നടിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച്ച രാവിലെയാണ് ബോബിയെ വയനാട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
സ്ത്രീകള്‍ക്കു നേരെ അശ്ലീല പരാമര്‍ശം നടത്തല്‍, അശ്ലീല പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിച്ചത്.
അതേസമയം, പരാതിക്കാരിയായ നടി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു. ബുധനാഴ്ച്ച വൈകുന്നേരം കോടതിയില്‍ നേരിട്ട് എത്തിയാണ് നടി രഹസ്യ മൊഴി നല്‍കിയത്.
നടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ബോബിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കാമെന്നാണ് വിവരം. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ബോബിയെ ചോദ്യം ചെയ്യുക.
ബോബിയില്‍ നിന്നും നേരിട്ട ദ്വയാര്‍ത്ഥത്തിലുള്ള ലൈംഗികാധിക്ഷേപങ്ങളും അപകീര്‍ത്തികരമായ കാര്യങ്ങളും പരാതിയില്‍ നടി വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം നടി പരാതിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല വേദികളിലും തന്നെ കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലര്‍ന്ന പരാമര്‍ശങ്ങളുടെ ഡിജിറ്റല്‍ തെളിവുകളും നടി പരാതിക്കൊപ്പം ഹാജരാക്കിയിരുന്നു. നടിക്കെതിരേ അധിക്ഷേപകരമായ വാര്‍ത്തകളും ചിത്രങ്ങളും പ്രേക്ഷപണം ചെയ്ത ഇരുപതോളം യുട്യൂബ് ചാനലുകള്‍ക്കെതിരേയും നടി പരാതി നല്‍കിയിരുന്നു.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയില്‍ കൂടുതല്‍ വിവരങ്ങള്‍ നടി നല്‍കിയിട്ടുണ്ട്. ഇവയെന്തൊക്കെയാണെന്ന് പൊലീസിന് വിവരം കിട്ടും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യുക. Actress complaint sexual harassment case police registered Boby Chemmanur arrest
Content Summary; Actress complaint sexual harassment case police registered Boby Chemmanur arrest