ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍വികസനം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന അദാനി റിയാലിറ്റിയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്. ധാരാവിയിലെ താമസക്കാര്‍, പ്രധാനമായും ദളിത്, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ നടക്കുന്ന പുനര്‍വികസന പദ്ധതിക്ക് കീഴില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നിലമനില്‍ക്കുന്നതിനാല്‍ ചേരി നിവാസികളുടെ ഭാവി വലിയ അനിശ്ചിതത്വത്തിലാണ്, അതുകൊണ്ട് തന്നെയാണ് ഈ വിഷയം തെരഞ്ഞെടുപ്പിലും നിര്‍ണായകമാകുന്നത്.
കഴിഞ്ഞയാഴ്ച, അദാനി റിയാലിറ്റിയില്‍ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘം, ധാരാവിയിലെ സുന്ദറിന്റെ ചെറിയ തുണിക്കട സന്ദര്‍ശിച്ചിരുന്നു. മൂന്ന് തലമുറകളായി നടത്തിവരുന്ന കുടുംബ ബിസിനസാണ് സുന്ദറിന്റെ ആ തുണിക്കട. അദാനി പ്രതിനിധികള്‍ സുന്ദറിന്റെ കട അളന്ന് റെക്കോര്‍ഡ് ചെയ്തിരുന്നു. 340 ചതുരശ്ര അടിയാണ് അളന്ന് വീഡിയോ കാമറയില്‍ റെക്കോര്‍ഡ് ചെയ്തത്. ഇതില്‍ സുന്ദറിന് പ്രതികൂലമായി സംഭവിച്ചതെന്തെന്നാല്‍, കാലങ്ങളായി അയാളുടെ കടയുടെ ഭാഗമായിരുന്ന അധിക സ്ഥലം അളവുകാര്‍ അനധികൃതമായാണ് രേഖപ്പെടുത്തിയത്. പുതിയ പുനര്‍വികസന പദ്ധതി എങ്ങനെയാണ് ധാരാവി നിവാസികളെ ഭയപ്പെടുത്തുന്നു എന്നതിന്റെ ഉദ്ദാഹരണമാണ് സുന്ദറിന്റെ കട. വികസന പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് 350 ചതുരശ്ര അടി സ്ഥലം മാത്രമാണ് നല്‍കുന്നത്. ഇത് പലര്‍ക്കും അവരുടെ വീടുകള്‍ മാത്രമല്ല, ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടാന്‍ കാരണമാകും. ഇതാണ് ചേരി നിവാസികളെ ഭയത്തിലാഴ്ത്തുന്നത്.
അദാനി റിയാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുതിയ പദ്ധതിയില്‍, 2000-ത്തിന് മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമേ പുനര്‍നിര്‍മ്മാണത്തില്‍ ഉള്‍പ്പെടൂ. ഈ മാനദണ്ഡം വളരെയേറ കുടുംബങ്ങളെ പദ്ധതിക്ക് പുറത്താക്കിയിട്ടുണ്ട്. യോഗ്യരല്ലാത്തവര്‍ക്ക്, സര്‍ക്കാര്‍ വാടക വീടുകള്‍ നല്‍കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. ഇതുമൂലം പലതരം കിംവദന്തികള്‍ പരക്കുകയും താമസക്കാര്‍ക്കിടയില്‍ വലിയ തോതില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
2022ല്‍ അദാനി റിയല്‍റ്റിക്ക് നല്‍കിയ ധാരാവി പുനര്‍വികസന പദ്ധതി, പ്രദേശത്തെ ‘ആധുനിക നഗര സമുച്ചയം’ ആക്കി മാറ്റുന്നതിനുള്ള 20,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഈ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്. അദാനിയുടെ ഇടപെടല്‍ ആസന്നമായ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ധാരാവിയെ ഒരു പ്രധാന വിഷയമാക്കി മാറ്റി. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസും ശിവസേനയും, സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ആയുധമാക്കായിരിക്കുകയാണ്. പദ്ധതി നടത്തിപ്പില്‍ സുതാര്യതയില്ലെന്നും നിയന്ത്രണം മുഴുവന്‍ അദാനിക്ക് കൊടുത്തിരിക്കുകയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അദാനിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (SPV) ആണ്, ധാരാവി റീഡെവലപ്മെന്റ് പ്രോജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് (DRPPL), പദ്ധതിയുടെ 80% ഉടമസ്ഥാവകാശവും കൈവശം വച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് പൂര്‍ണ്ണമായ നിയന്ത്രണം നല്‍കുന്നു. 259 ഹെക്ടര്‍ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി, പ്രത്യേകിച്ചും കുടിയിറക്കപ്പെട്ട നിവാസികള്‍ക്കായി ധാരാവിയിലും പരിസരത്തും ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അദാനിക്ക് നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ഭൂമി കൈയേറ്റം’ എന്ന ആരോപണമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുമ്പേ തന്നെ കത്തി തുടങ്ങിയത്. മുംബൈയിലുടനീളം 1,080 ഏക്കര്‍ ഭൂമി അദാനി ഗ്രൂപ്പിന് അധികമായി കൈമാറാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇപ്പോഴത്തെ വികസന പദ്ധതിയെക്കുറിച്ച് പതിറ്റാണ്ടുകളായി ധാരാവിയില്‍ തമാസിച്ചു പോരുന്ന കുടുംബത്തില്‍ നിന്നുള്ള സുന്ദറിനെപ്പോലുള്ളവര്‍ക്ക് സംശയമുണ്ട്. ‘എന്റെ മുത്തച്ഛന്‍ ഉള്‍പ്പെടെയാണ് ഈ ചേരിയുണ്ടാക്കാന്‍ പരിശ്രമിച്ചത്. ഇവിടം ജീവിതയോഗ്യമാക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളോളം അദ്ധ്വാനിച്ചു. ഇപ്പോള്‍ പറയുന്നു ഞങ്ങള്‍ നിയമവിരുദ്ധ താമസക്കാരാണെന്ന്’, സുന്ദര്‍ പറയുന്നു. ചേരിയിലെ ജനങ്ങള്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തലമുറകളായി ജീവിച്ചുപോരുന്ന കുടുംബങ്ങളെയാണ് ഇപ്പോള്‍ പുനര്‍വികസനത്തിന് ‘യോഗ്യതയുള്ളവര്‍’ അല്ലെങ്കില്‍ ‘അയോഗ്യര്‍’ എന്ന് മുദ്രകുത്തുന്നത്.
ഈ പ്രൊജക്ട് പല താമസക്കാരെയും അവരുടെ വീടും ബിസിനസ്സുകളും നഷ്ടപ്പെടുമെന്ന് ഭയപ്പെടുത്തുന്നുണ്ട്. അവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. കുംഭര്‍വാഡ കുശവന്മാരുടെ കോളനി പോലെയുള്ള ചില സമുദായങ്ങള്‍, പ്രതിഷേധത്തിലാണ്. ഇവര്‍ വീട്ടുമുറ്റത്താണ് പരമ്പരാഗതി തൊഴിലിന്റെ ഭാഗമായി ചൂളകള്‍ നിര്‍മിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തങ്ങള്‍ക്ക് വീടും തൊഴിലും നഷ്ടമാകുമെന്ന ഭയമാണ് കുശവ സമുദായക്കാര്‍ക്കുള്ളത്.
ധാരാവി പുനര്‍വികസനം ഇപ്പോള്‍ സംസ്ഥാനത്ത് ചൂടേറിയ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സുതാര്യതയില്ലായ്മയും അദാനിയോടുള്ള അനാവശ്യ പ്രീതിയും ആരോപണമായി ഉന്നയിച്ചാണ് ഈ മേഖലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതി ഗെയ്ക്വാദ് പദ്ധതിക്കെതിരെ സജീവമായി പ്രചാരണം നടത്തുന്നത്. ‘താമസക്കാരെ എങ്ങനെ പുനരധിവസിപ്പിക്കും? അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒന്നിച്ചോ അതോ വെവ്വേറെയോ മാറ്റി സ്ഥാപിക്കുമോ? ആര്‍ക്കും അറിയില്ല, ”ഗെയ്ക്വാദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിനോട് ചേരിക്കാര്‍ പൂര്‍ണമായി അനുകൂലിക്കുന്നില്ല. അദാനിയ്‌ക്കെതിരേ പറയുന്ന കോണ്‍ഗ്രസ്് ചേരി വികസനത്തിന് ഒരു പ്രായോഗികമായ ബദല്‍ വാഗ്ദാനം ചെയ്യുന്നതില്‍ പരാജയപ്പെട്ടവരാണെന്നാണ് പല പ്രദേശവാസികളും ആരോപിക്കുന്നത്. ‘കോണ്‍ഗ്രസിന് ഒരു മികച്ച പദ്ധതിയുണ്ടെങ്കില്‍, അവര്‍ അത് ഞങ്ങളുമായി പങ്കിടണം,” എന്നാണ് ധാരാവിക്കാരനായ സൂരജ് പറയുന്നത്. പ്രദേശത്ത് വളര്‍ന്നുവരുന്ന നിരാശ പ്രകടമാക്കുന്നതാണ് സൂരജിന്റെ വാക്കുകള്‍.
ധാരാവി പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയാണ്. പതിറ്റാണ്ടുകളായി ഗെയ്ക്ക്വാദ് കുടുംബമാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ മേഖലയില്‍ അദാനിയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം രാഷ്ട്രീയ സാഹചര്യത്തെ മാറ്റുന്നുണ്ട്. പുനര്‍വികസന പദ്ധതിയെ പിന്തുണയ്ക്കുന്ന ശിവസേന(ഏകനാഥ് ഷിന്‍ഡെ വിഭാഗം)യാണ് കോണ്‍ഗ്രസിനെ എതിരിടുന്നത്. പോരാട്ടത്തിന് മുറുക്കം കൂട്ടി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഷിന്‍ഡെ വിഭാഗത്തിന് പിന്തുണ നല്‍കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ശിവസേനയെസഹായിക്കാനാണ് രാജ് തയ്യാറായിരിക്കുന്നത്. മഹാരാഷ്ട്രയുടെ വിശാല രാഷ്ട്രീയ ഭൂമികയില്‍ പുനര്‍വികസന പ്രശ്‌നം എങ്ങനെ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ധാരാവിയിലെ മാറിമാറി വരുന്ന രാഷ്ട്രീയ സഖ്യങ്ങള്‍.
ധാരാവി പുനര്‍വികസനത്തെക്കുറിച്ചുള്ള ചര്‍ച്ച ആഴത്തിലുള്ള സാമൂഹിക പ്രശ്‌നങ്ങളെയാണ് ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഇവിടുത്തെ അനേകം താമസക്കാര്‍, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് സമുദായങ്ങളില്‍ നിന്നുള്ളവര്‍, രാഷ്ട്രീയ നേതാക്കളുടെ അവഗണന അനുഭവിച്ചാണ് ജീവിച്ചു പോരുന്നത്. നേതാക്കള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്നാണ് ചേരിക്കാര്‍ പറയുന്നത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നില്ല. ‘ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ദലിതരാണ്, എന്നിട്ടും അവര്‍ ഒരിക്കലും ഞങ്ങള്‍ക്ക് പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടില്ല,’ പറയര്‍ സമുദായത്തില്‍ നിന്നുള്ള സതീഷ് പറയുന്നു. ഈ രാഷ്ട്രീയ അവഗണന ധാരാവിയെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിര്‍ണായക വിഷയമാക്കി മാറ്റിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ധാരാവി പുനര്‍വികസന വിഷയവും അദാനിയുടെ പങ്കും പ്രാദേശിക പ്രചാരണങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളമുള്ള ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ധാരാവിയുടെയും അതിലെ താമസക്കാരുടെയും അവരുടെ ജീവനോപാധികളായ കച്ചവടങ്ങളുടെയും ഭാവി തുലാസിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയക്കാരാകട്ടെ അവര്‍ക്ക് കിട്ടിയ ആയുധമായി കാണുകയാണ് ഈ വിഷയം. ഒരു പുതിയ നഗര സമുച്ചയം എന്ന വാഗ്ദാനം ധാരാവിയിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമോ, അതോ കുടിയിറക്കവും അതുമൂലം നിരാശരാകേണ്ടി വരുന്ന ജനക്കൂട്ടത്തെയും സൃഷ്ടിക്കുമോ? ഇതാണ് പ്രധാന ചോദ്യം. Adani and Dharavi: Why It’s a Big Issue in Maharashtra’s Campaign
Content Summary; Adani and Dharavi: Why It’s a Big Issue in Maharashtra’s Campaign