരെ മനോഹരമായ രീതിയിലാണ് ആഷിഖ് അബു അവതരിപ്പിച്ചത്.

സാൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വളരെ വ്യത്യസ്തമായൊരു ചിത്രവുമായാണ് 2012ൽ ആഷിഖ് അബു എത്തിയത്. 2012ൽ റിലീസ് ചെയ്ത 22 ഫീമെയിൽ കോട്ടയം എന്ന സിനിമ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ജനശ്രദ്ധയാകർഷിച്ചിരുന്നു. ആ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയായി 22 ഫീമെയിൽ കോട്ടയം മാറി. അതോടെ മലയാളത്തിലെ മുൻനിര സംവിധായകരുടെ പട്ടികയിൽ ആഷിഖ് അബു ഇടംപിടിച്ചു.

പിന്നീട് ഡാ തടിയാ, ഇടുക്കി ഗോൾഡ്, ഗ്യാങ്സ്റ്റർ, റാണി പദ്മിനി, മായാനദി, വൈറസ്, നാരദൻ, നീലവെളിച്ചം അങ്ങനെ നീളുന്നു ആഷിഖ് അബു എന്ന സംവിധായകന്റെ സിനിമകൾ. എന്നാൽ സംവിധായകനായി മാത്രമല്ല ആഷിഖ് അബു മലയാള സിനിമയിൽ തിളങ്ങിയത്. സിനിമ നിർമാതാവ്, വിതരണക്കാരൻ, അഭിനേതാവ് എന്നീ നിലകളിലും തന്റെ സാന്നിധ്യം അറിയിച്ചു. ടൊവിനോ തോമസിനെ നായകനാക്കി 2022ൽ സംവിധാനം ചെയ്ത നാരദൻ വലിയ വിജയം നേടിയിരുന്നില്ല. 2023ൽ പുറത്തിറങ്ങിയ നീലവെളിച്ചവും പരാജയമായിരുന്നു. ആഷിഖ് അബു എന്ന സംവിധായകന്റെ സിനിമകൾ ഔട്ട് ഡേറ്റായി എന്ന സംസാരങ്ങളും വന്നിരുന്നു. എന്നാൽ അവയെ എല്ലാം തിരുത്തി കെണ്ടാണ് റൈഫിൾ ക്ലബ് എന്ന സിനിമയുമായി ഒരു വമ്പൻ തിരിച്ചു വരവ് ആഷിഖ് നടത്തിയിരിക്കുന്നത്.Aashiq Abu

Content Summary: Aashiq Abu makes his comeback with the movie The Rifle Club
Aashiq abu rifle club malayalam movie

Leave a Reply

Your email address will not be published. Required fields are marked *

×