March 17, 2025 |

ബ്രിട്ടീഷ് എംപി ഫ്രം കോട്ടയം

ചരിതം കുറിച്ച് ലേബർ എംപി സോജൻ ജോസഫ്

യുകെയിലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം നേടിയപ്പോൾ, കോട്ടയത്തെ ഓണംതുരുത്തെന്ന കൊച്ചു ഗ്രാമത്തിലാണ് ആഘോഷം മുഴുവൻ. ആഷ്‌ഫോർഡിൽ നിന്ന് ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 49 കാരനായ സോജൻ ജോസഫിൻ്റെ നാടെങ്ങും ആഘോഷമാണ്. കഴിഞ്ഞ 139 വർഷമായി കൺസർവേറ്റീവ് പാർട്ടിയാണ് ആഷ്‌ഫോർഡ് നിയന്ത്രിക്കുന്നത് എന്നതുകൊണ്ട് തന്നെ സോജൻ ജോസഫിൻ്റെ അട്ടിമറി വിജയം അത്രമേൽ മധുരമുള്ളതാണ്. 74,000 വോട്ടർമാരുള്ള മണ്ഡലത്തിൽ മറ്റ് അഞ്ച് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ടാണ് സോജന്റെ വിജയം നേടിയത്. 15,262 വോട്ടുകളാണ് സോജൻ ജോസഫിന് ലഭിച്ചത്. തെരേസ മേയ് മന്ത്രിസഭയിൽ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രി ചുമതലയും വഹിച്ച മുതിർന്ന നേതാവായ ഡാമിയൻ ഗ്രീനായിരുന്നു സോജന്റെ പ്രധാന എതിരാളി. സോജൻ ജോസഫിന് 15,262 വോട്ടുകൾ (32.5 ശതമാനം) ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി ഡാമിയൻ ഗ്രീനിന് 13,484 വോട്ടുകൾ (28.7 ശതമാനം) മാത്രമാണ് ലഭിച്ചത്.

സോജൻ ജോസഫിന്റെ വലിയ നേട്ടം ആഘോഷിക്കാൻ കുടുംബം മുഴുവൻ അദ്ദേഹത്തിന്റെ തറവാട്ടിൽ ഒത്തുകൂടിയിരിക്കുകയാണ്. കൺസർവേറ്റീവുകളുടെ കുത്തകയായ ആഷ്‌ഫോർഡിൽ സോജന് ജയിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, വിജയ വാർത്ത അദ്ദേഹം നേരിട്ട് വിളിച്ചാണ് അറിയിച്ചതെന്നും സോജൻ ജോസഫിൻ്റെ ഭാര്യാ സഹോദരൻ ജോസഫ് പാലത്തിങ്കൽ പറഞ്ഞു.

മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയായ സോജൻ ജോസഫ് 2001 നവംബറിലാണ് യു കെ യിലേക്ക് താമസം മാറിയതും ആഷ്‌ഫോർഡിലെ വില്യം ഹാർവി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചതും. ആഷ്‌ഫോർഡിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ അറിയപ്പെടുന്ന വ്യക്തിയായി മാറിയ അദ്ദേഹം കഴിഞ്ഞ വർഷം എയിൽസ്‌ഫോർഡിലേക്കും ഈസ്റ്റ് സ്റ്റൂർ വാർഡിലേക്കും ലേബർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റി എത്‌നിക് കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ബിഎഎംഇ യുടെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥനായി അദ്ദേഹം പ്രവർത്തിക്കുന്നുമുണ്ട്.

നഴ്‌സായ ഭാര്യ ബ്രൈറ്റിയും മൂന്ന് മക്കളുമടങ്ങുന്നതാണ് സോജന്റെ കുടുംബം. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ് മാർച്ചിലാണ് അദ്ദേഹം അവസാനമായി കോട്ടയത്തെത്തിയത്. സോജന്റെ അടുത്ത വരവ് ഗംഭീര ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് നാടും നാട്ടുകാരും.

‘ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. തെരെഞ്ഞെടുപ്പ് ഫലം അറിയുന്നതിന് വേണ്ടി രാത്രി മുഴുവൻ ഞങ്ങൾ ഉണർന്നിരിക്കുകയായിരുന്നു. ഇത്രയും വലിയ തെരഞ്ഞെടുപ്പിലെ സോജന്റെ വിജയം ഞങ്ങളുടെ അഭിമാനമുയർത്തുന്നതാണ്’, സോജന്റെ പിതാവ് ജോസഫിന്റെ വാക്കുകൾ. 86 കാരനായ ജോസഫ് കർഷകനും കൂടിയാണ്.

ഇന്ന് രാത്രി ഒരു ചരിത്ര നിമിഷമാണെന്നാണ് വിജയത്തിന് ശേഷം സോജൻ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. റോഡുകൾ മെച്ചപ്പെടുത്താനും ആഷ്‌ഫോർഡിലെ ചെറുകിട ബിസിനസുകളെ സഹായിക്കാനുമാണ് താൻ പദ്ധതിയിടുന്നതെന്നും സോജൻ കൂട്ടിച്ചേർത്തു.

content summary ; Labour Party’s Sojan Joseph wins British Parliament seat

×