June 04, 2026 |
Share on

‘നിങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഞങ്ങളുടെ ആകാശത്ത്‌ കൂടി പറക്കേണ്ട’

അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്‌പെയിന്‍

ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ യുദ്ധത്തില്‍ തങ്ങളുടെ ശക്തമായ എതിര്‍പ്പ് ആവര്‍ത്തിച്ച് സ്‌പെയിന്‍. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് സ്‌പെയിന്‍ തങ്ങളുടെ വ്യോമപാത അടച്ചു. മിഡില്‍ യുദ്ധത്തിനെതിരേ യൂറോപ്പിലെ ഏറ്റവും വലിയ വിമര്‍ശകരാണ് സ്‌പെയിന്‍. ‘എല്‍ പായിസ്’ പത്രം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പ്രകാരം, സ്‌പെയിന്‍ പ്രതിരോധ മന്ത്രി തിങ്കളാഴ്ചയാണ് വ്യോമപാത അടച്ച കാര്യം സ്ഥിരീകരിച്ചത്. സ്‌പെയിനിലെ സൈനിക താവളങ്ങള്‍ യുദ്ധ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് മാഡ്രിഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

‘ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി സൈനിക താവളങ്ങളോ വ്യോമപാതയോ ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുമതി നല്‍കില്ല,’ പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്‌പെയിനിന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അത് വളരെ വ്യക്തമാണെന്നും പറഞ്ഞ അവര്‍, ഈ യുദ്ധം അങ്ങേയറ്റം നിയമവിരുദ്ധവും അന്യായവുമാണെന്ന് കൂട്ടിച്ചേര്‍ത്തു.

ഈ നിയന്ത്രണം നിലവില്‍ വരുന്നതോടെ, ബ്രിട്ടണിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ സ്‌പെയിനിനെ ചുറ്റിക്കറങ്ങി പറക്കേണ്ടി വരും. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമായിരിക്കും ഇതില്‍ ഇളവ് നല്‍കുക. സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഈ കര്‍ശന നിലപാട് ഇതിനോടകം തന്നെ ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ‘ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് മറ്റൊരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കാന്‍ കഴിയില്ല, മാനവികതയുടെ വലിയ ദുരന്തങ്ങള്‍ ആരംഭിക്കുന്നത് അങ്ങനെയാണ്,’ എന്ന് സാഞ്ചസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്‌പെയിനിലെ ‘റോട്ട’, ‘മോറോണ്‍’ എന്നീ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞതിനെത്തുടര്‍ന്ന് സ്‌പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വൈറ്റ് ഹൗസുമായുള്ള ബന്ധം വഷളാകുമോ എന്ന ചോദ്യത്തിന്, അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഏകപക്ഷീയമായി ആരംഭിച്ച ഒരു യുദ്ധത്തില്‍ പങ്കുചേരില്ലെന്നത് സ്‌പെയിന്‍ സര്‍ക്കാരിന്റെ ഉറച്ച തീരുമാനമാണെന്ന് സാമ്പത്തിക മന്ത്രി കാര്‍ലോസ് കുവര്‍പോ മറുപടി നല്‍കി.

കഴിഞ്ഞയാഴ്ച സ്പാനിഷ് കോണ്‍ഗ്രസില്‍ സംസാരിക്കവെ, യുദ്ധവുമായി ബന്ധപ്പെട്ട ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഫ്‌ളൈറ്റ് പ്ലാനുകളും നിരസിച്ചതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഉഭയകക്ഷി കരാറുകളുടെ ഭാഗമായി യൂറോപ്പിലെ യുഎസ് സേനയ്ക്ക് ലോജിസ്റ്റിക് പിന്തുണ നല്‍കാന്‍ വിമാനങ്ങള്‍ക്ക് താവളങ്ങള്‍ ഉപയോഗിക്കാമെങ്കിലും, ഫെബ്രുവരി അവസാനത്തോടെ 15 അമേരിക്കന്‍ ഇന്ധന വിമാനങ്ങള്‍ സ്‌പെയിനില്‍ നിന്ന് ഫ്രാന്‍സിലേക്കും ജര്‍മ്മനിയിലേക്കും മാറ്റേണ്ടി വന്നു. താവളങ്ങള്‍ വഴി 70 ഓളം യുഎസ് സൈനിക വിമാനങ്ങള്‍ പറന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കവേ, അവ വെറും ചരക്ക് വിമാനങ്ങള്‍ മാത്രമാണെന്നും യുദ്ധവിമാനങ്ങളോ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളോ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. 1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നതിനെതിരെ സ്‌പെയിന്‍ ഇത്ര ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

Content Summary: Spain closes airspace to US aircraft involved in Iran war. Spain is a strong criticizer of US-Israel’s war against Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×