ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കടുപ്പമേറി വരികയാണ്. പക്ഷേ കളിക്കളത്തില്‍ അല്ലാതെ മറ്റൊരു പോരാട്ടം കൂടി ഇത്തവണ നടക്കുന്നുണ്ട്. അത് കിരീടത്തിനായല്ല, കളിക്കാര്‍ തട്ടുന്ന പന്തിന്റെ ഡിസൈന്റെ അവകാശത്തിനായാണ്.
ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി ജര്‍മ്മന്‍ കമ്പനി അഡിഡാസ് പുറത്തിറക്കിയ ‘ട്രിയോണ്ട’ എന്ന ഔദ്യോഗിക പന്തിന്റെ ഡിസൈന്‍ അവകാശത്തെച്ചൊല്ലി നിയമപോരാട്ടം മുറുകുകയാണ്. വ്യത്യസ്ത കാലാവസ്ഥകളിലും സ്റ്റേഡിയങ്ങളിലും മൂന്ന് വര്‍ഷത്തിലേറെ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് അഡിഡാസ് ഈ പന്ത് വികസിപ്പിച്ചെടുത്തത്. എന്നാല്‍, ഈ പന്തിന്റെ ഡിസൈന്‍ അവകാശം അഡിഡാസിന് നല്‍കരുതെന്ന ആവശ്യവുമായി ജര്‍മ്മന്‍ ഡിസൈനറായ മാരിയസ് ഡിറ്റ്മര്‍ രംഗത്തെത്തിയതോടെയാണ് വിവാദം ഉടലെടുത്തത്. പന്തിന്റെ ഡിസൈന്‍ സംരക്ഷണാവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിറ്റ്മറുടെ ഉടമസ്ഥതയിലുള്ള ‘142കെ’ എന്ന കമ്പനി യൂറോപ്യന്‍ യൂണിയന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിനെ സമീപിച്ചിരിക്കുകയാണ്.
പരമ്പരാഗതമായി 32 പാനലുകള്‍ തുന്നിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഫുട്ബോളുകളില് നിന്ന് വ്യത്യസ്തമായി, വെറും നാല് പാനലുകള്‍ മാത്രം ഉപയോഗിച്ചുള്ള വേറിട്ട ഡിസൈനിലാണ് ട്രിയോണ്ട പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ ഈ ഡിസൈന്‍ താന്‍ മുന്‍പ് തയാറാക്കിയ നാല് പാനല്‍ ഫുട്ബോള്‍ ഡിസൈനുകളോട് പൂര്‍ണ്ണമായും സാമ്യമുള്ളതാണെന്നാണ് ഡിറ്റ്മറുടെ വാദം. സ്പോര്‍ട്സ് ബ്രാന്‍ഡുകളായ ജാക്കോ, ഹമ്മല്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഡിറ്റ്മര്‍. പന്തിന്റെ പാനലുകളുടെ ആകൃതിയാണ് അതിന്റെ എയറോഡൈനാമിക്സ് നിശ്ചയിക്കുന്ന പ്രധാന ഘടകമെന്നും, 2008-ല്‍ പ്രസിദ്ധീകരിച്ച ഒരു യുഎസ് പേറ്റന്റ് അപേക്ഷയിലെ ഡിസൈനുമായി അഡിഡാസിന്റെ പന്തിനുള്ള സാമ്യം കാരണം ഇതിന് പുതിയ ഡിസൈനുകള്‍ക്ക് നല്കുന്ന വ്യക്തിഗത സ്വഭാവമില്ലെന്നും ഡിറ്റ്മര്‍ വാദിക്കുന്നു.
തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി 2025 മാര്‍ച്ചില്‍ ഡിറ്റ്മര്‍ അഡിഡാസുമായി ബന്ധപ്പെട്ടിരുന്നു. ഇരുപക്ഷത്തിനും ഡിസൈന്‍ വിപണിയിലെത്തിക്കാന്‍ അനുവാദം നല്കുന്ന നിയമപരമായ കരാറിന് അദ്ദേഹം ശ്രമിച്ചെങ്കിലും അഡിഡാസ് അതിന് വിസമ്മതിച്ചു. തുടര്‍ന്നാണ് ഡിസൈന്‍ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നിയമനടപടികളിലേക്ക് അദ്ദേഹം നീങ്ങിയത്. അതേസമയം പാനലുകളുടെ എണ്ണം ഒന്നാണെങ്കിലും, അവ തമ്മില്‍ ബന്ധിപ്പിക്കുന്ന തയ്യലുകളുടെ വളവ്, പാനലുകളുടെ അനുപാതം, ഡിസൈനിന്റെ ഒഴുക്ക് എന്നിവയില്‍ ട്രിയോണ്ട പൂര്‍ണ്ണമായും വ്യത്യസ്തമാണെന്നാണ് അഡിഡാസിന്റെ വാദം. പന്തിന്റെ നിറവും ഉപരിതലത്തിന്റെ ഘടനയും മറ്റ് നിയമപരമായ പരിരക്ഷകള്‍ക്ക് കീഴിലാണെന്നും കമ്പനി വ്യക്തമാക്കുന്നു.
റഫറിമാര്‍ക്ക് തത്സമയ വിവരങ്ങള്‍ കൈമാറാന്‍ ശേഷിയുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച ട്രിയോണ്ട പന്ത്, അഡിഡാസിന്റെ ലോകകപ്പ് വിപണന തന്ത്രങ്ങളുടെ പ്രധാന ഭാഗമാണ്. 1970 മുതല്‍ ലോകകപ്പുകളില്‍ പന്ത് വിതരണം ചെയ്യുന്നത് അഡിഡാസാണ്. ഈ കേസിന്റെ വിധി എന്തുതന്നെയായാലും തങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തെയോ വിപണനത്തെയോ അത് ബാധിക്കില്ലെന്ന് അഡിഡാസ് അവകാശപ്പെടുന്നു. ജര്‍മ്മന്‍ ബുന്ദസ്ലിഗ, അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ എന്നിവയിലും ഇതേ പാനല്‍ ഡിസൈന്‍ ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. കേസില്‍ മറുപടി നല്കാന് ഓഗസ്റ്റ് മാസം വരെയാണ് അഡിഡാസിന് യൂറോപ്യന്‍ യൂണിയന് സമയം അനുവദിച്ചിരിക്കുന്നത്.
Content Summary; Adidas faces a legal challenge over its 4-panel World Cup match ball ‘Trionda’ as a German designer seeks to invalidate its EU design rights
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.