June 03, 2026 |
Share on

കേസിൻ്റെ ഗതി മാറ്റിയ സാക്ഷി, ആരാണ് പി. ബാലചന്ദ്രകുമാർ?

വിചാരണ അവസാന ഘട്ടത്തിലെത്തി നിൽക്കെ 2021 ഡിസംബറിലാണ് ചാനലുകളിലൂടെ വിവരങ്ങൾ പുറത്തുവിട്ടത്

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വരാനിരിക്കുന്ന അന്തിമ വിധിയിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്. കേസിൻ്റെ നാൾവഴികളിൽ മൊഴി നൽകിയവരുടെ കൂറുമാറ്റം ഉൾപ്പെടെ നിരവധി സംഭവബഹുലമായ സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേസിന്റെ വിചാരണയെ അടിമുടി മാറ്റിമറിക്കുകയും തുടരന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിയുണ്ടെങ്കിൽ അത് സംവിധായകൻ ബാലചന്ദ്രകുമാർ ആണ്. നടൻ ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ, കേവലം ഒരു ക്വട്ടേഷൻ കേസ് എന്നതിലുപരി, നിയമസംവിധാനത്തോടുള്ള വെല്ലുവിളിയായി ഈ കേസിനെ മാറ്റി.

സൗഹൃദവും അപ്രതീക്ഷിത വെളിപ്പെടുത്തലും

ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ നടൻ ദിലീപുമായി നല്ല ബന്ധത്തിലായിരുന്നു. വിചാരണ അവസാന ഘട്ടത്തിലെത്തി നിൽക്കെ 2021 ഡിസംബറിലാണ് അദ്ദേഹം ചാനലുകളിലൂടെ വിവരങ്ങൾ പുറത്തുവിട്ടത്. 2017 ൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വേണ്ടി ദിലീപിൻ്റെ നേതൃത്വത്തിൽ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയും സംഘവും പദ്ധതിയിടുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നെന്നും ബാലചന്ദ്രൻ വെളിപ്പെടുത്തി.

2014 മുതൽ നടൻ ദിലീപുമായി സൗഹൃദത്തിലായിരുന്നു സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്ര കുമാർ തന്റെ സിനിമയുടെ പുതിയ കഥ പറയുകയും ദിലീപ് അത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞത് മുതലാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. 2016 ൽ ദിലീപിന്റെ വീട്ടിൽ നിന്ന് തന്നെ പൾസർ സുനിയെ കണ്ടു എന്നും, ദിലീപ് തന്റെ സഹോദരനോട് പൾസർ സുനിയെ കാറിൽ കയറ്റി ബസ് സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് ബാലചന്ദ്ര കുമാർ മറ്റ് മാധ്യമങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് പൾസർ സുനിയെ ബാലചന്ദ്ര കുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് 2021ൽ ദിലീപും, ബാലചന്ദ്ര കുമാറും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇതോടെ ഇരുവരുടെ സൗഹൃദം ഇല്ലാതാവുകയും ചെയ്തു. ശേഷം ബാലചന്ദ്ര കുമാർ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വെളിപ്പെടത്തലുകളുമായി രംഗത്തെത്തിയതോട് കൂടിയാണ് ഇദ്ദേഹത്തെ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കുറ്റമാണ് ചുമത്തിയത്. എന്നാൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ ഗൂഢാലോചന തെളിവുനശിപ്പിക്കൽ തുടങ്ങിയ കൂടുതൽ ഗുരുതരമായ കുറ്റങ്ങളും കേസിൽ ഉൾപ്പെടുത്തി. ഈ വെളിപ്പെടുത്തലുകൾ കേസ് മറ്റൊരു ദിശയിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് തന്റെ വീട്ടിൽ വെച്ച് കണ്ടതിന് താൻ സാക്ഷിയാണെന്നതാണ് ബാലചന്ദ്രകുമാറിൻ്റെ ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് മാത്രമല്ല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനകളും നടന്നതായി ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം അന്വേഷണ സംഘത്തിന് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും സഹായകമായി.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചലനമുണ്ടാക്കി. കേസിൽ ദിലീപും മറ്റ് പ്രതികളും നേരിടുന്ന നിയമ നടപടികളിലും ഈ വെളിപ്പെടുത്തലുകൾ നിർണായകമായി. ബാലചന്ദ്രകുമാറിന്റെ മൊഴികൾ അന്വേഷണത്തിൻറെ വിവിധ ഘട്ടങ്ങളിൽ സുപ്രധാനമായി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന സമയത്ത്, ബാലചന്ദ്രകുമാറിൻ്റ വെളിപ്പെടുത്തലുകൾ വളരെ നിർണായകമായിരുന്നു. തുറന്നുപറച്ചിലുകൾക്ക് ശേഷം, മൊഴി മാറ്റാൻ ദിലീപും കൂട്ടരും തന്നെ പ്രേരിപ്പിച്ചുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാറിന്റെ മൊഴിക്ക് നിയമപരമായ സാധുതയുണ്ടെന്ന് കണ്ടെത്തിയതോടെ, കേസിന്റെ ഗതി പൂർണ്ണമായും മാറി. ബാലചന്ദ്രകുമാറിന്റെ
മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി കൂടുതൽ അന്വേഷണത്തിന് അനുമതി നൽകുകയും പോലീസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം പ്രഖ്യാപിച്ചത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിയൊരുക്കി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ദിലീപിനും സഹോദരൻ അടക്കമുള്ള മറ്റ് പ്രതികൾക്കുമെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

എന്നാൽ, ബാലചന്ദ്രകുമാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ദിലീപ് നിഷേധിക്കുകയായിരുന്നു. ബാലചന്ദ്രകുമാർ പണം തട്ടാൻ ശ്രമിച്ചു എന്നും ലക്ഷ്യം നടക്കാതെ വന്നപ്പോൾ കള്ളമൊഴികളുമായി രംഗത്തെത്തി എന്നുമാണ് ദിലീപിന്റെ കുടുംബം ആരോപിച്ചത്.

പ്രോസിക്യൂഷന്റെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷികളിൽ ഒരാളായിരുന്ന ബാലചന്ദ്രകുമാർ 2024 ഡിസംബർ 13ന് വൃക്കരോഗത്തെ തുടർന്ന് മരിക്കുകയായിരുന്നു. തുടരന്വേഷണത്തിന് കാരണമായ അദ്ദേഹത്തിന്റെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതിയിൽ നിർണ്ണായകമായിരുന്നു.

Content Summary: Actress attack case; who is director P. Balachandrakumar?

Leave a Reply

Your email address will not be published. Required fields are marked *

×