June 04, 2026 |
Share on

ലാഹോറിന്റെ ആകാശത്ത് വീണ്ടും പട്ടങ്ങള്‍ പറക്കും; എന്തുകൊണ്ട് 18 വര്‍ഷം കാത്തിരിക്കേണ്ടി വന്നു?

2007 ല്‍ പഞ്ചാബ് സര്‍ക്കാര്‍ ബസന്ത് ഔദ്യോഗികമായി നിരോധിച്ചു

പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലാഹോറിന്റെ ആകാശത്ത് വീണ്ടും പട്ടങ്ങള്‍ വര്‍ണങ്ങള്‍ തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. സുരക്ഷാ കാരണങ്ങള്‍ നിരോധിച്ചിരുന്ന പഞ്ചാബിന്റെ സാംസ്‌കാരിക ഉത്സവമായ ബസന്ത്, കര്‍ശന നിയന്ത്രണങ്ങളോടെ ഈ ആഴ്ച മുതല്‍ വീണ്ടും പുനഃരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഫെബ്രുവരി 6 മുതല്‍ 8 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടക്കുകയെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. കോട്ടന്‍ നൂലുകള്‍ കൊണ്ടുള്ള പട്ടങ്ങള്‍ മാത്രമേ പറത്താന്‍ ഉപയോഗിക്കാവൂ. അപകടകരമായ മെറ്റാലിക് നൂലുകള്‍, ഗ്ലാസ് കോട്ടിംഗ് ഉള്ള നൂലുകള്‍ എന്നിവയ്ക്ക് കര്‍ശന നിരോധനമുണ്ട്. വലുപ്പം കൂടിയ പട്ടങ്ങള്‍ക്കും നിരോധനമുണ്ട്.

നിലവില്‍ ഗുണനിലവാരമേറിയ പട്ടം ചരടുകള്‍ക്ക് 15,000 രൂപവരെയാണ് വില. സാധനങ്ങളുടെ വില കുത്തനെ ഉയരുന്നുണ്ടെങ്കിലും ആഘോഷത്തിന്റെ ആവേശത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ജനങ്ങള്‍ വലിയ തുക ചിലവഴിച്ചും തങ്ങളുടെ പ്രിയപ്പെട്ട വിനോദത്തിനായി തയ്യാറെടുക്കുകയാണ്.

ആവേശത്തില്‍ ലാഹോര്‍

ബസന്ത് ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കെട്ടിടങ്ങളുടെയെല്ലാം മുകള്‍ഭാഗം വന്‍ തുകയ്ക്കാണ് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ദിവസത്തെ ആഘോഷത്തിനായി 2.1 മില്യണ്‍ മുതല്‍ 5.5 മില്യണ്‍ രൂപ വരെയാണ് പ്രധാന റൂഫ്‌ടോപ്പുകളുടെ വാടകയെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോച്ചി ഗേറ്റ്, രംഗ് മഹല്‍ തുടങ്ങിയ ചരിത്രപ്രസിദ്ധമായ പ്രദേശങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. അപകടങ്ങള്‍ ഒഴിവാക്കാന്‍, ഘടനാപരമായി ഉറപ്പുള്ളതും വലുപ്പമുള്ളതുമായ മേല്‍ക്കൂരകള്‍ക്ക് മാത്രമേ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളൂ.

സൂര്യാസ്തമയത്തിന് ശേഷവും പട്ടം പറത്താന്‍ സഹായിക്കുന്ന സെര്‍ച്ച് ലൈറ്റുകള്‍, വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവയാല്‍ മേല്‍ക്കൂരകള്‍ സജ്ജമാണ്. ചരിത്രപ്രസിദ്ധമായ തെരുവുകള്‍ മഞ്ഞ പെയിന്റ് അടിച്ച ചുവരുകളും തോരണങ്ങളുമായി വീണ്ടും സജീവമായിരിക്കുന്നു. നഗരത്തിലെ മാര്‍ക്കറ്റുകള്‍ വലിയ തോതിലുള്ള ജനത്തിരക്കിനും വ്യാപാരത്തിനുമാണ് സാക്ഷ്യം വഹിക്കുന്നത്.

വെറുമൊരു പട്ടം പറത്തല്‍ എന്നതിലുപരി, ഒത്തുചേരലിന്റെ വലിയൊരു വേദിയാണ് ബസന്ത് ഉത്സവം. ബസന്തിന്റെ തിരിച്ചുവരവ് ലാഹോറിലെ ജനങ്ങളുടെ മനസ്സിനെ മാത്രമല്ല, നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെയും സജീവമാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി തളര്‍ച്ചയിലായിരുന്ന പരമ്പരാഗത മേഖലകള്‍ക്ക് ഈ ഉത്സവം പുതു ജീവനാണ് നല്‍കുന്നത്.

പട്ടം നിര്‍മ്മാണം കേവലം ഒരു തൊഴിലല്ല, ലാഹോറിന്റെ സര്‍ഗ്ഗാത്മകതയുടെ അടയാളം കൂടിയാണ്. നിരോധനത്തോടെ അപ്രത്യക്ഷമായ ഒരു വലിയ സമൂഹത്തിന് തങ്ങളുടെ പാരമ്പര്യ തൊഴിലിലേക്ക് മടങ്ങിവരാനുള്ള ആശ്വാസകരമായ അവസരമാണിത്. മധുരപലഹാരങ്ങള്‍, കേക്കുകള്‍, ശീതളപാനീയങ്ങള്‍ എന്നിവ വില്‍ക്കുന്ന ചെറുകിട വ്യാപാരികളും ബസന്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഒരുകാലത്ത് ലാഹോറിന്റെ പ്രതീകമായിരുന്ന മനോഹരമായ പട്ടങ്ങള്‍ വീണ്ടും ആകാശത്ത് നിറയുന്നത് കാണാന്‍ ലോകമെമ്പാടുമുള്ള സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.

സുരക്ഷ കര്‍ശനമാക്കി അധികൃതര്‍

ബസന്ത് ആഘോഷങ്ങളുടെ ആവേശത്തിനിടയിലും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അപകടരഹിതമായ ഒരു ഉത്സവം ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

കെട്ടുറപ്പില്ലാത്തതും അപകടസാധ്യതയുള്ളതുമായ മേല്‍ക്കൂരകളില്‍ നിന്ന് പട്ടം പറത്തുന്നത് കര്‍ശനമായി നിരോധിച്ചു. ഉച്ചത്തിലുള്ള സംഗീതത്തിനും പടക്കം പൊട്ടിക്കുന്നതുള്‍പ്പെടെയുള്ള വെടിക്കെട്ടുകള്‍ക്കും വിലക്കുണ്ട്. വിമാനത്താവളങ്ങള്‍ പോലെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ക്ക് സമീപം പട്ടം പറത്താന്‍ അനുവാദമില്ല. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബസന്ത് നിരോധനത്തിന്റെ കറുത്ത ചരിത്രം

ലാഹോറിന്റെ ആകാശത്ത് നിന്ന് വസന്തത്തിന്റെ നിറങ്ങള്‍ മാഞ്ഞുപോയതിന് പിന്നില്‍ ദാരുണമായ ചില കാരണങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് നഗരത്തിന്റെ സാമ്പത്തിക നട്ടെല്ലും വിനോദസഞ്ചാര കേന്ദ്രവുമായിരുന്ന ബസന്ത്, സുരക്ഷാ വീഴ്ചകള്‍ കൊണ്ട് ദുരന്തഭൂമിയായി മാറുകയായിരുന്നു.

2000 ത്തിന്റെ തുടക്കത്തില്‍ ബസന്ത് ആഘോഷത്തിന്റെ കൊടുമുടിയിലായിരുന്നു. എന്നാല്‍ ആവേശം പിന്നീട് ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. പട്ടം മുറിക്കാനായി ഉപയോഗിച്ച ലോഹം പൂശിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മൂര്‍ച്ചയുള്ള നൂലുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. ഈ നൂലുകള്‍ കഴുത്തില്‍ കുരുങ്ങി നിരവധി പേര്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തു. ദുരന്തം തുടര്‍ക്കഥയായതോടെ ഉത്സവത്തിനും ശോഭ കുറഞ്ഞു.

2007 ല്‍ പഞ്ചാബ് സര്‍ക്കാര്‍ ബസന്ത് ഔദ്യോഗികമായി നിരോധിച്ചു.
കഴിഞ്ഞ 18 വര്‍ഷമായി ലാഹോറിലെ ഒരു തലമുറ മുഴുവന്‍ ബസന്ത് ഉത്സവത്തിന്റെ അനുഭവങ്ങളും ആവേശങ്ങളും ഇല്ലാതെയാണ് വളര്‍ന്നത്. മഞ്ഞനിറത്തില്‍ മുങ്ങിനില്‍ക്കുന്ന നഗരവും ആകാശമീതെ വര്‍ണപട്ടങ്ങളുടെ പറക്കലും അവര്‍ക്ക് കേട്ടറിവ് മാത്രമായി മാറി.

അതിരുകള്‍ക്കപ്പുറത്തെ ചരിത്രം

ആധുനിക അതിര്‍ത്തികള്‍ക്കും മതങ്ങള്‍ക്കും അപ്പുറം നില്‍ക്കുന്ന സാംസ്‌കാരിക പൈതൃകമാണ് ബസന്തിനുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വസന്തകാല ആഘോഷമായ വസന്തപഞ്ചമിയില്‍ നിന്നാണ് ഇതിന്റെ തുടക്കം.

കടുക് പാടങ്ങള്‍ മഞ്ഞപ്പൂക്കളാല്‍ നിറയുന്ന കാലത്ത്, പുതിയ തുടക്കത്തിന്റെയും അറിവിന്റെയും ആഘോഷമായിട്ടാണ് ബസന്ത് ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ കലയുടെയും വിദ്യയുടെയും ദേവിയായ സരസ്വതിയുമായി ബന്ധപ്പെട്ടായിരുന്നു ഈ ചടങ്ങുകള്‍ നടന്നിരുന്നത്. വിജ്ഞാനവും സംഗീതവും ഈ ഉത്സവത്തിന്റെ ഭാഗമായിരുന്നു. പിന്നീട് മുഗള്‍ ഭരണകാലമായപ്പോഴേക്കും ബസന്ത് നഗര ഉത്സവമായി മാറി. ലാഹോര്‍ കോട്ടയ്ക്ക് മുകളില്‍ പട്ടങ്ങള്‍ പറക്കുന്നതും കൊട്ടാരങ്ങള്‍ കാവി (മഞ്ഞ) നിറങ്ങളാല്‍ അലങ്കരിക്കുന്നതും പതിവായി.

സാംസ്‌കാരിക ബഹുസ്വരത എന്ന ആധുനിക സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുന്നതിനും എത്രയോ മുന്‍പേ, ഈ ഉത്സവം നഗരവാസികളെ ഒരുമയുടെയും ആഘോഷത്തിന്റെയും വേദിയില്‍ അണിനിരത്തിയിരുന്നു.

ഇന്ത്യയിലെ ബസന്ത് ആഘോഷം

ഇന്ത്യയില്‍ വസന്തകാലത്തിന്റെ ആരംഭം കുറിക്കുന്ന ഉത്സവമാണ് ബസന്ത് പഞ്ചമി. ഹിന്ദു കലണ്ടറിലെ മാഘമാസത്തിലെ അഞ്ചാം നാളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ ദിവസം പ്രധാനമായും സരസ്വതി പൂജയായി കൊണ്ടാടുന്നു. പഞ്ചാബില്‍ വസന്തത്തെ വരവേല്‍ക്കുന്നത് ആകാശം നിറയെ പട്ടം പറത്തിക്കൊണ്ടാണ്. ആഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനില്‍ മുല്ലപ്പൂമാലകള്‍ ധരിക്കുന്ന പതിവുമുണ്ട്. നവോത്ഥാനത്തിന്റെയും പുതിയ തുടക്കങ്ങളുടെയും പ്രതീകമായാണ് ഈ ദിനം കണക്കാക്കപ്പെടുന്നത്. പുരാണങ്ങള്‍ പ്രകാരം ബ്രഹ്‌മാവ് പ്രപഞ്ചസൃഷ്ടി നടത്തിയത് ബസന്ത് പഞ്ചമിയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, സരസ്വതി ദേവിയുടെ ജന്മദിനമായും ഈ ദിനം ആഘോഷിക്കപ്പെടുന്നു.

Content Summary: Kites will fly over the skies of Lahore again after 18 years

Leave a Reply

Your email address will not be published. Required fields are marked *

×