പാര്‍വതിയോട് നന്ദി പറയുന്നു, വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും പുലര്‍ത്തുന്ന ഔന്നിത്യത്തിന്. സമകാലിക അഭിനേത്രികളില്‍ ഏറ്റവും മികച്ചതാര് എന്ന ചോദ്യത്തിന് പാര്‍വതിയുടെ പേരിന് ഒരിക്കല്‍ കൂടി അടിവരയിടുന്ന ഉത്തരമാണ് ഉള്ളൊഴുക്ക്. അഞ്ജു എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റില്‍ ഒരു കരുത്തുണ്ടായിരിക്കണം, അത് പ്രേക്ഷകനും വിശ്വാസം വരണം. പാര്‍വതിയല്ലാതെ മറ്റൊരു മലയാള നടിക്കും അക്കാര്യത്തില്‍ ഉറപ്പ് കൊടുക്കാനാകില്ലായിരുന്നു. സീമ, ജയഭാരതി, ഷീല, ഉര്‍വശി തുടങ്ങിയ അഭിനേത്രികളുടെ പാതയില്‍ തന്നെയാണ് പാര്‍വതിയുടെയും സ്ഥാനം. അവരുടെ പേരിന് മുന്നില്‍ അലങ്കാരപ്പട്ടങ്ങളൊന്നുമില്ലെങ്കിലും, കരുത്തയായ കഥാപാത്ര നിര്‍മിതികള്‍ക്ക് പാര്‍വതിയോളം ചേര്‍ച്ചയുള്ള മറ്റൊരാള്‍ ഇല്ല.
അതുകൊണ്ട്, സിനിമ കുറയുന്നുണ്ടോ എന്ന ചോദ്യം അവരോടല്ല, അവരെപ്പോലൊരു ആര്‍ട്ടിസ്റ്റ് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതെന്തിനാണെന്ന് സിനിമാലോകത്തോടാണ് ചോദിക്കേണ്ടത്. സിനിമയില്ലെങ്കില്‍ ഡേ കെയെര്‍ സെന്ററില്‍ കുഞ്ഞുങ്ങളെ നോക്കി ജീവിച്ചോളാം എന്നു പറയാന്‍ ഉള്‍ക്കരുത്തുള്ളൊരു സ്ത്രീയോട് ബാലിശമായ ചോദ്യങ്ങള്‍ക്ക് മുതിരാതിരിക്കുക.
അലങ്കാരപ്പട്ടം സ്ഥാപിച്ചെടുത്തിട്ടുള്ള ഒരു അഭിനേത്രിയോട് ചെറിയൊരു അഭിമുഖത്തിന്റെ ഭാഗമായി സംസാരിക്കവെ, അവര്‍ തുറന്ന് സമ്മതിച്ച ചില കാര്യങ്ങളുണ്ട്. ‘നായിക കേന്ദ്രീകൃതമായ സിനിമകളുടെ ഭാഗമാകാന്‍ ഞാന്‍ തയ്യാറല്ല. അത്തരം കഥകള്‍ കുറെയധികം തേടിവരുന്നുണ്ടെങ്കിലും ഒഴിവാക്കുകയാണ്. രണ്ട് കാരണങ്ങളുണ്ട്; ഒന്ന്, മലയാളത്തില്‍ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വിജയിക്കാന്‍ സാധ്യത കുറവാണ്. അത്തരത്തില്‍ പരാജയപ്പെട്ടു പോകുന്ന സിനിമകളുടെ ഭാഗമായാല്‍ മാര്‍ക്കറ്റ് കുറയും. ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെക്കാള്‍ നല്ല തീരുമാനം സൂപ്പര്‍താര ചിത്രങ്ങളുടെ ഭാഗമാവുകയാണ്. ആ വിജയത്തിന്റെ ക്രെഡിറ്റില്‍ നമ്മളും ഉള്‍പ്പെടും, തുടര്‍ന്നും സിനിമകളും കിട്ടും’ കലാകാരന്മാര്‍ക്ക് പൊതുവെ ഇല്ലെന്നു പറയുന്ന തന്ത്രശാലിത്വം കാണിക്കുന്നതുകൊണ്ട് ആ സ്ത്രീയിപ്പോഴും വിശേഷപ്പെട്ട താരമായി നിലനില്‍ക്കുന്നു.
വാഴയുടെ ചോട്ടില്‍ നില്‍ക്കുന്ന ചീരയാണ് നടിമാരെന്ന് കരുതുന്നവരുടെ നേര്‍വിപരീതമായാണ് പാര്‍വതിയെ വിലയിരുത്താനാവുക. സിനിമകളുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലെടുക്കുന്ന നിലപാടുകളിലും.
സാമ്പ്രദായിക സങ്കല്‍പ്പങ്ങളോട് വിമുഖതയുണ്ടെങ്കിലും മൗനമായി ഓരം ചേര്‍ന്നു പോവുക, അല്ലെങ്കില്‍ അവയുടെ അനുയായിയാകുക; ഈ രണ്ട് തെരഞ്ഞെടുക്കലുകളാണ് പൊതുവില്‍ അഭിനേത്രികള്‍ സ്വീകരിക്കുന്നത്. രണ്ടു കൂട്ടര്‍ക്കും പരിക്കുകളേല്‍ക്കാതെ മുന്നോട്ടു പോകാം. എന്നാല്‍ മൂന്നാമതൊരു കൂട്ടര്‍, വളരെ ചെറിയൊരു കൂട്ടര്‍, പാര്‍വതിയെ പോലുള്ളവര്‍ സമ്പ്രദായങ്ങളെ വെല്ലുവിളിക്കും.
ദുര്‍ബലരായ പുരുഷന്മാരുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഏല്‍ക്കേണ്ടി വന്നൊരു അഭിനേത്രിയാണ് പാര്‍വതി. പുരുഷാഹങ്കാരം എന്താണെന്നതിന് ഓഷോയുടെ നിരീക്ഷണമിങ്ങനെയാണ്; ‘പുരുഷന്‍ വളരെ മനുഷ്യത്വരഹിതമായാണ് നൂറ്റാണ്ടുകളായി സ്ത്രീകളോട് പെരുമാറുന്നത്. അതിനു കാരണം, സ്ത്രീയും പുരുഷനുമായുള്ള താരതമ്യപ്പെടുത്തലില്‍ അവന് തോന്നുന്ന ആഴത്തിലുള്ള അപകര്‍ഷതാബോധമാണ്’. ഓഷോ തന്റെ നിരീക്ഷണത്തില്‍ പറയുന്ന പ്രധാന സത്യം സ്ത്രീയെക്കാള്‍ ദുര്‍ബലനാണ് പുരുഷന്‍ എന്നതാണ്. സന്ദര്‍ഭവശാല്‍ ഉള്ളൊഴുക്കിലെ അഞ്ജുവും, പാര്‍വതിയും ഈ യാഥാര്‍ത്ഥ്യത്തെ ഒരുപോലെ തുറന്നു കാണിച്ചവരാണ്.
ടേക് ഓഫിലെ സമീറയിലൂടെ 2017 ല്‍ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, പാര്‍വതിയുടെ അപദാനങ്ങള്‍ എഴുതിയവര്‍ തന്നെയായിരുന്നു അവരെ ഫെമിനിച്ചിയെന്നും സദാചാരപ്രാസംഗികയെന്നുമൊക്കെ പുച്ഛിച്ചതും. ഉള്ളൊഴുക്കിന്റെ പേരില്‍ അംഗീകരിക്കുമ്പോഴും പാര്‍വതിയെ സിനിമകളില്‍ കാണാത്തതിനു കാരണം പാര്‍വതി തന്നെയല്ലേ എന്ന സംശയം ദ്യോതിപ്പിക്കുന്ന ചോദ്യങ്ങളാണ് ഉണ്ടാകുന്നത്. പാര്‍വതിയെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ട്. എന്നാല്‍ തമ്പുരാക്കന്മാരുടെ ആശ്രിതയായ നായികയായിട്ടാവുകയുമരുത്. ആ വാശി കൊണ്ട് സിനിമ കുറയുന്നത് നല്ലതാണ്.
പാര്‍വതിയെ പോലെ വ്യക്തിത്വമുള്ള അഭിനേത്രികള്‍ക്ക് മറ്റുള്ളവരുടെ പ്രശംസകളെക്കാള്‍ സ്വന്തം കഴിവിലും പ്രവര്‍ത്തികളിലുമുള്ള വിശ്വാസമാണ് കരുത്തും പ്രചോദനവും. ഭാഗ്യം കൊണ്ട് നായികയാവുകയും അതിലൂടെ പ്രശസ്തിയുണ്ടാവുകയും ചെയ്ത നടിയല്ല പാര്‍വതി. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തില്‍ സഹനടിയായാണ് തുടക്കമെങ്കിലും കിരണ്‍ ടിവി അവതാരികയെ ശ്രദ്ധിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്കിലൂടെയാണ്. നെഗറ്റീവ് ഷെയ്ഡുള്ള പൂജയെന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും, ഒരു നായികയ്ക്ക് വേണ്ട രൂപഭംഗിയില്ലെന്ന് പ്രേക്ഷകര്‍ വിധിച്ച അഭിനേത്രിയായിരുന്നു പാര്‍വതി. നോട്ട്ബുക്കിന്റെ ഭാഗമായവരൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പാര്‍വതിയുടെ കാര്യം മറിച്ചായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലാണ് പിന്നീട് കാണുന്നത്. പൂജയില്‍ നിന്നും ഏറെ മാറിയിരുന്നു പാര്‍വതി രശ്മിയിലെത്തുമ്പോള്‍. മോഹന്‍ലാലിന്റെ നായികയായി അവസരം കിട്ടിയെങ്കിലും അതൊരു മഹാദുരന്തമായിരുന്നു. പിന്നീടങ്ങനെ പാര്‍വതിയെ കുറിച്ച് അധികമാരും പറഞ്ഞു കേട്ടില്ല. ഫ്‌ളാഷ് പാര്‍വതിയെ രാശിയില്ലാത്ത നടിയായി മുദ്രകുത്താനും കാരണമായി.
എന്നാല്‍ പൂ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ മേലുണ്ടായിരുന്ന ചുമടുകളെല്ലാം തൂത്തെറിയുകയായിരുന്നു. പുനീതിനും ശിവരാജ് കുമാറിനുമൊപ്പം രണ്ട് ബ്ലോക് ബസ്റ്റര്‍ സിനിമകള്‍ കന്നഡയില്‍ ചെയ്‌തെങ്കിലും മലയാളത്തിലേക്ക് പാര്‍വതിയുടെ മടങ്ങി വരവ് പിന്നെയും താമസിച്ചു.
മലയാളി പാര്‍വതിയെ വീണ്ടും ശ്രദ്ധിക്കാന്‍ തുടങ്ങിയത് മരിയാന്‍ ഇറങ്ങിയതോടെയാണ്. ധനുഷ്-ഭരത്ബാല ചിത്രത്തില്‍ പനിമലര്‍ എന്ന കാമ്പും കരുത്തുമുള്ള കഥാപാത്രമായി പാര്‍വതിയെ കണ്ട് മലയാളികള്‍ അത്ഭുതപ്പെട്ടു. പാര്‍വതിയാണോ പനിമലരെന്ന് വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു. മരിയാന് പിന്നാലെ പാര്‍വതി മലയാളത്തില്‍ വന്നു. പാര്‍വതിയും മലയാള സിനിമയും ആഗ്രഹിച്ചതുപോലൊരു എന്‍ട്രി; അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്. ‘സേറ’ പാര്‍വതിയെ മലയാള സിനിമയ്ക്ക് തിരിച്ചു നല്‍കുകയായിരുന്നു. ഒരു പരാജയ കാലത്തിനുശേഷം ഒരു അഭിനേത്രിക്ക് അതേ ഇന്‍ഡസ്ട്രയില്‍ തിരിച്ചു വരവ് ഉണ്ടാവുകയെന്നത് പാര്‍വതിയുടെ കാര്യത്തില്‍ മാത്രമായിരിക്കണം സംഭവ്യമായത്. തൊണ്ണുറുകള്‍ക്കിപ്പുറം മലയാളത്തില്‍ നിരവധി നായികമാര്‍ വന്നുപോയിട്ടുണ്ട്. അവരില്‍ കൂടുതല്‍ പേരെയും സിനിമകളിലെക്കാള്‍ സിനിമ മാസികകളിലെയും, പിന്നീട് സോഷ്യല്‍ മീഡിയയിലെ ‘ വൈറല്‍ ഫോട്ടോ’ കളിലൂടെയുമാകും പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ടാവുക. അതവരുടെ കുറ്റമല്ലെങ്കില്‍ പോലും. ആ കൂട്ടത്തിലാണ്, പക്വതയുള്ള അഭിനയം എന്ന പ്രശംസ പാര്‍വതിക്ക് കിട്ടുന്നത്. ചാര്‍ളിയിലേക്ക് എത്തിയപ്പോള്‍ പാര്‍വതി അവരുടെതായൊരു ആസ്വാദകരെ ഉണ്ടാക്കിയെടുത്തു. ചെയ്തു ഫലിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രികളില്ലാത്തതുകൊണ്ടാണ് മലയാളത്തില്‍ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തതെന്ന കുറ്റപ്പെടുത്തലുകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു പാര്‍വതി.
ബഹുമാനം തോന്നുന്നൊരു വ്യക്തിയായി പാര്‍വതി മാറുന്നത് അവരിലെ അഭിനേത്രിയോടുള്ള ഇഷ്ടം കൊണ്ടു മാത്രമല്ല, സിനിമയ്ക്ക് പുറത്തുള്ള നിലപാട് കൊണ്ട് കൂടിയാണ്. പേരിനൊപ്പമുള്ള ജാതിവാല്‍ നാലാള് തിരിച്ചറിയാനുള്ള അലങ്കാരമായി തെറ്റിദ്ധരിച്ച് വച്ചരിക്കുന്നവര്‍ക്കിടയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പേ പേരിലെ മേനോന്‍ വലിച്ചെറിഞ്ഞ്, പാര്‍വതി തിരുവോത്ത് എന്നറിയപ്പെട്ടോളാം എന്ന ആര്‍ജ്ജവം കാണിച്ചത്. സമാനതകളില്ലാത്ത ക്രൂരത നേരിടേണ്ടി വന്ന തന്റെ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം വിട്ടുവീഴ്ച്ചകളോ ഉപാധികളോ ഇല്ലാതെ നില്‍ക്കുന്നതിലൂടെ, സിനിമയിലെ പുരുഷമേധാവിത്വത്തെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്തതിലൂടെ, സംഘടനകളുടെ ഏകപക്ഷീയതയെ വെല്ലുവിളിച്ച് ഇറങ്ങിപ്പോന്നതിലൂടെയെല്ലാം പാര്‍വതിക്ക് നേരിടേണ്ടി വന്നതെന്തൊക്കെയാണെന്ന് അറിയുന്നവര്‍ തന്നെയാണ്, പാര്‍വതിക്ക് എന്താണ് സിനിമയില്‍ അവസരമില്ലാത്തതെന്ന് കുണ്ഠിതപ്പെടുന്നത്! ഹോളിവുഡില്‍ എലിസ മിലാനോ തുടങ്ങിവച്ച മീ ടൂ കാമ്പയിന്‍ ലോകമെമ്പാടും ഏറ്റെടുത്തപ്പോള്‍ മലയാള സിനിമ ഇന്‍ഡസ്ട്രി അതിന് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. എലിസ പറഞ്ഞതെന്തോ അത് ഇവിടെ ആവര്‍ത്തിച്ചപ്പോള്‍ പാര്‍വതിക്കു കിട്ടിയത് ഫെമിനിച്ചിയെന്ന പരിഹാസമായിരുന്നു. ഹാര്‍വെ വെയ്ന്‍സ്റ്റെയ്ന്‍മാര്‍ ഇവിടെയുമുണ്ടെന്നതിന് തെളിവായി ഒരു നടി ആക്രമിക്കപ്പെട്ടിട്ടും ‘ ഫെമിനിച്ചി’ മാരെ കളിയാക്കാനായിരുന്നു ഇവിടെ ആവേശം. ‘ പാര്‍വതിയാന്റി’യെ ആഘോഷിച്ച് നിര്‍മാതാക്കളും സൂപ്പര്‍താര ആരാധകരും സോഷ്യല്‍ മീഡിയയില്‍ അര്‍മാദിച്ചപ്പോഴും തന്റെ വ്യക്തിത്വത്തില്‍ നിന്നും ഒരിഞ്ച് പിന്നോട്ടുപോകാന്‍ തയ്യാറാകാതിരുന്ന ഒരു പെണ്‍കുട്ടി, വീണ്ടും വീണ്ടുമിങ്ങനെ റിയലായും റീലായും അത്ഭുതപ്പെടുത്തുമ്പോള്‍ ഒരിക്കല്‍ കൂടി പറയുന്നു; നന്ദി പാര്‍വതി… actress parvathy thiruvothu ullozhukku movie
Content Summary; actress parvathy thiruvothu, ullozhukku movie