January 22, 2025 |
Share on

‘അഞ്ചുലക്ഷത്തിനുമേല്‍ അധിക വോട്ടുകള്‍’; മഹാരാഷ്ട്രയിലെ പൊരുത്തക്കേടുകള്‍

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകളില്‍ പൊരുത്തക്കേട്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ക്രമക്കേട് ആരോപണം. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള കണക്കില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് ദ വയ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം, ആകെ പോള്‍ ചെയ്ത 64,088,195 വോട്ടുകളായിരുന്നു. 66.05% ആയിരുന്നു അന്തിമ വോട്ടിംഗ് ശതമാനം. എന്നാല്‍ മൊത്തം എണ്ണിയ വോട്ടുകളാകട്ടെ 64,592,508. മൊത്തം പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 504,313 വോട്ടുകള്‍ അധികം. സംസ്ഥാനത്ത് മൊത്തം എണ്ണിയ വോട്ടുകളിലാണ് 5,04,313 വോട്ടുകളുടെ വ്യത്യാസം വന്നിരിക്കുന്നത്.

എട്ട് മണ്ഡലങ്ങളില്‍ ആരെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ കുറവാണ് എണ്ണിയത്. ബാക്കി 280 മണ്ഡലങ്ങളിലാകട്ടെ ആകെ പോള്‍ ചെയ്തിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയ വോട്ടുകളുടെ കണക്ക്. അഷ്തി മണ്ഡലത്തില്‍ ആകെ പോള്‍ ചെയതതിനേക്കാള്‍ 4,538 അധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഒസ്മാനബാദ് മണ്ഡലത്തില്‍ അധികമായി വന്നത് 4,155 വോട്ടുകളായിരുന്നു.

ഈ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത്തരം ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോളിംഗ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്ന 17 സി ഫോമില്‍ ആകെ വോട്ടര്‍മാരുടെ എണ്ണവും ആകെ പോള്‍ ചെയ്ത വോട്ടുകളും സൂക്ഷിക്കാറുണ്ട്. ഈ ഫോമിലെ കണക്ക് വ്യത്യാസമായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെ ആരോപണത്തിന് പിന്നാലെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും പോളിംഗ് സ്‌റ്റേഷന്‍ തിരിച്ചുള്ള പോളിംഗ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തുവിടണമെന്നായിരുന്നു എഡിആര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. വോട്ടിംഗ് ആരംഭിക്കുന്ന സമയത്തെയും അവസാനിക്കുന്ന സമയത്തെയും കണക്കുകള്‍ തമ്മില്‍ 5 മുതല്‍ 6 ശതമാനം വരെ വ്യത്യാസം ഉണ്ടാകുന്നുണ്ടെന്നായിരുന്നു എഡിആര്‍ ചൂണ്ടിക്കാണിച്ചത്.

എന്നാല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു കോടതി. ഡാറ്റ പുറത്തു വിടുന്നത് പ്രായോഗിക ബുദ്ധിമുട്ടാണെന്നും, കൂടാതെ ഇത് ലോജിസ്റ്റിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അതുപോലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമൊക്കെയായിരുന്നു കമ്മീഷന്റെ വാദങ്ങള്‍. 17 സി ഫോം സ്ഥാനാര്‍ത്ഥിയുടെ ഏജന്റിന് നല്‍കാറുണ്ടെന്നും പൊതുസമക്ഷം അത് വിതരണം ചെയ്യാന്‍ നിയമം ഇല്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പുറത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രതികരണം ആരാഞ്ഞിട്ടുണ്ടെന്നും, കിട്ടിയാല്‍ ആ വിവരം പ്രസിദ്ധീകരിക്കുമെന്നുമാണ് ദ വയ്ര്‍-റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍, വോട്ടിംഗ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലെ സുതാര്യതയുടെ ആവശ്യം വീണ്ടും പ്രസക്തമാക്കിയിരിക്കുകയാണ് മഹരാഷ്ട്ര തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങള്‍. അപ്‌ഡേറ്റുകളില്‍ ഉണ്ടാകുന്ന പ്രശ്‌നമാണ് ഇത്തരം പൊരുത്തക്കേടുകള്‍ക്ക് കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ആവര്‍ത്തിക്കപ്പെടുന്ന പിശകുകള്‍ പോളിംഗ് പ്രക്രിയകളുടെ വിശ്വാസ്യതയെയും കൃത്യതയെയും കുറിച്ചുള്ള ആശങ്കകള്‍ കൂട്ടുകയാണ്. പോളിംഗ് സ്‌റ്റേഷനുകളില്‍ നിന്നുള്ള വിശദമായ വിവരങ്ങള്‍(ആകെ പോള്‍ ചെയ്ത വോട്ടുകളുടെയും ആകെ വോട്ടര്‍മാരുടെയും ഡാറ്റകള്‍) പൊതുസമക്ഷത്തില്‍ വയ്ക്കുന്നതിലൂടെ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാനും കഴിയുമെന്നിരിക്കെയാണ് അതിനുള്ള തടസവാദങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരത്തുന്നതെന്നാണ് ആക്ഷേപം.

Post Thumbnail
ഡിങ് ലിറന്റെ തോല്‍വി 'മനപ്പൂര്‍വ്വമോ?' അന്വേഷണം ആവശ്യപ്പെട്ട് റഷ്യന്‍ ചെസ് ഫെഡറേഷന്‍വായിക്കുക

തെരഞ്ഞെടുപ്പ് വിജയത്തിന്റെ സത്യസന്ധതയെയും ഇത്തരം പൊരുത്തക്കേടുകള്‍ സംശയനിഴലിലാക്കും, പ്രത്യേകിച്ച് ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍. ഇപ്പോള്‍ പൊതുമധ്യത്തില്‍ ലഭ്യമാകുന്ന രേഖകള്‍ പ്രകാരം, ആകെ പോള്‍ ചെയ്തതും, മൊത്തം എണ്ണിയതുമായ വോട്ടുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കുന്നില്ല. മാത്രമല്ല, ഇത്തരത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ തന്നെ അത് ഏത് പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥിക്കും അനുകൂലമായാണ് എന്ന കാര്യത്തിലും നിലവില്‍ പുറത്തു വരുന്ന ഡാറ്റകള്‍ പ്രകാരം കണ്ടെത്താനാകില്ല. നൂറോ ആയിരമോ വോട്ടുകള്‍ പോലും പലപ്പോഴും ഫലത്തില്‍ നിര്‍ണായകമാകും. ഇത്തരം പൊരുത്തക്കേടുകള്‍ ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ഉണ്ടാകുന്നുവെന്നത് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്.

മഹാരാഷ്ട്രയില്‍ നിന്ന് തന്നെയുള്ള ഒരു ഉദ്ദാഹരണം ദ വയ്ര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പട്ടിക വര്‍ഗ്ഗ മണ്ഡലമായ നവപൂര്‍ അസംബ്ലി മണ്ഡലത്തില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പ്രകാരം മൊത്തം വോട്ടര്‍മാരുടെ എണ്ണം 2,95,786 ആയിരുന്നു( 81.15%). നവംബര്‍ 20-ന് ഇവിടെ ആകെ പോള്‍ ചെയ്ത 2,40,022 വോട്ടുകളായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ അനുസരിച്ച്, നവപൂര്‍ മണ്ഡലത്തില്‍ ആകെ എണ്ണിയത് 2,41,193 വവോട്ടുകളാണ്. അതായത് ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ 1,171 വോട്ടുകള്‍ കൂടുതല്‍.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) സ്ലിപ്പുകള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള ക്ലറിക്കല്‍ പിശകുകള്‍, ഡാറ്റാ എന്‍ട്രിയിലുണ്ടാകുന്ന തെറ്റുകള്‍, അല്ലാതെ വരുന്ന സാങ്കേതിക തകരാറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ട് വോട്ടിംഗ് കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇവിടെ വീണ്ടും പ്രസക്തമാകുന്നൊരു ആവശ്യം, തിരഞ്ഞെടുപ്പ് സുതാര്യതയുടെയും, ശക്തമായ ഓഡിറ്റിംഗിന്റെയും ആവശ്യം വോട്ടിംഗ് പ്രക്രിയയില്‍ വേണമെന്ന് തന്നെയാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.  Additional votes, maharashtra assembly election data mismatch between votes polled and counted

Content Summary; Additional votes, maharashtra assembly election data mismatch between votes polled and counted

×