ഓസ്കാർ ജേതാവായ അമേരിക്കൻ താരം ജീൻ ഹാക്മെനെയും ഭാര്യ ബെറ്റ്സി അരകാവയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ഇരുവരേയും വളർത്തുനായയേയും ന്യൂ മെക്സിക്കോയിലെ സാന്റാഫെയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ജീൻ രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദി ഫ്രഞ്ച് കണക്ഷൻ, ദി അൺഫോർഗിവൺ എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ആണ് ജീൻ പുരസ്കാരങ്ങൾക്ക് അർഹനായത്. ന്യൂ മെക്സിക്കോയിലെ സാന്റാഫെയിലെ കൗണ്ടി ഷെരീഫ് ആണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ജീൻ ഹാക്മെന് 95 വയസും ഭാര്യയ്ക്ക് 63 വയസുമായിരുന്നു പ്രായം. 1971ൽ പുറത്തിറങ്ങിയ വില്യം ഫ്രാങ്കിളിന്റെ ദി ഫ്രഞ്ച് കൺക്ഷൻ എന്ന ചിത്രത്തിന് ആയിരുന്നു ജീൻ ഹാക്മാന് മികച്ച നടനുള്ള ആദ്യ ഓസ്കാർ ലഭിക്കുന്നത്. പിന്നീട് 1992ൽ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ദി അൺഫോർഗിവൺ എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ഓസ്കാറും ഹാക്മെൻ നേടി. 1967ൽ പുറത്തിറങ്ങിയ ബോണി ആന്റ് ക്ലൈഡ്, 1970ൽ പുറത്തിറങ്ങിയ ഐ നെവർ സാങ് ഫോർ മൈ ഫാദർ, 1988ൽ പുറത്തിറങ്ങിയ മിസിസിപ്പി ബേണിംഗ് എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ താരം ഇടം പിടിച്ചിട്ടുണ്ട്.
ഏറെ ആഘോഷിക്കപ്പെട്ട താരം പ്രശസ്തമായ സൂപ്പർമാൻ ചിത്രത്തിലെ ലെക്സ് ലൂഥർ ഉൾപ്പെടെ നൂറോളം കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്. ഓസ്കാർ പുരസ്കാരങ്ങൾക്ക് പുറമേ, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ വെൽക്കം ടു മൂസ്പോർട്ടിലെ മൺറോ കോൾ എന്ന കഥാപാത്രമായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്. അതിനുശേഷം അഭിനയത്തിൽ നിന്ന് പിന്മാറി ന്യൂ മെക്സിക്കോയിൽ ശാന്തമായ ഒരു ജീവിതം നയിക്കുകയായിരുന്നു ഹാക്മാനും ഭാര്യയും.
1930-ൽ കാലിഫോർണിയയിൽ ജനിച്ച ജീൻ, പതിനാറാം വയസ്സിൽ സൈന്യത്തിൽ ചേരുകയും നാലര വർഷം സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇല്ലിനോയിസ് സർവകലാശാലയിൽ പത്രപ്രവർത്തനവും ടെലിവിഷൻ നിർമ്മാണവും പഠിച്ച ശേഷം, തന്റെ അഭിനയ സ്വപ്നം പിന്തുടരാൻ കാലിഫോർണിയയിലേക്ക് തിരിച്ചു. എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മുതൽ ഒരു നടനാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഒരിക്കൽ ജീൻ പറഞ്ഞു. ജെയിംസ് കാഗ്നി, എറോൾ ഫ്ലിൻ, എന്നിവരുടെ ചിത്രങ്ങളോട് ഏറെ പ്രിയമുണ്ടായിരുന്ന ജീൻ തന്റെ അഭിനയത്തിലും അവരിൽ നിന്നുൾക്കൊണ്ട സവിശേഷതകൾ പകർത്താൻ ശ്രമിച്ചിരുന്നു. 1963ൽ ന്യൂയോർക്കിലെത്തിയ ശേഷം ഓഫ്-ബ്രോഡ്വേ പ്രൊഡക്ഷനുകളിലും ചെറിയ ടിവി വേഷങ്ങളിലും അഭിനയിച്ചായിരുന്നു ജീനിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. ദി ഫ്രഞ്ച് കണക്ഷനിലെ ന്യൂയോർക്ക് സിറ്റി ഡിറ്റക്ടീവ് ജിമ്മി ‘പോപ്പേ’ ഡോയൽ എന്ന കഥാപാത്രത്തിലൂടെ ഒരു മുൻനിര നായകനായി മാറി. ദി പോസിഡോൺ അഡ്വഞ്ചർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്ര രംഗത്തെ ഒരു സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.
content summary: Oscar-winning actor Gene Hackman, along with his wife Betsy Arakawa a has been found deceased at their home