UPDATES

സിനിമ

പറക്കും ഈ എബി

കുട്ടികളോട് നമ്മുടെ വിദ്യാഭ്യാസ സംവിധാനവും മാതാപിതാക്കളും ചെയ്യുന്നതെന്ത് എന്ന വലിയ ചോദ്യമുണ്ട് ഈ ചിത്രത്തില്‍; ഉത്തരവും

                       

കുഞ്ഞായിരിക്കുമ്പോള്‍ എബിയ്ക്ക് ആ നാട്ടിലെ ഒരു സാത്വികനായ ബുദ്ധിജീവി ഒരു കഥ പറഞ്ഞു കൊടുക്കുന്നുണ്ട്. പണ്ട് എല്ലാ ജീവജാലങ്ങളും മനുഷ്യരും ഒക്കെ പക്ഷികളെ പോലെ പറക്കുമായിരുന്നു. ഒരിക്കല്‍ ദൈവം എല്ലാ ജീവികളോടും താഴെ ഇറങ്ങാന്‍ പറഞ്ഞു. പക്ഷേ ആരും അനുസരിച്ചില്ല. കോപാകുലനായ ദൈവം എല്ലാവരുടെയും ചിറകുകള്‍ അരിഞ്ഞു കളഞ്ഞു. അങ്ങനെയാണ് മനുഷ്യന് പറക്കാന്‍ പറ്റാതായത്. എന്നാല്‍ വാശിക്കാരനായ മനുഷ്യന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അവന്‍ അങ്ങനെ കണ്ടുപിടിച്ചതാണ് വിമാനം.

ഈ കഥയാണ് ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബിയുടെ ആത്മാവ്. എബി എന്ന ഓട്ടിസ്റ്റിക് ബാലന്റെ ഉള്ളിലെ പറക്കാനുള്ള മോഹത്തെ പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സ് ചെയ്യാന്‍ സാധിച്ചിരിക്കുന്നു എന്നതാണു എബിയുടെ വിജയം. മെലോഡ്രാമയില്‍ മുങ്ങിനിവരുമ്പോഴും അത് കൈമോശം വന്നു പോയില്ല എന്നതില്‍ സംവിധായകനെ അഭിനന്ദിക്കുക തന്നെ വേണം.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് എബി എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം പുറത്തിറങ്ങിയത്. ജന്മനാ ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജിയുടെ ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് ചിത്രം. ഇതേ പ്രമേയത്തില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് നായര്‍ വിമാനം എന്ന ചിത്രവും പ്രഖ്യാപിച്ചതോടെയാണ് വിവാദം കോടതി കയറിയത്. യഥാര്‍ത്ഥ ജീവിത കഥയ്ക്ക് എന്തു കോപ്പിറൈറ്റ്?

പിറന്നു വീണതു മുതല്‍ ചുറ്റിലും പറന്നു നടക്കുന്നതിനോടായിരുന്നു എബിയുടെ മോഹം. തുമ്പിയും പൂമ്പാറ്റയും പറവകളും ആകാശത്തിനെ വരഞ്ഞു പകുത്ത് കുതിക്കുന്ന വിമാനങ്ങളും കണ്ടു മോഹിച്ചു അവന്‍ പറക്കാന്‍ വേണ്ടിയുള്ള ചില വിഫല ശ്രമങ്ങള്‍ നടത്തി. അവന്റെ പറക്കലുകള്‍ മരിയാപുരമെന്ന മലയോര ഗ്രാമത്തിലെ സംസാര വിഷയമായി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന അവന്റെ അപ്പന് തലവേദനയും. അസുഖക്കാരിയായ അമ്മയുടെ മരണത്തോടെ മാറിമറിയുകയാണ് എബിയുടെ ജീവിതം. സ്കൂളിലെ മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിയായിട്ടും പഠനം നിര്‍ത്തേണ്ടിവരുന്നതും അപ്പന്റെ നിര്‍ബന്ധത്തിന് വഴങ്ങി വര്‍ക്ക് ഷോപ്പില്‍ ജോലിക്കു നില്‍ക്കുന്നതും അപ്പനോട് കലഹിച്ചു നാടുവിട്ട് ബംഗളൂരുവില്‍ എത്തുന്നതും അവിടെ വെച്ചു ഒരു എയര്‍ക്രാഫ്റ്റ് ഡിസൈനറുമായി പരിചയത്തിലാകുന്നതും വലിയ തെറ്റില്ലാതെ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിനും സംവിധായകനും സാധിച്ചിട്ടുണ്ട്. അമ്മയുടെ മരണത്തിലേക്ക് എത്തുന്ന ചില സീക്വന്‍സുകള്‍ക്ക് ഇത്തിരി സീരിയല്‍ സ്വഭാവം വന്നു പോയെങ്കിലും.

മോട്ടിവേഷന്‍ സിനിമകള്‍ക്കും യഥാര്‍ത്ഥ ജീവിതം പറയുന്ന ചിത്രങ്ങള്‍ക്കും എപ്പോഴും നല്ല ഡിമാന്‍ഡാണ്. ഈ അടുത്തകലത്താണ് ആമിര്‍ ഖാന്‍റെ ദംഗല്‍ ബോക്സോഫീസില്‍ വിജയക്കൊടി നാട്ടിയത്. യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മോട്ടിവേഷണല്‍ സിനിമയാണ് അത്. നേരത്തേ ഹിന്ദിയില്‍ ഇന്ത്യന്‍ ബോക്സിംഗ് താരം മേരികോമിന്റെ ചിത്രം മോട്ടിവേഷണല്‍ ബയോപിക് എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ പിടിച്ചുപറ്റിയിരുന്നു. ഈ ഗണത്തില്‍ പെടുത്താവുന്ന മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നു തന്നെയാണ് എബി. ഒരു സാധാരണക്കാരനായ ഗ്രാമീണന്റെ വിജയ ഗാഥയാണ് ഈ ചിത്രം.

ആഷിക്ക് അബുവിന്റെ ഇടുക്കി ഗോള്‍ഡിലൂടെയും ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാനയിലൂടെയും ദിലീഷ് പോത്തന്‍റെ മഹേഷിന്റെ പ്രതികാരത്തിലൂടെയും ഇടുക്കിയുടെ ഭൂമിശാസ്ത്രവും സാമൂഹ്യ ഭൂമികയും മലയാളി പ്രേക്ഷകരുടെ ഇഷ്ടങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. എബിയിലെ മരിയാപുരം ഗ്രാമവും അവിടത്തെ ജനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന കൊച്ചു കൊച്ചു തമാശകളും ജീവിത മുഹൂര്‍ത്തങ്ങളും ഒരു ഘട്ടത്തിലും വിരസമായ അനുഭവമായി മാറുന്നില്ല. മെട്രോ മലയാളസിനിമയില്‍ നിന്നും അപ്രത്യക്ഷമാകുന്ന ഒരു പറ്റം ഗ്രാമീണരെ കാണാന്‍ കഴിഞ്ഞു എന്നു തന്നെയാണ് വിമാനം നല്‍കിയ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നു. പിയര്‍ലെസ് ഏജന്‍റായ എബിയുടെ അച്ഛനും പി എസ് സി ജോലികിട്ടി പോകുന്ന പാരലല്‍ കോളേജ് അദ്ധ്യാപകനും എബിയുടെ വിമാന വര്‍ക്കുഷോപ്പിലേക്ക് വഴി പറഞ്ഞു കൊടുക്കുന്ന ചായക്കടക്കാരനുമെല്ലാം നമുക്ക് പരിചിതരായവര്‍ തന്നെ.

എബിയുടെ കുട്ടിക്കാലം മികച്ച അനുഭവമാക്കി മാറ്റിയത് ബാല താരം വാസുദേവിന്റെ പ്രകടനം തന്നെയാണ്. ആ പ്രകടനത്തിന്റെ തുടര്‍ച്ചയുടെ ഗുണം വിനീത് ശ്രീനിവാസന് കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ വിനീത് ശ്രീനിവാസന്റെ പ്രകടനം ക്ലീഷേ ആയിട്ട് പോലും പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. എബിയുടെ കൂട്ടുകാരിയായ അനുമോളെ അവതരിപ്പിച്ച മറീന മൈക്കിള്‍ ഒരു ഇടുക്കികാരിയുടെ തന്റേടവും അതിനുള്ളിലെ സ്നേഹവുമൊക്കെ പ്രകടിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഈ അടുത്തകാലത്ത് പല സിനിമകളിലും ആസഹനീയമായ പ്രകടനം കാഴ്ചവെച്ച അജു വര്‍ഗ്ഗീസ് ഈ ചിത്രത്തില്‍ വെറുപ്പിച്ചില്ല എന്നത് സംവിധായകന്റെ കഴിവായി തന്നെ കാണണം. എബിയുടെ അച്ഛനെ അവതരിപ്പിച്ച സുധീര്‍ കരമന, അമ്മയായി എത്തിയ വിനീത കോശി, അനുമോളുടെ അച്ഛന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കെ എസ് ഇ ബി എഞ്ചിനീയര്‍, എയര്‍ക്രാഫ്റ്റ് ഡിസൈനര്‍ ബോളിവുഡ് താരം മനീഷ് ചൌധരി തുടങ്ങി അവസാനത്തെ കുറച്ചു രംഗങ്ങളില്‍ എത്തിയ ദിലീഷ് പോത്തന്‍റെ എസ് ഐ പോലും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

താന്‍ ഉണ്ടാക്കിയ കൊച്ചുവിമാനത്തില്‍ പാതി വഴിക്കു പഠനം നിര്‍ത്തിയ പള്ളിക്കൂടത്തിന്റെ മുകളിലൂടെ എബി പറക്കുന്ന ഒരു രംഗമുണ്ട്. സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ ഉടക്കി നില്‍ക്കുന്നത് ഈ ദൃശ്യം തന്നെയാണ്. കുട്ടികളോട് നമ്മുടെ വിദ്യാഭ്യാസ സംവിധാനവും മാതാപിതാക്കളും ചെയ്യുന്നതെന്ത് എന്ന വലിയ ചോദ്യമുണ്ട് അതില്‍; ഉത്തരവും.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖിക)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍