ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായാണ് ചരിത്രം 1991 മെയ് 21നെ രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിലെത്തിയ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ദിനമാണത്. രാജീവ്ഗാന്ധി വധക്കേസിനെ ആസ്പദമാക്കി സോണി ലിവ് പുറത്തിറക്കിയ ‘ദി ഹണ്ട്; ദി രാജീവ് ഗാന്ധി അസാസിനേഷൻ കേസ്’ എന്ന സിരീസ് കണ്ടവരാരും ശിവരശനെ മറക്കാൻ സാധ്യതയില്ല. ശിവരശനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാവട്ടെ മലയാളിയും പാലക്കാട് സ്വദേശിയുമായ ഷഫീഖ് മുസ്തഫയും. സീരിസിലേക്ക് എത്തിയതിനേക്കുറിച്ചും ശിവരശൻ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനെക്കുറിച്ചുമെല്ലാം അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ് ഷഫീഖ് മുഹമ്മദ്.
കഥാപാത്രം പൂർണ്ണമാണ്
ആദ്യമായാണ് ഇത്ര വലിയൊരു കഥാപാത്രം ലഭിക്കുന്നത് അതുകൊണ്ട് തന്നെ ശിവരശനെ പരമാവധി മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ദിവസങ്ങളോളം ഇതിനു വേണ്ടി മാത്രം ഞാൻ മാറ്റിവച്ചിരുന്നു. അതിരാവിലെയൊക്കെ എഴുന്നേറ്റാണ് കഥാപാത്രത്തിനായി ശ്രീലങ്കൻ തമിഴ് പഠിച്ചിരുന്നത്. ഇപ്പോൾ സംസാരിക്കുന്ന ശ്രീലങ്കൻ തമിഴ് വർഷങ്ങൾക്ക് മുമ്പത്തേതും തമ്മിലുള്ള വ്യത്യാസം പോലും കണ്ടെത്തി മനസിലാക്കിയിരുന്നു. എൽടിടിഇയിലെ അംഗങ്ങൾ എങ്ങനെയാണ് പുറത്തുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇവർ അറിയാതെ ചിത്രീകരിച്ചിട്ടുള്ള ഡോക്യുമെന്ററികളുണ്ടല്ലോ അവയൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. സീരിസിലേക്ക് എന്നെ തിരഞ്ഞെടുത്തിട്ട് ഷൂട്ട് വരെ ഇരുപത് ദിവസമാണ് ഉണ്ടായിരുന്നത്. വളരെ കുറവ് സമയമാണത്. ആ സമയത്തിനുള്ളിൽ കിട്ടാവുന്ന വാർത്തകളും ഡോക്യൂമെന്ററികളും എല്ലാം റഫർ ചെയ്തിരുന്നു. നമ്മളൊക്കെ ജനിച്ചിട്ടുള്ള സമയത്ത് നടക്കുന്ന ഒരു സംഭവമായത് കൊണ്ട് തന്നെ മുതിർന്ന ആളുകളോടും ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. ശിവരശൻ എന്ന കഥാപാത്രമാവുന്നത് അങ്ങനെയാണ്.

ശിവരശനായി ഷഫീഖ്
കഥാപാത്രത്തിന് വേണ്ടി ഭാരം വർദ്ധിപ്പിച്ചിരുന്നു. ഇവരുടെ വികാരങ്ങൾ മനസിലാക്കാനായി ശ്രമിച്ചിരുന്നു, അതാവാം കഥാപാത്രത്തെ പൂർണ്ണതയിലെത്തിച്ചത്. ശിവരശനെന്ന കഥാപാത്രത്തോട് രൂപസാദൃശ്യം തോന്നുന്നവർക്ക് കാസ്റ്റിംഗ് കമ്പനി മുൻഗണന നൽകിയിരുന്നു. എന്നാൽ ശിവരശന്റേത് പറയാൻ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. കോട്ട് ധരിച്ച ശിവരശന്റെ ചിത്രമാണ് ഞാൻ ആദ്യമായി കാണുന്നത്. അത്തരത്തിലൊരു കോട്ട് ധരിച്ച് കണ്ണട കൂടി ധരിച്ചപ്പോൾ ഈ പറയുന്ന രൂപസാദൃശ്യം എനിക്കും തോന്നിയിരുന്നു.
ശിവരശനിലേക്കെത്തിയത് ഇങ്ങനെ
ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും കൂടി രണ്ടു കോടി ബഡ്ജറ്റിൽ ഒരു ചിത്രം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ കാസിറ്റിംഗ് ഡയറക്ടർ ഞാനായിരുന്നു. ആ ചിത്രത്തിൽ ഞാൻ കാസ്റ്റ് ചെയ്ത എന്റെ സുഹൃത്ത് മുഖേനയാണ് ഞാൻ ഹണ്ടിലേക്കെത്തുന്നത്. കാസ്റ്റ് ബേ എന്ന കാസ്റ്റിങ് കമ്പനി ആണ് എന്നെ ഈ സീരിസിലേക്ക് സെലക്ട് ചെയ്യുന്നത്. പിന്നീട് അവർ എന്നോട് രണ്ട് മൂന്ന് സീനുകൾ അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും അത്തരം വിഡിയോസ് ചെയ്ത് ഞാൻ അയക്കുകയും ചെയ്തു. പിന്നീട് മുംബൈയിൽ വെച്ച് ലുക്ക് ടെസ്റ്റുമുണ്ടായിരുന്നു. അതിന് ശേഷമാണ് ശിവരശൻ എന്ന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

സിനിമ തന്നെയാണ് എന്റെ വഴി
സ്കൂൾ കാലഘട്ടത്തിലാണ് അഭിനയത്തിന്റെ തുടക്കം. അക്കാലം തൊട്ടേ നാടകങ്ങൾ ചെയ്തിരുന്നു. കേരളോത്സവം പോലെയുള്ള പരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അതുപോലെ പ്രഛന്ന വേഷം ചെയ്യുമായിരുന്നു. കോളജ് കഴിഞ്ഞപ്പോൾ ഇതൊക്കെ നിർത്തി ഞാൻ ഗൾഫിലേക്ക് പോയി. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെ വ്യാപ്തിയുള്ള കഥാപാത്രം എന്നിലേക്കെത്തുമെന്ന് കരുതിയിരുന്നില്ല. എന്നാൽ സിനിമ തന്നെയാണ് എന്റെ വഴിയെന്ന് എനിക്ക് ഉറപ്പായിരുന്നു. സിനിമയുടെ ഒരു ഭാഗമായി എവിടെയെങ്കിലും കാണുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ആളുകളെന്നെ ഉൾക്കൊണ്ടു
കൊച്ചിയിൽ സിനിമയിൽ ഒരു ചാൻസിനായി നടക്കുന്ന സമയത്തായിരുന്നു ഈ കഥാപാത്രം എന്നിലേക്കെത്തുന്നത്. നാഷണൽ അവാർഡ് വിന്നറായ ഒരു സംവിധായകനും മികച്ച ഒരു പ്രൊഡക്ഷനുമാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് പേടി തോന്നിയിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന ആളുകളൊക്കെ സൗത്തിൽ നിന്നുള്ളതായത് പിന്നീട് പേടി മാറ്റി. ആളുകളെന്നെ ഉൾക്കൊള്ളൂമോയെന്ന ടെൻഷനുണ്ടായിരുന്നു. ആളുകൾക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്നൊക്കെ ചിന്തിച്ചിരുന്നു. ആ പേടിയൊക്കെ ഇല്ലാതായത് സിരീസ് പുറത്തിറങ്ങിയപ്പോഴാണ്. നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞപ്പോൾ സന്തോഷം തോന്നി.

ദി ഹണ്ടിൽ നിന്നുള്ള രംഗം
ഒരു അഭിനേതാവെന്ന നിലയ്ക്ക് ആദ്യം ശ്രദ്ധിക്കുന്നത് ചെയ്തുവച്ച കഥാപാത്രത്തിലെ കുറവുകൾ എന്തൊക്കെയാണെന്നാണ്. സീരിസ് കണ്ടിട്ട് നോർത്തിൽ നിന്നു വരെ ആളുകൾ മെസേജയച്ചിരുന്നു. എല്ലാവർക്കും പറയാനുള്ളത് നല്ല അഭിപ്രായമാണ്. സിനിമയിൽ നിന്നുള്ള പലരും മെസേജ് അയച്ചിരുന്നു ശിവരശൻ നന്നായെന്ന് പറഞ്ഞ്. സിനിമയുമായി ബന്ധപ്പെട്ട ആളുകൾ ഇതറിയുന്നു എന്നറിയുന്നത് തന്നെ സന്തോഷമാണ്. രാജീവ് ഗാന്ധി മരണപ്പെടുന്ന സമയത്ത് ചെറുപ്പമായിരുന്ന ആളുകളുണ്ടല്ലോ. അതായത് അന്നത്തെ സംഭവങ്ങളുടെ തീവ്രതയൊക്കെ കണ്ടറിഞ്ഞവർ അവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ശിവരശനെ പോലെ തന്നെയുണ്ടെന്ന് അവരൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നി.
എന്നെ ചുറ്റിച്ച ശ്രീലങ്കൻ തമിഴ്
സീരിസിലെ ശിവരശനിലേക്കെത്താനായി ശ്രീലങ്കൻ തമിഴ് പഠിക്കുകയെന്നത് എന്നെ സംബന്ധിച്ച് നല്ല പാടുള്ള ഒരു പണിയായിരുന്നു. തമിഴ് നമ്മൾ കണ്ടും കേട്ടും പരിചയിച്ചിട്ടുള്ളത് കൊണ്ട് കുറേക്കൂടി എളുപ്പമാണ്. എന്നാൽ അതിൽ നിന്ന് കുറച്ചുകൂടി പാടാണ് ശ്രീലങ്കൻ തമിഴ്. അത് പഠിയ്ക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തിയിരുന്നു. ഷൂട്ടിന്റെ സമയത്ത് മാത്രം ഇതൊക്കെ പറഞ്ഞു തരാനും തിരുത്തി തരാനും ആളുണ്ടായിരുന്നു. രാജാകറുപ്പ് സ്വാമിയെന്നാണ് അദ്ദേഹത്തിന്റെ പേര്. എല്ലാവരും കൂടി ഇരുന്ന് സംസാരിക്കുകയും അപ്പോഴുണ്ടാവുന്ന തെറ്റുകൾ അദ്ദേഹം തിരുത്തി തരികയും ചെയ്തു. ചുരുക്കം ചില ഭാഗങ്ങൾ മാത്രമാണ് എനിക്ക് ഡബ്ബ് ചെയ്യേണ്ടതായുണ്ടായിരുന്നത്. ശ്രീലങ്കൻ തമിഴ് വരുന്ന ഭാഗങ്ങളൊക്കെ ചെയ്തിരുന്നത് ഞാൻ തന്നെയാണ്. ശിവരശനെന്ന കഥാപാത്രമാവാൻ എന്റെ കൂടെയുണ്ടായിരുന്ന അഭിനേതാക്കളും എന്നെ വളരെ സഹായിച്ചിട്ടുണ്ട്. സീരിസിൽ ശുഭ എന്ന കഥാപാത്രം ചെയ്ത ഗൗരി, മുരുകനായി അഭിനയിച്ച സായി, അങ്ങനെ ഒരുപാട് അഭിനേതാക്കളുണ്ട്.
നാഗേഷ് സാർ തന്ന പിന്തുണ
കഥാപാത്രത്തിന്റെ ഇമോഷൻസിൽ വരുത്തേണ്ട മാറ്റങ്ങളെല്ലാം നാഗേഷ് സാർ കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. ചില രംഗങ്ങൾ നന്നായെന്ന് തോന്നിയാൽ അത് നമ്മളോട് പറയാനും നാഗേഷ് സാറിന് മടിയില്ലായിരുന്നു. അതൊക്കെ നമുക്ക് ഇഷ്ടപ്പെടുന്ന മൊമെന്റ് ആയിരിക്കും.

സംവിധായകൻ നാഗേഷ് കുകുനൂറിനൊപ്പം
ആ ലെൻസ് വച്ചിരുന്ന സമയത്ത് എനിക്ക് കണ്ണു ശരിയ്ക്കും കാണാൻ പറ്റുന്നില്ലായിരുന്നു. മീശ കട്ട് ചെയ്യുന്ന ഒരു സീനുണ്ടായിരുന്നു സീരിസിൽ. നല്ല കഷ്ടപ്പാടായിരുന്നു ഈ ലെൻസ് വച്ചത് ചെയ്യാൻ. ആ രംഗം ചെയ്യാൻ ഞാൻ കിടന്ന് കഷ്ടപ്പെടുന്നത് കണ്ട് നാഗേഷ് സാർ ഉടൻ അതിനുള്ള സംവിധാനമുണ്ടാക്കി തന്നു.
ഈ സീരിസാണ് മറക്കാനാവാത്ത അനുഭവം
മറക്കാനാകാത്ത അനുഭവം ഈ സീരിസ് തന്നെയാണ്. വളരെ ചെറിയൊരു നടനാണ്. ആകെ ഒരു സിനിമയിൽ മാത്രം മുഖം കാണിച്ചിട്ടുള്ള ഒരാളാണ്. ആരും അറിയാതെ കിടക്കുന്ന സ്ഥലത്ത് നിന്ന് ഇങ്ങനെയൊരു നിലയിലേക്ക് എന്നെ എത്തിച്ചത് ആ സീരിസാണ്. ഈ സീരിസ് തന്നെ എനിക്ക് മറക്കാൻ പറ്റില്ല. ക്ലൈമാക്സിനെക്കുറിച്ച് ആദ്യം വലിയ ധാരണകളൊന്നും ഇല്ലായിരുന്നു. പിന്നെ വെടിവയ്പ് സീനുണ്ടല്ലോ. തോക്കൊക്കെ ജീവിതത്തിൽ ആദ്യമായാണ് കൈയിൽ കിട്ടുന്നത്. അതുകൊണ്ട് ആ സീനൊക്കെ വളരെ എക്സൈറ്റ്മെന്റ് തോന്നിയിരുന്നു. ലൊക്കേഷനിൽ വന്ന് ചെയ്തപ്പോൾ ഒറ്റ ടേക്കിൽ തന്നെ അത് സെറ്റായി. ആത്മഹത്യ ചെയ്യുന്ന ഭാഗമൊക്കെ ഒന്നോ രണ്ടോ ടേക്കിൽ തന്നെ സെറ്റായി.
content summary: Actor Shafeeq Musthafa speaks about his portrayal of Sivarasan in The Hunt, a series on the Rajiv Gandhi assassination case